തിരഞ്ഞെടുത്ത ലേഖനങ്ങൾ,റിപ്പോർട്ടുകൾ,അഭിമുഖങ്ങൾ - വിഷ്ണുമംഗലം കുമാർ


                                                                   
ബി.ആർ.പി.ഭാസ്ക്കർ
മാധ്യമദൌത്യം
കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്ത്‌ ലോകമൊട്ടുക്ക് മാധ്യമപ്രവർത്തനം വലിയ മാറ്റങ്ങളാണ്‌ കണ്ടത്‌. മലയാള മാധ്യമരംഗവും ഈ കാലഘട്ടത്തിൽ ഏറെ  മാറി. പുതിയ സാങ്കേതികവിദ്യകളുടെ വരവാണ്‌ മാറ്റങ്ങൾക്ക് വഴി തെളിച്ചത്‌. നല്ല മാറ്റങ്ങളോടൊപ്പം ഈ കാലത്ത്  നല്ലതല്ലാത്ത മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്‌. അവയെ വേർതിരിച്ചറിയാൻ നമുക്കു കഴിയണം. എത്ര വലിയ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനില്ക്കുന്ന ,അഥവാ നിലനില്ക്കേണ്ട ഒന്നാണ്‌ മൂല്യബോധം. സത്യത്തെ മാനിക്കാനും നീതി പാലിക്കാനുമുള്ള മാധ്യമങ്ങളുടെ കടമയെ ഒരു സാങ്കേതിക വിദ്യക്കും അപ്രസക്തമാക്കാനാവില്ല. മാധ്യമപ്രവർത്തകർ പൊതു നന്മയെ മുൻനിർത്തി വസ്തുതകളെ വിലയിരുത്തുകയും അവതരിപ്പിക്കുകയും ചെയ്യണമെന്ന വിശ്വാസം കാലഹരണപ്പെടുന്നതല്ല.

വലിയ തോതിലുള്ള മാറ്റത്തിന്റെ കാലഘട്ടത്തിൽ മാറ്റം കൂടാതെ നിലനില്ക്കുന്ന തൊഴിൽ മൂല്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുള്ള മാധ്യമപ്രവർത്തകനാണ്‌ വിഷ്ണുമംഗലം കുമാർ. കേരളശബ്ദം ലേഖകനെന്ന നിലയിൽ കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലക്കാലത്ത്‌ അദ്ദേഹം എഴുതിയ അന്വേഷണാത്മക റിപ്പോർട്ടുകൾ അത്‌ സാക്ഷ്യപ്പെടുത്തുന്നു. നിരവധി അവകാശലംഘനങ്ങൾ അവയിലൂടെ തുറന്നുകാട്ടപ്പെട്ടു. ഇരകൾക്ക് നീതി നല്കാനുള്ള ആഹ്വാനം അവയിലൂടെ നാം കേട്ടു. കുമാറിന്റെ പത്രപ്രവർത്തനം വാരികയുടെ ചരിത്രം കൂടിയാണെന്ന്‌ കേരളശബ്ദം മാനേജിംഗ് എഡിറ്റർ ഡോ:ബി.എ.രാജകൃഷ്ണൻ വിലയിരുത്തുന്നു. ഇതിൽ കവിഞ്ഞ എന്ത്‌ പ്രശംസയാണ്‌ ഒരു ലേഖകന്‌ തന്റെ പത്രാധിപരിൽ നിന്ന്‌ ലഭിക്കാവുന്നത്‌!

പ്രസാധനം-കൈരളി ബുക്സ്
കണ്ണൂർ
കവർ ഡിസൈൻ-രാജേഷ് ചിഗുരു
വില-180രൂപ