ഗൊര്‍ണിക്കയുടെ നാട്ടില്‍ - ഭാഗം 2







ആര്‍.വി.ആചാരി 
                         
                      
ഗൊര്‍ണിക്ക പട്ടണത്തിലേക്കു പോകുന്നതിനു മുന്‍പ് രണ്ടുനാള്‍കൂടി മാഡ്രിഡില്‍ തങ്ങേണ്ടതുണ്ട് - വളരെ പ്രസിദ്ധമായ പ്രാഡൊ മ്യൂസിയവും മറ്റും സന്ദര്‍ശിക്കാനുണ്ട്. മുന്‍ കൂട്ടി തീരുമാനിച്ച ബെല്‍ബാവൊയിലെ ഗെഗെന്‍ഹാം മ്യൂസിയം സന്ദര്‍ശിക്കാനുണ്ട്. ആ നഗരം കേന്ദ്രമാക്കി ഗെര്‍ണിക്ക സന്ദര്‍ശിക്കാനുമാകും. അതിനിടയില്‍ ഗൊര്‍ണിക്ക ചിത്രം സോഫിയ മ്യൂ സിയത്തില്‍ എത്തപ്പെട്ടതിന്റെ കൌതുകകരവും സംഭവബഹുലവുമായ ചില വസ്തുതകളിലേക്ക് ഒരെത്തിനോട്ടം നടത്താം.

ലോകത്ത് പലയിടങ്ങളിലും യാത്ര ചെയ്ത ഒരു പെയിന്റിംഗ് ആണ് ഗൊര്‍ണിക്ക. സ്പെയിന്‍ ഒരു സ്വേച്ചാധിപതിയുടെ ഭരണത്തിലിരിക്കുന്നിടത്തോളം ഈ പെയിന്റിംഗ് സ്പെയിനില്‍ കടക്കരുതെന്നു ഓസിയത്ത് എഴുതിവച്ചിരുന്നു ഫാസിസത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന പിക്കാസൊ. ചില പ്രദര്‍ശനങ്ങള്‍ക്കുശേഷം ന്യൂ യോര്‍ക്കിലെ മോഡേണ്‍ ആര്‍ട്  മ്യൂ സിയത്തില്‍ ഈ ചിത്രം ഒതുങ്ങിക്കൂടി. അമേരിക്ക വിയറ്റ്നാം പ്രദേശങ്ങള്‍ നശിപ്പിച്ചപ്പോള്‍ 1968 - ല്‍ പല പ്രമുഖരും അമേരിക്കയില്‍ നിന്ന് ഈ ചിത്രം പിന്‍  വലിക്കാന്‍ പിക്കാസോയോട് അഭ്യര്‍ത്ഥിച്ചു, വിശദമായി എഴുതി. പിക്കാസൊ അനങ്ങിയില്ല. മേയര്‍ ഷപ്പിറൊ എന്ന കലയുടെ ചരിത്രകാരന്‍ പിക്കാസോയെ ന്യായീകരിച്ചു: ഏതു ജനാധിപത്യ രാഷ്ട്രത്തിനും സ്വേച്ചാധിപത്യ രാഷ്ട്രത്തിലേതുപോലെ ദുഷ്ടത പ്രവര്‍ത്തിക്കാനാകും. എന്നാലും അവിടെങ്ങളില്‍ സ്വതന്ത്രമായ പ്രസ്സും, സ്വതന്ത്രമായ തെരഞ്ഞെടുപ്പും ഉണ്ട്. അതിലൂടെ വ്യക്തികള്‍ക്കും സംഘടിത കൂട്ടായ്മയ്ക്കും ഇത്തരം പ്രവൃത്തികളെ വിമര്‍ശിക്കാനും പ്രതിരോധിക്കാനും തിരുത്താനും സാധിക്കും.


1973 ല്‍ പിക്കാസൊ മരിക്കുമ്പോള്‍ സ്പെയിന്‍ ആഭ്യന്തര അസ്വസ്ഥതയുടെ നടുവിലായിരുന്നു. കലാപം പൊട്ടിപ്പടരുന്നതിനുമുന്‍പ് 1975 ല്‍ ഫ്രാങ്കൊ മരിക്കുകയും ഫ്രാങ്കൊയുടെ ഇംഗിതം അനുസരിച്ച് രാജവംശത്തിലെ ജോണ്‍ കാര്‍ലോസ് രാജഭരണം ഏല്‍ക്കുകയും ചെയ്തു. സ്പെയിനിനെ സ്നേഹിക്കുന്ന, സ്പാനിഷ് ജനതയെ സ്നേഹിക്കുന്ന ഒരു രാജാവായിരുന്നു കാര്‍ലോസ്. രാജവാഴ്ച്ച മതിയോ അതോ ജനാധിപത്യം വേണമോ എന്ന് ജനത്തോടു ചോദിച്ച രാജാവ്; രാജവാഴ്ച്ചയാണ് വേണ്ടെന്നത് എന്ന ജനതീരുമാനത്തില്‍ കൂടുതല്‍ തൃ പ്ത നായ രാജാവ്. കമ്മ്യൂ ണിസ്റ് കാരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന ഹെന്റി കീസിംഗറുടെ ഉപദേശത്തിനു വഴങ്ങാത്ത ഒരു ഭരണസാരഥി കൂടി ആയിരുന്നു കാര്‍ലോസ്.


അധികാരം ഏറ്റ് നാലുനാള്‍ കഴിഞ്ഞില്ല, കാലിഫോര്‍ണിയ സര്‍വകലാശലയിലെ പിക്കാസ്സോ വിദഗ്ദ്ധനായ പ്രഫസര്‍ എഴുതി: സ്പെയിനില്‍ നിന്നു നിഷ്കാസി തനായ ഏറ്റവും പ്രസിദ്ധന്‍ തിരിച്ചുപോകാന്‍ സമയമായിരിക്കുന്നു. അത് ഗൊര്‍ണിക്കയല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഈ പ്രൊഫസര്‍ പറയുന്നത് എന്തെന്നറിയില്ല എന്ന പ്രതികരണമാണ് ഗൊര്‍ണിക്ക ചിത്രം കുടികൊള്ളുന്ന ന്യൂ യോര്‍ക്കിലെ മ്യൂ സിയം ഡയറക്റ്ററില്‍ നിന്നുണ്ടായത്. ഈ ഡയറക്റ്ററുടെ ഇത്തരം നിലപാട് പിക്കാസോയുടെ രേഖാമൂലമുള്ള വ്യവസ്ഥക്കു ഘടക വിരുദ്ധവുമായിരുന്നു. ലോകമെമ്പാടുമുള്ള ജനത്തെ ആകര്‍ഷിക്കുന്ന ചിത്രം തന്റെ മ്യൂ സിയത്തില്‍ നില നിര്‍ത്താന്‍ ആരാണ് തന്ത്രങ്ങള്‍ ഒരുക്കാത്തത്? പിന്നങ്ങോട്ട് തലനാരു  വലിച്ചു കീറിയുള്ള നിയമപ്പോരുകള്‍. സെനറ്റര്‍മാരുടെ സംവാദങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടല്‍, ഒന്നിലധികം പിക്കാസോയുടെ ഭാര്യാസ്ഥാനീയരുടെ അവകാശ വാദങ്ങള്‍. 1937 ല്‍ ഈ ചിത്രത്തെ സ്പാനിഷ് ജനത വിലക്കു വാങ്ങിയെന്ന വസ്തുത അവകാശികളെക്കൊണ്ട് അംഗീകരിപ്പിക്കല്‍. ഇതിനെല്ലാമപ്പുറം മറ്റൊരു പ്രധാന പ്രശ്നം: സ്പെയിനില്‍ എവിടെയായിരിക്കണം ഈ ചിത്രം എത്തേണ്ടത്?


തലസ്ഥാനമായ മാഡ്രിഡിലെ പ്രാഡൊ
മ്യൂസിയമാണ് മുന്‍പന്തിയില്‍. അതിന്റെ ഓണററി ഡയറക്റ്റര്‍ കൂടിയായിരുന്നു പിക്കാസ്സൊ. അവിടെ എത്തുമെന്ന് പിക്കാസൊ മാത്രമല്ല മികച്ച ചിത്രസ്നേഹികളും ആശിച്ചു. പിക്കാസൊയുടെ ജന്മ സ്ഥലമായ മാലഗയിലാകട്ടെ എന്ന് അവിടുത്തുകാര്‍. ഈ ചിത്രം ഗെര്‍ണിക്കയിലല്ലാതെ മറ്റെവിടെ വയ്ക്കാന്‍? 'ഗെര്‍ണിക്ക ഗെര്‍ണിക്ക' മുറവിളി ഉയര്‍ന്നു. പിക്കാസൊ പെയിന്റിംഗിനു മാത്രമായ ബാഴ്സിലോണ മ്യൂ സിയം ഗൊര്‍ണിക്കയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇങ്ങനെ പ്രധാനമായി നാലു പട്ടണങ്ങളായിരുന്നു അവകാശവുമായി മുന്നില്‍ ഉണ്ടായിരുന്നത്. ഇവിടങ്ങളിലെ മേയറുമാരുമായി സ്പാനിഷ് ദൂരദര്‍ശന്‍ സംവാദങ്ങള്‍ സംഘടിപ്പിച്ചു; വോട്ടെടുപ്പും നടത്തി. 40 ശതമാനം മാഡ്രിഡിനെയും 20 ശതമാനം ബാഴ്സിലോണയെയും 10 ശതമാനം ഗെര്‍ണിക്കയെയും 7 ശതമാനം മാലഗയെയും പിന്തുണച്ചു. ഇതൊന്നുമറിയാതെ ഗൊര്‍ണിക്ക ന}യോര്‍ക്കിലെ മ}സിയത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. 1981 ജൂണില്‍ പാരിസില്‍ വച്ച് സ്പെയിനും അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന ഒരു നീണ്ട ത്രികോണ സമ്മേളത്തിനൊടുവില്‍ മാഡ്രിഡിലെ പ്രാഡൊ മ}സിയത്തിലേക്ക് ഗൊര്‍ണിക്കയെ മാറ്റാന്‍ തീരുമാനിച്ചു. സെപ്റ്റംബറോടുകൂടി ന്യൂ യോര്‍ക്കിലെ നാല്പതോളം വര്‍ഷത്തെ ഇടത്താവളത്തിനിടയില്‍ രണ്ടര കോടി പ്രേക്ഷകര്‍ക്കു മുന്‍പില്‍ തന്റെ സ്വത്വം വെളിപ്പെടുത്തിയതിനു ശേഷം ഗൊര്‍ണിക്ക വിമാനമാര്‍ഗം മാഡ്രിഡിലെ ബരജാസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ അതീവ രഹസ്യമായി എത്തിച്ചേര്‍ന്നു. അവിടെനിന്ന് ട്രക് വഴി പ്രാഡൊ മ്യൂ സിയത്തില്‍. ചക്രവര്‍ത്തിമാരുടെ ശവമഞ്ചം ഏറ്റുവാങ്ങുന്നതരത്തിലുള്ള വരവേല്‍പ്പ്  , പ്രാഡോ മ്യൂസിയത്തിന്റെ സുരക്ഷിതക്കുള്ളില്‍ അപ്രത്യക്ഷമായപ്പോളുയര്‍ന്ന കരഘോഷം! പിറ്റേന്നത്തെ പ്രഭാത പത്രവാര്‍ത്ത 'യുദ്ധം തീര്‍ന്നു' എന്നായിരുന്നു. ആഭ്യന്തര കലാപത്തിന്റെ സന്തോഷകരമായ പരിസമാപ്തിയായാണ് സ്പാനിഷ് ജനത ഗൊര്‍ണിക്കയുടെ വരവിനെ ഉള്‍ക്കൊണ്ടത്. ബാസ്ക് പ്രദേശത്ത് ഈ ചിത്രമെത്താത്തതില്‍ പ്രധിഷേധം അലതല്ലി. ഞങ്ങള്‍ ഏറ്റുവാങ്ങിയത് രക്തസാക്ഷികളുടെ ശവങ്ങള്‍, അവര്‍ക്കു കിട്ടിയതോ ഗൊര്‍ണിക്ക ചിത്രം! മാഡ്രിഡിലെ സര്‍ക്കാര്‍ ചെയ്തത് ഗെര്‍ണിക്കയില്‍ ഗൊര്‍ണിക്കയെ കാണനുള്ള അവസരത്തെ നിരാകരിക്കുന്ന നഗ്നമായ സാംസ്കാരിക അപഹരണമാണ്. (മണ്ണടിക്കാര്‍ക്ക്  കിട്ടിയത് വേലുത്തമ്പിയുടെ ജഡം , തമ്പിയുടെ വാള്‍ തിരുവനന്തപുരത്തുകാര്‍ക്കും  എന്നത് ഓര്‍ത്തുപോകുന്നു.) എന്നിരുന്നാലും ഒക്റ്റോബര്‍ 24 ന് ഈ ചിത്രത്തിന്റെ മാഡ്രിഡിലെ പ്രാഡോ അനക്സില്‍ അനാഛ്ചാദനത്തില്‍ അവരും പങ്കുകൊണ്ടു. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുത്തവരില്‍ സ്പെയിനിനു കൈമാറുന്നതില്‍ നഖശിഖാന്തം എതിര്‍ത്ത പിക്കാസൊയുടെ മകള്‍ പലോമയും പിക്കാസൊ തന്നെ ഈ ചിത്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഓസിയത്ത് ഏല്പ്പിച്ച പാരീസിലെ വക്കീല്‍ റൊനാള്‍ഡ് ഡുമാസും പങ്കെടുത്തിരുന്നു. ഈ അനാച്ഛാദനത്തില്‍ പങ്കെടുത്ത സ്പെയിനിലെ സാംസാരിക മന്ത്രി പറഞ്ഞ വാക്കുകള്‍ ഇതാ:

ഗൊര്‍ണിക ആക്രമണത്തിനെതിരെയും യുദ്ധക്കെടുതികള്‍ക്കെതിരെയും കാടത്തത്തിനെതിരെയുമുള്ള രോദനമാണ്. ഏതെങ്കിലും വിഭാഗത്തിന്റെ കൊടിയായി ഈ കലാസൃഷ്ടിയെ വിവക്ഷിക്കാതിരിക്കൂ; കിരാത വാഴ്ച്ചയെ നിരാകരിക്കുന്ന ഉദാത്തവും പരിശുദ്ധവുമായ പരിപ്രേക്ഷ്യമായി കാണുക.


ലോകം ചുറ്റി ആദ്യമായി നാട്ടിലെത്തിയ              ഗൊര്‍ണിക്ക യെ ഏറ്റുവാങ്ങിയ മാഡ്രിഡിലെ
പ്രാഡോ മ്യൂ സിയം അനക്സ് കാസണ്‍ ബ്യ ന്‍ റെറ്റിനൊഗൊര്‍ണിക്ക ഗെര്‍ണിക്കയില്‍ എത്താത്തതില്‍ ദുഖിതരായവര്‍ പ്രതിജ്ഞ പോലെ നിമന്ത്രിച്ചു: ഒരിക്കല്‍ കൂടി ഗൊര്‍ണിക്കയ്ക്ക് യാത്ര ചെയ്യേണ്ടി വരും. അതെ ഗൊര്‍ണിക്ക വീണ്ടും യാത്ര ചെയ്തു; ഗെര്‍ണിക്കയിലേക്കല്ല മറിച്ച് മാഡ്രിഡില്‍ തന്നെ റെയിനാ സോഫിയ മ്യൂ സിയത്തിലേക്ക്.

എത്രതന്നെ വില മതിക്കാനാവാത്തതാണ് ഗൊര്‍ണിക്ക എന്നിരുന്നാലും അത് കഴിഞ്ഞ പത്തുവര്‍ഷമായി സൂക്ഷിക്കാന്‍ തങ്ങള്‍ക്കഭിമാനമേ ഉണ്ടായിരുന്നൊള്ളു എങ്കിലും ഗൊര്‍ണിക്ക പ്രാഡൊയിലെ ചരിത്ര ശേഖരത്തോടൊപ്പം ചേര്‍ന്നുപോയിരുന്നില്ല എന്നായിരുന്നു പ്രാഡോ ഡയറക്റ്റര്‍ ഈ അവസരത്തില്‍ പ്രസ്താവിച്ചത്. ഈ ചിത്രത്തെ സ്പെയിനിലെത്തിക്കാനുള്ള ഒരു ഉപായമായിട്ടാണ് പ്രാഡോയുടെ അനക്സില്‍ സ്ഥാപിച്ചതുതന്നെ.  

പാരീസിലെ സ്പാനിഷ് പവിലിയന്‍, ഡെന്മാ ര്‍ക്ക്, ലെണ്ടന്‍, ന്യൂ യോര്‍ക്കിലെ വാലന്റീന്‍ ഗ്യാലറി, ഇറ്റലിയിലെ മിലാന്‍, വീണ്ടും (അന്‍പതുകളില്‍) പാരീസ്, ഒരിക്കല്‍കൂടി ന്യൂ യോര്‍ക്ക്, പ്രാഡോ അനക്സ് എന്നിവിടങ്ങളില്‍ കുടികൊണ്ടശേഷം റെയിന സോഫിയയിലെ രണ്ടാമത്തെ നിലയിലെ 206-ാമത്തെ വിശാലമായ ഹാളില്‍ 1992 സെപ്റ്റംബര്‍ പത്തിന് ഗൊര്‍ണിക്ക അനാച്ഛാദനം ചെയ്യപ്പെട്ടു. ഗൊര്‍ണിക്കയുടെ ലോകം ചുറ്റലിന്റെ കഥ ഇപ്പോള്‍ ഇവിടെവരെ.


(തുടരും.)