കറപ്പന്‍റെ കുടിയൊഴിക്കല്‍




റൂബിന്‍ ഡിക്രൂസ്

മലയാള മനോരമ ഓണപ്പതിപ്പില്‍ അശോകന്‍ ചരുവില്‍ എഴുതിയ 
"കറപ്പന്‍" ഓണപ്പതിപ്പുകളില്‍ വന്ന 
ഏറ്റവും ശ്രദ്ധേയമായ രചന ആയി തോന്നി.
 കേരളത്തിലെ ദളിതരുടെ കഴിഞ്ഞ എഴുപതാണ്ടത്തെ 
രാഷ്ട്രീയ ചരിത്രത്തെ നോക്കിക്കാണുന്ന ഈ രചന വളരെ പ്രധാനമാണ്.
 പുറത്തു നിന്നുള്ള ഒരു നിരീക്ഷണത്തിന്‍റെ പരിമിതി ഈ കൃതിക്കുണ്ടെങ്കിലും 
ദളിത സ്വത്വവാദത്തില്‍ നിന്നും അതിന്‍റെ സവര്‍ണ ബുദ്ധിജീവികളില്‍ നിന്നും ഉയരുന്ന 'നിങ്ങളെന്തു ചെയ്തു?' എന്ന ചരിത്രനിഷേധത്തിനും 'ഞങ്ങളെന്താ ചെയ്യാത്തത്?' എന്ന പാട്രണൈസിംഗ് ഉത്തരത്തിനും ഇടയ്ക്കുള്ള ഒരു അനുഭവത്തെ അശോകന്‍ വരച്ചു വയ്ക്കുന്നു.
അശോകന്‍ ചരുവില്‍ 
ദളിതന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ സ്വയം കര്‍തൃത്വത്തെ അടയാളപ്പെടുത്തുന്നതാണ് ഈ കൃതിയുടെ ഒരു പ്രധാന സവിശേഷത. അയ്യന്‍കാളിയില്‍ തുടങ്ങുന്നതാണത്. പക്ഷേ, അതവിടെ അവസാനിക്കുന്നില്ല. ഓരോ നാട്ടിലും അത് സ്വന്തം രാഷ്ട്രീയത്തേയും കൂട്ടാളികളെയും ശത്രു വിഭാഗങ്ങളെയും ഓരോ കാലഘട്ടത്തിലും വലിയ രാഷ്ട്രീയ ശേഷിയോടെ നിര്‍ണയിച്ചെടുക്കുന്നു. കറപ്പനെപ്പോലുള്ള രാഷ്ട്രീയജീവികള്‍ ഓരോയിടത്തും സംഭവിക്കുന്നുമുണ്ട്. മറ്റാരോ ദളിതരുടെ മോചനത്തിനു വേണ്ടി അവര്‍ക്ക് ഒരു രാഷ്ട്രീയം സൃഷ്ടിച്ചുകൊടുത്തതാണെന്ന പൊതു ബോധത്തെ ഈ കഥ ചോദ്യം ചെയ്യുന്നു. പ്രജാമണ്ഡലംകാരനായിരുന്ന കറപ്പന്‍ എങ്ങനെ കമ്മ്യൂണിസ്റ്റായി എന്നു പറയുന്നതിങ്ങനെയാണ്, 'ഒറ്റ ദിവസം കൊണ്ടാണ് താന്‍ പാര്‍ട്ടി  മാറിയതെന്ന് കറപ്പന്‍ എന്നോടു പറഞ്ഞു. ദിവസവും അവന് ഓര്‍മയുണ്ട്.  നാല്പത്താറ് ജൂലൈ മാസം ആറിന്...... അപ്പോഴാണ് കൂടല്‍മാണിക്യത്തിന്‍റെ മുന്‍പില്‍  കുട്ടന്‍കുളം സമരം നടക്ക്ണ്. റോട്ട്ക്കൂടെ താണജാതിക്കാര്ക്ക് നടക്കാന്‍ പാടില്ല.....  ഞങ്ങള്‍ പ്രജാമണ്ഡലക്കാരായിട്ടാ അവിടെ ചെല്ലുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. അപ്പൊ പി. ഗംഗാധരന്‍ പറഞ്ഞു നമുക്കൊരു കാര്യം ചെയ്യാ. എല്ലാരും കൂടെ ആ റോട്ടീക്കൂടെ നടന്നു നോക്ക്വാ. എന്താണ്ടാവ്വ്വാന്ന് അറിയ്യാലോ. അപ്പോള്‍ പുതൂര്‍ അച്ചുതമേന്‍ പറഞ്ഞു:  മഹാപാപം ചെയ്യാന്‍ ഞങ്ങളില്ല. ഞങ്ങക്ക് ദൈവഭയണ്ട്. പ്രജാമണ്ഡലം പിന്മാറി. ഗംഗാധരന്‍ ഒരു ചോന്ന കൊടീം പിടിച്ച് മുന്നില് നടന്നു. എസ്എന്‍ഡിപിക്കാരും പൊലയ സഭക്കാരും പിന്നാലെ. ഞാന്‍ ആ ജാഥേല് കേറി നടന്നു.'

ചുവന്ന കടുക്കനിട്ട, വെള്ളികെട്ടിയ വടി പിടിച്ച തണ്ടാരുടെ കുടുംബക്കാരായ കഥാകൃത്തിന്‍റെ വീട്ടുകാരും കറപ്പനും തമ്മിലുള്ള ബന്ധവും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് പക്ഷപാതി ആയ ജന്മി വറീത് കറപ്പന്‍ പ്രജാമണ്ഡലത്തല്‍ ചേര്‍ന്നതിന് പ്രതികാരമായി കുടികിടപ്പില്‍ നിന്ന് പെരുമഴയത്ത് ഇറക്കിവിട്ടപ്പോള്‍ അഭയം കൊടുക്കുന്നത് കടുക്കനിട്ട തണ്ടാരാണ്. കുടികിടപ്പുവകാശ സമരത്തിന് സ്വന്തം പാര്‍ക്കുന്നയിടത്തെ പത്തുസെന്‍റ് വളച്ചുകെട്ടിയപ്പോള്‍ പാര്‍ട്ടി  ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ വീട്ടുകാരാണെങ്കിലും തണ്ടാരുടെ വീട്ടുകാര്‍ കറപ്പനെ ദുഷിക്കുന്നു. പിന്നീട് പാര്‍ട്ടി  ജാഥയുമായി കഥാകൃത്ത് കറപ്പന്‍റെ വീട്ടില്‍ ഭക്ഷണത്തിന് ചെല്ലുമ്പോള്‍ ആണ് അയാളോര്‍ക്കുന്നത് തന്‍റെ മുത്തപ്പനോ അച്ഛനോ താന്‍ പോലുമോ ഇതുവരെ കറപ്പന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്ന്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിനെ ഓര്‍മിപ്പിക്കും, കറപ്പന്‍റെ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീ അവിടെ ഭക്ഷണം വിളമ്പുന്നതു കാണുമ്പോളുള്ള കഥാകൃത്തിന്‍റെ മധ്യവര്‍ഗ അസ്വസ്ഥത. തന്‍റെ അപ്പനപ്പൂ പ്പന്മാര്‍ ഇവിടെ വന്ന് തൊട്ടുട്ടില്ലെങ്കിലും സി അച്ചുതമേനോന്‍ തന്‍റെ മുളകിട്ട മീന്‍കറി വന്നു കഴിച്ചിട്ടുണ്ട് എന്ന് കറപ്പന്‍ കഥാകൃത്തിനെ ഓര്‍മിപ്പിക്കുന്നു. പ്രായക്കൂടുതല്‍ ഉള്ള ആളെങ്കിലും കറപ്പനെ അവന്‍ എന്നു തന്നെ അഭിസംബോധന ചെയ്യുന്ന ഈഴവ പ്രാമാണ്യത്തിന്‍റെ ജാതിക്കോയ്മയും കഥാകൃത്ത് ഒളിച്ചു വയ്ക്കുന്നില്ല.

പവനന്‍, വൈലോപ്പിള്ളി, തകഴി 
എണ്‍പതുകളിലെത്തിയ പാര്‍ട്ടി  മദ്യപാനത്തിന്റേയും  മറ്റൊരു സ്ത്രീയെ കൂടെ പാര്‍പ്പിച്ചു എന്ന തിന്‍റെയും പേരില്‍ സദാചാരത്തിന്‍റെ ലളിത സമവാക്യങ്ങളുണ്ടാക്കി കറപ്പനെ പുറത്താക്കുന്നു. പുതിയ മധ്യവര്‍ഗ / ണത്തിന്‍റെ സ്വീകാര്യത തേടിപ്പോയപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വ്യാപക മായിരുന്നു. ഒടുവില്‍ പ്രായമായി മരിക്കുമ്പോള്‍ ചുവപ്പു വാളണ്ടിയറുടെ യൂണിഫോം ധരിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ചു കിടക്കുന്ന, പാര്‍ട്ടിപ്പതാക പുതയ്ക്കാതെ കിടക്കുന്ന കറപ്പന്‍ പ്രജാ മണ്ഡലത്തില്‍ ചേര്‍ന്നതിന്‍റെ പേരില്‍ മഴയിലും ഇരുട്ടിലും കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ ഇറങ്ങി വന്ന ഉശിരോടെ മറ്റൊരു കുടിയൊഴിക്കലിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായല്ലേ കിടക്കുന്നത്?