അകലെ ഒരു ദീപം-7

ലക്ഷ്മി മേനോൻ

ഒരാഴ്ച്ച പെട്ടെന്നാണ്‌ നീങ്ങിയത്‌. അതിന്നിടയിൽ സതി തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാനായി രണ്ടു തവണ അവളുടെ വീട്ടിൽ പോയി. ഒരിക്കൽ മേഴ്സി അവിടെ ഉണ്ടായിരുന്നില്ല. അവൾ അവളുടെ അമ്മ വീട്ടിൽ പോയിരുന്നു.

മറ്റൊരിക്കൽ പോയപ്പോൽ തലവേദനയായി തീരെ സുഖമില്ലാതെ കിടക്കുകയാണെന്നു പറഞ്ഞ്‌ അവളോട്‌ സംസാരിക്കനവസരം നല്കാതെ മേഴ്സി അവളെ തിരിച്ചയച്ചു.
മേഴ്സിയുടെ ക്രൂരമായ പെരുമാറ്റം സതിക്ക്‌ വളരെ അസഹ്യമായി തോന്നി. ഒരിക്കലെങ്കിലും അവളുമായി ഉള്ളു തൂറന്ന്‌ ഒന്ന്‌ സംസാരിക്കാനവസരം ലഭിച്ചെങ്കിൽ ....സതി അത്മാർത്ഥമായി ആശിച്ചു.

ഒരിക്കൽ ബസ്സ്റ്റോപ്പിലും ചെന്നു.അപ്പോഴേക്കും അവൾ മറ്റൊരു ബസ്സിൽ കയറി പോയി.

തന്നിൽ നിന്നും ഇത്രമാത്രം അകലുവാൻമേഴ്സിയെ പ്രേരിപ്പിച്ചതെന്താണ്‌?അതു മാത്രമായിരുന്നു അവളുടെ അന്തരാത്മാവിൽ നിറഞ്ഞു നിന്നിരുന്നത്‌.

ലീവു കഴിഞ്ഞ്‌ അവൾ വിങ്ങുന്ന ഹൃദയവുമായി ആഫീസിലേക്കു പോയി. സഹപ്രവർത്തകർക്കിടയിൽ അവൾ ഇന്‍ വിറ്റേഷൻ കാർഡുകൾ വിതരണം ചെയ്തു. വെറുപ്പോടെയാണെങ്കിലും വിജയൻ പിള്ള സാറിന്റെ അടുത്തും അവൾക്കു പോകാതിരിക്കാൻ കഴിഞ്ഞില്ല. വെറുമൊരു ഭംഗിവാക്കിനു വേണ്ടി അവൾ പറഞ്ഞു,
സാറു വരണേ..
“ഓ..തീർച്ചയായും ഞാൻ വരും. സതി ഒട്ടും വിഷമിക്കണ്ട.” സുഗററ്റു കറ വീണ ചുണ്ടുകൾ അവളെ നോക്കി മന്ദഹസിച്ചു.
അവൾ മേഴ്സിയുടെ അടുത്തും എത്തി.
“മേഴ്സി എന്റെ വിവാഹത്തിന്‌ തീർച്ചയായും വരണം. അതിനു മുമ്പ്‌ എന്നോടുള്ള ദേഷ്യത്തിന്‌ കാരണമെന്തെന്നറിയിക്കുകയും വേണം.

അനുകമ്പ യാചിക്കുന്ന കൂട്ടുകാരിയുടെ വാക്കുകൾ മേഴ്സിയെ അല്പ്പം പോലും ഇളക്കിയില്ല.
തന്റെ വിവാഹക്ഷണക്കത്ത്‌ ഒന്ന്‌ തുറന്നുപോലും നോക്കുവാൻ അവൾ മിനക്കെടുന്നില്ല എന്ന സത്യം സതിയെ വല്ലാതെ വേദനിപ്പിച്ചു.

സാവിത്രി കിട്ടിയ ഉടൻ കവർ തുറന്നു നോക്കി. എന്തോ  അത്ഭുതം കാണുന്നതുപോലെ നോക്കുകയും ,ലില്ലിക്കുട്ടിയുടെ അടുത്തേക്കോടി കാതിൽ കുശുകുശുക്കുകയും ചെയ്തു. മേഴ്സി ഒഴികെ ബാക്കിയെല്ലാവരും കവർ തുറന്ന്‌ വായന തുടങ്ങി.

രാധാകൃഷ്ണൻ മാത്രം കവർ തുറന്നുനോക്കുന്നതിനു മുമ്പു തന്നെ അവളെ അനുമോദിച്ചു.

”വിഷ് യൂ ആൾ ദി ബെസ്റ്റ് ഓഫ് ലക്ക്" ഞാനിവിടെ ഉണ്ടെങ്കിൽ വിവാഹത്തിന്‌ തീർച്ചയായും വരും.

നിഷ്ക്കളങ്കമായ അയാളുടെ വാക്കുകൾ സതിയുടെ മനസ്സിലേക്കിറങ്ങിച്ചെന്നു.
ജോലി വിടുവാൻ ഉദ്ദേശിക്കുന്നത്‌ ആരോടും പറഞ്ഞില്ല. ആരും അതിനെപ്പറ്റി ചോദിച്ചതുമില്ല. വീണ്ടും രണ്ടാഴ്ച്ചത്തേക്കു കൂടി ലീവെഴുതിക്കൊടുത്ത്‌ അവിടെ നിന്നിറങ്ങുമ്പോൾ ,മേഴ്സി ഒന്നു വിളിച്ചെങ്കിൽ എന്നാശിച്ചു. പോയി.


ജോയിയെ ഒന്നു കാണുവാനും ക്ഷണക്കത്ത്‌ കൊടുക്കുവാനും അവൾ ആഗ്രഹിച്ചു.

ഫോണിൽ വിളിച്ചാലോ, പെട്ടെന്നു തന്നെ ആ ആഗ്രഹം വേണ്ടെന്നു വെച്ചു് പോസ്റ്റോഫീസിൽ കയറി  ഇന്‍വിറ്റേഷൻ കാർഡ് ജോയിയുടെ അഡ്രെസ്സെഴുതി പോസ്റ്റ് ചെയ്തു.

ബസ്സിറങ്ങി കൊന്നകൾ പൂത്തുനില്ക്കുന്ന ഇടവഴിയിലൂടെ നടക്കുമ്പോൾ അവളോർത്തു,വിജയൻപിള്ള സാർ പറഞ്ഞതെന്താണ്‌?സതിയുടെ ബോയ്ഫ്രണ്ടിന്റെ ഫോൺ രണ്ടുമൂന്നു തവണ വന്നിരുന്നുവെന്ന്‌,ആരെയാണാവോ ബോയ്ഫ്രണ്ടെന്നുദ്ദേശിച്ചത്‌.അയാളോടുള്ള വൈരാഗ്യം കൊണ്ട്‌ ചോദിക്കാനും തോന്നിയില്ല. ബോയ്ഫ്രണ്ടായിട്ട് തനിക്കാരുമില്ലല്ലൊ.

മുരളിച്ചേട്ടനായിരിക്കുമോ?അല്ലാതെ ആരായിരിക്കും ഫോണിൽ തന്നെ വിളിക്കുന്നത്‌? വിവാഹനിശ്ച്ചയം കഴിഞ്ഞതല്ലെ?എന്തെങ്കിലും ചോദിക്കാനായിരിക്കാം. നമ്പർ തന്നിരുന്നെങ്കിൽ ഒന്നു വി ളിച്ചു ചോദിക്കാമായിരുന്നു. എന്തൊരു മഠയത്തരമാണ്‌ താൻ കാട്ടിയത്‌! വിജയൻ പിള്ള സാറിനോട്‌ കൂടുതൽ ചോദിക്കാമായിരുന്നു.

പല വിധ ചിന്തകളുമായി നടക്കുമ്പോൾ പെട്ടെന്നാണ്‌ ജോയി സൈക്കിളിൽ വന്നെത്തിയത്‌.
”എവിടെയായിരുന്നു ഇത്ര നാളും? ഞാൻ രണ്ടു തവണ ഫോൺ ചെയ്തപ്പോൾ സതി ലീവിലാണെന്നാരോ പറഞ്ഞു.

“എനിക്കോ..?പ്രത്യേകിച്ചെന്തെങ്കിലും?

ഞാൻ മേഴ്സിയെ വിളിച്ചതായിരുന്നു. അവളെ കിട്ടിയതേയില്ല. അപ്പോൾ സതിയോടൊന്നന്വേഷിക്കാമെന്നു കരുതി.

മേഴ്സി ഓഫീസിൽ വന്നിരുന്നുവല്ലൊ. ഞാൻ ഒരാഴ്ച്ച ലീവിലായിരുന്നു. ഇന്ന്‌ വീണ്ടും രണ്ടാഴ്ച്ചത്തേക്ക് കൂടി ലീവെഴുതിക്കൊടുത്തു.

മേഴ്സി ആഫീസിൽ പോയിരുന്നുവെന്നോ?എന്നിട്ടെന്തേ ഞാൻ വിളിച്ചപ്പോൾ വരാതിരുന്നത്‌. ജോയിയുടെ ശബ്ദം ഇടറിയിരുന്നു.
അത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഫോണിൽ പോലും തന്നെ അകറ്റാൻ അവൾ ശ്രമിക്കുന്നതെന്താണെന്ന്‌ ആ ചെറുപ്പക്കാരന്‌ മനസ്സിലായില്ല. ”ഈയിടെയായി മേഴ്സിയെ പള്ളിയിലും കാണാറില്ല. മേഴ്സിക്കെന്തു പറ്റിയെന്ന്‌ എനിക്ക്‌ മനസ്സിലാവുന്നില്ല. “തീരെ നിരാശനായ ഒരു കാമുകന്റെ സ്വരമായിരുന്നു അത്‌.
സതിയുമായുള്ള പിണക്കം തീർന്നില്ലേ?
മറുപടി പറയാനാകാതെ സതി മുഖം കുനിച്ചു.
“മേഴ്സിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു”.അയാൾ ആരോടെന്നില്ലാതെ പറഞ്ഞു, ഒരു നിമിഷം കഴിഞ്ഞ് ‌ അയാൾ സൈക്കിൾ ചവിട്ടി പോകാനൊരുങ്ങുമ്പോള്‍  സതി പറഞ്ഞു,
ഞാനെന്റെ വെഡ്ഡിംഗ് ഇന്‍വിറ്റേഷൻ കാർഡ് ജോയിയുടെ കമ്പനി അഡ്രസ്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്‌. നേരിട്ട് വന്ന് ക്ഷണിക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു.

നേരിട്ട് ക്ഷണിച്ചില്ലെങ്കിലും ഞാൻ കല്യാണത്തിന്‌ വരും സതി. എന്റെ മേഴ്സിയുടെ പിണക്കമൊന്ന്‌ അപ്പോഴേക്കും മാറിയാൽ മതിയായിരുന്നു.

ജോയിയുടെ സൈക്കിൾ കണ്ണിൽ നിന്നും മറയുന്നതുവരെ അവൾ നോക്കിനിന്നു.

മേഴ്സിയെക്കുറിച്ചോ​‍ര്‍ത്തപ്പോൾ അവൾക്ക് വല്ലാത്ത ദുഃഖം തോന്നി. സ്നേഹിക്കാൻ മാത്രമറിയാവുന്ന കാമുകനെപോലും വെറുക്കുവാൻ അവൾക്കെങ്ങിനെ കഴിഞ്ഞു?

എത്രയോ ആലോചനകൾക്കു ശേഷം ശരിപ്പെട്ട കല്യാണത്തിൽ സന്തോഷിക്കാനാകാതെ നീറുന്ന മനസ്സുമായി അവൾ വീട്ടിലേക്കു നടന്നു.