പെണ്ണെഴുത്ത്

ഡോ:മിനിപ്രസാദ് 

സംസ്ക്കാരത്തിന്റെ സൃഷ്ടിയിലും സംഭാവനകളിലും 
തങ്ങളുടെ പങ്കാളിത്തം ബോധ്യപ്പെടുത്തുവാനുള്ള ശ്രമമായിരുന്നു 
സ്ത്രീവാദപ്രസ്ഥാനങ്ങ ൾക്ക്‌ അടിസ്ഥാനമായത്‌. 
ഈയൊരു മുന്നേറ്റത്തെ അടിച്ചമർത്താൻ അപവാദങ്ങളാണ്‌ 
പുരുഷസമൂഹം ആയുധങ്ങളായി സ്വീകരിച്ചത്‌.
മതങ്ങളും, മതസംഘടനകളും ഇതിന്‌ സർവ്വപിന്തുണയും പ്രഖ്യാപിച്ചു. സ്ത്രീ സാഹിത്യം പെണ്ണെഴുത്തായി മാറുന്നത്‌ ഇത്തരം അവഹേളനത്തിന്റെ ഫലമായിട്ടാണ്‌. പെണ്ണ്‌ എന്ന വിശേഷണം ചേർന്നുവരുന്നതത്രയും അല്പ്പം മോശമാണെന്നും പൊതുധാരണക്കു പുറത്താണെന്നുമുള്ള ഒരു മുൻവിധി നമ്മുടെ സമൂഹത്തിന്‌ സ്വന്തമാണല്ലൊ?
ഇത്തരം താഴ്ത്തിക്കെട്ടലുകളെ അതിജീവിച്ച്‌ നിലനില്പ്പിന്റെ പ്രതിരോധാവസ്ഥകൾ സ്വീകരിച്ച്‌ സ്ത്രീമുന്നേറ്റങ്ങൾ അവഗണിക്കാനാവാത്ത ഒരു സാന്നിധ്യമായി മാറിയിട്ടുണ്ട്‌.

ഏതുപെണ്ണിനും അവളുടെ എഴുത്തുൾപ്പെടെ ഏതാവിഷ്ക്കാരവും നടത്താനാവുന്നത്‌ പുരുഷാധിപത്യമൂല്യങ്ങളോട്‌ കലഹിച്ചുകൊണ്ടാണ്‌. ഒപ്പം വെല്ലുവിളിച്ചുകൊണ്ടും. പെണ്ണിന്റെ കലാപങ്ങൾ അവളുടെ സ്വത്വവും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്നതിനോടൊപ്പം നിലവിലുള്ള ആൺ പെൺ ബന്ധങ്ങളെ നവീകരിക്കുകയും ചെയ്യുന്നു. അങ്ങനെ സ്ത്രീവാദം മനുഷ്യരാശിയുടെ നിലനില്പ്പിന്നാസ്പദമായ ചെറുത്തുനില്പ്പിന്റെ രാഷ്ട്രീയം ഉൾക്കൊള്ളുന്നു. സ്ത്രീയെ സ്ത്രീയിൽ തളച്ചിടാനുള്ള ഒരു തടവറയല്ല ഫെമിനിസം. ലിംഗപരമായ ആധിപത്യത്തിൽ നിന്ന്‌ മാനവരാശിയുടെ നേർപ്പാതിയെ മാത്രം മോചിപ്പിക്കാനുള്ള ഒരു പ്രസ്ഥാനവുമല്ല അത്‌. അതിനുമപ്പുറം മനുഷ്യരാശിയുടെ മുഴുവൻ മോചനവുമാണ്‌ അത്‌ ലക്ഷ്യമാക്കുന്നത്‌. അങ്ങനെ അത്‌ ഹ്യൂമനിസമായി മാറുന്നു. ഇന്നുവരെ സ്ത്രീ സ്വയം കണ്ടിട്ടില്ല. അവള പുരുഷനാൽ കാണപ്പെടുകയും അവന്റെ അഭിലാഷങ്ങൾക്കൊത്ത്‌ വർണ്ണിക്കാപ്പെടുകയും ആയിരുന്നു. സ്ത്രീ അവളെത്തന്നെ കാണാൻ തുടങ്ങുന്നതോടെ സ്വന്തം സത്തയെ പ്രതിനിധീകരിക്കുവാൻ നവീനരൂപങ്ങൾ കണ്ടെത്തുന്നു. അപ്പോൽ തന്നെപ്പറ്റി പറഞ്ഞതിലധികം പറയാത്തതാണെന്ന്‌ അവൾ തിരിച്ചറിയുന്നു. സ്ത്രീ ചിത്രീകരണങ്ങളിൽ ഭൂരിപക്ഷവും പുരുഷന്മാരായ എഴുത്തുകാരുടെ അനിഭാവപൂർണ്ണമായൊരു പരിഗണന എന്ന നിലയിലായിരുന്നു എങ്കിൽ സ്ത്രീ രചനകൾ സഹഭാവവും സാമ്യപ്പെടലുമാണ്‌.

സ്ത്രീപ്രശ്നങ്ങളിൽ -സാമൂഹ്യവും ചരിത്രപരവും മാനസീകവും ശാരീരികവും -ഊന്നിക്കൊണ്ടുള്ള വ്യത്യസ്തമായൊരവതരണ രീതിയാണത്‌. വ്യ്ത്യസ്ത വിശകലന രീതി. വ്യ്ത്യസ്തമായ മൂല്യബോധവും അലങ്കാരരീതികളുമായി ഇതൊരു നൂതന സംസ്ക്കാരം സൃഷ്ടിക്കുന്നു. ഇത്തരമൊരു നൂതനവും ധീരവുമായ പ്രവേശനത്തിലൂടെ സാഹിത്യലോകത്തേക്ക് കടന്നുചെന്നപ്പോഴാകട്ടെ എഴുത്തുകാരികൾക്ക് അനേകം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെയേ ആകാവൂ എന്നു ശഠിക്കുന്ന ഒരു വ്യവസ്ഥിതിയോടുള്ള കലാപമായിരുന്നു മുഖ്യം. ഇത്തരം ഒരു പൊളിച്ചെഴുത്തിന്‌ നിയതവും ദൃഢവുമായ ശൈലികളോ,സമ്പ്രദായങ്ങളോ അവൾക്ക് സഹായത്തിനില്ലായിരുന്നു. ആവിഷ്ക്കരണ മാധ്യമമാവട്ടെ തികച്ചും പുരുഷാധിപത്യപരമായ ഭാഷയും.അത്തരമൊരു ഭാഷയിൽ തങ്ങളുടെ ആവിഷ്ക്കാരം അപൂർണ്ണമാണെന്ന്‌ എഴുത്തുകാരികൾ തിരിച്ചറിയുന്നു. അവർ പൊതുഭാഷയിൽ നിന്നൊരു ഭാഷ അപഹരിച്ചെടുക്കുന്നു. (സ്റ്റീലിംഗ് ദ ലാംഗ്വേജ്) എന്ന്‌ അലീഷ്യാ ഓസ്ട്രിക്കർ പറയുന്നത്‌, പുതുഭാഷയുടെ,സ്ത്രൈണ ഭാഷയുടെ നിർമ്മിതിയെപ്പറ്റിയാണ്‌. പലപ്പോഴും ഈ ഹാഷ ശരീരാധിഷ്ഠിത ബിംബങ്ങളിലേക്ക് വഴി മാറുന്നുണ്ട്‌. പുരുഷനും പുരുഷാധിപത്യ സമൂഹവും അവന്റെ സുഖഭോഗവസ്തുക്കളിൽ ഏറ്റവും മുന്തിയതായി കരുതിയതും, പരിഗണിച്ചിരുന്നതുമായ സ്ത്രീ ശരീരം ആവിഷ്ക്കരണ മാധ്യമമാണ്‌ എന്ന തിരിച്ചറിവായിരുന്നു ഇത്‌. നമ്മുടെ സമൂഹം നിർമ്മിച്ച സകലസങ്കല്പ്പങ്ങളൂം നിർവചനങ്ങളും പുനരാവിഷ്ക്കരണത്തിനു വിധേയമായി ഈ രചനകലീൽ കടന്നുവരികയും ഒരു നവീനഭാവുകത്വം സൃഷ്ടിക്കുകയും ചെയ്യുന്നു.

സമൂഹത്തിന്റെ എല്ലാ സങ്കല്പ്പങ്ങളും പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായിരുന്നു എന്ന തിരിച്ചറിവാണ്‌ പെണ്ണെഴുത്തിന്റെ വ്യതിരിക്തത.അതുകൊണ്ടുതന്നെ കാലാകാലങ്ങളായി ഈ സമൂഹത്തിൽ നിലനിന്ന എല്ലാ സങ്കല്പ്പങ്ങളേയും ഇവർ പുനർ നിർവ്വചിക്കുന്നു. ലോകാരംഭം മുതൽ അനേകം നിർവ്വചനങ്ങളിലൂടെ പുതുമാനം ലഭിച്ച പദമാണ്‌ സ്നേഹം.ഏറ്റവും ആദരസാത്മക പരിവേഷങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ഈ പ്രതിഭാസം സ്ത്രീക്ക് എന്തായിരുന്നു?“ ഉപേക്ഷിക്കാനാവാത്ത ഒരു പൂപോലെ സ്വൈര്യക്കേട്ഉണ്ടാക്കുന്ന ഒന്നായി“ സ്നേഹത്തെ കാണുന്ന മാനസിയും”സ്നേഹത്തെക്കുറിച്ചുള്ള ഓർമ്മ പോലും മുഖത്ത്‌ കൈത്തലം കൊണ്ട്‌ പ്രഹരിക്കുമ്പോഴുള്ള സുഖം മാത്രമാണ്‌ തരുന്നത്‌ ( ചതുരംഗം) എന്നെഴുതിയ മാധവിക്കുട്ടിയും ആദർശാത്മകതയുടെ പൊള്ളത്തരങ്ങൾ ആഘോഷിക്കുകയാണ്‌. ശരീരങ്ങൾ ബന്ധപ്പെടുന്നതോടെ സ്നേഹത്തിന്റെ കതിരവൻ അസ്തമിച്ചു (ഘരെ ബായ്രെ) എന്ന് ഗീതാഹിരണ്യനെഴുതുമ്പോൾ വ്യവസ്ഥാപിത സാമൂഹ്യബന്ധങ്ങളുടെ സ്നേഹശൂന്യത വരെ ഓർമ്മപ്പെടുത്തുന്നു.
മാധവിക്കുട്ടി 


വിവാഹം എന്നും സ്ത്രീക്ക് സമൂഹം നല്കുന്ന ഒരു പദവിയായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടാറ്‌. സിന്ദൂരം തൊടാനുള്ള ഭാഗ്യം, താലിയുടെ സുരക്ഷിതത്വം എന്നൊക്കെ കാല്പ്പനികഭംഗിയുള്ള വാക്കുകളിൽ കനത്ത പ്രഹർമേല്പ്പിച്ചുകൊണ്ട്‌ എഴുത്തുകാരികൾ വിവാഹത്തെ വിലയിരുത്തുന്നു. സുമംഗലിയായ സ്ത്രീയുടെ സ്നേഹാന്വേഷണത്തെ അവതരിപ്പിച്ചുകൊണ്ട്‌ മാധവിക്കുട്ടി വിവാഹബന്ധത്തിന്റെ പവിത്രതയെത്തന്നെ ചോദ്യം ചെയ്തു. പുരുഷസമൂഹം അവർക്കെതിരെ ആഞ്ഞടിച്ചു എന്നു മാത്രമല്ല അതിരു കടന്ന ലൈംഗികാഭിനിവേശമായി അതിനെ മുദ്ര കുത്തുകയും ചെയ്തു. അഗ്നിയുടെ ശക്തിയും ചൂടുമുള്ള അവരുടെ വാക്കുകൾ.“വിവാഹം രക്ഷിതാക്കൾ അടിക്കുന്ന ക്ഷണക്കത്തോ, ഒരു വീളക്കിനും ഒരു പറ നെല്ലിനും ചുറ്റും വലം വെക്കുന്ന പ്രദക്ഷിണമോ ഒരു ചുംബനത്തിന്റെ സ്മരണയൊ ഒന്നുമല്ല. അത്‌ മനസ്സിന്റെ ഒരു നിലയാണ്‌. രണ്ടാളുകൾ തമ്മിലുള്ള ഐക്യം,സ്നേഹം, വിശ്വാസം”സമൂഹത്തിന്റെ കാട്ടിക്കൂട്ടലുകളുടെ നിരർത്ഥകത ബോധ്യമാക്കുന്നു. “പരമേശ്വരൻ പതിനാറു ഗ്രാം സ്വർണ്ണത്തിന്റെ ചങ്ങലയുണ്ടാക്കി കഴുത്തില്ക്കെട്ടി എന്റെ അടിച്ചിറകുകൾ മുറിച്ചു” എന്ന പ്രഖ്യാപനത്തിലൂടെ ചന്ദ്രമതി താലിയുടെ സുരക്ഷിതത്വം എന്ന സാമൂഹ്യ അവകാശവാദത്തെ വെല്ലുവിളിക്കുന്നു.

എഴുത്ത്‌ എന്ന പ്രതിഭാസവും സ്ത്രീയും-അമ്മയും-കുടുംബിനിയും-ഉദ്യോഗസ്ഥയും-എഴുത്തുകാരിയുമായവളുടെ മാനസികലോകം അവളെങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്ന അന്വേശണം സ്ത്രീകളുടെ എഴുത്തിന്റെ പ്രധാന വിഷയമാണ്‌.ഇത്‌ വിശ്വസാഹിത്യത്തിൽത്തന്നെ എഴുത്തുകാരികളുടെ പ്രമേയമായിരുന്നു“എ റൂം ഓഫ് വൺസ് ഓൺ” എന്ന സങ്കല്പ്പത്തിലൂടെ വെർജീനിയാവുൾഫ് ഇതേ അവസ്ഥയാണ്  ആവിഷ്ക്കരിച്ചത്‌.