എഴുത്തും വരയും



കെ. ആര്‍. കിഷോര്‍
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ താളുകളില്‍ പ്രകടഭാവങ്ങളുടെ ചിത്രങ്ങള്‍ ആകര്‍ഷക മാകുന്നുണ്ട്, വായനയ്ക്ക്‌ പ്രേരണയും ചിലപ്പോള്‍ വഴികാട്ടിയും ആകുന്നുണ്ട്. എം. ടി. രണ്ടാമൂഴം പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നപ്പോള്‍ ഓരോ ആദ്ധ്യായവും ആര്‍ത്തിയോടെ വായിക്കാന്‍ കാത്തിരുന്ന വായനക്കാരന്‍, നമ്പൂതിരിയുടെ ചിത്രങ്ങള്‍ ആസ്വദിക്കാനും വെമ്പല്‍ കൊണ്ടിരുന്നു. ഇതിഹാസ കാലങ്ങളിലെ മനുഷ്യ രൂപങ്ങള്‍, വസ്ത്ര - ആഭരണ രീതികള്‍, അവരുടെ ചേഷ്ട കള്‍, സൌന്ദര്യം, ഇവ പലതും പുതുകാലത്തെ മനുഷ്യന് കൌതുകമാണ്. പ്രതിഭാ സമ്പന്നനായ നമ്പൂതിരിയുടെ കുറഞ്ഞ വരകള്‍ കൊണ്ടുള്ള വിസ്മയങ്ങള്‍...! ഇത്തരം വരകള്‍ പലപ്പോഴും കൃതിയുടെ ആസ്വാദനത്തെ ക്രിയാത്മകമായി സഹായിക്കാനും ആസ്വാദകനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ , സാഹിത്യത്തിനു വരയുടെ സഹായമില്ലാതെ തന്നെ നില നില്ക്കാന്‍ കഴിയും. ചായയില്‍ ചായപ്പൊടി അനിവാര്യമെന്ന പോലെ സാഹിത്യാസ്വാദനത്തിനു  വര        ( Illustration  ) ഒരു അവശ്യ ഘടകമേ ആകുന്നില്ല.
ആര്‍ടിസ്റ്റ് നമ്പൂതിരി 

സാഹിത്യ രചനകള്‍ ചിത്രീകരണ ങ്ങളോടെ അവതരിപ്പിക്കുന്ന ഈ രീതി വേണ്ടെന്ന് വെച്ചാല്‍ വായനക്കാരന്‍ സഹിച്ചെന്ന് വരില്ല. സാമ്പ്രദായിക  രീതിയോട് പൊരുത്തപ്പെട്ടവര്‍ക്ക് നിരാശതയാകും. പ്രസിദ്ധീകരണത്തിന്റെ ജനകീയതയെ പ്രതികൂലമായി ബാധിച്ചെന്ന്‌ വരാം. മദ്യത്തോടൊപ്പം അച്ചാര്‍  കൊടുക്കാത്ത ബാര്‍ ബഹിഷ്ക്കരിക്കുന പോലെ കച്ചവടത്തില്‍ പരാജയപ്പെട്ടെന്നും വരാം.അത്  വേറെ കാര്യം. സാഹിത്യാസ്വാദനത്തെ ഒരു തരത്തിലും അത് ബാധിക്കില്ല. സാഹിത്യത്തിന്റെ ഉയിര്‍പ്പും  തെളിമയും അക്ഷരങ്ങളിലാണ്. അതിനു മറ്റൊരു കലയുടെയും ഊന്നു വടി വേണ്ട.
എം.ടി 
ഒരു ചിത്രത്തിന് ആയിരം വാക്കുകളേക്കാള്‍ വിനിമയ ശേഷിയുണ്ട്. അക്ഷരങ്ങള്‍ക്ക് അസ്ഥികളെ പിളര്‍ക്കാനും  ശേഷിയുണ്ട്. രണ്ടും,  രണ്ടു സ്വതന്ത്ര വിനിമയോപാധികളാണ്. ചിത്രങ്ങള്‍ക്ക് പേരിടുന്നത് വ്യക്തികള്‍ക്ക് പേരിടുന്നത് പോലെയാണ് പ്രസക്തി. ഉള്ളടക്ക വിശദീകരണം ഒരു ലക്ഷ്യമേ ആകുന്നില്ല. രണ്ടു വാക്കുകള്‍ ചേര്‍ന്നാല്‍ ഒരു നക്ഷത്രമാകുന്നത് പോലെ, വരയും വാക്കും ചേര്‍ത്ത് ഉത്തമ കാര്‍ട്ടൂണുകള്‍ രചിക്കുന്നു. വാക്കില്ലതെയും കാര്‍ട്ടൂണുകള്‍ ഉണ്ടാകുന്നുണ്ട്. കാരിക്കേച്ചറുകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും അക്ഷരസഹായം വേണമെന്നില്ല.
എം. വി ദേവന്‍ 

ദൃശ്യങ്ങള്‍ - കാഴ്ചകള്‍ ഏറെ വിശ്വസനീയം എന്നതും സര്‍ഗാത്മക രംഗത്ത് പ്രസക്തിയില്ല. ഒരു നേതാവ് ഇങ്ങനെ പ്രസംഗിച്ചു എന്ന പത്ര വാര്‍ത്തയെക്കാള്‍  വിശ്വസനീയം ആ സംഭവത്തിന്റെ  ടെലിവിഷന്‍ ദൃശ്യമായിരിക്കാം. സര്‍ഗ്ഗാത്മകാവിഷ്കാര ആസ്വാദര്‍ക്ക് വിശ്വാസ്യതയെക്കാള്‍ ഹൃദയാനുഭവത്തിനാണ് പ്രാധാന്യം. ഒരു സംഭവം/ ജീവ ചരിത്രം സാഹിത്യത്തിലൂടെയോ സെല്ലുലോയിടിലൂടെയോ അവതരിപ്പിക്കുന്നത്‌, അതാതു മാധ്യമങ്ങളുടെ കയ്യടക്ക വൈദഗ്ദ്ധ്യം അനുസരിച്ച് ആസ്വാദകനില്‍ പ്രസരിക്കുന്നു, വിജയമോ പരാജയമോ ആകുന്നു. കാഴ്ചയിലും ( ചിത്രം ) കേള്‍വിയിലും ( സംഗീതം) വായനയിലും ( സാഹിത്യം ) വ്യക്തി നിഷ്ഠമായി സഹൃദയ നിലവാരാനുസൃതമായി ഏറ്റക്കുറച്ചിലുകളുണ്ട് .

പുസ്തകം അച്ചടിക്കുമ്പോള്‍ ഒപ്പം ചിത്രീകരണങ്ങളും ചേര്‍ക്കുന്ന പതിവില്ല. ( അപവാദങ്ങള്‍ ഒഴിവാക്കുന്നു) പ്രസിദ്ധീകരങ്ങളില്‍ കഥ, കവിത, നോവല്‍ എന്നിവയ്ക്കൊപ്പം വരയും ചേര്‍ക്കുന്നത് ചോറിനോടൊപ്പം പായസവും ആയിക്കോട്ടെ എന്ന പത്രാധിപരുടെ ആര്‍ഭാടമാണ്‌, ശീലമായിപ്പോയി. ചോറ് ഉണ്ണാന്‍ പായസം അനിവാര്യമല്ല. പായസം പ്രമേഹത്തിന് ദോഷമാകുന്ന പോലെ വരകള്‍ ചിലപ്പോള്‍ വായനക്ക് ദോഷമായെന്നും വരാം. ആസ്വാദനത്തെ വഴി തെറ്റിച്ചെന്നും  വരാം.
ബാലചന്ദ്രന്‍ ചുള്ളിക്കാട് 

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത വായനക്കാരന്റെ മനസ്സിലാണ് ചിറകു വിടര്‍ത്തി പറക്കുന്നത്. നമ്പൂതിരിയോ,  ഏ, എസ്സോ,  മദനനോ  ആരായാലും , അവര്‍ എത്ര തന്നെ ഉന്നതരായ സഹൃദയരായാലും, അവരെക്കാള്‍ ആഴത്തിലും വ്യത്യസ്ത തലത്തിലും മറ്റൊരു ആസ്വാദകനില്‍ വിനിമയം ചെയ്യപ്പെട്ടു എന്ന് വരാം. പ്രസ്തുത കവിതയ്ക്ക്‌ ഈ ചിത്രകാരന്മാര്‍ കൊടുക്കുന്ന വ്യാഖാനം ചിലപ്പോള്‍ അപര്യാപ്തമോ അസംഗതമോ ആയെന്നും വരാം. കവി/ ചിത്രകാരന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ ആസ്വാദകന്‍ ഉയര്‍ന്നു പോയെന്നും വരാം. രചനയുടെ സൌന്ദര്യം ആപേക്ഷികമാണ്. അപ്പോള്‍ ചിത്രകാരന്‍ കൊടുക്കുന്ന വ്യാഖ്യാനം വായനക്കാരനെ ഒരു മുന്‍ ധാരണയിലേക്കെത്തിക്കുന്നു. ഈ മുന്‍ ധാരണ ആസ്വാദകനെ വഴി തെറ്റിക്കാം.അഥവാ ആസ്വാദകനെ സ്വയം ആസ്വാദന വഴിയിലേക്ക് നയിക്കാന്‍ തടസ്സം ആയേക്കാം.

ഉള്ളടക്കത്തിന്റെ ആഴങ്ങളിലേക്ക് നയിക്കാന്‍ സഹായിക്കുന്ന പടവുകളായി പരിഗണിക്കുന്ന ചിത്രീകരണങ്ങള്‍ ആസ്വാദകനെ പടു കുഴിയിലേക്ക് തള്ളി ഇടുവാന്‍ ഉതകുന്ന അവസ്ഥയും സംജാതമാകുന്നു. ചിത്രകാരന്റെ ആസ്വാദന ശേഷിയെക്കാള്‍ കുറഞ്ഞ ആസ്വാദന ശേഷിയെ വായനക്കരനുള്ളൂ എന്ന ധാരണ/ അര്‍ഥം അന്ഗീകരിക്കനാവില്ലല്ലോ.ഇനി അത് അങ്ങനെ ആണെങ്കില്‍ കൂടി, എന്നും ചിത്രകാരന്റെ കയ്യും പിടിച്ചേ വായനക്കാരന്‍ ആസ്വാദന ബോധം വളര്‍ത്താന്‍ പാടൂ  എന്നും ആരും  നിശ്ചയിചിട്ടില്ലല്ലോ..


വാക്കും വരയും തമിള്‍ ഒരു യുദ്ധം നടന്നാല്‍..? 
ഷീല സുന്ദരി എന്നതില്‍ തര്‍ക്കമില്ല, 
അതൊരു വിഷയമേ അല്ല.
 തകഴി അക്ഷരങ്ങളിലൂടെ വരച്ച കറുത്തമ്മ,  
ഷീല - കറുത്തമ്മ 
രൂപത്തെക്കള്‍  ഉപരി ആന്തരീക  ഭാവങ്ങള്‍ 
കൊണ്ട് ചിട്ടപ്പെടുത്തിയ സുന്ദര ശില്‍പ്പം 
വായനക്കാരുടെ മനസ്സില്‍ വിരിഞ്ഞു വരുന്നുണ്ട്
അത് ഷീലയെന്ന  മൂര്‍ത്ത രൂപത്തേക്കാള്‍   
സുന്ദരമാണ്. 
ഷീല യുടെ രൂപ ഭാവങ്ങള്‍,
 ഷീലയില്‍  ആരംഭിച്ച്, 
ഷീലയില്‍ വളര്‍ന്നു ഷീലയില്‍ അവസാ നിക്കുന്നു. 
ചെമ്മീന്‍ സിമിനയിലെ കറുത്തമ്മ, 
രാമു കാര്യാടിന്റെ കറുത്തമ്മയാണ്, 
തകഴിയുടെ കറുത്തമ്മയോട് അടുത്ത് നില്‍ക്കുന്നുണ്ടെങ്കിലും, പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ടെങ്കിലും, പൂര്‍ണ്ണ മായും തകഴിയുടെ കറുത്തമ്മയല്ല. 
അത് ചലച്ചിത്രം, ചലിക്കുന്ന ചിത്രം, അതിന്റെ ഭാഷ അക്ഷര ങ്ങളില്‍  നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. 
രാമു കാര്യാട്ട് 

അക്ഷരങ്ങളുടെ വാങ്ങ്മയങ്ങള്‍ക്ക്  ദൃശ്യ- ചിത്രങ്ങളെക്കാള്‍ ഭാവനാ ശേഷി ഉണ്ട്, ദൃശ്യം പുഷ്പം ആണെങ്കില്‍  വാക്കുകള്‍ പൂക്കളുടെ ആരാമമാണ്. ചിത്രം വിരാമം ആണെങ്കില്‍ വാക്കുകള്‍ അവിരാമം ആണ്, അപരിമേയം  ആണ്.ഓരോ സാഹിത്യ രചനയും ഓരോ ആസ്വാദകനും ആസ്വദിക്കുന്നത് ഓരോ തലത്തിലാണ്. എത്ര നല്ല ചിത്രകാരനും അയാളുടെ വ്യാഖാനമാണ് നടത്തുന്നത്. അയാളുടെ ചിത്രം കൃതിയുടെ ആസ്വാദനത്തിന്റെ അവസാന വാക്കല്ല. ആയിരം പേര്‍ ആയിരം തരത്തിലാണ് ആസ്വാദക ബിംബം മനസ്സില്‍ തീര്‍ക്കുന്നത്.ആസ്വാദകന്‍ വായിക്കുന്നതിനു മുന്‍പേ,   ഒരു ചിത്രകാരന്‍ അയാളുടെ വ്യാഖ്യാനം നടത്തുന്നത് വായനക്കാരനെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കും... ആ സ്വാധീനം എന്തിനു..? എഴുത്തുകാരനും ആസ്വാദകനും ഇടയില്‍ എന്തിനു മറ്റൊരാള്‍ ? ദൈവ സന്നിധിയിലെ ഭക്തന്റെ മുന്നിലെ പൂജാരിയോ വികാരിയ അച്ഛനോ പോലെ? 

ചിത്രീകരണം- എത്ര മനോഹരവും ആഴത്തിലുമുള്ളതാണെങ്കില്‍ പോലും   കാണുമ്പോള്‍ ആസ്വാദകന്‍ ആ ചിത്രകാരന്റെ വ്യാഖ്യാനത്തിനു കീഴ്പെട്ടു പോകാം, 
അത്  കൃതിയുടെ സ്വതന്ത്ര ആസ്വാദനത്തെ തടസ്സപ്പെടുതിയാലോ..? 
അങ്ങനെയും സംഭവിക്കാമല്ലോ...
പകരം ഒരു കൃതിക്ക് ഒന്നിലേറെ ചിത്രീകരണങ്ങള്‍ - 
വിവിധ ചിത്രകാരന്മാരുടെ വകയായി, ഒരേ സമയം അവതരിപ്പിച്ചാല്‍ ഈ പ്രശനം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയും എന്ന് തോന്നുന്നു.. 
ഒരു ചിത്രീകരണം മാത്രമാകുമ്പോള്‍, ആ ചിത്രകാരന്റെ വഴിയിലേക്ക് ആസ്വാദകന്‍ നയിക്കപ്പെടുന്നു..  ആ അവസ്ഥ,   ആസ്വാദനത്തിന്റെ സാധ്യതകളെ തടയിടാന്‍ പ്രേരിപ്പിക്കില്ലേ..? കൃതിയുടെ ആസ്വാദനം =  ചിത്രകാരന്റെ ചിത്രം,  അവസാന വാക്ക് അകരുതല്ലോ. . 

 ചിത്രീകരണങ്ങള്‍  ഇല്ല എന്ന അവസ്ഥ വന്നാല്‍, അവ  ആസ്വദിക്കാനുള്ള അവസരം നഷ്ട്ടപ്പെടുമോ..? നല്ല ചിതങ്ങള്‍ പ്രസിദ്ധീകരങ്ങളുടെ ദൃശ്യ ചാരുത ( lay - out beauty  ) ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. സഹൃദയനു, ചിത്രം ആസ്വദിക്കാനുള്ള അവകാശവും ആഗ്രഹവും ഉണ്ടല്ലോ. അത് സാഹിത്യ ബന്ധ വിഷയമല്ല. ഉത്തരം പത്രാധിപര്‍ കണ്ടെത്തട്ടെ. മറിച്ച്,  ചിത്രീകരണം എന്ന സാമ്പ്രദായിക രീതി എങ്ങനെ ഉപേക്ഷിക്കും എന്ന് ചിന്തിക്കുന്ന, ആകുലപ്പെടുന്ന പത്രാധിപര്‍ ഉണ്ടാകാം. കയ്യില്‍ കിട്ടുന്ന മൂന്നാംകിട ചിത്രകാരനും, നാലാംകിട സാഹിത്യാസ്വാദകനുമായ ഒരാളെക്കൊണ്ട് വരപ്പിച്ചു സാഹിത്യാസ്വാദനം വികലമാക്കപ്പെടുന്ന അവസ്ഥയില്‍ നിന്ന് നമുക്ക് മോചനം വേണം.

ദൈവം എന്ന ഒന്ന് ഉണ്ടെങ്കില്‍, പുരോഹിതന്റെ പൂജാ  മന്ത്രങ്ങളോ, വികാരിയച്ചന്റെ  ഉപദേശങ്ങളോ ഒന്നുമില്ലാതെ തന്നെ ഭക്തന് ദൈവ സന്നിധിയിലെത്താന്‍ കഴിയണമല്ലോ. പിന്നെ എന്തിനു ഒരു ഇട നിലക്കാരന്‍...? ഇതൊക്കെയാണെങ്കിലും, " അന്ന് എം. വി. ദേവന്റെ/ നമ്പൂതിരിയുടെ/  ഏ എസ്സിന്റെ വരകളോടെയാണ് ആ കഥ / കവിത  പ്രസിദ്ധീകരിച്ചത്"  എന്നെല്ലാം പല എഴുത്തുകാരും അഭിമാനിക്കാറുണ്ട്.." .പല വായനക്കാരും ചിത്രീകരണം ഇല്ലാത്തതില്‍ വിലപിക്കാറുമുണ്ട്. അതെല്ലാം വികാരങ്ങള്‍, വിചാരങ്ങളല്ല.

'" ഇന്നലെ ചെയ്തോരബദ്ധം/  ഇന്നത്തെയാചാരമായ്/  നാളത്തെ ശാസ്ത്രവുമാതാകാം...! "