അഭിമുഖം സച്ചിദാനന്ദൻ-രവികുമാർ തിരുമല


                                            സച്ചിദാനന്ദൻ-രവികുമാർ തിരുമല
(രവികുമാർ തിരുമലയുടെ “കടൽക്കാറ്റിലെ ആത്മദളങ്ങൾ” എന്ന പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിൽ നിന്ന്‌)



സച്ചിദാനന്ദന്‍ കെ 

ഇന്ദ്രപ്രസ്ഥത്തിൽ നിന്നും പതിമൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവി സച്ചിദാനന്ദനെ കാണാം. വളരെ ഗൌരവക്കാരനായ  ഒരു ദാർശനിക കവിയുടെ മുഖഭാവമായിരുന്നു പ്രതീക്ഷിച്ചത്‌. വളരെ സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന്റെ വേഷഭാവത്തോടെയായിരുന്നു എന്നേയും,ഭാര്യയേയും അദ്ദേഹം വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയത്‌. അഞ്ചടി പൊക്കവും,അധികം വണ്ണവുമില്ലാത്ത ഈ കുറുകിയ മനുഷ്യനിൽ നിന്നും കഴിഞ്ഞ അമ്പതു വർഷത്തിൽ ഭാഷയ്ക്കു ലഭിച്ചത്‌ എഴുപത്തഞ്ചു പുസ്തകങ്ങൾ. മലയാള ഭാഷയ്ക്കു ധന്യമാകുവാൻ ഇനിയെന്തു വേണം?മുപ്പതു കൊല്ലം മുമ്പ്‌ പാബ്ളൊ നെരൂദയുടെ കവിതകളുടെ പഠനം സാഹിത്യവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായിരുന്നു. മലയാള കവിതാമണ്ഡലത്തിന്റെ ദിശാബോധത്തെ തന്നെ മാറ്റി വിട്ട “അഞ്ചു സൂര്യൻ” എന്ന കവിതാസമാഹാരം 1974-ലാണ്‌ പുറത്തിറങ്ങിയത്‌. 2012 സെപ്റ്റംബറിൽ അദ്ദേഹം എഴുതിയ ഒരു ചെറുകവിതയുടെ ശീർഷകവും “ അഞ്ചു സൂര്യൻ”. ശീർഷകത്തിലെ സാമ്യം യാദൃശ്ച്ചികമാകാം.

1986 ൽ വൈലോപ്പിള്ളിയുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ കവിത‘ഇവനെക്കൂടി’ തലക്കെട്ട്‌ അസാധാരണമായി തോന്നി.

ദൈവത്തെ നമ്മൾ നീ, അവൻ, എന്നെല്ലാം പറയാറില്ലേ? ആ അർത്ഥത്തിൽ കണ്ടാൽ മതി.

താങ്കളുടെ പുതിയ പ്രവർത്തനങ്ങൾ?


കേന്ദ്രസാഹിത്യ അക്കാദമിയുടെ പുതിയൊരു പുസ്തകത്തിന്റെ പണിയിലാണ്‌ യു.ആർ.അനന്തമൂർത്തിയും ഞാനും. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രാദേശികഭാഷകളിലേയും ശ്രദ്ധേയവരായവരുടെ വിവർത്തനം ഇംഗ്ളീഷിൽ. മലയാളത്തിൽ നിന്ന്‌ ഉറൂബ്,ബഷീർ, വിജയൻ എന്നിവർ ആ പുസ്തകത്തിലുണ്ടാവും. 2013-ൽ ആ പുസ്തകം പുറത്തിറങ്ങും.



ഗസൽ താങ്കളുടെ കാവ്യജീവിതത്തെ എങ്ങിനെ ത്വരിതപ്പെടുത്തുന്നു?


കുറച്ചു നാൾ സുഖമില്ലാതെ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അന്നേരം ഗസൽ വളരെ ആശ്വാസകരമായിരുന്നു. നമ്മുടെ മൂഡിനെ തന്നെ മാറ്റിമറിക്കാൻ ഗസലുകൾക്കു കഴിയും. ധാരാളം ഗസലുകൾ കേൾക്കാറുണ്ട്‌.


കന്നഡസാഹിത്യത്തിലെ ജ്ഞാനപീഠം നേടിയ ചന്ദ്രശേഖരകമ്പാറെക്കുറിച്ച്‌?
ഇരുപത്തഞ്ചു കൊല്ലം മുമ്പേ ആദ്ദേഹത്തെ അറിയാം. സാഹിത്യം, സിനിമ, നാടകം തുടങ്ങി പല മേഖലകളിൽ വിജയിച്ച വ്യക്തിയാണ്‌.അദ്ദേഹത്തിന്റെ നാടകങ്ങളാണ്‌ എനിക്കിഷ്ടം.
കവിക്കു കൂടുമാറാനറിയാം. ജന്മാന്തരങ്ങളെക്കുറിച്ച്‌? വീണ്ടും വീണ്ടും ജനിക്കാൻ വിധിക്കപ്പെട്ടവനാണോ കവി? ജന്മങ്ങളൊ ജീവിതം?

ഓരൊ പുല്‍ക്കൊടിയും നിർവാണം ലഭിക്കും വരെ വീണ്ടും വീണ്ടും ജനിക്കാൻ വിധിക്കപ്പെട്ടവനാണ്‌ കവി എന്നെനിക്കു തോന്നുന്നു. കവി ഈ ജന്മത്തിൽ തന്നെയാണ്‌ പല ജീവിതങ്ങൾ ജീവിക്കുന്നത്‌. കവി ജീവിക്കുന്നത്‌ തന്റെ ജീവിതം മാത്രമല്ല,അയാൾക്ക്‌ വൃക്ഷത്തിന്റേയും,പുഴുവിന്റേയും,സിംഹത്തിന്റേയും, പറവയുടേയും ജീവിതം ജീവിക്കാൻ കഴിയും. ഓരോ  കവിതയും കവിയുടെ ഓരോ പുനർജ്ജന്മമാണ്‌. ഓരോ  അനുഭവവും വ്യത്യസ്തമാകയാൽ അതിന്റെ ശില്പ്പം ഭാഷയിൽ കണ്ടെത്താനുള്ള ശ്രമം ജനനം പോലെ വേദനയും, ആഹ്ളാദം  നല്കുന്നു. എന്റെ കാവ്യജീവിതത്തിൽ, വിചാര ജീവിതത്തിലും ഞാൻ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. അന്തർജീവിതത്തിന്റെ ഈ ഘട്ടങ്ങളെക്കൂടി ജന്മങ്ങൾ സൂചിപ്പിക്കുന്നുണ്ട്‌.

“ദൈവത്തിലേക്കുള്ള വഴി” അവിടെ ദൈവത്തിലേക്കുള്ള വഴി ഒടുവിലെത്തുന്നത്‌ സ്വന്തം ആത്മാവിൽത്തന്നെയല്ലേ?

ദൈവവും, ആത്മാവും തമ്മിലുള്ള ഈ വൈരുദ്ധ്യം അഥവാ അന്തരം,അകലം തീർത്തും പടിഞ്ഞാറിന്റെ സങ്കലപ്പമാണ്‌. ഇന്ത്യൻ ദർശനത്തിൽ ബ്രഹ്മ സങ്കലപ്പം ആത്മജ്ഞാനത്തിനുള്ള ഒരുപകരണം മാത്രമാണ് . ആത്മജ്ഞാനം നേടിയവന്‌ പിന്നെ ആ സങ്കലപ്പം ആവശ്യമില്ല. ഞാൻ തന്നെ ബ്രഹ്മം എന്നത്‌ പരമമായ അറിവാണ്‌.

തലകൊണ്ടുരൽ,നെഞ്ചുചാൽ/ആട്ടുകല്ല്‌/ഉദരമായ്
എഴുതാൻ സ്ക്കൂളിൽ ബോർഡ്,/കൽചട്ടിയായ് പിൻഭാഗം
വലത്തേ കയ്യിൽ കല്ലിൻ ചുറ്റിക/ഇടതുകൈ പണിയാൻ അമ്മിക്കുഴ
വിരലാൽ കളിപ്പാട്ടം/കാലുകൾ മേശക്കായി/കാലടി സ്ളേറ്റ് ആയ്
നിന്ന പീഠം ആയ് ഇരിപ്പിടം/ഒടുവിൽ ചത്തീസ്പ്പാർക്കിൽ
കരിങ്കല്പ്രതിമയായ്/മാറിയപ്പോഴേ മന്ത്രി പ്രമുഖൻ പ്രയോജനപ്പെട്ടു/തൻ ജന്മങ്ങൾക്കായ്
പ്രയോജനം?


വിമോചനപ്രസ്ഥാനങ്ങൾ ശിഥിലമാകുന്ന ഇക്കാലത്ത്‌ കവിക്കെങ്ങിനെ മാറിനില്ക്കാൻ കഴിയും?വിമോചനപ്രസ്ഥാനങ്ങൾ ശിഥിലവും സംശയഗ്രസ്തവുമായിരിക്കുകയും ഈ ശത്രുക്കൾ സുശക്തരും സംഘടിതരുമായി വരികയും സാമ്പ്രദായിക വിശകലനങ്ങൾക്കതീതമായ രീതിയിൽ സാമൂഹ്യാവസ്ഥ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന കേരളത്തിന്റെ കവിതക്ക് ദുഃഖം ഒഴിച്ചുനിർത്താൻ കഴിയില്ല തന്നെ. ഇരുട്ടിലിരുന്നും പ്രതീക്ഷിക്കാൻ പഠിക്കുന്നവരാണ് ` കവികൾ. ഇരുട്ടിനെ കാണാതിരുന്നിട്ടില്ലെന്നു മാത്രം. ഈ പ്രതീക്ഷ ചരിത്രത്തിൽ ആവർത്തിച്ചുവരുന്ന നൈരാശ്യത്തിന്റേയും,ആശയുടേയും ഋതുക്കൾ കണ്ടറിഞ്ഞ വിവേകിയുടെ പ്രതീക്ഷയാണ്‌. ആത്മനിഷ്ഠക്കപ്പുറം പോകാൻ കഴിഞ്ഞിട്ടില്ലാത്ത ബാലന്മാർ പറയുമ്പോലെയുള്ള ആഗ്രഹചിന്തയല്ല.



സാർ ഹൈസ്ക്കൂൾ വരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളു. അതിനു ശേഷമുള്ള  1965 കാലഘട്ടം എറണാംകുളം ബോട്ട്ജെട്ടിയും മഹാരാജാസ് കോളേജും ,വാകമരങ്ങളും,കോടതിയും,മഹാക്ഷേത്രവും,ഭരത് ഹോട്ടലും കടന്ന്‌ കായല്ക്കരയിലെ മറൈൻ ബയോളജി ഇൻസ്റ്റിട്ട്യൂ ട്ടിൽ എം.എസ്സിക്കുള്ള അപേക്ഷാഫോറം വാങ്ങിക്കാൻ ചെന്ന ആ പത്തൊമ്പതുകാരനിലേക്ക്. ......

മഹാരാജാസ് കോളേജ് എനിക്കു കണ്ട പാടെ ഇഷ്ടമായി. പ്രൌഢിയാർന്ന പഴയ കെട്ടിടത്തിന്റെ നീണ്ട ഇടനാഴികകൾ,മരപ്പലകകൾ നിരത്തിയ നിലങ്ങൾ,നടുമുറ്റത്തെ മരങ്ങൾ, വരാന്തയിലെ തുരുമ്പിച്ച പിരിയൻ ഗോവണി,നിറഞ്ഞ ഗ്രന്ഥശാല, ആട്ടിന്‍കുട്ടികൾ മാത്രമുള്ള ക്രൈസ്റ്റുകോളേജിൽ പഠിച്ചു വന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സു തുള്ളിക്കുന്ന വർണ്ണശബളമായ പെൺസാന്നിദ്ധ്യം.

ഇഷ്ടത്തോടെതന്നെയാണ്‌ ഞാൻ ജീവശാസ്ത്രം ഐശ്ച്ചികമായെടുത്ത്‌​‍ ഇരിങ്ങാലക്കുട ക്രൈസ്റ്റുകോളേജിൽ ബിരുദപഠനം നടത്തിയിരുന്നത്‌.വീട്ടുകാരാഗ്രഹിച്ചിരുന്നത്‌ എന്നെ ഡോക്ക്ടറാക്കണമെന്നായിരുന്നു. അതിനായി രണ്ടു മാസം ഭൌതികശാസ്ത്രത്തിൽ പ്രത്യേക പഠനം നടത്തുകയും ചെയ്തിരുന്നു. രസതന്ത്രവും സസ്യശാസ്ത്രവും മാത്രമേ ഉപവിഷയങ്ങളായി പഠിച്ചിരുന്നുള്ളു.

അക്കാലത്തായിരുന്നു താങ്കൾ വിവർത്തനമേഖലയിലേക്കു കൂടുമാറ്റം തുടങ്ങിയത്‌?

ജീവന്റെ കൂടുതൽ വലിയ രഹസ്യങ്ങൾ തേടിയുള്ള യാത്ര തുടങ്ങുന്നത്‌ അവിടുന്നു തന്നെ. ക്രൈസ്റ്റു കോളേജിൽ വെച്ചാണ്‌ എന്റെ സാഹിത്യാഭിരുചി വിടരാൻ തുടങ്ങിയിരുന്നത്‌.എന്റെ കവിതകൾ ജയകേരളം വാരികയിൽ അച്ചടിച്ചു വന്നതും ഷെല്ലി,കീറ്റ്സ്,ജോൺ മേസ് ഫിൻഡ്‌,ഒമർഖയ്യാം,യൂഗോ,ദെസ്തയോസ്ക്കി ,ടോൾസ്റ്റോയ്,കസാൻദസാക്കീസ്,ഹെമിംഗ് വേ ,തുടങ്ങി പലരുടേയും കവിതകൾ പരിഭാഷ ചെയ്തതും പലരുടേയും പുസ്തകങ്ങൾ ഗൌരവമായി വായിച്ചതും ഈ കാലഘട്ടത്തിലാണ്‌.

മഹാരാജാസ് കോളേജിലെ ഏറ്റവും സജീവമായിരുന്ന കാലം?
അതെ, എം.ലീലാവതി, എം.കെ.സാനു, ടി.ഭാസ്ക്കരൻ തുടങ്ങിയ പ്രൊഫസ്സർമാർ മലയാളം വകുപ്പിനെ പ്രശസ്തമാക്കിയിരുന്ന കാലം.


ഈയിടെ അന്തരിച്ച ഭരതൻ മാസ്റ്റർ ആയിരുന്നു താങ്കളിലെ കമ്മ്യൂണിസ്റ്റു ചിന്തകളെ പാകപ്പെടുത്തിയത്‌.

ഇടതുപക്ഷത്തോടു അവ്യക്തമായ ചായ്വ്   ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. മാർക്സിസം മനസ്സിലാക്കാൻ മാർക്സ്, ഏംഗൽസ്‌, ലെനിൻ എന്നിവരുടെ പ്രമുഖ കൃതികളും ഞാൻ വാങ്ങിക്കുകയും കുറേയൊക്കെ വായിക്കുകയും ചെയ്തിരുന്നു. മാസ്റ്റർ നിർദ്ദേശിച്ചത്‌ മോസ് ക്കോയിലെ 'മാർക്സിസം ലെനിനിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫണ്ടമെന്റൽ ഓഫ് മാർക്സിസം ലെനിനിസം 'അഫാനാ സ്യേവിന്റെ 'മർക്സിസ്റ്റ് ഫിലോസഫി 'പിന്നെ പ്ളീഹാ നൊഫിന്റെ ചില കൃതികൾ തുടങ്ങിയവയായിരുന്നു. മാർക്സിസത്തിൽ നിന്ന്‌ അതിന്റെ മാനുഷികതയും പച്ചപ്പും തത്വശാസ്ത്രപരമായ സങ്കീർണ്ണതയും പാടെ എടുത്തുകളയുന്ന ശുഷ്ക്കകൃതികളായിരുന്നു ഇവ. യാന്ത്രിക മാർക്സിസത്തിലേക്കുള്ള കിളി വാതിലുകൾ .അവയുടെ മാരക സ്വാധീനത്തിൽ നിന്നു പുറത്തുവരാൻ എനിക്കു കഴിഞ്ഞത്‌ അവയ്ക്കൊപ്പം സാർത്രും കാഫ്കയും, കസാന്‍ദ്സാക്കീസും, എലിയറ്റും മറ്റും വായിച്ചിരുന്നതുകൊണ്ടാണ്‌.

ഒരു കവി ബുദ്ധിജീവിക്കാവശ്യമായ അടിസ്ഥാന യോഗ്യതകൾ നേടിയ കാലം? അതേക്കുറിച്ച്.

എൻ.എസ്. മാധവൻ അന്ന്‌ ബിരുദവിദ്യാർത്ഥിയായി മഹാരാജാസ് കോളേജിലുണ്ടായിരുന്നു. മാധവനന്ന്‌ സ്റ്റുഡന്റ്‌ ഫെഡറേഷന്റെ അനുഭാവിയായിരുന്നു.

കേരള ഡൈജസ്റ്റിൽ സാർത്രിന്റെ കൃതികളെ ക്കുറിച്ച്‌ ഒൻപതു ലേഖനങ്ങളുള്ള ഒരു പാരമ്പര്യം മറ്റും ഒട്ടേറെ ലേഖനങ്ങളും കവിതകളും.കോളേജ് മാസികയിൽ സാർത്രിനേയും അയൻ ഓൻഡിനേയും കുറിച്ചുള്ള ഇംഗ്ളീഷ് ലേഖനങ്ങൾ .ഒരു കവി ബുദ്ധിജീവിയാകാൻ ഇതൊക്കെ മതിയായിരുന്നു.

മാർക്സിസത്തിന്‌ ആത്മനിഷ്ഠമായ ഒരു മാനം ഇല്ലെന്ന് അഥവാ അതു വികസിച്ചിട്ടില്ലെന്ന് അന്നും ഇന്നും ഭയന്നിരുന്നു. അക്കാലത്തെ പ്രധാന വായനകൾ ,സംഘർഷങ്ങൾ?


സാർത്ര് കൃതികളുടെ പാരായണം  വിശേഷിച്ചും സീയിങ്ങ് ആന്റ് നഥീംഗ്നെസ്,ക്രിട്ടിക് ഓഫ് ഡയലറ്റിക്കൽ റീസൺ (നിലനില്പ്പും ശൂന്യതയും വൈരുദ്ധ്യാത്മക യുക്തി വിമർശനം) സ്വാതന്ത്ര്യം, അസ്തിത്വം സത്ത തെരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്‌ പുതിയ ചോദ്യങ്ങളുന്നയിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. ഒപ്പം തന്നെ എം.എൻ.റോയിയുടെ പ്രധാന കൃതികളായ “ബിയോണ്ട്  കമ്മ്യൂണിസം” റീസൺ എറാമാന്റിസം,റവല്യൂഷൻ ന്യൂ ഹ്യൂമനിസം(കമ്മ്യൂണിസത്തിനപ്പുറം യുക്തി കാല്പ്പനികത വിപ്ളവം പുതിയ ഹ്യൂമനിസം) തുടങ്ങിയവയും വായിച്ചിരുന്നു. മാർക്സിസവുമായി പരിചയപ്പെടുന്ന അതേ കാലത്തു തന്നെ സ്റ്റാലിനിസത്തിന്റെ ഇരുണ്ടതും,സ്വേച്ഛാധിപത്യപരവുമായ വശങ്ങൾ തിരിച്ചറിയാനായത്‌ എന്റെ പിൻകാല ചിന്തയെ സംബന്ധിച്ച്‌ വളരെ പ്രധാനമായിത്തീർന്നു. മാർക്സിസത്തോടു പിന്നീടടുത്തപ്പോൾ പോലും സ്റ്റാലിൻ സ്മരണ ഒരു താക്കീതു പോലെ നിന്നു.

അക്കാലത്തെ പ്രധാന സൌഹൃദങ്ങൾ?

തമിഴിൽ ഒരു പോപ്പുലർ നടനായിത്തീർന്ന പേയാട്‌ വിജയൻ, കാട്ടുകാടം നരായണൻ,സി.പി. ഗംഗാധരൻ,എം.തോമസ്സ് മാത്യു,എം.വി.ദേവൻ,എം.ഗംഗാധരൻ,എല്ലാറ്റിനും ഗുരുവെന്ന പോലെ എം.ഗോവിന്ദൻ, കടമ്മനിട്ട, ആറ്റൂർ രവിവർമ്മ.

മുഖ്യധാരാ മാർക്സിസ്റ്റു ആശയങ്ങളുമായി സാഹിത്യ തലത്തിലും കലഹമുണ്ടായിരുന്നു .അതേക്കുറിച്ച്‌?

അക്കാലത്തെ എന്റെ പ്രിയകവികൾ എലിയറ്റും, ഓഡനും, നോവലിസ്റ്റുകൾ കാഫ്ക്, സാർതൃ,കമ്യു, കസാൻദ്സാക്കീസ്, തുടങ്ങിയവരായിരുന്നു. ഗോർക്കി, സോള, മോപ്പസാങ്ങ്, തുടങ്ങിയവരുടെ കൃതികൾ ഞാൻ വായിക്കാതിരുന്നില്ല. എന്നാൽ എനിക്കു കൂടുതൽ സാത്മ്യം പ്രാപിക്കാനായത്‌ കാഫ്ക്, കമ്യു, സാർത്ര്,  എന്നീ പ്രഭൃതികലുമായിട്ടായിരുന്നു.


കവിതാപ്രധാനമായ രാഷ്ട്രീയം മതമുക്തമായ ആതീയത തുടങ്ങിയ സങ്കല്പ്പങ്ങളും പ്രയോഗങ്ങളും പിന്നീട്‌ വികസിപ്പിക്കുകയുണ്ടായി.അതേക്കുറിച്ച്‌?

എന്റെ മനസ്സ് തികച്ചും വിഭക്തമായിരുന്നു. ഒരു വശത്ത്‌ മാർക്സിസ്റ്റ് സിദ്ധാന്ത പഠനവും, ഫെഡറേഷൻ സൌഹൃദവും ആക്റ്റിവിസ്റ്റാകാനുള്ള ആവേശവും, മറുവശത്ത്‌ കവിസഹജമായ ലജ്ജയും ,അന്തർമുഖത്വവും അസ്തിത്വ വാദപ്രതിപത്തിയും ആധുനികഭാവത്തിന്റെ തന്നെ ഭാഗമായ വിഷാദാത്മകതയും എനിക്കു തോന്നുന്നു. എന്റെ ജീവിതത്തിലുടനീളം ഈ പ്രവണതകൾ ഇടഞ്ഞും പിണഞ്ഞും നിലനിന്നിട്ടുണ്ട്. എന്നിലെ ബഹിർമുഖത്വം എന്നെ സിദ്ധാന്ത പഠനത്തിലും,ലേഖന മെഴുത്തിലും, യാത്രകൾക്കും പല വേദികലിൽ നിന്നുള്ള പൊതു പ്രവർത്തനങ്ങളും പത്രപ്രവർത്തനത്തിനും പ്രസംഗങ്ങൾക്കും പ്രേരിപ്പിച്ചു കൊണ്ടിരിക്കെ തന്നെ എന്നിലെ അന്തർമുഖത്വം ത്വരിപ്പിച്ചുകൊണ്ടിരുന്നു. ഈ ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കാനാകാം രാഷ്ട്രീയപ്രധാനമായ കവിതയിലേക്കും തിരിഞ്ഞത്‌.

ഇക്കാലത്ത്‌ മറ്റു സുഹൃത്തുക്കൾ? ഇന്നറിയപ്പെടുന്നവർ?

തോമസ് ഐസക്, പിന്നെ ഡ്ക്കാൻ ഹെറാൾഡിന്റെ എഡിറ്ററായിരുന്ന എ.വി.ശങ്കരനാരായണൻ നമ്പൂതിരിയും.എന്റെ ജൂനിയറായിരുന്നെങ്കിലും കൂർമ്മ ബുദ്ധികൊണ്ട്‌ മുതിർന്നവരുടെ സൌഹൃദം സമ്പാദിച്ചിരുന്നു നമ്പു എന്നറിയപ്പെട്ടിരുന്ന നമ്പൂതിരി.

താങ്കളുടെ തലമുറയിലെ കവികലിൽ എന്നും ആധുനികരായിരിക്കാൻ ഭാഷയെ നവീകരിച്ചു കൊണ്ടിരിക്കാൻ നിഷ്ക്കർഷ പുലർത്തിയവരിൽ താങ്കലൂടെ പേരിനൊപ്പം ചേർത്തുവെക്കാവുന്ന ഒരാൾ? ഉപാസാനാമൂർത്തി കെ.അയ്യപ്പപ്പണീക്കരെക്കുറിച്ച്‌?

ആധുനികരുടെ ഇരുണ്ട ദേവതയായിരുന്നു എന്റെ ഉപാസനാമൂർത്തി.ഉദ്വിഗ്നവും തിക്തതീക്ഷ്ണവും സംഘർഷനിർഭരവും പ്രകോപനപരവും ചിന്തോദ്ദീപകവുമായ കൃതികളാണെന്നെ പിടിച്ചുലച്ചത്‌. മലയാളത്തിലും ആധുനികതയുടെ ഉദയകാലമായിരുന്നു അത്‌.ഏതാണ്ട്‌ ഗോവിന്ദനെ പരിചയപ്പെട്ട കാലത്തു തന്നെ ഞാൻ അയ്യപ്പപ്പണിക്കരേയും പരിചയപ്പെട്ടിരുന്നു.

ഒരു സഹൃദയ യോഗത്തിൽ പണിക്കർ:മൃത്യുപൂജ “ വായിച്ചു.അപ്പോഴത്‌ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. ഹേ മന്ദഗാമിനി, ഹേമന്തയാമിനി,ഘനശ്യാമരൂപിണി വരൂ നീ,എന്ന ആദ്യവരികളിൽ തന്നെയാണ്‌ അന്ന് കവിത അവസാനിപ്പിച്ചിരുന്നത്‌.ഈ കവിത തികച്ചും പ്രത്യാശാരഹിതമാണല്ലൊ എന്ന് ഞാൻ അഭിപ്രായപ്പെട്ടു.”മാതൃഭൂമി“ വാരികയിൽ പിന്നീട്‌ കവിത പ്രസിദ്ധീകരിച്ചു വന്നപ്പോൾ അന്ത്യം മാറിയിരുന്നു. ഭൂമിയുടെ ഉദരവീര്യം പകർന്ന് വൈദേഹിയെ തിരിച്ചു തരാൻ ധാത്രിയോടാവശ്യപ്പെടുന്നു,നക്തഞ്ചരേന്ദ്രനൊരു ദുർഭൂതമായ് മരണനൃത്തം ചവിട്ടി മമ ഹൃത്തിൽ എന്നു സമ്മതിക്കുന്ന വരികളിലാണ്‌ ഇപ്പോൾ കവിത അവസാനിച്ചത്‌. എന്റെ വിമർശനമായിരുന്നോ ഈ തിരുത്തിനു ഹേതു എന്ന്‌ എനിക്കു തീർത്തു പറയാനാകില്ല. പിന്നീട്‌ അയ്യപ്പപ്പണിക്കരുമായി നിരന്തരം കത്തിടപാടുകളുണ്ടായി. പണിക്കരുടെ പല കവിതകൾക്കും ഞാൻ പഠനങ്ങളെഴുതി. ഏറെ വാൽസല്യം എനിക്കദ്ദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്‌. ഞാൻ പണിക്കറീതിയുടെ വിമർശകനായി മാറി. മറ്റു വഴികൾ റ്റ്ഃഏടിയ പിൽക്കാലങ്ങളിലും അദ്ദേഹം എന്നെ മനസ്സിലാക്കി കഠിനവ്യഥയിൽ നിന്ന്‌ നർമ്മം ഊറ്റിയെടുക്കാൻ എന്നെ പഠിപ്പിച്ചത്‌ അയ്യപ്പപ്പണിക്കരാണെന്നു തോന്നുന്നു. സാങ്കേതികമായി മലയാളകവിതയെ ഇത്രയും നവീകരിച്ച മറ്റൊരു സമകാലിക കവിയില്ല തന്നെ.

വിദ്യാർത്ഥിയായിരിക്കെ തന്നെ നവ ഹൈന്ദവ് വാദത്തിന്റെ വിപത്ത്‌ താങ്കൾ തിരിച്ചറിഞ്ഞിരുന്നു. നവ ഹൈന്ദവവാദത്തെ എതിർത്തു പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്‌.എന്നാലും സച്ചിദാനന്ദൻ ഒരു ഹിന്ദുത്വവാദിയായി ചിത്രീകരിക്കപ്പെടുന്നു?

അടിയന്തരാവസ്ഥ കാലത്താകട്ടെ ഹിന്ദുത്വ വാദികളുടെ ഭരണകാലത്താകട്ടെ ഇടതുപക്ഷ ഭരണകാലത്താകട്ടെ ഏതു വേദിയിലും എനിക്കു പറയാനുള്ളത്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌. ഗുജറാത്ത്‌ വംശഹത്യക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട്‌. (ആദിവാസികൾ കൊല്ലപ്പെട്ട ബീജാപ്പൂരിലെ ബാസഗുഡയിൽ നിന്ന്‌ വന്നതേയുള്ളു.ആദിവാസികളെ കൊല്ലുന്നു.സൈന്യത്തെ വിളിക്കുന്നു. ആളുകളെ കൊല്ലുകയും തടവിലിടുകയും ചെയ്യുന്നു. ഹൈദരാബാദിൽ നിന്ന്‌ വന്നതേയുള്ളു. ) രഹസ്യമായല്ല അസംഖ്യം കവിതകളിലൂടേയും ലേഖനങ്ങളിലൂടേയും തന്നെ.എന്നിട്ടും ജീവിതത്തിൽ ഫാസിസത്തിന്നെതിരെ ചെറുവിരലനക്കാത്തവർ മാറി മാറി വരുന്ന മുതലാളിമാരേയും സർക്കാരുകളേയും സേവിച്ചവർ സഹൃദയത്വമോ, സംസ്ക്കാരമോ ഒരു കനികയും നേടിയിട്ടില്ലാത്തവർ എന്നെ ഹിന്ദുത്വവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്‌ കാണുമ്പോൽ എനിക്കു തോന്നുന്നതു നരകം(എന്നൊന്നുണ്ടെങ്കിൽ) അവരെ സ്വീകരിക്കാൻ അറയ്ക്കും എന്നു തന്നെ.

ഓംചേരി നാരായണപ്പിള്ളയുടെ “ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു”.താങ്കൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നാടകമാണ്‌.അതേകുറിച്ച്‌?

വേദപുസ്തകത്തെ ഔചിത്യത്തോടും നാടകീയതയോടും കൂടി ഉപയോഗിക്കുന്ന നാടകം. വേദപുസ്തകത്തിന്റെ മുഴക്കമുള്ള ഭാഷയിൽ കൃസ്തുവിന്റെ കലാപത്തിന്റെ കാതൽ തേടുന്ന നാടകം ഇന്നു നാം വായിക്കുക, വിമോചന ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിലായിരിക്കുമെന്ന്‌ തോന്നുന്നു. ഈ ഭൂമിയിൽ തന്നെയാണ്‌ സ്വർഗ്ഗനരകങ്ങളെന്നും അവ നിർമ്മിക്കുന്നത്‌ നാം തന്നെയാണെന്നുമുള്ള സന്ദേശം വഹിക്കുന്നു. ദൈവരാജ്യം ഇവിടെത്തന്നെ എന്ന രീതിയിലൂടെ സാക്ഷാത്കരിക്കേണ്ടതുണ്ടെന്ന്‌ വിമോചന ദൈവശാസ്ത്രം വിശ്വസിക്കുന്നു. “ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു” എന്ന നാടകം ക്രിസ്തുവിനെ മർദ്ദിതർക്കായി വീണ്ടെടുക്കുകയും ഒപ്പം ചൂഷണത്തിന്റെ സാമൂഹ്യഘടന അനാവരണം ചെയ്യുകയും ചെയ്യുന്നു.

ഛന്ദസ്സാണ്‌ നമ്മുടെ പാരമ്പര്യം. ഛന്ദോമുക്ത കവിത പാശ്ച്ചാത്യമാണ്‌ . അതെക്കുറിച്ച്‌?

ചമ്പൂഗദ്യത്തെ നാമെവിടെ വെക്കും? നാടോടിപ്പാട്ടിന്റെ സ്വതന്ത്രരൂപങ്ങളേയോ? ആചാരങ്ങളുമായി ബന്ധപ്പെട്ട മറ്റു രൂപങ്ങളേയോ? സംസ്കൃതത്തിലെ ഗദ്യഛന്ദസ്സുകളെ എന്തു ചെയ്യാം?ഛന്ദസ്സുകൾ നിർവ്വചിക്കപ്പെടും മുമ്പുള്ള കവിതയുടെ ഉദ്ഭവാവസ്ഥയിലേക്കാണ്‌ ഓരോ കവിയും തിരിച്ചു പോകുന്നത്‌.

സച്ചിദാനന്ദൻ മറ്റു കവികളുടെ തുടർച്ചയാവുന്നത്‌ എങ്ങനെ കാണുന്നു?

ഞാൻ എനിക്കാദരവുള്ള പൂർവകവികളെ രൂപതലത്തിൽ അനുകരിക്കുന്നില്ല. അവരുടെ ചില ഭാവന രീതികൾ,ശില്പ്പബിംബ സവിശേഷതകൾ,സമൂഹവുമായി അവർ ബന്ധപ്പെടുന്ന ചില സൂക്ഷ്മരീതികൾ,കവിതയേയും ലോകത്തേയും സംബന്ധിച്ച ചില ഉൽകണ്ഠകൾ,മൂല്യതലത്തിലുള്ള ധർമ്മ സങ്കടങ്ങൾ,പ്രകൃതിയും മനുഷ്യനും ദൈവവുമായുള്ള അവരുടെ ഇടപാടുകൾ ഈ അംശങ്ങളിലൊക്കെയാണ്‌ ഞാൻ എന്റെ കവികളുടെ തുടർച്ചയാവുന്നത്‌.


(തുടരും............................)