ഭീകരവേട്ടക്ക് മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നു -അരുന്ധതി റോയ്

വിപിന്‍ ദാസ് 




രാജ്യത്ത് നിരപരാധികളെ ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നുണ്ടെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് ആരോപിച്ചു. കുപ്രസിദ്ധമായ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഭീകരവേട്ടക്ക് വിലക്കെടുത്ത മാധ്യമപ്രവര്‍ത്തകരെ തനിക്ക് അറിയാമെന്നും അരുന്ധതി റോയ് തുറന്നടിച്ചു. ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ നടത്തിയ ഭീകരവേട്ടയുടെ ചുരുളഴിച്ച് ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്‍െറ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഫ്രെയിംഡ്, ഡാംഡ്, അക്വിറ്റഡ്: ഡോസിയേഴ്സ് ഓഫ് വെരി സ്പെഷല്‍ സെല്‍’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ആണ് പ്രകാശനം ചെയ്തത്.

ഭീകരവേട്ടയുടെ വിഷയത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെയും പൊലീസ് വിലക്കെടുത്തത് സ്വന്തം അനുഭവം കൂടിയാണെന്ന് അരുന്ധതി റോയ് പറഞ്ഞു. പാര്‍ലമെന്‍റ് ആക്രമണകേസില്‍ നിരപരാധികളെ അറസ്റ്റ്ചെയ്ത ഘട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് ദല്‍ഹി സ്പെഷല്‍ സെല്ലിന്‍െറ ഏജന്‍റായി മാറുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം നിന്ന സമയത്ത് ‘തെഹല്‍ക’യില്‍ പ്രവര്‍ത്തിച്ച ഇയാള്‍ പിന്നീട് ‘ഇന്ത്യാ ടുഡേ’യിലേക്ക് മാറിയാണ് പൊലീസ് ഏജന്‍റായത്. ബട്ല ഹൗസില്‍ അറസ്റ്റിലായ യുവാക്കള്‍ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് ‘ഇന്ത്യാ ടുഡേ’യില്‍ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന് വേണ്ടി കവര്‍ സ്റ്റോറി അടിച്ചുവിട്ടത് ഇയാളായിരുന്നുവെന്ന് അരുന്ധതി പറഞ്ഞു.

പാര്‍ലമെന്‍റ് ആക്രമണകേസില്‍ ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന് വേണ്ടി കഥകള്‍ ചമച്ചതിനാണ് ഒരു മാധ്യമപ്രവര്‍ത്തകക്ക് ദേശീയ ചാനലിലേക്ക് പ്രമോഷന്‍ ലഭിച്ചത്. ആറു വര്‍ഷം മുമ്പ് പൊലീസ് കസ്റ്റഡിയില്‍ അഫ്സല്‍ ഗുരുവില്‍നിന്നെടുത്ത മൊഴി ഒരു വര്‍ഷം മുമ്പ് അഫ്സലിന്‍െറ പുതിയ കുറ്റസമ്മതമെന്ന തരത്തില്‍ ഈ ചാനലില്‍ കൊടുത്തത് ഇവരുടെ ബന്ധം തുടര്‍ന്നതിന്‍െറ തെളിവായി അരുന്ധതി ചൂണ്ടിക്കാട്ടി. അധിക്ഷേപിക്കുന്ന പ്രതികരണങ്ങള്‍ താഴെ എഴുതിക്കാണിച്ചുകൊണ്ടായിരുന്നു അഫ്സല്‍ ഗുരുവിന്‍െറ മൊഴി ഇവര്‍ ചാനലില്‍ പുന$സൃഷ്ടിച്ചതെന്ന് അരുന്ധതി കുറ്റപ്പെടുത്തി.
ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ സംഭവിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറിന് കീഴിലാണ്. എന്നിട്ടും മതേതരത്വത്തിന്‍െറ പേരില്‍ വോട്ടുചോദിക്കുകയാണ് കോണ്‍ഗ്രസ്. നിരപരാധികളുടെ അറസ്റ്റുകളും വ്യാജ ഏറ്റുമുട്ടലുകളും മുസ്ലിം വിഷയമല്ലെന്നും രാഷ്ട്രീയ വിഷയമാണെന്നും അരുന്ധതി പറഞ്ഞു..