ഉഷ.എന്‍. ശര്‍മ്മ
ശ്ശോ.... എന്തൊരു മഴയാണിത്...? കൂട്ടത്തില്‍ കട്ടപിടിച്ച ഇരുട്ടും.
എവിടെയോ
കത്തുന്ന ആ മങ്ങിയ ലൈറ്റിനും ഈ ഇരുട്ടിനെ നീക്കാനാവുന്നില്ല. മഴ കാരണമുള്ള
നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഞാനിതിപ്പോള്‍ എവിടെയാണോ ആവോ...?
ഇവിടെയെങ്ങും ആരുമില്ലേ എന്നറിയാന്‍ തലപൊക്കി നോക്കണമെന്നുണ്ട്. പക്ഷെ
ഇപ്പോള്‍ വയ്യാ.... പിന്നെ നോക്കാം. ഇങ്ങിനെ ചെരിഞ്ഞു കിടക്കാന്‍
തന്നെയാണിപ്പോള്‍ തോന്നുന്നത്. ഇതിപ്പോള്‍ ആയിരിക്കുമോ.... പകലോ അതോ
രാത്രിയോ.... ഈ മഴയും ഇരുട്ടും പിന്നെ വിശപ്പും തളര്‍ച്ചയും കൊണ്ട് ഒന്നും
മനസ്സിലാവുന്നില്ല. കുറച്ച് വെളിച്ചമാവട്ടെ, എന്നിട്ടെഴുന്നേല്‍ക്കാന്‍
ശ്രമക്കാം. സൂര്യവെളിച്ചം ഉടനെയൊന്നും ഭൂമിയിലെത്തുമെന്ന് തോന്നുന്നില്ല.
എത്രയോ ട്രെയിനുകള്‍ മാറിമാറിക്കയറി താനിപ്പോള്‍ ലോകത്തിന്റെ ഏതു കോണിലാണോ
ആവോ...? ക്ഷീണിച്ചവശയായി വിശപ്പും വേദനയും കൊണ്ട് തളര്‍ന്നു കിടന്ന തന്നെ
ഇവിടെയെത്തിയപ്പോള്‍ കുറെപ്പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം
ഇറക്കിവിട്ടതാണ്. ചിലരെല്ലാം കാലുകൊണ്ടും ചെരിപ്പുകൊണ്ടും ചവിട്ടിയും
തൊഴിച്ചും ഉരുട്ടിയും തന്നെ താഴോട്ട് തള്ളിയിട്ടെന്ന് പറയുന്നതാവും ശരി.
അപ്പോഴും ഒരുപാടൊരുപാട് നോവോടെ, എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കിടന്നു.
ഞാനിതെല്ലാം ആരോടു പറയാന്‍? എനിക്കിപ്പോള്‍ ചെറിയ ഭയം തോന്നുന്നുണ്ടോ....?
ഏയ്.... സാധ്യതയില്.... കാരണം, ഇതിപ്പോ പതിവായിട്ട് നാളു കുറെയായില്ലേ...?
എന്നാലും ഒരു ഭയം..... എനിക്കറിയില്.... ഇനി ഉവ്#െന്നും ഇല്ലെന്നും
പറയാന്‍ എനിക്ക് നാവുമില്ലല്ലോ! അടുത്തടുത്തേക്ക് വരുന്ന രൂപം
പോലീസിന്റേതാകുമോ? ഒരുപക്ഷെ എന്നെ ഇപ്പോള്‍ തന്നെ ഇവിടെനിന്നും
അടിച്ചോടിക്കുമോ ആവോ...? എഴുന്നേറ്റോടാമെന്നുവെച്ചാല്‍ മേലാസകലമുള്ള വേദന,
തളര്‍ച്ച പിന്നെ വിശപ്പും കാരണം പറ്റുകയുമില്. എന്തുചെയ്യാം.... സഹിക്കുക
തന്നെ.... ഞാനിതാരോടു പറയാന്‍? എന്റെ വേദന, എന്റെ സങ്കടം.... ദൈവമേ.... നീ
കാണുന്നില്ലേ....? എനിക്ക് വിശന്നിട്ടുവയ്യ.... തണുപ്പാണെങ്കില്‍ അതിലേറെ
അസഹ്യം. ഇവിടെ എവിടെയെങ്കിലും പൈപ്പ് കാണുമോ ആവോ....? അതില്‍ വെള്ള
ഉണ്ടായാല്‍ മതിയായിരുന്നു. എഴുന്നേറ്റ് നോക്കണം. രണ്ടുദിവസമായി വണ്ടിയിലെ
പൈപ്പുവെള്ളവും ഏതോ ഒരുകുട്ടി കനിഞ്ഞു തന്ന റൊട്ടിക്കഷണവും മാത്രമായിരുന്നു
ശരണം. വയറെരിയുന്നു, കാല് തളരുന്നു, തല ചുറ്റുന്നതുപോലെ.... വയ്യാ....
അതുകൊണ്ട് കുറച്ചുനേരം കൂടി ഇങ്ങിനെ കിടക്കാം... അല്ലേ....
കുറച്ചാളുകള്‍ ധൃതിയില്‍ എങ്ങോട്ടോ പോകുന്നത് നിഴലുപോലെ കാണുന്നുണ്ട്.
തന്നെ തടഞ്ഞ് അവര്‍ പാളത്തിലേക്ക് വീഴാതിരുന്നാല്‍ മതിയായിരുന്നു. അടുത്ത
വണ്ടി പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണവര്‍... എങ്ങോട്ടാവും ഇവരെല്ലാം
എന്നും പോകുന്നത്....? തനിക്കുമാത്രം എവിടെയും പോകാനുമില്ലല്ലോ ഈശ്വരാ.... ഈ
ദൈവം എന്തിനാവും പളപളതിളങ്ങുന്ന ഉടുപ്പുകള്‍, പുത്തന്‍ കാറുകള്‍,
ആടയാഭരണങ്ങള്‍ എന്നുവേണ്ട ആഗ്രഹിക്കുന്നതെന്തും കൈവിരല്‍ത്തുമ്പത്ത്
എത്തിച്ചുകൊടുത്ത് കുറെപ്പേര സൃഷ്ടിച്ചത്...? ഒന്നുമില്ലാതെ, ജീവിക്കണമെന്ന
ആഗ്രഹം പോലുമില്ലാതെ, ആഴത്തിലുള്ള മടുപ്പുമാത്രമുള്ള ഞങ്ങളെപ്പോലെയുള്ള
കുറച്ചാളുകളുണ്ടിവിടെ, ഈ ഭൂമിയില്‍.... പക്ഷെ എന്തുചെയ്യാന്‍....? എങ്ങിനെ
എവിടെവെച്ച് ഏതുരീതിയില്‍ മരിക്കണമെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ....
അല്ലെങ്കില്‍ അതിനൊന്ന് ശ്രമിക്കാമായിരുന്നു. തനിക്കിപ്പോള്‍ പേടി
തോന്നുന്നുണ്ടോ....? ഏയ്.... ഈ നാശംപിടിച്ച വിശപ്പുകാരണം പേടിയുണ്ടോ
എന്നുപോലും തിരിച്ചറിയാനാവുന്നില്ല... കഷ്ടം.... എന്തൊരു കഷ്ടമിതാരോടു
പറയാന്‍...?
കുട്ടിക്കാലത്ത് അമ്മയും അനിയനും താനും കൂടി താമസിച്ച ചെറിയ വീടും,
രാത്രിയില്‍ വിളക്ക് കത്തിച്ചുവെച്ച് അടുപ്പിലെ എരിയുന്ന കനലില്‍ അമ്മ
ചുട്ടുതന്ന ചപ്പാത്തിയും ചൂടു ദാല്‍ക്കറിയും, പാലക്ക് സാഗുമെല്ലാം
ഞാനെന്തിനാണിപ്പോള്‍ ഓര്‍ക്കുന്നത്....? ചുറ്റുപാടും അതുപോലെയുള്ള
വീടുകളില്‍ പലതരത്തിലുള്ള ആള്‍ക്കാരുണ്ടായിരുന്നു. ഏതെങ്കിലും വീട്ടില്‍
എന്തെങ്കിലും വിശേഷങ്ങളുണ്ടെങ്കില്‍ ഞങ്ങളെല്ലാവരും കൂടി കൈയുയര്‍ത്തിയും,
കൈ വശത്തേക്ക് വീശിയും, കാല് പൊക്കിച്ചാടിയും നൃത്തം ചെയ്ത്
തിമിര്‍ക്കുമായിരുന്നു. അമ്മ എന്തെങ്കിലും ജോലി തേടിയും, അനിയന്‍
സ്‌കൂളിലും പോയാല്‍ പകല്‍നേരങ്ങളില്‍ ഞാന്‍ വെറുതെ കണ്ണാടി
നോക്കിയിരിക്കും. എവിടെയും പോകരുത്, കതകടച്ച് ശ്രദ്ധിച്ച് അകത്ത്
തന്നെയിരിക്കണമെന്ന് അമ്മ ആംഗ്യത്തിലൂടെ പറഞ്ഞു തരുമായിരുന്നു. എങ്കിലും,
വിളഞ്ഞുകിടക്കുന്ന ഗോതമ്പിന്റെയും ചോളത്തിന്റെയും മേലേക്കൂടി പാറിപ്പറന്നു
നടക്കുന്ന കിളികളെക്കാണാനും, സ്വന്തം വീട്ടുമുറ്റത്ത് കയറുകൊണ്ട്
വലിച്ചുകെട്ടിയ കട്ടിലിലിരുന്ന് പലവിധ ഭക്ഷണം മുന്നിലെ പാത്രങ്ങളിലും
അതിലേറെ ഭക്ഷണം വായിലും കുത്തിനിറച്ച് സ്വെറ്റര്‍ തയ്ക്കുന്നുവെന്ന്
വ്യാജേനവരുന്നവരുടെയും പോകുന്നവരുടെയും കണക്കെടുക്കുന്ന തടിച്ചികളായ
ആന്റിമാരെക്കാണാനും, അമ്മയറിയാതെ മെല്ലെ പുറത്തിറങ്ങാറുണ്ട്, ഞാനെന്ന
വികൃതിക്കുട്ടി. ഒരു ദിവസം അടുത്തവീട്ടിലുള്ള പ്രായമായ ഒരാള്‍ വന്ന് തന്നെ
പുറത്ത് തടകിയും ഉമ്മവെച്ചും കൊഞ്ചിച്ചപ്പോള്‍ അമ്മ കയ്യിലിരുന്ന
ചപ്പാത്തിക്കോലെടുത്ത് അയാളെ ഓടിച്ചിട്ടടിച്ചതെന്തിനാവും...? പാവം അമ്മ
വ്യക്തമായി എന്തെങ്കിലും കാരണമില്ലാതെ അങ്ങിനെ ചെയ്യില്ലല്ലോ....? ഏത്
കുരുത്തംകെട്ട ദിവസം, ഏതും ദേഷ്യത്തിനാവും താന്‍ ആ വീടുവിട്ടിറങ്ങി
എങ്ങോട്ടോ ഓടി ഓടിപ്പോയത്....? ഒരു പക്ഷെ.... അയല്‍ വക്കത്തെ കുട്ടികളുടെ
കയ്യിലുള്ളതുപോലെ നല്ല ചുവന്ന നിറമുള്ള കുപ്പി വളകള്‍ക്കോ, മൈലാഞ്ചിക്കോ,
തിളങ്ങുന്ന ദുപ്പട്ടകള്‍ക്കോ താന്‍ വാശിപിടിച്ചിരിക്കാം....
നടത്തിത്തരാനാവാത്ത ആഗ്രഹങ്ങള്‍ക്ക് അമ്മ തടസ്സം നിന്നിരിക്കാം, ചിലപ്പോള്‍
നീന്തലറിയാത്ത താന്‍ ഏതെങ്കിലും നദിക്കരയില്‍ ഒറ്റക്ക് പോയതിന്റെ
ദ്വേഷ്യത്തില്‍ നോക്കി പേടിപ്പിച്ചിട്ടുണ്ടാവാം, അതുമല്ലെങ്കില്‍ അനിയന്റെ
പഠിക്കുന്ന പുസ്തകത്തിലേതിലെങ്കിലും തന്റെ കലാവാസന കാണിച്ചതിനാകുമോ...? അതോ
അടങ്ങിയിരിക്കാത്ത തന്റെ അനുസരണക്കേടിന് നല്ല ചുട്ട വീക്കുവച്ചു
തന്നതിനുമാവാം.... ഇനി ഇതൊന്നുമല്ലാത്ത വേറെ ഏതെങ്കിലും കാരണങ്ങള്‍....
എന്റീശ്വരാ.... എനിക്കോര്‍ത്തെടുക്കാന്‍ ആവുന്നില്ലല്ലോ....
എന്താകുമത്....? പക്ഷേ.... ഇപ്പോള്‍ ഈ വയറെന്താണിങ്ങനെ വേദനിക്കുന്നത്....?
ഈ വിശപ്പൊന്നടക്കാന്‍ എന്താണൊരു വഴി...? അമ്മയുടെയും അനിയന്റെയും കൂടി ഒരേ
രജായിക്കുള്ളില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങിയതോര്‍ത്തപ്പോള്‍ ചൂട്
അനുഭവപ്പെടുന്നുണ്ട്, വീട് എവിടെയാണെന്നറിയാത്തതിനാല്‍ ഇനിയൊരിക്കലും
തിരിച്ചുപോയി അമ്മയേയും അനിയനേയും കാണാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍
നെഞ്ചും വേദനിക്കുന്നു. എന്തുചെയ്യാം. വീട്ടില്‍ നിന്നും ഇറങ്ങി
വരേണ്ടായിരുന്നു.
മഴ കുറഞ്ഞിരിക്കുന്നു. തണുപ്പിനൊരു കുറവുമില്ല. തന്നെപ്പോലെ
മുഷിഞ്ഞവസ്ത്രവും അലങ്കോലപ്പെട്ട മുടിയുമായി കുറച്ചാളുകള്‍ അവിടവിടെയായി
കിടന്നുറങ്ങുന്നത് ഈ ഇരുട്ടിലിപ്പോള്‍ അവ്യക്തമായി കാണാനാവുന്നുണ്ട്.
ചിലര്‍ എഴുന്നേറ്റിരിക്കുന്നതും കാണാം. വിശപ്പും തണുപ്പുമാവാം അവരുടെയും
പ്രശ്‌നം. രണ്ടുദിവസം മുമ്പ് വണ്ടി കയറുമ്പോള്‍ അവിടെ ചൂടായിരുന്നു.
ട്രെയിനില്‍ ഒളിച്ചും ഓടിയും നടന്നും കിടന്നും തേങ്ങിയും ഞാന്‍ എങ്ങിനെയോ
ഇവിടെ എത്തി. ട്രെയിനിലുള്ള കുറച്ചാളുകള്‍ താഴെക്കിടക്കുന്ന തന്നെയൊന്ന്
ശ്രദ്ധിക്കുകപോലും ചെയ്യാതെ സ്വന്തം കയ്യിലിരിക്കുന്ന, നക്ഷത്രങ്ങള്‍
നിറഞ്ഞ നീലാകാശംപോലെ തിളങ്ങുന്ന എന്തോ ഒരു ചെറിയ സാധനത്തിലേക്ക് നോക്കി
പലപ്പോഴായി ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും, അത്ഭുതപ്പെടുന്നതും
കാണാമായിരുന്നു. അതെന്താണോ ആവോ....? ഏതായാലും ദൈവവും ഭക്ഷണവും അല്ല
അതെന്നുമാത്രം തനിക്കറിയാം.
ഭക്ഷണം ചോദിച്ച് ചെന്നാല്‍ ചില ആളുകള്‍ ചീഞ്ഞളിഞ്ഞ പഴകിയതെന്തെങ്കിലും
തരും. വായുടെ തൊട്ടുമേലെ മൂക്ക് വന്നതിനാലാവും അത് പലപ്പോഴും ഞങ്ങള്‍ക്ക്
കഴിക്കാന്‍ തോന്നാറില്ല. ചില നല്ല നല്ല ആള്‍ക്കാര്‍ ചിലപ്പോള്‍ ഭയയോടെ
കഴിക്കാനെന്തെങ്കിലുമോ പണമോ ഒക്കെ തരും. ആ പൈസകൊണ്ട് കടയില്‍പോയി
എന്തെങ്കിലും വാങ്ങാമെന്ന് വെച്ചാല്‍ തന്റെയീവേഷം കണ്ടിട്ടാവും കടക്കാര്‍
ചൂടുവെള്ളമൊഴിച്ചാവും പ്രതികരിക്കുക. ഈ വിശപ്പിന്റെ കൂടെ പൊള്ളലിന്റെ
നീറ്റല്‍ കൂടി.... പൊളലേറ്റ മനസ്സിന്റേയും ശരീരത്തിന്റെയും തീവ്രമായ
പുകച്ചില്‍, അസഹനീയമായ വേദന വെന്ത ശരീരത്തിന്റെ വൃത്തികെട്ട മണം.
ഇതിനെക്കുറിച്ചെല്ലാം എനിക്ക് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷെ...
എങ്ങിനെ....? എന്തുകൊണ്ടെന്നാല്‍ മാറ്റിമാറ്റി സൗകര്യപൂര്‍വ്വം പറയാനുള്ള
നാക്കോ, നിങ്ങളെന്തെങ്കിലും വഴക്കു പറഞ്ഞാല്‍ കേള്‍ക്കാനുള്ള കഴിവോ
ദൈവമെനിക്ക് തന്നില്ലല്ലോ.... ദൈവത്തിന്റെ വിചിത്രമായ കളികളല്ലേ....?
ആരെങ്കിലും എന്തെങ്കിലും തരുമോ ആവോ...? എനിക്ക് വല്ലാതെ വിശക്കുന്നു.
തണുത്തിട്ടും വയ്യ....
ആരൊക്കെയോ എവിടെ വെച്ചൊക്കെയോ എന്തൊക്കെയോ തന്നെ ചെയ്തപ്പോള്‍ അരുതെന്ന്
പറഞ്ഞ് നിലവിളിക്കണമെന്നും അത്‌കേട്ട് ആരെങ്കിലും ഓടിവന്ന് തന്നെ
രക്ഷിക്കുമെന്നും വിഡ്ഡിയായ താന്‍ കരുതിയോ....? ഏയ്... ഇല്ലായിരിക്കാം.
കാരണം, നിങ്ങള്‍ക്കാര്‍ക്കും അത് തടയാനുള്ള കഴിവോ, സമയമോ, ബാധ്യതയോ കടമയോ
ഉണ്ടോയെന്ന് എനിക്കറിയില്ല.... എന്തു സങ്കടത്തിനും കുറെ നേരം കരയാന്‍
മാത്രമേ എനിക്കറിയൂ.... അല്ലെങ്കില്‍ ആവൂ. വാക്കുകളുടെയോ സ്വരങ്ങളുടെയോ
സ്പര്‍ശനമറിയാത്ത, അതെങ്ങിനെയെന്നനുഭവിച്ചറിഞ്ഞിട് ടില്ലാത്ത ഞാനെങ്ങിനെ നിങ്ങള്‍ക്കെന്റെ സങ്കടം മനസ്സിലാക്കിത്തരും....?
ഒരുപക്ഷേ..... നല്ല നല്ല വീടുകളില്‍ നല്ല നല്ല ഭക്ഷണം
കജീവിക്കുന്നവരായിരിക്കും നിങ്ങള്‍ ഓരോരുത്തരും. എനിക്കതൊന്നുമില്ല.
പക്ഷെ.... നിങ്ങളേപ്പോലെതന്നെ, അല്ലെങ്കില്‍ ഒരുവേള നിങ്ങളേക്കാളേറെ
വിചാരങ്ങളും വികാരങ്ങളും വേദനകളും ചൂടും തണുപ്പും മാനാഭിമാനങ്ങളും എനിക്കും
അനുഭവപ്പെടുന്നുണ്ട്.
പക്ഷെ... അതിന്റെ ഏറ്റക്കുറിച്ചിലുകളെക്കുറിച്ച്, നന്മതിന്മകളെക്കുറിച്ച്,
വരുംവരായ്കകളെക്കുറിച്ച് പ്രകടിപ്പിക്കാനുള്ള കഴിവുമാത്രം എനിക്കില്ലാതെ
പോയി. പിന്നെ, ആകെയുള്ളത് ചുറ്റുപാടും ഭയത്തോടെ മാത്രംനോക്കി ക്ഷീണിച്ചുപോയ
രണ്ടുകണ്ണുകളും ഈ സുന്ദരശരീരവും അതിനുള്ളില്‍ വലിയൊരു മനസ്സും മാത്രമാണ്.
തന്നെ നോക്കുന്ന ഓരോ കണ്ണിലും അവജ്ഞാ ആര്‍ത്തി, അലിവ്, കൗതുകം, പരിഹാസം,
അനുകമ്പ, ആശ്വാസം, പുച്ഛം ഇവയെല്ലാം ഞൊടിയിടയില്‍ മിന്നിമിന്നിമായുന്നതും
മറയുന്നതും നിസ്സഹായതയോടെ ഞാന്‍ തിരിച്ചറിയാറുണ്ട്. നിങ്ങള്‍ക്കെന്നെ,
ഗീതയെന്നോ, മേരിയെന്നോ, ഹാജിറയെന്നോ വിളിക്കാം. എനിക്കിപ്പോള്‍ ഒരുപേര്
ആവശ്യമേയില്ല, വേണ്ടത് തല്‍ക്കാലത്തെ കത്തലടക്കാന്‍ കുറച്ചു ഭക്ഷണവും ഈ
തണുപ്പിന് മൂടിപ്പുതയ്ക്കാന്‍ ഒരു കമ്പിളിയും മാത്രം. അത് ഏത് ദൈവദൂതനാവും
തരുക...? ഏതു രൂപത്തിലാവും.... കാത്തിരിക്കാം അല്ലേ....? പ്രതീക്ഷയോടെ,
പ്രാര്‍ത്ഥനടോയെ, നിറഞ്ഞു തുളുമ്പുന്ന കണ്ണീരോടെ.... ആശ്വാസത്തിന്റെ ആ നല്ല
നാളുകള്‍ക്കായ്......