എയ്ഡ്സ് ബാധിതരോട് അല്പം കരുണ കാണിക്കാം

ടി.കെ.ഗംഗാധരന്‍ 


ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമാണ്. ആയുസ്സിന്റെ താളം തെറ്റിക്കുന്ന ആ രോഗത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തുന്ന റെഡ് റിബ്ബണ്‍ന്റെ ദിവസം. ഡിസംബര്‍ ഒന്നിന് റെഡ് റിബ്ബണ്‍ നെഞ്ചിലണിഞ്ഞ് എയ്ഡ്സിനെതിരെ അണി ചേരൂ എന്നാണ് എയ്ഡ്സ് നിയന്ത്രണ പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
1988 ലാണ് എയ്ഡ്സ് ദിനം ലോകതലത്തില്‍ ആചരിക്കാന്‍ തീരുമാനിച്ചത്. ആ വര്‍ഷം ഏകദേശം നൂറ്റിനാല്പതോളം രാഷ്ട്രങ്ങളുടെ ആരോഗ്യവകുപ്പ് മന്ത്രിമാര്‍ ലണ്ടനില്‍ ഒന്നിച്ചുകൂടി എയ്ഡ്സിനെ  തടയുന്നതിനുള്ള വഴികളെപ്പറ്റി ആലോചിച്ചു. അക്കൊല്ലം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി ഡിസംബര്‍ ഒന്ന ലോക എയ്ഡ്സ് ദിനമായി എല്ലാവര്‍ഷവും ആചരിക്കാന്‍ ആഹ്വാനം ചെയ്തു.
ലോകത്ത് മറ്റെവിടെയും പോലെ ഇന്ത്യന്‍ മഹാ നഗരങ്ങളിലും ചുവന്ന തെരുവുകളുണ്ട്. പ്രവാസി യൌവനങ്ങള്‍ ഒഴുകിയെത്തുന്ന വിശുദ്ധ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നാണ് കഥാകാരന്‍മാര്‍ വേശ്യാലയങ്ങളെപ്പറ്റി എഴുതാറുള്ളത്. മണ്ണില്‍ പുണര്‍ന്നു പിറക്കുന്ന ഏതൊരു ജീവിയുടെയും ജൈവപരമായ ഒരാവശ്യമാണ് തന്നെപ്പോലെ തന്റെ പിന്‍പരമ്പരയെയും സൃഷ്ടിക്കുക എന്നത്. സൃഷ്ടിയും പരിപാലനവും നടക്കുന്നത് കുടുംബവൃത്തത്തിനകത്താണെന്ന് പറയാം. വേശ്യാലയങ്ങള്‍ സൃഷ്ടിയുടെ ഉദാത്തവും പരമപവിത്രവുമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നില്ല. അവിടെ സംഭവിക്കുന്നത് വികാരങ്ങളുടെ കച്ചവടമാണ്. കൊടുക്കല്‍ വാങ്ങലുകളാണ്. പച്ചനോട്ടിന്റെ എണ്ണമാണവിടെ സുഖത്തിന്റെ ആധാരവസ്തു. പരമാനന്ദരസമവിടെ വില പറഞ്ഞ് വാങ്ങുകയാണ്. മുംബെയിലെ ശുക്ളാജി സ്ട്രീറ്റിലോ കാമാത്തിപ്പുരയിലോ എത്തുന്ന ആണൊരുത്തനോട് അരയില്‍ മുട്ടുമറയാത്ത പാവാട ചുറ്റി, കണ്ണുകള്‍ കരിമഷിയെഴുതി കറുപ്പിച്ച പെണ്ണാളുകള്‍ ചോദിക്കുന്നത് ഒറ്റ ഷോട്ട് മതിയോ അതോ ഫുള്‍നൈറ്റ് വേണോ എന്നാണ്. പോക്കറ്റിനെത്ര കനമുണ്ട് എന്ന് ചോദിക്കുന്ന വാണിഭത്തെരുവിന്റെ ശീലമാണത്. പണം തരൂ പരമാനന്ദം തരാം എന്നാണ് അഭിസാരിക പറയുന്നകത്. പണം തരു  എയ്ഡ്സ് ബീജങ്ങള്‍ തരാം എന്നാണതിനര്‍ത്ഥം!
ഇന്ത്യയില്‍ കല്‍ക്കട്ടയിലും മുംബെയിലുമാണ് പല തട്ടുകളിലും  ഏറ്റവും ചുവന്ന തെരുവുകളുള്ളത്. ദില്ലിയില്‍ ജിബി റോഡ് സെക്സ് വര്‍ക്കേഴ്സ് താമസിക്കുന്ന കേന്ദ്രമാണ്. മുംബെ, കല്‍ക്കട്ട എന്നീ നഗരങ്ങളിലുള്ള ചുവന്ന തെരുവുകള്‍ ദില്ലിയിലില്ല. ഉദ്യോഗസ്ഥ നഗരമായതു കൊണ്ടാവാം ഇന്ദ്രപ്രസ്ഥത്തില്‍ ചുവന്ന തെരുവുകള്‍ അധികമില്ലാത്തത്. അതെന്തായാലും വൃത്തിയും വെടുപ്പും കുറഞ്ഞ ജി.ബി. റോഡ്മഹാരോഗങ്ങളുടെ വിളനിലമാണെന്ന് ആര്‍ക്കും കണ്ടാല്‍ തോന്നും. കറയും പുകയും പിടിച്ച കെട്ടിടങ്ങളില്‍ പാര്‍ക്കുന്ന സ്വൈരിണികളെ തൊടാനറയ്ക്കും എന്നാണ്  അവിടെ പോയി വന്നിട്ടുള്ള പട്ടാളക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.
എയ്ഡ്സിനെ തടയാന്‍ പ്രതിവര്‍ഷം ആയിരം കോടിയില്‍ കൂടുതല്‍ രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. എന്നിട്ടും എച്ച്.ഐ.വി. പോസറ്റീവ് ആയവര്‍ നമ്മുടെ രാജ്യത്ത് പെരുകുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഏകദേശം നാല്‍പ്പത് ലക്ഷത്തോളം വരും അവരുടെ എണ്ണം . ഈ രോഗം തടയാനുള്ള ഉറകള്‍ നിര്‍മ്മിച്ച് ചുവന്ന തെരുവുകളില്‍ വിതരണം ചെയ്താണ് സര്‍ക്കാര്‍ മുഖ്യമായും കടമ നിറവേറ്റുന്നത്. സര്‍ക്കാര്‍ വകുപ്പിന്റെ അനാസ്ഥകൊണ്ട് പലപ്പോഴും ഉറകള്‍ ഫ്രീ ആയി ജി.ബി. റോഡ്, കല്‍ക്കത്തയിലെ സോനാഗച്ചി പോലുള്ള സെക്സ് വര്‍ക്സ് താവളങ്ങളില്‍ കിട്ടാറില്ല, പല ഡോക്ടര്‍മാരും ലൈംഗീക തൊഴിലാളികളെ ചികിത്സിക്കാന്‍ മടി കാണിക്കുന്നു എന്നൊക്കെ പരാതികളുണ്ട്.
എയ്ഡ്സ് രോഗികളുടെ പേരില്‍ സ്വദേശത്തു നിന്നും വിദേശത്തുനിന്നും പണം പിരിച്ച് ധൂര്‍ത്തടിയ്ക്കുന്ന സന്നദ്ധ സംഘടനകളെപ്പറ്റിയും പറഞ്ഞു കേള്‍ക്കാറുണ്ട്. ഡോക്ടര്‍മാരുടേയും നേഴ്സുമാരുടേയും സേവനവും പുനരധിവാസവും ഉറപ്പാക്കികൊണ്ട് മാത്രമേ മഹാനഗരങ്ങളില്‍ നിന്ന് ലോകമാകെ പടരുന്ന ഈ രോഗത്തെ തടയാന്‍ കഴിയുകയുള്ളൂ.
ബില്‍ഗേറ്റ്സിനെ പോലുള്ള കോടീശ്വരന്മാര്‍ വര്‍ഷം തോറും നൂറു കണക്കിന് കോടി രൂപ ഈ രോഗത്തെ പ്രതിരോധിക്കാന്‍ ചിലവു ചെയ്യുമ്പോള്‍ ഇന്ത്യയിലെ ധനികവര്‍ഗ്ഗം വേണ്ടത്ര സാമൂഹ്യപ്രതിബന്ധതയും ഉദാരതയും ഈ വിഷയത്തില്‍ കാണിക്കുന്നില്ല എന്നു കാണാം. 
മ്യാന്‍മറില്‍ നിന്നുള്ള ഹെറോയിന്‍ കള്ളക്കടത്തിന്റെ കേന്ദ്രമായ മണിപ്പൂരാണ് ഇന്ത്യയില്‍ എയ്ഡ്സിന്റെ ക്യാപിറ്റല്‍. അവിടെ വലിയൊരു ശതമാനം സ്ത്രീ പുരുഷന്‍മാര്‍ ലഹരിമരുന്ന് കുത്തിവച്ച് അതില്‍ ആനന്ദംകണ്ടെത്തുന്നവരാണ്. അവരുയോഗിക്കുന്നസൂചികള്‍ വഴിയാവണം ഹരിതസുന്ദരവും നാടന്‍ കലകളുടെ കലവറയുമൊക്കെയായ മണിപ്പൂരില്‍ എയ്ഡ്സ് വ്യാപിച്ചത്. എണ്ണിയാലൊടുങ്ങാത്ത എന്‍ജിഓകള്‍ അവിടെയുണ്ട്. കള്ളക്കടത്തുകാര്‍ മുതല്‍തെമ്മാടിക്കൂട്ടങ്ങള്‍ വരെ അത്തരം സംഘടനകളുടെ തലപ്പത്തുണ്ടെന്നാണ് മണിപ്പൂരിലെ മനുഷ്യാവകാശക്കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നത്.
എയ്ഡ്സിന് തടയിടാനായി  ആയരത്തിഅഞ്ഞൂറില്‍ കൂടുതല്‍ എന്‍ജിഓകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിലധികവും പണം പിരിച്ച് സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള വിരുതന്‍മാരുടെ ശ്രമങ്ങളാണത്രേ. സര്‍ക്കാരും, ഉദാരരായ വ്യക്തികളും നല്‍കുന്ന സംഭാവനകള്‍ ഇത്തരക്കാരുടെ കറുത്ത കൈകളിലും എത്തിച്ചേരുന്നു. ഫലം വരേണ്യവര്‍ഗ്ഗം 'തെമ്മാടികളുടെ രോഗം' എന്ന് മുദ്രകുത്തിയ വലിയൊരു ശതമാനം രോഗികള്‍ക്ക് ഭക്ഷണവും മരുന്നും ശുശ്രൂഷയും കിട്ടാതെ പോകുന്നു.
സ്കൂളുകളിലും കോളേജുകളിലും ലൈഗിക വിദ്യാഭ്യാസം നടപ്പാക്കേണ്ടതിന്റെ അവശ്യകത ഭരണകൂടങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നമ്മുടെ ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗബാധിതരില്‍ 30-35 ശതമാനവും ടീനേജുകാരാണെന്നാണ് അറിവ്.
ദില്ലിയിലും മുംബെയിലും കല്‍ക്കട്ടയിലും വിജയവാഡയിലും പൂനയിലും ഷോലാപൂരിലും നാസിക്കിലും നിത്യവൃത്തി തേടിയെത്തുന്ന പ്രവാസി യൌവനങ്ങള്‍ ഒരു രസത്തിനു വേണ്ടിയോ ആവണം ചുവന്ന തെരുവുകളില്‍ എത്തുന്നത്. ഒഴിവു ദിവസങ്ങളുടെ മടുപ്പകറ്റാന്‍ മദ്യലഹരിയില്‍ പരമാനന്ദരസം തേടിപ്പോകുന്ന അവര്‍ നേടുന്നതും നഷ്ടപ്പെടുത്തുന്നതും എന്താണെന്നറിയുന്നില്ല. ഓടകളുടെ കരകളില്‍ കെട്ടിപ്പൊക്കിയ ചേരികളിലും കറുത്ത പന്നിക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന ചാലുകളിലും അന്തിമുളയുന്ന ചെറുപ്പക്കാര്‍ക്ക് ഒഴിവുദിനങ്ങളില്‍ ഇത്തിരി സുഖം ശരീരത്തിന്റെ ഒരാവശ്യമാണ്. ഇല്ലായ്മയിലും വല്ലായ്മയിലും ജീവിക്കുന്ന അവര്‍ക്ക് സെക്സ് നുണയാനുള്ള  മോഹം ഒരു തീര്‍ത്ഥാടനത്തിന്റെ നിറവേറലാണ്. 
വേണ്ടത്ര പോഷകസമൃദ്ധമായ ഭക്ഷണവും മരുന്നും സാന്ത്വനവും കിട്ടാത്ത എയ്ഡ്സ് രോഗികള്‍ ആത്മഹത്യയെപ്പറ്റിയാവും ചിന്തിക്കുന്നത്. ഈ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്തുന്ന മരുന്നിന് ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പ്രതിമാസം വേണ്ടിവരും. അതും പോരാഞ്ഞ് സ്ഥിരം പരിശോധന. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പല വിധ ടെസ്റ്റുകള്‍. അതിനും കുറെ ആയിരങ്ങള്‍.
എയ്ഡ്സ് പകരുന്നത് എങ്ങനെയാണെന്നറിഞ്ഞാല്‍ ഭയം തീരെയുണ്ടാവില്ല എന്നാണ് അറുപത്തിയഞ്ച് ദിവസങ്ങളോളം ഒരു എയ്ഡ്സ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ ടി.വി. ഗോപാലകൃഷ്ണന്‍ എഴുതിയത്. സ്പര്‍ശനത്തിലൂടെ, ഭക്ഷണത്തിലൂടെ ഈ രോഗം പകരില്ല. ആലിംഗനവും മൃദു ചുംബനവും ഈ രോഗം പടര്‍ത്തില്ല.
ആദ്യത്തെ എയ്ഡ്സ് മരണം അമേരിക്കയില്‍ 1981 ലാണ് സംഭവിച്ചത്. അതിനുശേഷം ഇക്കാലമത്രയും ഡോക്ടര്‍മാരും സാമൂഹ്യശാസ്ത്രജ്ഞരും ഈ രോഗത്തെപ്പറ്റി എത്രയോ എഴുതിക്കൂട്ടി. എത്രയോ ബോധവത്കരണ ക്ളാസുകളും സെമിനാറുകളും നടന്നു. വിദ്യാഭ്യാസ നിലവാരത്തില്‍ മറ്റെല്ലാവരേക്കാളും മുന്‍പന്തിയിലാണെന്ന അഭിമാനിക്കുന്ന മലയാളികള്‍ ഇന്നും എയ്ഡ്സ് രോഗികളെ എങ്ങനെ സ്വീകരക്കണം എന്ന കടുത്ത ആശങ്കയിലാണ്. എച്ച്.ഐ.വി ബാധിതരായ പിഞ്ചു കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നത് ഇഷ്ടപ്പെടാത്ത കേരളത്തിലെ ചില മാതാപിതാക്കള്‍ അന്ധമായ ചില വിശ്വാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അദ്ധ്യാപകര്‍ അത്തരം കുട്ടികളെ ക്ളാസിലിരുത്താന്‍ പോലും മടി കാണിക്കുന്നു. വായിച്ചും പഠിച്ചും പുതിയ പുതിയ അറിവുകള്‍ നേടി ഇളം തലമുറയ്ക്ക് വെളിച്ചം നല്‍കേണ്ട അദ്ധ്യാപകര്‍ ഇരുട്ടിന്റെ മാളങ്ങളില്‍ എച്ച്.ഐ.വി.ബാധിതരായ കുട്ടികളെ കാണാന്‍ പോലും കൂട്ടാക്കാതെ ഓടിയൊളിക്കുന്ന അവസ്ഥ!.
എയ്ഡ്സ് എന്ന യാഥാര്‍ത്ഥ്യത്തെ നാം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ലൈംഗീക ബന്ധത്തിലൂടെയോ, രക്തം സ്വീകരിക്കുന്നതിലൂടെയോ പകരുന്ന ഈ രോഗം വരും കാലങ്ങളില്‍ മലമ്പനി പോലെ.ടൈഫോയ്ഡ് പോലെ  പരിഹരിക്കപ്പെടാവുന്ന ഒന്നായി തീര്‍ന്നോക്കാം. എന്നാലും ഇന്ന് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായി  ബോധവല്‍ക്കരണമാണ്. അപരിചിതരുമായുള്ള ലൈംഗീക ബന്ധത്തെ നിരുത്സാഹപ്പെടുത്തുക. ഉറ ഉപയോഗിച്ചു കൊണ്ട് സുരക്ഷിതരാവുക. രോഗാണുമുക്തമാണോ എന്ന പരിശോധനയ്ക്കു ശേഷം മാത്രം രക്തം സ്വീകരിയ്ക്കുക.
ലോകരാഷ്ട്രങ്ങള്‍ എയ്ഡ്സ് ബോധവത്കരണത്തിന് അംഗീകരിച്ച ചിഹ്നമാണ് ചുവന്ന റിബ്ബണ്‍. വീതി കുറഞ്ഞ നാട രണ്ടായി മടക്കി നെഞ്ചിലണിയുമ്പോള്‍ മനുഷ്യരാശിയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന, ഇനിയും ഉന്മൂലന ശക്തിയാര്‍ന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ആ രോഗത്തെ നാം അറിയുകയാണ്. ആ രോഗം വന്നവരെ നാം ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയാണ്. രോഗം ഒരു കുറ്റമല്ല, അതിനാല്‍ പ്രിയനെ, നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, നിനക്കുവേണ്ടി എന്റെ ശക്തി സൌഭാഗ്യങ്ങളുടെ പങ്കു നല്‍കുന്നു എന്ന വാഗ്ദാനമാണ്.
റെഡ് റിബ്ബണ്‍ അണിയുന്നതിലൂടെ എയ്ഡ്സ് രോഗനിയന്ത്രണ പ്രവര്‍ത്തനത്തില്‍ നാം ഭാഗമാവുകയാണ്. പ്രതിബന്ധതയുള്ള ഓരോ പൌരനും ചെയ്യേണ്ടതാണ്. രോഗം സഹിച്ച് ക്ഷീണിച്ചും, ചൊറിഞ്ഞ് ചുവന്ന തൊലി കണ്ട് വേദനിച്ചും, ശരീരഭാരം കുറയുന്നതിന്റെ ആധിയിലും, വിട്ടുമാറാത്ത പനിബാധിച്ച് തളര്‍ന്നും മരണംവളരെയകലെയല്ലെന്നറിഞ്ഞ് ജീവിക്കേണ്ടി വരുന്ന നമ്മുടെ സഹോദരങ്ങളോടുള്ള കടമയാണത്. ശരീരത്തെ കീഴ്പ്പെടുത്തുന്ന രോഗബീജങ്ങളെ ഭയക്കാതെ മുന്നേറാനുള്ള കരുത്താവണം നാം എച്ച്.ഐ.വി.ബാധിതര്‍ക്ക് നല്‍കേണ്ടത്. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതിലൂടെയാണ് നാം ദൈവത്തെ അറിയുന്നത്. നമ്മള്‍ നേടിയ ധനത്തിന്റെയും ബഹുമതികളുടെയും തൂക്കമല്ല കാലം ഒത്തു നോക്കുക, വേദനിക്കുന്നവര്‍ക്കും കനിവിനുവേണ്ടി യാചിക്കുന്നവര്‍ക്കും നാം ചെയ്ത ചെറിയ നന്മയുടെ കണക്കായിരിക്കും അന്ത്യവിധി നേരത്ത് സ്രഷ്ടാവ് ഒത്തു നോക്കുന്നത്.