എഡിറ്റോറിയൽ


                                                      “എമർജിംഗ് കേരള”
കേരളത്തിന്റെ ഉയിർപ്പ് അഥവാ ഉദയം ഏതൊരു കേരളീയനേയും ആവേശഭരിതനാക്കുന്നുണ്ട്‌. പക്ഷേ, ഈ മുദ്രാവാക്യത്തിന്റെ ഉറവിടം, അതിന്റെ ഉദ്ദേശശുദ്ധി എന്നിവ ഭൂതക്കണ്ണാടി വെച്ച്‌ പരിശോധിക്കാതെ, ഈ പദ്ധതിയോട്‌ യോജിക്കാനോ, വിയോജിക്കാനോ കഴിയില്ല. ഭരണകൂട താല്‍പ്പര്യങ്ങൾ പലപ്പോഴും ജനവിരുദ്ധവും ചൂഷണാധിഷ്ഠിതവുമായ ചരിത്രം മുന്നിലുണ്ടല്ലൊ.

വികസനം തീർച്ചയായുംവേണം, തർക്കമില്ല. നമ്മുടെ വികസനം കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലും അധിഷ്ഠിതമാണ്‌. നെല്‍ വയലുകളും, കായലുകളും, വിശാലമായ കടൽ തീരങ്ങളും, ഹരിതവനങ്ങളും  നമുക്ക്‌ കൈവന്നത്‌ പ്രകൃതിയുടെ അഭിമാനമായിട്ടാണ്‌. മറ്റുപല വികസിത രാഷ്ട്രങ്ങളും പ്രകൃതിവിഭവങ്ങളെ കൊള്ളയടിച്ചതിന്റെ ദുരന്തഫലം അനുഭവിക്കുന്നുണ്ട്‌. അറിഞ്ഞു കൊണ്ട്‌ ഈ പ്രകൃതിവിഭവങ്ങളെ അമിത ചൂഷണവിധേയമാക്കാൻ നാം അനുവദി ക്കാതിരുന്നാല്‍  നമ്മുടെ പ്രകൃതി സമ്പത്തിനെ പൂർണ്ണമായും മുതലാളിത്തവികസന താല്‍പ്പര്യ ങ്ങൾക്ക് തീറെഴുതി ക്കൊടുത്തുകൊണ്ടാണ്‌ ഈ എമർജിംഗ് കേരള എന്ന പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്‌ എന്ന വിമർശനം ഗൌരവമായി ഉയർന്നുവരുന്നുണ്ട്‌. 

ഭൂപരിഷ്ക്കരണത്തിലൂടെ കേരളം നേടിയെടുത്ത നേട്ടങ്ങളെ പരിപൂർണ്ണമായും അട്ടിമറിക്കാനുള്ള ശ്രമം ഇതിനു മുന്നിലുണ്ട്‌ എന്ന വിമർശനവും ശ്രദ്ധിക്കേണ്ടതുണ്ട്‌. ഭൂമാഫിയ കേരള ഭൂമിയെ കയ്യിലടക്കി,കൃഷിയിടങ്ങളിൽനിന്നും കൃഷിക്കാരനേയും കർഷകത്തൊഴിലാളിയേയും ആട്ടിയോടിച്ചു കൊണ്ടിരിക്കുന്ന ഈ ആഗോളവല്‍ക്കൃത സാഹചര്യത്തിൽ, കേരളീയർ എങ്ങിനെ എമെർജ് ചെയ്യും?

ഭരണകഷി എം.എൽ.എ,  ടി.എൻ. പ്രതാപന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം, 
“തീർച്ചയായും കേരളം എമേർജ് ചെയ്യണം.
ടി എന്‍ പ്രതാപന്‍ 
 ലോകത്തിനു മുന്നിൽ ഉദയം ചെയ്യണം. 
സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ ഉണർന്നെണീക്കണം. 
പക്ഷേ, അത്‌ പരിസ്ഥിതിയെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടാകരുത്‌.
പാർശ്വവല്ക്കരിക്കപ്പെടുന്ന ഒരു വലിയസമൂഹം 
കേരളത്തിലുണ്ട്‌. 
ആദിവാസികളും ദളിതരും പിന്നോക്ക വിഭാഗക്കാരും 
തീരദേശങ്ങളിലെ മൽസ്യത്തൊഴിലാളികളടക്കം 
നിശ്ശബ്ദരാക്കപ്പെട്ടവർ, പതിനായിരങ്ങള്‍ ! 
അവരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനും അവസരസമത്വം  സൃഷ്ടിക്കാനും ഉതകുന്നതാകണം എമെർജിംഗ് കേരള! 
ഈ ലക്ഷ്യപ്രാപ്തിക്കെതിരെ നില്ക്കുന്ന ഏതു നീക്കങ്ങളേയും ചെറുത്തുതോല്പ്പിക്കണം." 

സി.പി.എം സംസ്ഥാനസെക്രട്ടറി 
പിണറായി വിജയൻ പറയുന്നു,
”റിയൽ എസ്റ്റേറ്റുകാർക്കും,
സമ്പന്നർക്കും നാടിന്റെ സമ്പത്ത്‌ 
 പിണറായി വിജയൻ
തീറെഴുതികൊടുക്കാനുള്ളതാണ്‌ 
ഈ പദ്ധതി. ഈ കൊള്ളയടിപ്പരിപാടിക്ക് 
പിന്നിൽ വൻ അഴിമതിയുണ്ട്‌.
വികസനം വേണ്ടെന്നോ,
സ്വകാര്യമൂലധനം വേണ്ടെന്നോ പറയുന്നില്ല. 
പരമ്പരാഗത വ്യവസായ മേഖലയേയും,
 പൊതുമേഖലയേയും സംരക്ഷിച്ചുകൊണ്ടുള്ള 
നടപടികളാണ്‌ ഉണ്ടാവേണ്ടത്. 
അടിസ്ഥാനപ്രശ്നങ്ങളെ 
പരിഗണിക്കുന്നില്ലായെന്നതാണ്‌ 
ഈ പദ്ധതിയുടെ ഏറ്റവും വലിയ ന്യൂനത.
അമേരിക്കൻ സ്ഥാനപതിയെ 
എമെർജിംഗ് കേരളയുടെ ചടങ്ങിലെ 
വിശിഷ്ടാതിഥിയാക്കിയതിൽ ഗൂഢലക്ഷ്യമുണ്ട്‌. 
അമേരിക്കൻ സ്ഥാനപതി, 
ബംഗാളിൽ, 
കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി  ഇടപെടുന്നുണ്ട്‌,
അവർ ഇവിടെ വരുന്നതും 
മൂലധനശക്തികൾക്ക് 
നമ്മുടെ വികസനത്തെ അടിയറ വെക്കാനാണ്‌."

ഇത്രയും ഗുരുതരമായ വിമർശനങ്ങളുയർന്ന ഈ പദ്ധതി പിന്‍വലിക്കണമെന്നാരും പറയുന്നില്ല. എന്നാൽ വികസനമെന്നത്‌ ഏതാനും കുത്തകകളുടെ താല്പ്പര്യങ്ങൾക്ക് വേണ്ടി ജനസഞ്ചയത്തെ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കാനല്ലെന്നും, ജനതയുടെ വിശേഷിച്ച്‌ അടിസ്ഥാനവിഭാഗ ങ്ങളുടെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട്‌, പരിസ്ഥിതിക്ക് വിഘാതം സൃഷ്ടിക്കാതെ ആയിരി ക്കുകയും വേണം.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളജനതയുടെ ഭരണ കര്‍ത്താവാണ്,  കുത്തക താല്പ്പര്യ ത്തെക്കള്‍ ജനകീയ താല്പര്യത്തിനാണ് ഭരണകര്‍ത്താവ് മുന്‍ഗണന നല്‍കേണ്ടതെന്ന് ജനം പ്രതീക്ഷിക്കുന്നു. ഭരണ കക്ഷിയില്‍ തന്നെ ഭിന്ന സ്വരം ഉയരുമ്പോള്‍ അതിന്റെ ശുദ്ധിയില്‍ സംശയിക്കേണ്ടി വരുന്നു. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പട്ട  ഒരു സര്‍ക്കാരിനു  ജനതാല്പ്പര്യത്തെ തള്ളിക്കളഞ്ഞു കൊണ്ട്‌ മുന്നോട്ടു പോകാനാകില്ല എന്നതും  ഓർക്കേണ്ടതുണ്ട്‌.

-മാനേജിംഗ് എഡിറ്റര്‍