ഭാഷയുടെ അതിർത്തികൾ ലംഘിച്ച് സാഹിത്യചിന്തകൾ പ്രസരിക്കുന്നു


എം.പി.വീരേന്ദ്രകുമാർ


ലോകരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഭാരതീയ സംസ്കൃതിയുടെ ഉന്നതി ഭാഷയിലും സാഹിത്യത്തിലും, പ്രതിഫലിക്കുന്നുണ്ട്‌. വിവിധ ഭാഷകളും സംസ്ക്കാരങ്ങളും നിലനില്ക്കുന്നുണ്ടെങ്കിലും ഓരോ സംസ്ഥനങ്ങളിലേയും  വൈവിധ്യമാർന്ന സാഹിത്യശാഖകൾ പ്രാദേശിക ഭാഷകളെ സമ്പുഷ്ടമാക്കുന്നുണ്ട്‌. ഇന്ത്യയിലെ സമ്പന്നമായ പൈതൃകത്തെ ആകാംക്ഷാപൂർവം തിരിച്ചറിഞ്ഞ എഴുത്തുകാരുടെ അനുഭവങ്ങൾ അല്‍ഭുതാവഹമാണ്‌. ഗ്രീക്കുകാർക്ക് ഹോമറിനെപോലെ യല്ല ഇന്ത്യ ക്കാർക്ക് വാല്മീകിയും, വ്യാസനും. സ്വന്തം ജീവിതത്തിന്റെ ഭാഗം തന്നെയാണത്‌. രാമായണത്തിലെ കഥാപാത്രങ്ങളെ ഇന്ത്യക്കാരന്‌ പരിചയപ്പെടുത്തേണ്ടതില്ല. കമ്പോഡിയയയിലും,യുക്രൈനിലും സൈബിരിയയിലുമൊക്കെ നമ്മുടെ ഇതിഹാസകഥകൾ സൃഷ്ടിച്ച അനുരണനം മഹത്തരമാണ്‌. അത്‌ പ്രസരിപ്പിച്ച സംസ്കൃതിയുടെ തെളിമ നിലനില്ക്കുന്നു. ഒരു ഭാഷക്കും മറ്റൊരു ഭാഷയുടെ മേല്‍  ആധിപത്യം സ്ഥാപിക്കാനാവില്ല. ഇന്ത്യയിൽ രാഷ്ട്രഭാഷയായ ഹിന്ദി മറ്റുള്ളവയെ കൂട്ടിയിണക്കുന്നതാണ്‌. ഇതിഹാസമായ രാമായണത്തെ ഉത്തരേന്ത്യക്കാരനും തമിഴനും, മലയാളിയും അറിയുന്നത്‌ അവരുടെ തനതുസാഹിത്യ ത്തിലൂടെയായിരുന്നു. തുളസിദാസ് രാമായണത്തിലൂടേയും ,രാമചരിതമാനസത്തിലൂടെയും വടക്കെ ഇന്ത്യക്കാരൻ അവയെ പരിചയിച്ചപോൾ കമ്പരാമായണത്തിലൂടെ തമിഴനും, തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലൂടെ മലയാളിയും അവയെ ഹൃദിസ്ഥമാക്കി. മഹാഭാരതം രചിച്ചത്‌ വ്യാസനാണെങ്കിലും ആദികവി പമ്പ രചിച്ച പമ്പ ഭാരതത്തിലൂടെ കന്നഡിഗർ മഹാഭാരതത്തിന്റെ ലോകത്തേക്ക് ദീർഘസഞ്ചാരം നടത്തി. സാഹിത്യശാഖകൾ തമ്മിലുള്ള ഇഴയടുപ്പവും, ഐക്യദാർഢയവും അതിനെ പരിപോഷിപ്പിക്കുന്നതിന്‌ സഹായകമാകണം. കർണ്ണാടക , കേരള സാഹിത്യ അക്കാദമികൾ ഇത്തരത്തിലുള്ള ഊർജ്ജിതമായ സംവാദത്തിലേർപ്പെടണം. അവിടെ നടക്കുന്ന ഊഷ്മളമായ ഭാഷാവിനിമയത്തിലൂടെ സാർത്ഥകമായ സാഹിത്യചിന്തകൾ ഉണരും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിലും സമാനമായ ഭാഷാന്തരബന്ധം സ്ഥാപിക്കണം. കർണ്ണാടകയിലെ സാഹിത്യകാരന്മാരേയും കൃതികളേയും മലയാളികൾക്ക് ഏറെ പരിചിതമാണ്‌. ശ്രീകൃഷ്ണ ആലനഹള്ളിയുടെ ‘ഭുജംഗയ്യന്റെ ദശാവതാരങ്ങൾ ’എന്ന കൃതിക്ക്‌ കേരളത്തിൽ കിട്ടിയ വ്യാപകമായ പ്രചാരവും കന്നഡസാഹിത്യകൃതികൾ കേരളത്തിലെ വിവിധ കോളേജുകളിൽ പഠിപ്പിക്കുന്നതും വിനിമയസാധ്യമായ സാഹിത്യബന്ധത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. അനന്തമൂർത്തിയും, ചന്ദ്രശേഖരകമ്പാറും മലയാളികൾക്കു സുപരിചിതരാകുന്നതും ഇതുകൊണ്ടാണ്‌.
ചന്ദ്ര ശേഖര കമ്പാര്‍ 
ആഗോളീകരണത്തിന്റെ നിഴലുകൾ സാഹിത്യരംഗത്തും വീണുപതിച്ചിരിക്കയാണ്‌. ഈ പ്രക്രിയ ഭാഷയെ നശിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്‌. പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാൻ ‘മാതൃഭൂമി“ മുന്‍  കൈ  എടുക്കുമെന്നും വീരേന്ദ്രകുമാർ അഭിപ്രായപ്പെട്ടു.ബാംഗ്ളൂർ ബുക്ക് സെല്ലേഴ്സ്‌ ആന്റ് പബ്ളിഷേഴ്സ് അസോസ്സിയേഷൻ, ഇന്ത്യൻ ഇല്ലസ്ട്രേറ്റഡ് ക്ളാസ്സിക് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി,കന്നഡ പുസ്തക പ്രാധികാര എന്നിവരുടെ സഹകരണത്തോടെ സംഘടി പ്പിച്ച ബാംഗ്ളൂർ സാഹിത്യോൽസവത്തിൽ’മറുഭാഷാ സാഹിത്യവുമായുള്ള ബന്ധം പ്രോൽസാഹിപ്പിക്കൽ‘ എന്ന വിഷയത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്ളോബൽ വില്ലേജ് എന്ന സങ്കല്പ്പം സാഹിത്യത്തിലും പ്രകടമായിക്കൊണ്ടിരിക്കുകയാണെന്ന കന്നഡ സാഹിത്യമേഖലയിൽനിന്ന്‌ പങ്കെടുത്തു സംസാരിച്ച ഡോ:സിദ്ധലിംഗ പട്ടാണഷെട്ടി അഭിപ്രായപ്പെട്ടു. 20 വർഷം മുമ്പ്‌ സാഹിത്യത്തിന്റെ ഇത്തരത്തിലുള്ള ആഗോള സഞ്ചാരം ചിന്തകൾക്ക് അപ്പുറത്തായിരുന്നു. എന്നാൽ വിശ്വസാഹിത്യപരിചയം ഇന്റർനെറ്റിലൂടെ സംവേദനക്ഷമമായ കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

കവിയും വിമർശകനുമായ പ്രൊഫ: സി.നാഗണ്ണ ചർച്ചയിൽ മോഡറേറ്റാറായിരുന്നു. പാനൽ ചർച്ചയിൽ പങ്കെടുത്ത എം.പി. വീരേന്ദ്ര കുമാര്‍  ,പ്രൊ: സി.നാഗണ്ണ ഡോ: സിദ്ധലിംഗ പട്ടാണ ഷെട്ടി എന്നിവരെ ജ്ഞാനപീഠജേതാവ് ചന്ദ്രശേഖരകമ്പാർ ഉപഹാരം നല്കി ആദരിച്ചു. 


സാര്‍ത്ഥകം  ന്യൂസ് സര്‍വീസ്