കാറ്റു നിലച്ചപ്പോൾ




വായുപുത്രനായ ഹനുമാൻ കുഞ്ഞായിരിക്കുന്ന സമയം. ഒരു ദിവസം ആ കുഞ്ഞ്‌ മാനത്ത്‌ കത്തിജ്ജ്വലിച്ചുനില്ക്കുന്ന സൂര്യനെ കണ്ട്‌ തൊണ്ടിപ്പഴമാണെന്നു കരുതി അതു തിന്നുവാനായി ആകാശത്തിലേക്ക് കുതിച്ചു. അടുത്തെത്തിയപ്പോഴാണ്‌ അതിനേക്കാൾ നല്ലൊരു പഴം ഹനുമാൻ കണ്ടത്‌. സൂര്യനെ വിഴുങ്ങുവാൻ വന്ന രാഹുവായിരുന്നു അത്‌.എന്തായാലും രാഹുവിന്‌ നേരെയായി ഹനുമാന്റെ യാത്ര. അതു കണ്ടു  ഭയന്ന രാഹു ഇന്ദ്രനെ വിളിച്ചു പ്രാർത്ഥിച്ചു. രാഹുവിന്റെ സഹായത്തിനായി ഇന്ദ്രൻ ഐരാവതത്തിന്റെ പുറത്തു കയറി അവിടെയെത്തി. ഐരാവതത്തെ കണ്ടപ്പോൾ അതിനോടായി ഹനുമാന്റെ കൊതി. അതു കണ്ടു  കോപിഷ്ഠനായ ഇന്ദ്രൻ വജ്രായുധം കൊണ്ടു ഹനുമാനെ വെട്ടി താഴേക്ക് തള്ളിയിട്ടു. തന്റെ മകൻ ഭൂമിയിലേക്ക് പതിക്കുന്നതു കണ്ട വായുഭഗവാൻ കൈകൾ കൊണ്ട്‌ അവനെ താങ്ങിയെടുത്തു.എന്നിട്ട്‌ ഹനുമാനേയും കൊണ്ട്‌ പാതാളത്തിൽ പോയി. അവിടെ ആ കുഞ്ഞിനെ ശുശ്രൂഷിച്ചുകൊണ്ട്‌ കുറേ സമയം ഭഗവാൻ കഴിഞ്ഞുകൂടി. ഫലമോ ഭൂമിയിൽ വായു ഇല്ലാതായി. ഇന്നത്തെ ഭാഷയിൽ വായുവിന്റെ ഒരു മിന്നല്‍ പ്പണി മുടക്ക്. വായു നിലച്ചപ്പോൾ ഊണു കഴിച്ചുകൊണ്ടിരുന്നവൻ വായ് തുറന്ന്‌കൊണ്ടു് തന്നെയിരുന്നു. നില്ക്കുന്നവരൊക്കെ നില്‍ക്കുകയും, ഇരിക്കുന്നവരൊക്കെ ഇരിക്കുകയും ചെയ്തു. ഓടിക്കൊണ്ടിരുന്നവൻ ഓടുന്ന രൂപത്തിൽ തന്നെ. ചാടാൻ തുടങ്ങിയവരിൽ ചിലരുടെ സ്ഥാനം അന്തരീക്ഷത്തിലായി.നമ്പ്യാരുടെ ഭാഷയിൽ

“ഉണ്ടിരിക്കുന്നവൻ കയ്യാലുരുളയും 
വെച്ചങ്ങു വായും പിളർന്നു വാണിടുന്നു
കണ്ടിരിക്കുന്നവൻ കണ്ണു തുറന്നൊരു
കൽപ്പാവപോലെയനങ്ങാതിരിക്കുന്നു
മുങ്ങുന്ന ചങ്ങാതി മുങ്ങിക്കിടക്കുന്നു
തെങ്ങുകേറുന്നവൻ തെങ്ങേലിരിക്കുന്നു”
വെള്ളം  തളിച്ചു മന്ത്രം പറഞ്ഞുകൊണ്ടിരുന്ന പൂജാരിയുടെ കൈക്കുമ്പിൾ അങ്ങനെ ഉയർന്നുതന്നെയിരുന്നു. തുള്ളികൾ അന്തരീക്ഷത്തിൽ തങ്ങിനിന്നു. കെട്ടിപിടിച്ചിരുന്നവർ കെട്ടപ്പെട്ടതുപോലെയായി.........