സമർപ്പണം


ഷീബാദിവാകരൻ
കടൽ അങ്ങനെയാണ്‌.
നിങ്ങൾ എന്തു പകരം തരും എന്നു നോക്കിയല്ല
നിങ്ങളെ വാരിപ്പുണരുന്നത്‌
കൂട്ടുകൂടാനില്ലെന്ന് മാറിയിരിക്കുമ്പോഴും
കാലില്‍ത്തൊട്ടുവിളിക്കുന്നത്‌.
ഒറ്റയാവൽ
അതുപോലെ അനുഭവിച്ചവരാരുണ്ട്‌?
അതുകൊണ്ടാണ്‌ നിങ്ങൾക്കത്
വേണ്ടെന്നു നിഷേധിച്ചാലും
കളകളം പാടിത്തരുന്നത്‌
നിങ്ങളുടെ ഹൃദയോഷ്ണത്തെ
ഊതിത്തണുപ്പിക്കുന്നത്‌
ഏകാന്തയാത്രയിൽ
കനത്ത ചൂടിലും പെരുമഴയിലും പരാതിയില്ലാതെ
ജീവിതം തന്നെ സങ്കടക്കടലാകുമ്പോഴും
നീയടുത്തു വന്നാൽ
നിന്നിലേക്കൊരു നോട്ടം നോക്കുന്നത്‌.