![]() |
ഉമ്മൻചാണ്ടി |
നീണ്ട കാത്തിരിപ്പിനുശേഷം മലയാളം സർവകലാശാലയെന്ന സ്വപ്നം പൂവണിയുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജനെഴുത്തച്ഛന്റെ ഓർമ്മകൾ ചിതറികിടക്കുന്ന തിരൂരിൽ തന്നെ കേരളപ്പിറവി ദിനത്തിൽ ഈ സർവകലാശാല തുടങ്ങാനായതിൽ നമുക്കെല്ലാം അഭിമാനിക്കാം.
പഴക്കത്തിന്റെ കാര്യത്തിലും പ്രാചീനസാഹിത്യത്തിലും തനതായ
സാഹിത്യപാരമ്പര്യത്തിലും മലയാളത്തിന് അനിഷേധ്യമായ സ്ഥാനമുണ്ട്. വാമൊഴിയിലൂടേയും
വരമൊഴിയിലൂടെയും മലയാളഭാഷ ക്രമാനുഗതമായ വളർച്ച നേടിയെടുത്തു. തുഞ്ചത്തു
എഴുത്തച്ഛനിലൂടെയാണ് മലയാളഭാഷ അതിന്റെ ആധുനിക കാലഘട്ടത്തിലേക്കു കടന്നത്.
വട്ടെഴുത്തിനു പകരം മലയാളം ലിപികളുടെ ആവിർഭാവം, കിളിപ്പാട്ടിലൂടേയുള്ള
കാവ്യരചനാരീതി തുടങ്ങിയവയിലൂടെ മലയാള ഭാഷയ്ക്കു പുതിയൊരു ഭാവുകത്വം നല്കാൻ
എഴുത്തച്ഛനു സാധിച്ചു.
മലയാളത്തിൽ നിന്നു അകന്നു മാറി പുതിയ തലമുറ വളരുകയാണ്. സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നുകയറുന്നു. ആശയവിനിമയം സാങ്കേതികവല്ക്കരിക്കപ്പെടുമ്പോൾ അതിനനുസൃതമായി ഭാഷ മാറുന്നില്ല. ഇംഗ്ളീഷ് മാധ്യമത്തിലുള്ള പഠനത്തോടുള്ള ആസക്തിയും മലയാളം മാധ്യമത്തിലുള്ള പഠനത്തോടുള്ള വിരക്തിയും ഒരു സമസ്യയായി നമ്മുടെ മുന്നിലുണ്ട്.
മലയാളത്തിൽ നിന്നു അകന്നു മാറി പുതിയ തലമുറ വളരുകയാണ്. സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നുകയറുന്നു. ആശയവിനിമയം സാങ്കേതികവല്ക്കരിക്കപ്പെടുമ്പോൾ അതിനനുസൃതമായി ഭാഷ മാറുന്നില്ല. ഇംഗ്ളീഷ് മാധ്യമത്തിലുള്ള പഠനത്തോടുള്ള ആസക്തിയും മലയാളം മാധ്യമത്തിലുള്ള പഠനത്തോടുള്ള വിരക്തിയും ഒരു സമസ്യയായി നമ്മുടെ മുന്നിലുണ്ട്.
അച്ചടി നശിക്കുന്നു, വായന ഇല്ലാതാകുന്നു, മലയാളം വേണ്ടാതാകുന്നു തുടങ്ങിയ നിലവിളികൾ നമുക്കു ചുറ്റും ഉയരുന്നു. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിക്കാനുള്ള ശ്രമങ്ങൾ വൈകാതെ ഫലമണിയുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ടാണ് ഇപ്പോൾ മലയാളം സർവകലാശാല യാഥാർഥ്യമാകുന്നത്.
സംസ്ഥാനത്തെ എട്ടാമത്തെ സർവകലാശാലയാണ് മലയാളം സർവകലാശാല. പരമ്പരാഗതരീതിയിൽ നിന്നു വിട്ടുമാറി ഭാഷയിലും സംസ്ക്കാരത്തിലും ഉള്ള സാരവത്തായ പഠനത്തിനും ഗവേഷണത്തിനും കളമൊരുക്കുകയെന്ന ലക്ഷ്യമാണ് മലയാള സര്‍വ്വകലാശാലക്കുള്ളത്.
യശ്ശസ്സുയരണം, മലയാളത്തിൽ
മഹാകവി അക്കിത്തം
മലയാളഭാഷക്ക് ആത്മാഭിമാനം വീണ്ടെടുക്കാൻ ഈ സര്‍വകലാശാല പ്രയോജനപ്പെടണം.സാങ്കേതികമായി എല്ലാ ഭാഷകളും നമുക്ക് ആവശ്യമാണ്. അതുകൊണ്ടു തന്നെ എല്ലാ ഭാഷകളും പഠിപ്പിക്കാനുള്ള വേദി ഇവിടെ ഒരുക്കണം.മലയാള ഭാഷയെ വികലമാക്കുന്ന അവസ്ഥക്കു പരിഹാരം കാണണം. അമ്മയുടെ മുലപ്പാൽ പോലെ മലയാളഭാഷയെ ശക്തമാക്കാൻ ഈ സര്‍വ്വ കലാശാല ഉപകരിക്കണം.
ഡോ:എം.ലീലാവതി
നമ്മുടെ ഭാഷയുടെ പെരുമ ലോകത്തെ അറിയിക്കാനുള്ള ചുമതലയാണ് മലയാളസര്‍വ്വ കലാശാല നിർവഹിക്കേണ്ടത്. മൂന്നരക്കോടി ജനങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷയാണെങ്കിലും മലയാളം ദേശീയതലത്തിൽ രണ്ടാമതല്ല.
സാഹിത്യ സാംസ്ക്കാരിക മേഖലകളിൽ ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടുന്ന ബംഗാൾ,ഹിന്ദി ഭാഷകൾക്കൊപ്പം മലയാളവും എത്തുന്നുണ്ട്. പക്ഷേ,അതേക്കുറിച്ച് മറ്റു സംസ്ഥാനക്കാർക്കു പോലും കാര്യമായി അറിവില്ല. കേരളത്തിൽ ഭാഷ മാത്രമല്ല, സാംസ്ക്കാരികത്തനിമ കൂടി വികസിപ്പിക്കാനുള്ള കേന്ദ്രമായി മലയാളം സർവകലാശാല മാറണമെന്നാണ് ആഗ്രഹം. നമ്മുടെ തനതായ എത്രയോ കലാരൂപങ്ങൾ ഉണ്ട് . അവയെ സംരക്ഷിക്കുന്ന ചുമതല സര്‍വ്വകലാശാല ഏറ്റെടുക്കണം. കലാസംരക്ഷണം വികസന കേന്ദ്രമായി സര്‍വ്വകലാശാല വളരണം.
എം.എ.കോഴ്സുകൾ നടത്താനുള്ള ഒരു സ്ഥാപനം മാത്രമായി സര്‍വ്വകലാശാല ഒതുങ്ങിപ്പോവരുത്.
സി.രാധാകൃഷ്ണൻ
ഐക്യകേരളം പിറന്നിട്ട് അര നൂറ്റാണ്ടിലേറെയായെങ്കിലും സാംസ്ക്കാരികമായ ഐക്യം ഇനിയും പിറക്കാനിരിക്കുന്നതേയുള്ളു. ജാതിമതകക്ഷിദേശകാലഭേദങ്ങൾക്കതീതമായ ഒരു സാർവലൌകിക സംസ്ക്കാരം മലയാളക്കരയുടെ സവിശേഷതയാണ്. മലയാളം പഠിച്ചാൽ ഏതു ഭാഷയും പഠിക്കാൻ പ്രത്യേക കഴിവുണ്ടാകുന്നു. ഈ സംസ്കൃതി കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രമായിരിക്കണം മലയാള സര്‍വ്വകലാശാല.
മലയാള മനോരമ പത്രത്തിനോട് കടപ്പാട്`