മോക്ഷം


സി.ചന്ദ്രമതി 
ഭിത്തിയിൽ അവിടവിടെ വിള്ളലുകൾ, ഓടുകൾ ചിലത് പൊട്ടി കഴുക്കോലുകൾ ദ്രവിച്ചുതുടങ്ങി.

കുടുംബ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണിക്കാർ എത്തിയപ്പോൾ അമ്മാവനാണ് ` പറഞ്ഞത്‌.

‘ദേവിയുടെ ഹിതം അറിയണം. പ്രശ്നം വെച്ചു നോക്കണം.’
കവിടി  നിരത്തി ജ്യോൽസ്യൻ പറഞ്ഞു.
‘ദേവിയുടെ  ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. പിതൃക്കളുടെ സന്ദർശനമുണ്ട്‌.
’കർമ്മങ്ങളൊക്കെ യഥാവിധി ചെയ്തതാണല്ലൊ.
അമ്മാവൻ വിനയപുരസ്സരം അറിയിച്ചു.
എല്ലാവരുടെയും ചിതാഭസ്മം പാപനാശിനിയിൽ നിമജ്ജനം ചെയ്തതുമാണ്‌. എവിടെക്കൊണ്ടുവിട്ടാലും കുടുംബത്തിൽ മടങ്ങിവരാനുള്ള ആഗ്രഹമുണ്ടാവും.

ഇനിയിപ്പോൾ എന്താചെയ്ക?
അമ്മാവന്‌ ഉല്‍ഖണ്ഠയായി.

പോംവഴിയുണ്ട്‌. ക്ഷേത്രത്തിൽ വെച്ച്‌ ചില പൂജകൾ. പഞ്ചലോഹം കൊണ്ട്‌ ആൾ രൂപം ഉണ്ടാക്കി പിതൃക്കളെ അതിൽ ആവാഹിക്കുക. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുക.

പൂജകളു ടെ ചാർത്തുമായി വന്നപ്പോൽ നീ ചോദിച്ചില്ലേ-

എന്തിനാ അവരെ ഓടിക്കുന്നത്‌?അവർ വരുന്നതുകൊണ്ട്‌ ദേവിയുടെ ശക്തി ക്ഷയിക്കുന്നതെങ്ങിനെയാ?
ഞാൻ ചിരിച്ചപ്പോള്‍  നീ ചൊടിച്ചു.
കഷ്ടമുണ്ട്‌.ചേട്ടനും ഇതിനെ അനുകൂലിക്കുകയാണോ?

ഞാനെന്തു പറയാൻ! നിന്റെ പിതൃക്കൾ മോക്ഷം കിട്ടാതെ അലയുന്നു എന്നു പറയുമ്പോൾ ഞാൻ എതിർക്കുന്നത്` ശരിയാണോ?

പൂജ കഴിഞ്ഞ്‌ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ നീ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു.
നമ്മളെ പിരിയാൻ ഇഷ്ടമില്ലാത്തവരെ എന്തിനാ നിർബന്ധിച്ചു കൊണ്ടുപോകുന്നത്‌?
;ശാരദ ഭ്രാന്തു പറയാതെ മിണ്ടാതിരിക്കുന്നുണ്ടോ?

ചേച്ചിമാരുടെ ശാസന നിന്നെ നിശ്ശബ്ദയാക്കി.

അന്നും മുഖം വീർപ്പിച്ച് മിണ്ടാതിരുന്നതുപോലെ ഇന്നും പിണങ്ങിയിരിക്കയാണോ? നിനക്കറിയാമല്ലോ. അന്നത്തെപ്പോലെയല്ല.ഈ യാത്ര എനിക്കും തീരെ ഇഷ്ടമല്ല. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നതാണ്‌. എത്ര പുരോഗമനം പ്രസംഗിച്ചാലും വർഷങ്ങൾക്ക് പിന്നിലെ പാതയിലൂടെയാണ്‌ നാം ചലിക്കുന്നത്‌. നൂറ്റാണ്ടുകൾക്കു പിന്നിലെ നക്ഷത്രങ്ങളാണ്‌ നമ്മുടെ ഗതി നിയന്ത്രിക്കുന്നത്‌.


കുടുംബസമേതമുള്ള തീർത്ഥാടനങ്ങൾ പൊതുവേ നിനക്കു വളരെ ഇഷ്ടമാണല്ലൊ. കാലത്തിന്റെ നിഴല്‍പ്പാടുകള്‍ക്കു മങ്ങലേല്‍പ്പിക്കുവാൻ കഴിയാത്ത നിരവധി ചിത്രങ്ങളുണ്ടല്ലൊ ഓരോ യാത്രയിലും.


മകന്റെ വിദ്യാരംഭം മൂകാംബികാസന്നിധിയിൽ വേണമെന്നത്‌ നിന്റെ മോഹമായിരുന്നു. ദൂരയാത്രയുടെ ക്ഷീണം. വിജയദശമിനാളിൽ ക്ഷേത്രത്തിലെ ജനത്തിരക്ക് .നീ ആകെ തളർന്നിരുന്നു. എന്നിട്ടും പ്രസാദമൂട്ട് തീരുന്നതിനുമുമ്പ്‌ സദ്യാലയത്തിലെത്താൻ എന്തായിരുന്നു വെപ്രാളം!ക്യൂവിൽ കാത്തു നിന്നു ക്ഷീണീച്ചപ്പോൾ ലോഡ്ജിൽ പോയി ആഹാരം കഴിച്ചു വിശ്രമിക്കാനായിരുന്നു മറ്റുള്ളവർക്ക് താല്‍ പ്പര്യം. പക്ഷേ, നീ പിൻ മാറിയില്ല.



ഹായ്! രസത്തിന്‌ എന്തു രുചി!എന്നു പറഞ്ഞ്‌ മോൻ ചോറു വാരിത്തിന്നുന്നതു കണ്ടപ്പോൾ എന്തായിരുന്നു നിർവൃതി!

കണ്ടോ, കറികളൊന്നും ഇല്ലാഞ്ഞിട്ടും മോൻ വയറു  നിറച്ച്‌ ചോറുണ്ടു.
ദേവീപ്രസാദത്തിന്റെ രുചി ഉറക്കെ വിളിച്ചുപറഞ്ഞ കുഞ്ഞ് പിന്നീടെന്തേ മൂകനായിപ്പോയത്‌?


ദേവീസന്നിധിയിൽ ഹരിശ്രീ കുറിച്ച പൊന്നുമോന്‌ പിന്നീടെന്തേ ഒരക്ഷരം പോലും എഴുതാൻ കഴിയാതെ പോയത്‌?

ഉത്തരമില്ല അല്ലേ?

മോന്‌ അസുഖം വന്നതിനുശേഷം നമ്മൾ പോകാത്ത ക്ഷേത്രങ്ങളുണ്ടോ? നേരാത്ത വഴിപാടുകളുണ്ടോ? എന്നിട്ടെന്തായി?


നമ്മുടെ കന്യാകുമാരി യാത്ര നിനക്കോർമ്മയില്ലേ?ഞങ്ങളൊക്കെ സൂര്യാസ്തമയം കാണാൻ കടല്‍ക്കരയിലേക്കോടിയപ്പോൾ നിനക്ക് അമ്പലത്തിൽ ദീപാരാധന തൊഴാനായിരുന്നു ധൃതി. പാതി മനസ്സോടെയാണ്‌ ഞാൻ നിന്റെ പിറകെ വന്നത്‌. ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങൾ നിന്റെ ഭക്തി വർദ്ധിപ്പിക്കുകയല്ലേ ചെയ്തത്‌. ദൈവത്തിനു കൂടുതൽ ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കുമെന്നായിരുന്നല്ലോ നിന്റെ വാദം. ഇനിയും തീർന്നില്ലേ പരീക്ഷണം?മറ്റുള്ളവർ സംസാരിക്കുമ്പോൾ വികൃതമായ ശബ്ദങ്ങൾ പുറപ്പെടുവിച്ച്‌ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മോനെ കാണുമ്പോള്‍ ചങ്കു പൊട്ടുന്നു.കർണ്ണാടകത്തിലെ സന്യാസിവര്യന്റെ വാക്കുകൾ നീ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടല്ലൊ.

‘കയ്പ്പും മധുരവും നിറഞ്ഞതാണ്‌ ജീവിതം. ഈ സത്യം മറക്കാതിരിക്കാനാണ്‌ പുതുവർഷദിനത്തിൽ ഞങ്ങൾ ശർക്കര ചേർത്ത് വേപ്പില ഭക്ഷിക്കുന്നത്‌.

ചവർപ്പു നുണഞ്ഞും നോവിന്റെ നുകം പേറിയും നിന്റെ ആരോഗ്യം തകർന്നതല്ലാതെ എന്തു നേടി?

അവസാനം നമ്മള്‍  പോയത്‌ എരുമേലി പേട്ട തുള്ളൽ കാണാനായിരുന്നു. അല്ലേ? ആൾക്കൂട്ടത്തിന്നിടയിലൂടെ ഉന്തിയും, തള്ളിയും എത്ര ദൂരംക്ഷീണിച്ചു വശം കെട്ടിട്ടും നീ പിൻ മാറിയില്ല.
ഏറെ  നാളുകൾക്കു ശേഷം ഇതാ വീണ്ടും ഒരു യാത്ര. നമ്മുടെ സ്വന്തം കാറിൽ ,നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം.എന്നിട്ടുമെന്തേ ശാരദേ, ഈ ഉൽസാഹമില്ലായ്മ?



‘അണ്ണാ അമ്പലത്തിൽ സമർപ്പിക്കാനുള്ളത്‌ എവിടെയാ വെച്ചിരിക്കുന്നത്‌?

അനിയയത്തിയുടെ ചോദ്യം അയാളെ അസ്വസ്ഥനാക്കി.

ഞാനിത്‌ മറ്റെവിടെയാണ്  വെക്കുക? എന്റെ മടിയിൽ തന്നെയുണ്ട്‌.

പാവം ശാരദേച്ചി.പോകാനിഷ്ടമില്ലെന്നല്ലേ തന്ത്രി പറഞ്ഞത്‌?

അയാളുടെ ഉള്ളിലെ തീക്കനലുകൾ പുകഞ്ഞു കത്തി.
തലേ ദിവസം സന്ധ്യക്കു തുടങ്ങിയ പൂജകളാണ്‌.തന്ത്രി മന്ത്രം ഉരുവിടുമ്പോൾ കുടുംബാംഗങ്ങൾ പരേതാത്മാവിനെ ധ്യാനിച്ച്‌, പൂവും ധാന്യവും തലക്കുഴിഞ്ഞ്‌ ,ആൾരൂപത്തിനുമേൽ ഇടുന്നു. ഓരോ പ്രാവശ്യവും കവിടി  നിരത്തി ജ്യോൽസ്യൻ പറയുന്നു.



ശരിയായില്ല.

പല പ്രാവശ്യം ഇതാവർത്തിച്ചപ്പോൾ അയാൾ ചോദിച്ചു.
ഇഷ്ടമില്ലെങ്കിൽ എന്തിനാ?
ആത്മാവു മോക്ഷം കിട്ടാതെ അലഞ്ഞു നടക്കണമെന്നാണോ?

അയാളുടെ ഉള്ളൊന്നു കാളി. പുറത്തേക്കു വന്ന വാക്കുകൾ ഹൃദയത്തിലേക്കു തന്നെ അമർത്തി.

തന്ത്രി ബുദ്ധിമുട്ടി ആവാഹിച്ചെടുത്ത വെള്ളി ആൾരൂപം പട്ടിൽ പൊതിഞ്ഞ് അയാളുടെ മടിയില്‍  വെച്ചിരിക്കുന്നു.



ഡ്രൈവർ വണ്ടി നിർത്തി.

ക്ഷേത്ര നടയിൽ എത്തിയിരിക്കുന്നു.
കുത്തനെയുള്ള പടികൾ. കയറ്റം ബുദ്ധിമുട്ടായതിനാൽ മറ്റൊരു വഴിയിലൂടെ കാർ തിരിച്ചു വിടാൻ നിർദ്ദേശിച്ചു.

പ്രാരാബ്ധത്തിന്റെ പകല്‍പൂരം കഴിഞ്ഞ്‌ വെയിൽ താണ സായാഹ്നം. കടല്‍ക്കരയിൽ ആളുകൾ കാറ്റുകൊള്ളുന്നു. വിനോദസഞ്ചാരകേന്ദ്രമായതിനാൽ വിദേശികള്‍  ധാരാളമുണ്ട്‌.

’ഇറങ്ങിയാട്ടെ‘ ഡ്രൈവർ ഡോർ തുറന്നു.

ദീപാരാധനക്കു മുമ്പ്‌ സമർപ്പിക്കണം. വേഗം വാ.


ഓരോരുത്തരായി കാറിൽ നിന്നിറങ്ങി മകന്റെ കൈ പിടിച്ച്‌ വിങ്ങുന്ന ഹൃദയവുമായി അയാളും.

ഉച്ചഭാഷിണിയിലൂടെ ഭക്തിഗാനങ്ങൾ. പരിസരമാകെ ചന്ദനത്തിരിയുടേയും കർപ്പൂരത്തിന്റേയും സുഗന്ധം. അമ്പലത്തിനു ചുറ്റുമുള്ള കൽവിളക്കുകളിൽ ഭക്തർ തിരി തെളിക്കുന്നു.

തൊഴാൻ പോകുന്നവരുടെയും തൊഴുതു മടങ്ങുന്നവരുടേയും തിരക്ക്‌.പ്രായത്തിനു യോജിക്കാത്ത തന്റെ അവശതയെക്കുറിച്ചോർത്ത് അയാൾക്ക് ദുഃഖം തോന്നി.


ചരടറ്റ പട്ടം പോലെ മനസ്സ് അലഞ്ഞു നടക്കവെ ഒരു ദീനസ്വരം കാതുകളിൽ.

;ചേട്ടാ എന്നെക്കൊണ്ടു വീടരുതേ’

അമ്പരപ്പോടെ ചുറ്റും നോക്കി.
ആരുമില്ല!
നെഞ്ചിടിപ്പോടെ , നിശ്ച്ചലനായി നിന്നു.
അലകടലിനും ആകാശത്തിനുമിടയിലെ പഞ്ഞിമേഘങ്ങൾക്കുള്ളിൽ നിന്നും നേർത്ത തേങ്ങലുകള്‍  ഉയരുന്നുണ്ടോ?

കണ്ണുകൾ നിറഞ്ഞുതുളുമ്പി.
ഇടറി യ സ്വരം വീണ്ടും,‘മക്കളെ  വിട്ട് ഞാൻ പോവൂല്ല“

നെഞ്ചിൽ തീ കോരിയിടുന്നതുപോലെ.ചേക്കേറാ ൻ പോകുന്ന പക്ഷിക്കൂട്ടങ്ങൾക്കിടയിൽ തന്റെ കൂടു കാണാതെ ഉഴറുന്ന ഒരമ്മക്കിളിയുണ്ടോ?

ആരുടെയോ സാന്ത്വനത്തഴുകൽ പോലെ തണുത്ത കടല്‍ക്കാറ്റു വീശുന്നൂണ്ടായിരുന്നു. എന്നിട്ടും ആകെ വിയർത്തു.

അച്ഛാ വരൂ!

മകൾ തിരിഞ്ഞു നിന്നു വിളിച്ചു.

ഞാൻ വരുന്നില്ല.

എങ്കിൽ അതിങ്ങു താ, ഞാൻ കൊണ്ടുകൊടുക്കാം.

വേണ്ടാ
പിന്നെ?
അയാൾ തിരിഞ്ഞുനടന്നു.