ഫോട്ടോഷോപ്പിൽ ഒരു ആത്മകഥ -കവിതകൾ-ജി.ബിജു





                                                  പാതിവെന്ത പിക്സലുകൾക്കിടയിൽ
ഡോക്ടർ:അജയ്ശേഖർ


ആത്മകഥയേക്കാൾ ബിജുവിന്റെ രചനകൾ അടുത്തുനില്‍ക്കുന്നത്‌ 
ആത്മകാവ്യത്തോടും ആത്മ ചിത്രണത്തോടുമാണ്‌.
 കഥനത്തിന്റെ ആഖ്യാനപരതയേക്കാൾ കാവ്യത്തിന്റെ കുറുകലും ചിത്രണത്തിന്റെ ബിംബമൂർത്തതയുമാണ്‌ ഈ രചനയെ സവിശേഷമാക്കുന്നത്‌.
 ലളിതസുഭഗമായ ചാർക്കോൾ ചിത്രങ്ങളും കുനുകുനേയുള്ള കുറുകിയ വാക്കുകളും, 
അപൂർവവും അനന്യവുമാണീ സചിത്ര കാവ്യാഖ്യാനം.

പ്രത്യക്ഷത്തിൽ അയഞ്ഞ തരത്തിൽ മാത്രം ബന്ധപ്പെടുന്ന നിരവധി ശിഥിലരചനകളുടെ സംഘാതമാകുന്നു ഈ ബഹുസ്വരമായ സംരചന. ഗ്രാഫിക് ഡിസൈൻ പോലെ അടരുകളായി വികസിക്കുന്ന അനുഭവത്തിന്റേയും അനുഭൂതിയുടേയും ജീവിതാവബോധത്തിന്റേയും വാക്കുകളും വരകളും ബിംബാവലിയും നിറയുന്നതാണ്‌ ഫോട്ടോഷോപ്പിലൂടെ ആവിഷ്കൃതമാകുന്ന 
ഈ കാലികമായ ആത്മകാവ്യചിത്രണം.
കലയും ജീവിതവും സാങ്കേതികവിദ്യയും ഒന്നാകുകയും പരസ്പരം കലർന്ന്‌ പുതിയ കാലത്തിന്റെ ആശയപ്രകാശനവും ആവിഷ്ക്കാരവുമാകുന്ന അർഥപൂർണ്ണമായ ഒരു സാംസ്ക്കാരികമുഹൂർത്തമാണിത്‌.


ചെറിയ ചെറിയ വാക്കുകൾ.ചെറുതും, ലളിതവുമായ ആശയങ്ങളും 
വാദങ്ങളും ഉന്നയിക്കുന്ന വാക്യങ്ങളും  പ്രയോഗങ്ങളും. 
താരതമ്യവും വൈരുദ്ധ്യവും അന്യാപദേശവും നല്കി സംവേദന പൂരകത്വം പകരുന്ന സുന്ദരങ്ങളായ ചിത്രങ്ങൾ. 
ചമല്‍ക്കാരവും വിമർശഭാഷണവും തുളുമ്പുന്ന പ്രസ്താവങ്ങൾ. 
ആകെപ്പാടെ രസകരവും വിവിധ മാധ്യമങ്ങളുടെ പരിമിതികളേയും പരിധികളേയും സങ്കുചിതത്വങ്ങളേയും വ്യക്തമാക്കുകയും വിമർശിക്കുകയും ചെയ്യുന്ന 
ചെറിയ വലിയ പ്രവൃത്തികളാണിവ.

കേവലമായ വാക്കിന്റെ സംവേദനക്ഷമതക്കും പൊള്ളയായ ഇടത്തിന്റെ വിനിമയശേഷിക്കും കുറുകേയും, നെടുകേയും പുതിയ തരംഗങ്ങളും ചാലകതകളും നിർമ്മിക്കാനുള്ള ക്ഷമത ഈ സമ്മിശ്ര സംരചനയിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ സർഗ്ഗാത്മകമായ സംവേദനസാധ്യതകളെ രചയിതാവ് എന്തുമാത്രം മുന്നോട്ടു കൊണ്ടുപോകും എന്നതാണ്‌ കാത്തിരുന്നു കാണേണ്ടുന്ന കാര്യം. കലുഷവും സങ്കീർണ്ണവും ബഹുലവുമാകുന്ന വർത്തമാനത്തേയും ഭാവിയേയും സംവാദാത്മകമായി സംബോധനചെയ്യാനും വിമർശാത്മകമായും ചമല്ക്കാരത്തോടേയും പ്രതിനിധാനം ചെയ്യാനുമുള്ള ശ്രമം വളരെ പ്രധാനപ്പെട്ടതാണ്‌. നമുക്ക്‌ ഈ പുതിയ ഭാഷണചിത്രങ്ങൾക്കും അവ സാധ്യമാക്കുന്ന പുതിയ ജീവിതാവേഗങ്ങൾക്കും ജനായത്ത ലോകബോധങ്ങൾക്കുംവിമർശാവബോധങ്ങൾക്കുമായി നമ്മുടെ പുറം കാഴ്ച്ചകളേയും, ഉൾക്കാഴ്ച്ചകളേയും തുറന്നുവെക്കാം

പ്രസാധനം-ലെൻസ് ബുക്സ് 
കവര്‍  ഡിസൈൻ-ജി.ബിജു 
വില-60 രൂപ 
 പത്തനംതിട്ട  
കേരളം