മാതൃഭാഷയെ അവഗണിക്കുന്ന സംസ്ക്കാരം മലയാളിക്കു ചേർന്നതല്ല



പുനത്തിൽ കുഞ്ഞബ്ദുള്ള


മാതൃഭാഷയെ അവഗണിക്കുന്ന സംസ്ക്കാരം മാറ്റാൻ മലയാളി സമൂഹം തയ്യാറാകണം. ഒരു ദിവസം ഒരു ഭാഷ മരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. മാതൃഭാഷയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കടമയും നമുക്കുണ്ടെന്നു മലയാളി വിസ്മരിക്കരുത്‌.

ഭാഷയും സംസ്ക്കാരവും പ്രചരിപ്പിക്കുന്നതിനുവേണ്ടി പ്രവാസി മലയാളിയുടെ പ്രയത്നങ്ങൾ പ്രശം സനീയമാണ്‌. മലയാളം അറിയാത്ത മറുനാടൻ മലയാളി കുട്ടികളെ  ഭാഷ പഠിപ്പിക്കുന്നതിനു വേണ്ടി പ്രവാസിസംഘടനകളും സമാജങ്ങളും അനുകരണീയ പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. മലയാള ത്തെ പ്രാണവായുവിനെപ്പോലെ സ്വന്തം ശരീരത്തിൽ ചേർത്തു പിടിക്കുന്നവരാണ്‌ പ്രവാസികൾ. 

കേരളത്തിൽ മലയാളഭാഷയെ വിസ്മരിക്കുന്ന വലിയൊരു സമൂഹം വളർന്നുവരുന്നു. മലയാളം അറിയില്ലെന്ന്‌ നടിക്കുന്നവർ കേരളത്തിൽ ഏറെയാണ്‌. കേരളത്തിന്റെ സാമ്പത്തിക ഉന്നതിക്കും ഭൗതികവികസനത്തിനും മറുനാടൻ മലയാളികൾ നല്കിയ സംഭാവനകൾ മഹത്തരമാണ്‌. പൂന്തോട്ടനഗരമായ ബാംഗ്ളൂരിലെത്തിയ മലയാളി സമൂഹം കേരളത്തിലെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ നിർണ്ണായകപങ്കു വഹിച്ചവരാണെന്നും പുനത്തിൽ കുഞ്ഞബ്ദുളള  അഭിപ്രായപ്പെട്ടു.

കേരളസമാജം അൾസൂർ സോൺ സംഘടിപ്പിച്ച കന്നഡ രാജ്യോൽസവം ഓണാഘോഷ ചടങ്ങുകൾ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസമാജം അൾസൂർ സോൺ ചെയർമാൻ കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കന്നട എഴുത്തുകാരി ഡോ:ആശാദേവി മുഖ്യാതിഥിയായിരുന്നു. വിവർത്തകനും എഴുത്തുകാരനും ആയ  കെ.കെ ഗംഗാധരനെ ആദരിച്ചു.


 കേരളസമാജം പ്രസിഡണ്ട്‌ സി.പി.രാധാകൃഷ്ണൻ,
വൈസ് പ്രസിഡണ്ട്‌ സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി റെജികുമാർ,
അൾസൂർ സോൺ കൺവീനർ ബി.രാജശേഖരൻ,
വൈസ് ചെയർമാൻ രാഘവൻ നായർ,എന്നിവർ സംസാരിച്ചു.
 സമാജം അംഗങ്ങളുടേയും കുടുംബാംഗ ങ്ങളുടേയും കലാപരിപാടികൾ അരങ്ങേറി. 
നീലേശ്വരം രാജേഷ് മാരാരും സംഘവും അവതരിപ്പിച്ച ചെണ്ട മേളം, നാദം ഓക്കസ്ട്രയുടെ ഗാനമേള, കോഴിക്കോട്‌ അപ്പുക്കുട്ടി ആശാൻ തിറയാട്ട് സമിതിയുടെ നാഗകാളി തിറയാട്ട് എന്നിവ പരിപാടികൾക്കു മാറ്റു കൂട്ടി.