ടൂറിസത്തിന്റെ ഇന്ത്യനവസ്ഥ

യാത്ര
വി.ബി.ജ്യോതിരാജ്

ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികള്‍ വലിയ പണച്ചെലവില്ലാതെ ഒഴിവുദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ പറ്റിയ ഒരിടം എന്ന പരിഗണനയിലാണ് ഇന്ത്യയെ തെരഞ്ഞെടുക്കുന്നത്. ടൂറിസത്തിന്റെ ഇന്ത്യന്‍ പരസ്യങ്ങള്‍ വിദേശികള്‍ക്ക് കടുത്ത പ്രലോഭനമാണ്. വര്‍ണ്ണപ്പകിട്ടിന്റെ നാടോടിവേഷങ്ങള്‍ ധരിച്ച സുന്ദരിമാര്‍, തൂമന്ദഹാസം മൊഴിഞ്ഞുകൊണ്ട് സാരിയുടുത്ത് കൈകൂപ്പിനില്‍ക്കുന്ന അംഗനമാര്‍,രതിക്രീഢകളുടെ ശില്‍പചാതുര്യം നിറഞ്ഞ ക്ഷേത്രങ്ങള്‍, കുതിരവണ്ടികളും സൈക്കിള്‍റിക്ഷയുമൊക്കെയുള്ള പുരാതനനഗരങ്ങള്‍, കാല്‍ചിലങ്കകളുടെ നാദമുയരുന്ന നര്‍ത്തകിമാരുടെ ദിവ്യഗൃഹങ്ങള്‍, ജടാധാരികളായ സന്യാസിമാര്‍.... മകുടിയൂതുന്ന പാമ്പാട്ടികള്‍....ഇന്ത്യ: വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും കൊണ്ട് സമ്പന്നമാണ്. എത്ര കണ്ടാലും മറിഞ്ഞാലും തീരാത്ത സങ്കീര്‍ണതകളാണ് ഇന്ത്യനാത്മാവില്‍ കുടികൊള്ളുന്നത്.വര്‍ണ്ണപ്പകിട്ടുകളുടെ ഉത്സവകാഴ്ചയാണ് ഇന്ത്യന്‍ സഞ്ചാരം: വര്‍ത്തമാനകാലത്തിന്റെ ഒരേ നേര്‍രേഖയില്‍ നില്‍ക്കുമ്പോഴും ഇന്ത്യ നൂറ്റാണ്ടുകളുടെ ഇന്നലെകളിലെവിടെയോ ജീവിക്കുകയാണ്. കാലഭേദങ്ങളുടെ പിന്നാമ്പുറങ്ങളിലെവിടെയോ മനുഷ്യര്‍ ജീവിക്കുകയാണ്. തിളച്ചു പൊങ്ങുന്ന നാഗരിക ജീര്‍ണതകളില്‍ നിന്ന് ഊരിയെത്തുന്ന വിദേശസഞ്ചാരികള്‍ക്ക് ഇന്ത്യനവസ്ഥയുടെ ഈവക അന്തരങ്ങള്‍ ഒരു മായിക പ്രപഞ്ചമായി മാറുകയാണ്....

അഭിരുചികള്‍ക്കും താല്പര്യങ്ങള്‍ക്കും ഇണങ്ങുന്നതെന്തും ഇന്ത്യയില്‍ പ്രാപ്യമാണ്. ഈ ഇന്ത്യന്‍ പ്രതിഭാസമാണ് സഞ്ചാരികള്‍ക്ക് മറ്റൊരിടത്തും ലഭ്യമല്ലാത്തത്! ഏതൊരു സാഹചര്യത്തേയും അഭിമുഖീകരിക്കാന്‍ സജ്ജമാക്കിയ മനസ്സുമായിട്ടാണ് ഇന്ത്യയിലേക്ക് സഞ്ചാരികള്‍ വരുന്നത്. പലപ്പോഴുമത് സാഹസികതയുടെ 'ത്രില്‍' പേറിയുള്ള സഞ്ചാരമാകും. പടിഞ്ഞാറിന്റെ ആവര്‍ത്തവിരസമായ െൈഫെലിസ്റ്റാര്‍ പൊങ്ങച്ചങ്ങള്‍ ഇന്ത്യന്‍ മണ്ണിന്റെ അവശതയില്‍ തീര്‍ത്തും ഒരധികപ്പറ്റായിട്ടാണ് സഞ്ചാരികള്‍ സ്വീകരിക്കുന്നതും!

ശുചിത്വബോധത്തിന്റെ പരിസരങ്ങളോ, ആരോഗ്യുപരിപാലനത്തിന്റെ സൂക്ഷിപ്പുകളോ, ഒരു രാജ്യത്തിന്റെ അഭിമാനപ്രശ്‌നങ്ങളല്ലാത്തിടത്ത്-സഞ്ചാരം അതീവകഠിനമായ യജ്ഞമാണ്. ആള്‍ക്കൂട്ടത്തിന്റെ ശബ്ദപ്രളയങ്ങളും  റെയില്‍വേയുടെ നിരുത്തരവാദിത്തവും അനാവശ്യമായ വിലക്കുകളും പരിഹാസ്യമായ പരിശോധനകളും സഞ്ചാരത്തിന്റെ ഓരോ ഇടതാവളങ്ങളിലും സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരികയാണ്. കൊതുകുകീടങ്ങള്‍ തിളയ്ക്കുന്ന ഓടകളും ദുര്‍ഗന്ധോത്സവങ്ങളും ഇന്ത്യയുടെ നിത്യസാധാരണമായ കാഴ്ചയാണ്. നിര്‍ബാധം വിലസുന്ന പോക്കറ്റടിക്കാരും പോക്കിരികളും കള്ളന്മാരും!... കടകമ്പോളങ്ങളിലെ പിടിച്ചുപറി, അസഹ്യമായ യാചകശല്യം, നീതിപാലനത്തിന്റെ പിടിപ്പുകേട്... എല്ലാംമെല്ലാം ഇന്ത്യന്‍സാഹചര്യങ്ങളുടെ സുപരിചിതങ്ങളായ സാന്നിദ്ധ്യങ്ങളാണ്. ക്ഷമ. കോപം, ഭയം,അത്ഭുതം,അതിശയം, പരിഹാസം, നൈരാശ്യം, നിസ്സഹായത സഞ്ചാരത്തിന്റെ ഏതേത് ഘട്ടങ്ങളിലും മനസ്സില്‍ നിറയുന്ന വികാരതലങ്ങള്‍ സന്ദര്‍ശകന്റെ  ബലികുടീരങ്ങളാണ്. ഒരു ജനതയുടെ ആത്മാവ് നഷ്ടപ്പെട്ട വിരസമായ ചലനങ്ങള്‍ നോക്കികൊണ്ട്, മലീമസമായ ഭരണതലങ്ങളുടെ അന്തസ്സാരശൂന്യത നാടിന്റെ മുക്കിലും മൂലയിലുമൊക്കെ കണ്ടുകൊണ്ട്, നിവൃത്തികേടുകളുടെ കല്ലും മുള്ളും ചവിട്ടിയുള്ള ശരണാഗതരുടെ സഞ്ചാരം പോലെയാണിത്. പ്രതികൂലസാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള അല്പവസ്ത്രങ്ങള്‍ മാത്രമാണ് സഞ്ചാരത്തിനിടയില്‍ അവര്‍ ധരിച്ചിരിക്കുക. അജന്തയും എല്ലോറയും മാത്രമല്ല, കുച്ചുപുഡിയും ഭരതനാട്യവും മാത്രമല്ല അവര്‍ കാണുന്നത്. ഇന്ത്യയെ മറവുകളില്ലാതെ തന്നെ അറിയുകയാണ്. സൈക്കഡലിക് അനുഭൂതികള്‍, അതീന്ദ്രിയ ധ്യാനങ്ങള്‍, അനുഷ്ഠാനങ്ങള്‍, മന്ത്രങ്ങള്‍... അങ്ങനെ ഇന്ത്യന്‍ കൗതുകങ്ങള്‍ എന്തെല്ലാമാണ്! ഒരു മാസ്മരിക പ്രപഞ്ചത്തിന്റെ സംഗീതലയത്തിലേക്ക് ആഗതര്‍ ആവാഹിയ്ക്കപ്പെടുകയാണ്.  കൃഷ്ണന്റെയും  രാധയുടേയും ഇന്ത്യ! ഇന്ത്യയെപ്പോലെ ഒരു രാജ്യം എവിടെയുണ്ട്? എന്റെയിന്ത്യാ എത്ര സുന്ദരം!