ദൈവങ്ങളുടെ പടം വില്പനക്കാരന്‍

341112_153680538059327_1756497395_o.jpg
ബക്കര്‍ മേത്തല 




തെരുവില്‍ 
 നിരത്തിയിട്ട വര്‍ണ്ണചിത്രങ്ങളില്‍

കൃഷ്ണനും ശിവനും സരസ്വതിയും വിളയാടി
ക്രിസ്തുവും ഗുരുബാബയും
തലയില്‍ പ്രകാശവലയങ്ങളുള്ള
മനുഷ്യദൈവങ്ങളും
വെയിലില്‍ ദാഹിച്ചുകിടന്നു.
മക്കത്തെയും മദീനയിലെയും
പള്ളികളുടെ പടങ്ങള്‍
ഭക്തര്‍ക്കായി കാത്തിരുന്നു.
ചുമരുകളില്‍ ഞാണ്ടുകിടക്കാന്‍ കൊതിച്ച
ചില പെണ്‍ദൈവങ്ങള്‍
ബോറടിച്ചപ്പോള്‍ ആണ്‍ദൈവങ്ങളോട്
പ്രേമംകൂടി - മതഭേദമില്ലാതെ.

പടം വില്പനക്കാരന്‍ എല്ലാ ദൈവങ്ങള്‍ക്കും
ഒരേവിലയിട്ടു വിറ്റുകൊണ്ടിരുന്നു.
ദൈവങ്ങളുടെ പടവും വാങ്ങി
ജനങ്ങള്‍ സന്തോഷപൂര്‍വ്വം
വീടുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കെ
പെട്ടെന്നാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്.
'നീ ഞങ്ങളുടെ ദൈവത്തിന്റെ
പടം മാത്രം വിറ്റാല്‍ മതി'
ലഹളക്കാരുടെ കല്പനകേട്ട്
പടം വില്പനക്കാരന്‍ ചിരിച്ചു
കുപിതരായ അവര്‍ അയാളുടെ
നെഞ്ചില്‍ ശൂലങ്ങള്‍ കേറ്റി.
അപ്പോള്‍, ഒരു നിലവിളി
ഭൂമിയെ പിളര്‍ന്ന് പുതിയൊരു
നദിയെ ഉത്ഭവിപ്പിച്ചു
അവര്‍ ദൈവങ്ങള്‍ക്ക് തീയിട്ടു
തീ പിടിച്ച ദൈവങ്ങള്‍
ആഞ്ഞുവീശിയ കാറ്റിലകപ്പെട്ട്
വട്ടംകറങ്ങി, പാതിവെന്തും
ചാരമായും പാറിവീണ്
പടം വില്പനക്കാരന്റെ ശവത്തിന്മേല്‍
പുഷ്പവൃഷ്ടി നടത്തി

തെരുവില്‍ തൊട്ടടുത്തിരുന്ന
ഭ്രാന്തനായ ചിത്രകാരന്‍
അചഞ്ചലനായിരുന്ന്
ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നു.
ചോരയും ചാരവും തീനാളവും
നിലവിളിയും ചേര്‍ത്ത്
അയാള്‍ തന്റെ പുതിയ ചിത്രം വരച്ചു
അതിനടിയില്‍ അയാള്‍ 'ദൈവം'
എന്ന് എഴുതിവെച്ചു.

ശൂലമുനകയറി മരിച്ച പടം
വില്പനക്കാരന്റെ മുഖമായിരുന്നു
ആ ദൈവത്തിന്‌