മെട്രോ ഓണം

Varamozhi Editor: Text Exported for Print or Save


ശ്രീരേഖ



രാവിലെ എട്ടുമണിയാകുന്നതേയുള്ളു. റോഡിൽ ട്രാഫിക് ബ്ളോക്കു തുടങ്ങി. മെട്രോ നഗരത്തിൽ ജീവിക്കാൻ പരക്കം പായുന്ന വാഹനങ്ങൾക്കിടയിലൂടെ കന്നട പോലീസുകാരുടെ കാരുണ്യം കൊണ്ടു മാത്രം ജീവനോടെ റോഡു മുറിച്ചുകടന്നു.

ബസ്സ്റ്റോപ്പിൽ പതിവുപോളെ നല്ല തിരക്കാണ്‌. നാലു സ്റ്റോപ്പിനുള്ള ദൂരമേയുള്ളു എങ്കിലും നടത്തം എളുപ്പമല്ല. ടുവീലറും കൊണ്ടു പോകണമെങ്കിൽ ലൈസൻസുണ്ടായാൽ മാത്രം പോര. ഫുട്പാത്തിലൂടെ കാലനടക്കാരേയും നായ്ക്കളേയും ഹോണടിച്ചു് പേടിപ്പിച്ച്‌ ഓടിക്കാനും അറിയണം. മാത്രമല്ല, പെട്രോളിന്റെ വിലയേക്കാളും ഭേദം കന്നടമണമുള്ള ബസ്സിലെ ഉയരത്തിലുള്ള കമ്പിയിൽ തൂങ്ങലാണ്‌.

ഏതൊക്കെയോ ബസ്സുകൾ വന്നുപോകുന്നു.പത്തു മാസത്തെ പരിചയം കൊണ്ട്‌ ഓഫീസിലേക്കുള്ള ബസ്സിന്റെ ബോർഡ് വായിക്കാൻ മാത്രമേ പഠിച്ചിട്ടുള്ളു.അല്ലെങ്കിലും കന്നട അക്ഷരങ്ങൾ അരിമുറുക്കു പോലെയാണ്‌.പൂപോലത്തെ അമ്മിണിയമ്മ കട്ടഞ്ചായക്കൊപ്പം തരാറുള്ള നിറയെ വളവുകളുള്ള മുറുക്കുപോലെ.

ഒരു നാദസ്വരത്തിന്റെ അകമ്പടിയോടെ അലങ്കരിച്ച ഒരു കഴുത വരുന്നുണ്ട്‌. അതിന്റെ കഴുത്തിൽ തൂക്കിയിട്ട പാത്രത്തിലെ നാണയങ്ങൾ അവതാളത്തിൽ കിലുങ്ങി.കൻണുകല്ക്കിടയിൽ ഒഴുകിയുണങ്ങിയ കണ്ണീർപ്പാട്‌.കഴുത്തിലെ മണികിലുക്കം പുറത്തെ പട്ടിന്റെ തിളക്കവുമൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലാക്കിയാവണം നാദസ്വരനാദവേഗം നടന്നു നീങ്ങി.



റോഡിന്റെ എതിർവശത്തുള്ളമൂന്നുനില കെട്ടിടത്തിന്റെ വരാന്തയിൽ പബ്ളിക് സ്ക്കൂൾ എന്നബോർഡിനു പിന്നിൽ കുട്ടികൾ കൂട്ടം കൂടി കാഴ്ച്ച കാണാൻ നില്പ്പുണ്ട്‌.ഇനിയും ബെല്ലടിച്ചിട്ടില്ലെന്നു തോന്നുന്നു.മുറ്റവും മരത്തണലുമില്ലാത്തതുകൊണ്ട്‌ ചിലർ വരാന്തയിൽ തന്നെ ഗുസ്തി പിടിക്കുന്നുണ്ട്‌.
ബസ് വന്നു.ചില കേരളസാരികൾ കണ്ടപ്പോഴാണ്‌ ഓണക്കാലമാണല്ലോ എന്നോർമ്മ വന്നത്‌.കഴിഞ്ഞ അവധിക്ക്‌ മടങ്ങുമ്പോഴേ വീണ പറഞ്ഞതാണ്‌, അച്ചൂസിന്റെ ആദ്യത്തെ ഓണമാണ്‌,എന്തായാലും വീട്ടിലുണ്ടാകണം എന്നൊക്കെ.പക്ഷേ,ലീവ് ഇപ്പോഴും അപ്രൂവ് ആയിട്ടില്ല. കഴിഞ്ഞ സനിയാഴ്ച്ചയായിരുന്നില്ലേ അത്തം.കണക്കു നോക്കിയാൽ ഇന്നു മൂലമാണ്‌.നിറയെ മൂലകളു പൂക്കളം ഇടേണ്ട ദിവസം.ഇന്നെങ്കിലും ലീവ് അപ്രൂവ് ആയാൽ കിട്ടുന്ന വണ്ടിക്ക്‌ നാട്ടിൽ പോകാമായിരുന്നു. അച്ചൂസെന്നെ മറന്നു കാണും. ബാംഗ്ളൂരിൽ യു.എസ്. ബേസ്ഡ് മൾട്ടി നാഷണൽ കമ്പനിയിൽ സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്‌ അച്ഛനെന്ന്‌ വീണ പറഞ്ഞുകൊടുത്താലും അവന്‌ മനസ്സിലാകില്ലല്ലോ.


ഓഫീസിലെ ആയകളെല്ലാം ചേർന്ന് മുറ്റത്ത്‌ പൂ നിരത്തുന്നുണ്ട്‌.ഓണക്കാലമാണെന്നും എല്ലാ ആഘോഷങ്ങളും ഇവിടേയുമുണ്ടെന്നും എല്ലാവരേയും ബോധ്യപ്പെടുത്താൻ വേണ്ടി സി.ഇ.ഓ യുടെ ഉത്തരവാണ്‌. ബസ്സിൽ കണ്ട ഒറീസ്സ സഹപ്രവർത്തക പറഞ്ഞിരുന്നു, വേഗമെത്തിയാൽ മുറ്റത്ത്‌ രംഗോലി ഇടാൻ നമുക്കും കൂടാമെന്ന്‌.രംഗോലിയെന്നു വിളിച്ചോളു.കാരണം ഇത്‌ ഞങ്ങളുടെ പൂക്കളമല്ല.

രാവിലെ മുതൽ ടീം ലീഡേഴ്സ് എല്ലാം മീട്ടിംഗിലാണ്‌. യു.എസ്സിലെ ക്ളയന്റ്‌ സായിപ്പ് എമർജൻസി ടെലികോൺഫ്രൻസിനു വിളിച്ചിട്ടുണ്ട്‌. ഈ തിരക്കിന്നിടയിൽ ലീവ് അപ്രൂവ് ആക്കാൻ പോകാനും വയ്യ. വീണ രണ്ടു തവണയായി വിളിക്കുന്നു. അവൾ തിരക്കു പിടിക്കും പോലെ ഇവിടെ കാര്യങ്ങൾ നടക്കണ്ടെ. അതിനിടയിൽ അമ്മയുടെ ശാഠ്യം.മൂന്നോണത്തിന്‌ അമ്മാവൻ എല്ലാവരേയും അമ്മാത്തേക്കു ക്ഷണിച്ചുട്ടുണ്ടത്രേ.എങ്ങനെ പോയാലും മൂന്നു ദിവസം ലീവെടുക്കാൻ എളുപ്പമല്ലെന്നു പറഞ്ഞാൽ അമ്മക്കും ദേഷ്യം. ഓണം തിങ്കളാഴ്ച്ച വന്നതാ വിനയായത്‌. അതും പ്രോജക്ട് റിലീസിന്റെ ഈ ബഹളത്തിനിടയിൽ.

മീറ്റിംഗ് കഴിഞ്ഞ്‌ പുറത്തുവരുന്ന ടീം ലീഡറെ കണ്ടപ്പഴേ കാര്യം പിടി കിട്ടി. കുറേ അർജന്റ്‌ മോഡിഫിക്കേഷൻസ്.പിന്നെ റിലീസിങ്ങ് ഡെയ്റ്റിൽ മാറ്റവുമില്ല. ചുരുക്കത്തിൽ ശനിയാഴ്ച്ചയും വർക്കുണ്ട്‌. അതായത്‌ നാളെ.

വെറുതെ ഒന്നു സൂചിപ്പിച്ചു നോക്കി-“ഓണം ഞങ്ങൾക്കു വളരെ വേണ്ടപ്പെട്ട ആഘോഷമാണ്‌”.അപ്പോഴേക്കും കിട്ടി മറുപടി“ആഘോഷങ്ങൾ വരും പോകും.ബട്ട് വർക്ക് മസ്റ്റ് ഗോ ഓൺ”.

ടീം ലീഡറിന്റെ പഞ്ചുഡയലോഗിൽ പൂവിളി കേൾക്കാതായി. വീണയെ വിളിച്ചു പറഞ്ഞു-ലീവില്ല.ശനിയാഴ്ച്ച രാത്രി വന്ന്‌ ഞായറാഴ്ച്ച രാത്രി മടങ്ങണം.കലണ്ടർ പ്രകാരം ഉത്രാടമാണല്ലൊ ഒന്നാം ഓണം.

മറുപടിക്കു കാത്തുനിന്നില്ല. ടിക്കറ്റ് എടുക്കണം. ഓണക്കാലമായതുകൊണ്ട്‌ ഇരട്ടിയാണ്‌ ബസ്ചാർജ്ജ്‌.എങ്കിലും ഓണമാണല്ലൊ,പോകാതിരിക്കാൻ വയ്യ.

താമസസ്ഥലത്തേക്കു മടങ്ങുവാൻ ബസ്സിലിരിക്കുമ്പോൾ തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന പെൺകുട്ടി ഫോണിൽ പറഞ്ഞു,“No  Daa  എനിക്കു two days  ലീവുണ്ട്‌, for onam, but   ഞാൻ പോകുന്നില്ല. അവിടെ എത്തിയാൽ തുടങ്ങും കല്യാണക്കാര്യം.പിന്നെ അച്ചമ്മയുടെ വക ഓണപ്പലഹാരങ്ങളും ചടങ്ങുകളും.....ആകെ ബോർ ആണ്‌.i dont want to go there daa  .....നീയും ഫ്രീ ആക്‌.lets go for  an outing ,joyfalls.lalbag  ....any  were ....please daa ....“

പുറത്തെ ഹോണടികലിലേക്ക് കാതിനെ പറഞ്ഞുവിട്ടുകൊണ്ട്‌ മനസ്സിൽ പറഞ്ഞുറപ്പിച്ചു.

ഏയ്..അല്ല..ഈ കേട്ടത്‌ മലയാളമല്ല. ഈ കുട്ടി മലയാളിയുമല്ല......