കഥാപ്രസംഗം

Varamozhi Editor: Text Exported for Print or Save


ജനകീയ കല 

മലയാളത്തിൽ പ്രചാരമാർന്ന ഒരു ജനകീയ കല. ഈ കല പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിർവ്വചനം ഉണ്ടെന്നു പറഞ്ഞുകൂട.സംഗീതസാഹിത്യ ഫലിതാഭിനയങ്ങളുടെ സമുചിതസമ്മേളനം കൊണ്ട്‌ ആസ്വാദ്യമായിത്തീരുന്ന ആഖ്യാനമാണ്  ഇതെന്നു പറയാം. കഥാപ്രസംഗം എന്നതിന്റെ അർത്ഥം കഥ പ്രസംഗരൂപത്തിൽ ആവിഷ്ക്കരിക്കുക എന്നതത്രെ.കഥാകാലക്ഷേപം എന്നും ഇതിനു പേരുണ്ട്‌. (കാലക്ഷേപം എന്നതിന്‌ നേരമ്പോക്ക് എന്നു പറയാം)ഹൃദയാവർജ്ജകമായ കഥനം എന്നു തന്നെയാണ്‌ ആ പേരിന്റേയും സാരം. കഥ എന്ന കാതലായ അംശത്തിന്‌ അഴകും, കൊഴുപ്പും നല്കുകയാണ്‌ സംഗീതാദിഘടകങ്ങളുടെ പ്രയോജനം.
പപ്പു കുട്ടി ഭാഗവതര്‍ 
കഥാപ്രസംഗത്തിൽ ഇതിവൃത്തത്തിന്റെ വിസ്തരണം ഗദ്യരൂപത്തിലാണെങ്കിലും അതിന്റെ അവതരണം കവിതകളും ഗാനങ്ങളും വഴിയാണ്‌. കഥാവിസ്താരത്തിന്നിടയ്ക്കും സന്ദർഭസമ്പുഷ്ടിക്കായും പല കവിതാഭാഗങ്ങളും ഗാനങ്ങളും ഉദ്ധരിക്കാറുണ്ട്‌. ഇപ്പറഞ്ഞ കാവ്യഗാനങ്ങളാണ്‌ കഥാപ്രസംഗത്തിലെ സാഹിത്യഘടകം. ഇവയുടെ സുന്ദരമായ ആലാപനവും അതിന്നൊത്ത പശ്ച്ചാത്തലഗാന വാദ്യങ്ങളുമാണ്‌ കഥാപ്രസംഗത്തിലെ സംഗീതഘടകം. (ഹാർമ്മോണിയം,വയലിൻ, ക്ളാരനറ്റ്,ഫ്ളൂട്ട് മുതലായ ഗാനവാദ്യങ്ങളിൽ ഒന്നോ ചിലതോ മൃദംഗം,തബല, എന്നീ താളവാദ്യങ്ങളിൽ ഒന്നും;ഇവയാണ്‌ പശ്ച്ചാത്തലവാദ്യങ്ങളി ൽ മുഖ്യം.)ഫലിതം ആഖ്യാനത്തിൽ തന്നെ അന്തർഭവിക്കുന്ന ഒരു വചോഗുണമാണ്‌.എന്നാൽ, അതിന്നുമപ്പുറം കഥാസന്ദർഭങ്ങളെപ്പിടിച്ച്‌ വ്യക്തിഗതവും സാമൂഹികവുമായ ജീവിതവൈകൃതങ്ങളെ ഉപഹസിക്കലും കൂടി -ഇതിനായി പ്രസിദ്ധങ്ങളായ ഹാസ്യകഥകളും  പൊടിക്കൈകളും ഉപയോഗിക്കുകയും ചെയ്യും. അഭിനയം ആഖ്യാനത്തിൽ സ്വാഭാവികമായി വരുന്നതുതന്നെ ഒരു സവിശേഷഘടകമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്‌.  

കലാമർമ്മങ്ങൾ- ശ്രോതാക്കൾക്ക് അനുഭവപ്രതീതിയും രസാനുഭൂതിയും ഉണ്ടാകത്തക്കവിധ ത്തിലുള്ള ആഖ്യാനതന്മയത്വമാണ്‌ കഥാപ്രസംഗത്തിലെ മുഖ്യമായ കലാംശം. ഈ തന്മയത്വ സിദ്ധിയിൽ ശ്രദ്ധേയമായ സംഗതികൾ മൂന്നാണ്‌.

1-സംവിധാനഭംഗി: കഥയുടെ പിരിമുറുക്കത്തിനും രസപുഷ്ടിക്കും അത്യന്താപേക്ഷിതമല്ലാത്ത ഭാഗങ്ങൾ തള്ളുക, ചുരുക്കേണ്ട ഭാഗങ്ങൾ ചുരുക്കുക, വിസ്തരിക്കേണ്ടവ  വിസ്തരിക്കുക, സംഭവഗതികളും, പാത്രസ്വഭാവങ്ങളും തമ്മിൽ ഇണക്കമുണ്ടാകുക, എല്ലാ ഘടകങ്ങളും കഥയ്ക്കു പോഷകവും ഭൂഷകവുമാകുമ്മാറ്‌ കഥയോട്‌ ഇണക്കിച്ചേർക്കുക.

2-ഭാഷയും, ഭാഷണവും കഥാസന്ദർഭത്തിനും, പാത്രസ്വഭാവത്തിനും ,പ്രവചനവിഷയത്തിനും രസഭാവങ്ങൾക്കും അനുഗുണമായ ഭാഷാരീതിയും പ്രവചനശൈലിയുമായിരിക്കുക.
3-അഭിനയം: കഥാപ്രസംഗം‘വചനത്തിന്റെ’ കലയാകയാൽ വാചികാഭിനയം മുഖ്യം.അതിന്നിണങ്ങുന്ന സ്തോഭപ്രകാശനവും‘ആംഗിക’ങളും കൂടിയേ തീരു. 
വ. സാംബശിവന്‍

പ്രചാരണകല- കഥാപ്രസംഗകലയുടെ ലക്ഷ്യം രണ്ടു തരത്തിൽ സംഗ്രഹിക്കാവുന്നതാണ്‌. രസിപ്പിക്കലും-ഗ്രഹിപ്പിക്കലും. ഇതിൽ രസിപ്പിക്കൽ ഒരു ലക്ഷ്യമല്ല, കലയുടെ ധർമ്മം തന്നെയാണ്‌ എന്നു പറയാം. ഗ്രഹിപ്പിക്കൽ എന്നതിൽ രണ്ടു കാര്യം അടങ്ങിയിരിക്കുന്നു.1-ശ്രോതാക്കൾക്ക്‌വിവിധ വിഷയങ്ങളിൽ വിജ്ഞാനം നല്കുക.2-സാംസ്ക്കാരികമായ ഉത്തേജനത്തിന്നുതകുന്ന ഉദ്ബോധനങ്ങൾ നല്കുക. കഥാസന്ദർഭങ്ങളെ ആശ്രയിച്ച്‌ ഉചിതമായ മട്ടിലും അളവിലുമായിരിക്കണം ഉദ്ബോധനവും പ്രചാരണവും.
വീ ഡീ. രാജപ്പന്‍ 

തമിഴകത്തിലെ ഹരികഥയുമായി കഥാപ്രസംഗത്തിനു സാമ്യമുണ്ട്‌. ഈ കല വളരെയധികം വികാസപരിണാമങ്ങളിലൂടെ കടന്നുവന്നിട്ടുണ്ട്‌. പുതിയ പരീക്ഷണങ്ങളും ശ്രമിച്ചുനോക്കിയിട്ടുണ്ട്‌. പ്രധാന പരീക്ഷണം സ്ഥിരം കഥകളിൽ നിന്നു മാറി കഥകളുടെ വൈവിധ്യത്തിലും വൈദേശികതയിലുമാണ്‌ ചെയ്യുന്നത്‌. നല്ല കഥ നല്ല രീതിയിൽ ആവിഷ്ക്കരിക്കുക എന്നതേ ഇതിൽ ഗണനീയമായിട്ടുള്ളു.