അപരിചിതൻ



നന്ദനാർ



പുഴക്കരയിൽ ,വിണ്ടുവരണ്ടു കിടക്കുന്ന കൊയ്ത്തു കഴിഞ്ഞ നെല്പ്പാടങ്ങളിൽ അവിടവിടെ മരുഭൂമിയിലെ ശാദ്വലം പോലെ പച്ചക്കറിത്തോട്ടങ്ങൾ കാണായി.

അപരിചിതനായ ഒരാൾ പച്ചക്കറിത്തോട്ടങ്ങൾക്കു ചുറ്റും അലഞ്ഞുനടക്കുന്നത്‌ , അന്നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു.
അപരിചിതനെപ്പറ്റി, നാട്ടുകാർക്കിടയിൽ സംശയങ്ങളും ഊഹാപോഹങ്ങളും  പരന്നു.
ആരാണിയാൾ?
കള്ളനാണോ?
കിറുക്കനാണൊ?
ശത്രുവാണൊ?
മിത്രമാണോ?
ചാരനാണോ?
ഒരു ദിവസം കുറച്ചാളുകൾ അയാളെ വളഞ്ഞു. കൂട്ടത്തിൽ നിന്ന്‌ ഒരാൾ ചോദിച്ചു;
“നിങ്ങൾ എവിടുത്തുകാരനാണ്‌?
ഞാനോ? നിങ്ങളാരും എന്നെ അറിയില്ലേ? ഞാനിവിടുത്തുകാരൻ തന്നെയാണ്‌.
ഇവിടുത്തുകാരനോ? അത്ഭുതം കൂറുന്ന ഒരു പാടു സ്വരങ്ങൾ ഒന്നിച്ചുയർന്നു.
അതേ, ഞാനിവിടുത്തുകാരൻ തന്നെയാണ്‌. എന്നു വെച്ചാൽ ഇവിടെ അടുത്തൊക്കെയുള്ളവൻ.
”കിറുക്കനാണെന്നു തോന്നുന്നു“ കൂട്ടത്തിൽ നിന്ന്‌ ഒരാൾ അഭിപ്രായപ്പെട്ടു.
അപ്പോൾ വേറൊരാൾ ചോദിച്ചു.
ശരി, അതു പോട്ടെ. നിങ്ങളെന്തിനാണ്‌ ഈ പച്ചക്കറിത്തോട്ടത്തിന്നു ചുറ്റും അലഞ്ഞുതിരിയുന്നത്‌?
അതോ? പറയാം” അപരിചിതൻ ഒന്നു നിർത്തി തുടർന്നു പറഞ്ഞു.“മരുഭൂമിയിലെ ശാദ്വലം പോലെയുള്ള ഈ പച്ചക്കറിത്തോട്ടങ്ങൾ, എന്റെ ഹൃദയത്തിന്‌ കുളുർമ്മ പകർന്നു തരുന്നു.”
“ഓ, കവിയാണെന്നു തോന്നുന്നു” വേറൊരാൾ അഭിപ്രായപ്പെട്ടു. ഏതായാലും അപരിചിതൻ ഭയപ്പെടേണ്ട വർഗ്ഗത്തില്‍  പെട്ടവനല്ലെന്നു വിധിയെഴുതി ജനം പിരിഞ്ഞുപോയി.
ഏകനായപ്പോൾ , അപരിചിതൻ ചെറുതായൊന്നു ചിരിച്ചു.