അരങ്ങ്‌-13


പീ.വി.ശ്രീവത്സന്‍ 


അഭ്യാസത്തിന്റെ എട്ടാം വർഷം. രാമുണ്ണി മേനോനാശാന്റെ കീഴിലെ നാലാം കൊല്ലവും.

അവിടെ അപ്രതീക്ഷിതമായ ഒരു വഴിമുടക്കം.കല്യാണസൌഗന്ധികത്തിൽ ഭീമസേനനു സംഭവിച്ചതുപോലെ,അത്രമാത്രമേ തോന്നിയുള്ളു .


ആ കൊല്ലം ഗുരുനാഥനെ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചു. തൃശൂരിന്നടുത്തുള്ള മുളങ്കുന്നത്തുകാവിലായിരുന്നു അന്ന് കലാമണ്ഡലം സ്ഥിതി ചെയ്തിരുന്നത്`.
അവിടെ അമ്പലപുരം എന്ന സ്ഥലത്തുള്ള മണക്കുളം മുകുന്ദരാജാവിന്റെ ഉടമസ്ഥതയിലുള്ള ശ്രീനിവാസം ബംഗ്ളാവിൽ.

മഹാകവി വള്ളത്തോളും, മുകുന്ദരാജയുമായിരുന്നു ആ കഥകളി പാഠശാലയുടെ സ്ഥാപകരും, സമുദ്ധാരകരും.

അവിടെ, കഥകളിയാചാര്യനായി ഗുരുനാഥനെ നിയമിച്ചു. ആര്‌,എവിടെ,എപ്പോള്‍ , എങ്ങനെ നിയമിച്ചാലും ശരി ,അതൊന്നും തന്നെ അദ്ദേഹത്തിന്‌ ബാധകമായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള അഹിതം ബോധ്യമായാൽ പിന്നെ ഒരു നിമിഷം പോലും ഗുരുനാഥൻ അവിടെ തുടരില്ല. എവിടെയായിരുന്നാലും ,അരങ്ങത്താണെങ്കിൽ പോലും അങ്ങനെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. തന്റെ പ്രിയശിഷ്യന്മാർക്ക് മാത്രമല്ലാതെ മറ്റാരുടെ മുമ്പിലും അദ്ദേഹം അഭിപ്രായം മാറ്റിയില്ല. ശിഷ്യർ അത്രയ്ക്കു പ്രിയപ്പെട്ടവരായിരുന്നു.


ഗുരുനാഥൻ അങ്ങോട്ടു പോയപ്പോൾ,ചിലവിനുള്ള പണമുണ്ടാക്കി കുഞ്ചുവും അമ്പലപുരത്തേക്കു പോയി. അത്‌ അദ്ദേഹത്തിന്‌ ഏറെ സന്തോഷമരുളി. കഴിഞ്ഞ മൂന്നുവർഷം അദ്ദേഹത്തിന്റെയടുത്ത്‌ നിഷ്ക്കർഷയോടെ അഭ്യസിച്ചുവെങ്കിലും പിന്നേയും ആ മഹാഗുരുവിന്റെയടുത്ത്‌ അഭ്യസിക്കുവാനുള്ള ഭാഗ്യം കുഞ്ചുവിനുണ്ടായി. പഠിക്കാനു ഒടുങ്ങാത്ത തൃഷ്ണ പിന്നേയും ബാക്കിയായിരുന്നു. ആ കൊല്ലം അവിടെ വെച്ചാണ്‌ ചൊല്ലിയാട്ടമുണ്ടായത്‌. മഹാകവി വള്ളത്തോളുമായി പരിചയപ്പെടാനുള്ള ഭാഗ്യവും അവിടെ വെച്ചുണ്ടായി. പിന്നെ കഥകളി രംഗത്തെ ചില മഹാരഥൻമാരുമായും.

കവളപ്പാറ നാരായണൻ നായരാശാനും കുഞ്ചുക്കുറുപ്പാശാനും അവിടത്തെ അദ്ധ്യാപകരായിരുന്നു. നാരായണൻ നായരാശാന്റെ ഭാര്യവീട്‌ വാഴേങ്കടയിലാണ്‌. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ‘കണ്ണത്ത്‌“ എന്ന വീട്‌. അദ്ദേഹം താമസിച്ചത്‌ അവിടെയായിരുന്നു.

രാമുണ്ണിമേനോനാശാന്റേയും  കുഞ്ചുക്കുറുപ്പാശാന്റേയും സമപ്രായക്കാരനും പല കളി യോഗങ്ങളിലും    അവരുമായി ബന്ധപ്പെടുകയും ചെയ്ത പ്രശസ്തിയും,പ്രചാരവുമുള്ള വേഷക്കാരനായിരുന്നു.വെള്ളത്താടി വേഷങ്ങളിൽ അതുല്യനായിരുന്നു. രാജസൂയത്തിലെ ശിശുപാലൻ,ഉത്തരാസ്വയം വരത്തിലെ ബൃഹന്നള, എന്നീ വേഷങ്ങൾക്കു തനതായ വീക്ഷനവും മൌലികതയുമുണ്ടായിരുന്നു. നളചരിതം മൂന്നാം ദിവസത്തെ ബാഹുകൻ ഇടയ്ക്കിടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. രംഗദൈർഘ്യം കുറഞ്ഞ ചില വേഷങ്ങൾ അരങ്ങത്ത്‌ തന്റേത് മാത്രമായി അദ്ദേഹം സ്ഥാപിച്ചെടുത്തു. അദ്ദേഹത്തിന്റെ അത്തരം വേഷങ്ങളുള്ള കളികൾക്ക് ,പിറ്റേ  ദിവസം കളി കഴിഞ്ഞാൽ മറ്റാരുടെ വേഷങ്ങളേക്കാൾ പ്രസിദ്ധി കിട്ടി. പ്രത്യേകിച്ച്‌ നരസിംഹം(പ്രഹ്ളാദചരിതം) രൌദ്രഭീമൻ(ദുര്യോധനവധം) എന്നീ വേഷങ്ങൾ കഴിഞ്ഞാൽ സൃഷ്ടിഗുണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതയായിരുന്നു. അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും നരസിംഹവേഷം അതുപോലെ ഉല്‍ക്കടമായി ചെയ്തിട്ടുള്ള വേഷക്കാർ വേറേയില്ല. നാരായണൻ നായരാശാന്റെ നരസിംഹവേഷം കണ്ടിട്ടുള്ളവർക്കു മറ്റൊരാളുടെ നരസിംഹം കണ്ടാൽ’ഒരു പൂച്ച ചാടിയ പോലെ‘യായിരുന്നുവത്രെ അനുഭവം. അനേകം ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠിതനായ അദ്ദേഹത്തിന്റെ ഹനുമാൻ ചിരഞ്ജീവി തന്നെയാണെന്ന് ആസ്വാദകർ തുറന്നുസമ്മതിക്കുന്നു.


മലയാളവർഷം 1106മുതൽ 1116വരെ നാരായണൻ നായരാശാനും ,1106 മുതൽ 1114 വരെ കോപ്പന്നായരാശാനും ,1112 മുതൽ 1116 വരെ കുഞ്ചുക്കുറുപ്പാശാനും കലാമണ്ഡലത്തിൽ അദ്ധ്യാപകരായിരുന്നു. ഇതിനിടയ്ക്ക് 1107 മുതൽ 1108 വരെ രാമുണ്ണിമേനോനാശാനും അവിടെ ആചാര്യനായി വന്നുചേർന്നു. ഈ സമയത്താണ് ‌ വാഴേങ്കടയിൽ നിന്നു കുഞ്ചുവും അദ്ദേഹത്തിന്റെ കൂടെ പോന്നത്‌. തന്റെ പ്രഥമഗുരുവായിരുന്ന കോപ്പൻ നായരാശാന്റെ സ്നേഹസാമീപ്യം ഈ കാലത്തു വീണ്ടും ലഭിച്ചു. അദ്ദേഹത്തിന്റെ മകൻ നാണുനായർ അന്നവിടത്തെ വിദ്യാർത്ഥിയായിരുന്നു. നാണുനായരുമായുള്ള ഒടുങ്ങാത്ത സൌഹൃദം തുടങ്ങിയത്‌ ആ കളരിയിൽ വെച്ചായിരുന്നു.

വാഴേങ്കടയിൽ നിന്ന്‌ തൃശൂരിനടുത്തുള്ള മുളങ്കുന്നത്തുകാവ് എന്ന സ്ഥലം വളരെ ദൂരെയുള്ള ഒരു സ്ഥലം തന്നെയായിരുന്നു. ആ കാലത്ത്‌ വാഴേങ്കടയിൽ പോസ്റ്റോഫീസില്ല. തൂതയിലായിരുന്നു പോസ്റ്റോഫീസ്. തൂത വഴിയാണ്‌ പെരിന്തൽമണ്ണ-പാലക്കാട് പാത പോകുന്നത്‌. തൂതപ്പാലത്തിന്റെ ഇക്കരെയുള്ള വാഴേങ്കടക്കാരെ സംബന്ധിച്ച്‌ പഴയൊരു കെട്ടിടത്തിലെ കുടുസ്സുമുറിയിലാണ്‌ പോസ്റ്റോഫീസ്. തനിക്കാണെങ്കിൽ കത്തയക്കാൻ ആരുമുണ്ടായിരുന്നില്ല. പിന്നെ,തന്നെയിഷ്ടപ്പെടുന്ന,താനിഷ്ടപ്പെടുന്ന ഒരു പെൺകുട്ടി,തങ്ങൾക്കിടയിൽ അങ്ങനെയൊരു കത്തയക്കാനുള്ള സാമാന്യചിന്ത പോലുമുണ്ടായിരുന്നില്ല.

എന്നാൽ, അവളുടെയല്ലെങ്കിലും ആ പെൺകുട്ടിയേയും കുഞ്ചുവിനേയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കത്ത് ആയിടക്ക്‌ അമ്പലപുരത്തെ കലാമണ്ഡലത്തിലേക്കു വന്നു. കുഞ്ചുവിനായിരുന്നില്ല,കത്തിന്റെ മേല്‍ വിലാസക്കാരൻ നാരായണൻ നായരാശാനായിരുന്നു.

നാരായണൻ നായരാശാൻ കുഞ്ചുവിനെ വിളിപ്പിച്ചു. എന്തോ ചിലതു പറയാനുണ്ടെന്നു പറഞ്ഞു. എന്നാൽ യാതൊന്നും പറഞ്ഞില്ല.
കത്തിലെ ഉള്ളടക്കത്തെപ്പറ്റിയു വേവലാതിയാൽ ആ ദിവസങ്ങളിൽ ഉറങ്ങാനേ കഴിഞ്ഞില്ല.

കളരിയിലും യാന്ത്രികമായ ഒരനുഭവം. ചൊല്ലിയാട്ടത്തിൽ പിഴവു വന്നില്ല. എന്നാൽ മനസ്സു വന്നുവോ?

കുഞ്ചുവിന്റെ അസാധാരണമായ മൌനവും ,പരിഭ്രമവും ശ്രദ്ധിച്ച നാരായണൻ നായരാശാൻ പറഞ്ഞു,
"ഒന്നും സാരല്യ, നീയ്യ് പേടിക്ക്വൊന്നും വേണ്ട.... "

എന്തെന്നോ ഏതെന്നോ ചോദിച്ചില്ല.
അതു കേട്ടപ്പോള്‍ പുതിയൊരുണർവ്വു വന്നതുപോലെ.പിറ്റെന്നാളത്തെ ഭീമന്റെ ചൊല്ലിയാട്ടത്തിൽ (കല്യാണസൌഗന്ധികം) ആ ഉൾബലം പ്രകടമായിരുന്നു.

അങ്ങനെ അമ്പലപുരത്ത്‌ അഭ്യാസവുമായി കഴിഞ്ഞ നാളുകൾ വാഴേങ്കടയിലെ ഒറ്റപ്പെടലിൽ നിന്ന്‌ തികച്ചും വ്യത്യസ്തമായ ഒരു കളരിയും.
അക്കൊല്ലത്തെ അഭ്യാസവും കഴിഞ്ഞു.

കലാമണ്ഡലത്തിൽ നിന്നു കുഞ്ചു വാഴേങ്കടയിൽ തിരിച്ചെത്തി.