ആത്മാവിന്റെ വിളക്ക്


കരുണാനിധി ഭിലായ്
ഏതോ നിശീഥിനി പ്രാകിപറഞ്ഞൊരു
വാക്കിൻ പൊരുൾ തേടി ഞാനോ
കാലം കുടഞ്ഞു കളഞ്ഞൊരു ഈരടി
തപ്പിപ്പിടിച്ചു പിഴിഞ്ഞു
ഹൃത്തിൻ തുടിപ്പിൻ നിഗൂഢത തന്നിലായ്
കണ്ടു തിളങ്ങുന്ന വെട്ടം
അന്തരാത്മാവിന്റെ ബന്ധങ്ങളൊക്കെയും
കൂടിനില്‍ക്കുന്ന പ്രണാമം

തല്‍ക്ഷണം മാത്രം ഞാൻ നിർവൃതി പൂണ്ടൊരു
മഞ്ഞിന്‍ കണം പോലെ നിന്നു
ഉള്ളിന്റെയുള്ളിൽ ജ്വലിക്കുന്ന സത്യങ്ങൾ
കത്തിയെരിയുന്ന പോലെ
ആ നിമിഷത്തിന്റെ ജീവിതസന്ധി ത-
ന്നസ്ഥിമാടങ്ങളെ കാണാൻ
നീറിയെരിയും കനല്‍ക്കട്ട വീർപ്പിച്ച്‌
നേരിൻ വിളക്കായ് നില്പ്പൂ....