തള്ളയ്ക്ക് പിറക്കാത്തവര്‍

ജെ. ദേവിക


പൗരുഷം, പുരുഷത്വം, പുരുഷാധികാരം തുടങ്ങിയവയെക്കുറിച്ച് ഇന്ന് കൂടുതല്‍ ശക്തമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞ ചോദ്യം ചെയ്യലിനെ വളര്‍ത്തിയെടുക്കേണ്ട വഴികളേതെന്ന് കൂട്ടായി ആലോചിക്കേണ്ട സമയമായിരിക്കുന്നു


ദില്ലിയില്‍ നിലനില്‍ക്കുന്ന സ്‌ഫോടനാത്മകാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യമെങ്ങും കത്തിപ്പടരുന്ന രോഷത്തിന്റെ പശ്ചാത്തലത്തില്‍, ഇതെല്ലാം പുരുഷവിരോധത്തിലല്ലേ കലാശിക്കുന്നത് എന്ന അര്‍ഥശൂന്യമായ ചോദ്യമുന്നയിക്കാന്‍ നാണമില്ലാതെ ചിലരെങ്കിലും നമ്മുടെയിടയില്‍ ഇന്നുണ്ട്. എന്താണ് പൗരുഷമെന്ന ചോദ്യം ഇത്ര ശക്തിയോടെ മുമ്പൊരിക്കലും നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്
ന തോന്നലുളവാക്കുന്ന അവസ്ഥയാണ് ഇന്ന്. പൗരുഷത്തെക്കുറിച്ചും പുരുഷത്വത്തെക്കുറിച്ചുമുള്ള വ്യവസ്ഥാപിത ധാരണകളെ ഊട്ടിയുറപ്പിക്കാനുള്ള ദുര്‍ബലശ്രമം മാത്രമാണിതെന്നതുകൊണ്ട് അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതിനെ നാം തള്ളിക്കളയേണ്ടതുണ്ട്.
എന്നാല്‍, പൗരുഷം, പുരുഷത്വം, പുരുഷാധികാരം തുടങ്ങിയവയെക്കുറിച്ച് ഇന്ന് കൂടുതല്‍ ശക്തമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞ ചോദ്യം ചെയ്യലിനെ വളര്‍ത്തിയെടുക്കേണ്ട വഴികളേതെന്ന് കൂട്ടായി ആലോചിക്കേണ്ട സമയമായിരിക്കുന്നു. പൗരുഷത്തിന്റെ സാമ്പ്രദായിക വ്യാഖ്യാനങ്ങള്‍ കേവലം ഭാരമായി അനുഭവപ്പെടുന്ന ചെറുപ്പക്കാരായ പുരുഷന്മാരുടെ തലമുറ ഇന്നുള്ളതുകൊണ്ടുതന്നെ ലിംഗവ്യത്യാസങ്ങള്‍ക്കതീതമായി നടക്കേണ്ട ചര്‍ച്ചയാണിത്.

ഒന്നാമതായി, ഭാഷയെ നാം ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ദില്ലിയില്‍ കൊടും ക്രൂരതയ്ക്ക് മുതിര്‍ന്ന ആ പുരുഷന്മാര്‍ 'തന്തയില്ലാത്തവന്മാരാ'ണെന്ന് പലരും പറയുന്നു. എന്നാല്‍, ഫ്യൂഡല്‍ പൗരുഷത്തിന്റെ അടിവേരു തോണ്ടാതെ ഇത്തരം സംഭവങ്ങള്‍ക്ക് അറുതിയുണ്ടാവില്ല എന്നു കരുതുന്നതുകൊണ്ട് ഈ വിളി എനിക്കു സമ്മതമല്ല. 'തള്ളയില്ലാത്തവര്‍', 'തള്ളയ്ക്കുപിറക്കാത്തവര്‍' എന്നുതന്നെയാണ് ഇവരെയും ഇവര്‍ക്ക് അരങ്ങൊരുക്കിക്കൊടുത്തവരെയും ഇവര്‍ പങ്കുചേരുന്ന ബലാത്സംഗ സംസ്‌കാരത്തിന് പരോക്ഷമായി വളം വെച്ചുകൊടുക്കുന്നവരെയും വിളിക്കേണ്ടത്. മഹാപാതകങ്ങളിലേര്‍പ്പെട്ടവരെ 'തള്ളയില്ലാത്തവര്‍' എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവരുടെ അമ്മമാരും മറ്റ് സ്ത്രീബന്ധുക്കളും പലപ്പോഴും അവരെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങാറുണ്ട് എന്ന സത്യം വിസ്മരിക്കുന്നില്ല. എന്നാല്‍ 'തള്ള' എന്ന സ്ഥാനത്തിന്റെ അധികാരശൂന്യതയും വിധേയത്വവാസനയുമാണ് ഒരുപക്ഷേ, ഈ സത്യത്തില്‍ അധികമായി പ്രതിഫലിക്കുന്നത്. രണ്ടാമതായി, ബലാത്സംഗത്തിനിരയായ സ്ത്രീ 'ജീവച്ഛവ'മാണെന്ന് പ്രതികരിച്ചവര്‍ക്കെല്ലാം-ദില്ലിയില്‍ നടന്ന ബലാത്സംഗത്തെ അപലപിച്ചുവെന്ന് വരുത്തിത്തീര്‍ത്ത പലരും ഇതിലുള്‍പ്പെടും-വലിയ തിരിച്ചടിയാണ് മരിച്ചുപോയ ജ്യോതി എന്ന പെണ്‍കുട്ടി നല്കിയിരിക്കുന്നത്. ഇത്ര ഗുരുതരമായ പരിക്കേറ്റിട്ടും ജീവച്ഛവമാകാന്‍ അവള്‍ കൂട്ടാക്കിയില്ല, തന്റെ ജീവനുവേണ്ടി മാത്രമല്ല, നീതിക്കുവേണ്ടിയും അവള്‍ പോരാടി. ആ പോരാട്ടമാണ് ഈ സംഭവത്തെ ഒരു നിര്‍ണായകസംഭവം അഥവാ നമ്മുടെ സാമാന്യബോധത്തെ ആകെ മാറ്റിമറിക്കുന്ന സംഭവം ആക്കിത്തീര്‍ക്കുന്നത്.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ജീവച്ഛവമാകുന്നില്ല എന്നതിന് മൂര്‍ത്തമായ ഉദാഹരണമായി ജ്യോതി മാറി-അവള്‍ നമുക്കുതന്ന ഉള്‍ക്കാഴ്ച സാമ്പ്രദായിക പൗരുഷത്തിന്റെ അടിവേരറുക്കാന്‍ ശക്തിയുള്ള ഖഡ്ഗമാണ്. മൂന്നാമതായി, സ്ത്രീകളുടെ പേരില്‍ അധികാരത്തിലേറിയ നിരവധി വനിതാപ്രതിനിധികളുണ്ട് ഇന്ന് നമ്മുടെ ഭരണ വ്യവസ്ഥയില്‍. പാര്‍ലമെന്റടക്കമുള്ള സഭകളില്‍ രാഷ്ട്രീയകക്ഷികളുടെ സ്ത്രീ സംഘടനകളിലും മറ്റും പ്രവര്‍ത്തിക്കുന്നവരായ തലമുതിര്‍ന്ന  സ്ത്രീ രാഷ്ട്രീയക്കാരുണ്ട്. ഇന്ത്യന്‍ ഭരണകൂടവും ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും ബലാത്സംഗ സംസ്‌കാരത്തെ തരംപോലെ പ്രയോജനപ്പെടുത്തുന്നവരാണെന്ന വസ്തുത കണ്ടില്ലെന്നു നടിക്കാന്‍ ഇവരെ നാമനുവദിച്ചുകൂടാ.

മണിപ്പുരില്‍ കശ്മീരില്‍ അല്ലെങ്കില്‍ ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍, ഗുജറാത്തില്‍ നടന്ന മുസ്‌ലിം ജനഹത്യാശ്രമത്തില്‍, നന്ദിഗ്രാമില്‍ അരങ്ങേറിയ ഉന്മൂലനശ്രമത്തില്‍ എല്ലാം പ്രയോഗികപ്പെട്ട ആയുധമാണ് ബലാത്സംഗം. സ്വന്തം പാര്‍ട്ടിക്കാര്‍ അതെടുത്തു പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ അതിനെ തടയാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇക്കൂട്ടരോട് ചോദിക്കാന്‍ ഇനി വൈകിക്കൂടാ. പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ സ്വന്തം ശരീരത്തിന്മേല്‍ സ്ത്രീക്കുള്ള അധികാരത്തെ മാനിക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിക്കാനും ഇനി മടിക്കേണ്ടതില്ല. ഇത്തരം ചോദ്യം ചെയ്യലുകള്‍ക്കുമുമ്പില്‍ മുട്ടുമടക്കേണ്ടിവരുന്ന ഭരണകൂടത്തെയും രാഷ്ട്രീയകക്ഷികളെയും നാം വൈകാതെ കാണും എന്നുതന്നെയാണ് എന്റെ വിശ്വാസം. കാരണം, അവര്‍ ആഘോഷിക്കുന്ന ജനവിഭാഗത്തിന്റെ സുരക്ഷപോലും ഉറപ്പാക്കാന്‍ അവര്‍ക്കാകുന്നില്ലെന്ന് വ്യക്തം. കോര്‍പ്പറേറ്റുകളെ സംരക്ഷിച്ചുകൊണ്ട് ഇന്ത്യയെ വികസിപ്പിക്കാന്‍ തത്രപ്പെടുന്നവര്‍ സഹസ്രകോടികളെ ദുരിതത്തിലാഴ്ത്തുന്നെങ്കിലും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് അവസരമൊരുക്കുന്നു എന്ന് വീമ്പുപറയാറുണ്ട്. അത്തരത്തിലുള്ള അഭ്യസ്തവിദ്യയായ ഒരു ചെറുപ്പക്കാരിയാണ് ഡല്‍ഹിയിലെ നിയമപാലകരുടെ അനാസ്ഥമൂലം ദാരുണമായി കൊല്ലപ്പെട്ടത്. തന്തമാരുടെ കാലം അവസാനിക്കാന്‍ പോകുന്നുവെന്ന് വ്യക്തം; 'തള്ളയ്ക്കു പിറക്കാത്തവന്മാ'രെ മനസ്സുകൊണ്ടെങ്കിലും ഇന്ത്യയിലെ ചെറുപ്പക്കാരില്‍ നല്ലൊരുവിഭാഗം പുറന്തള്ളുമെന്ന ആശയുടെ കാലമാണിത്. 2012 ഡിസംബറില്‍ 'ലോക'മവസാനിക്കുമെന്ന് പണ്ടുള്ളവര്‍ പ്രവചിച്ചത് ഇതിനെക്കുറിച്ചായിരിക്കും!
(മാതൃഭൂമിയോടു  കടപ്പാട് )