അമ്മദൈവം (കവിതകള്‍ ) സുഷമാശങ്കർ



കുരീപ്പുഴ ശ്രീകുമാർ
മലയാളത്തെ അമ്മയായി കാണുന്നതിനു പകരം അമ്മയെ മലയാളമായി കാണുകയാണ്‌ സുഷമാശങ്കർ.ഈ കവിതയിലുടനീളം കേരളീയതയുടെ സുഗന്ധവും,സൌന്ദര്യവുമുണ്ട്‌.ചേങ്ങലയും ചെണ്ടയും ആമ്പലും കായലും ചേനയും ചെമ്പും ഉപ്പുമാങ്ങയും അരിവാളും ഈർക്കിൽ ചൂലും പമ്പരവും വരിക്കപ്ളാവിനെ വഴക്കു പറയുന്ന അമ്മയും കപ്പയും കാച്ചിലും ചീരയും മുരിങ്ങയും എല്ലാം ഈ കവിതയിലുണ്ട്‌. ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയതയും അതിന്റെ നന്മയും സൌന്ദര്യത്തോടും സുഗന്ധത്തോടും കൂടി നമുക്ക്‌ അനുഭവിക്കാൻ കഴിയുന്നു.

മുലപ്പാലിന്റെ സ്വാദ് എന്ന കവിതയിൽ അമ്മ, നഷ്ടങ്ങളുടെ കണക്കുപുസ്തകം മക്കൾക്കായി വരച്ചവൾ എന്ന ചിത്രം വാസ്തവികതയോടെ കടന്നുവരുന്നു. കഞ്ഞിവെള്ളം കുടിച്ചിട്ട്‌ അമ്മ തന്ന മുലപ്പാലിന്‌ അമൃതിന്റെ സ്വാദ്‌ ആയിരുന്നു എന്ന്‌ ഈ കവി തിരിച്ചറിയുന്നു. അമ്മയെ അശ്രദ്ധയുടെ അഗാധഗർത്തങ്ങളിൽ തള്ളുന്നവർക്ക്‌ ഈ സ്വാദ് തീരെ അപരിചിതവുമാണ്‌.പേന കൊണ്ടല്ല, ഹൃദയം കൊണ്ടാണ്‌ ഈ കവിത കുറിക്കപ്പെട്ടിട്ടുള്ളത്‌

പ്രസാധനം-ചന്ദൻ പബ്ളിക്കേഷൻസ്
കവർഡിസൈൻ-സി.മാർക്കണ്ഡേയ
വില-60രൂപ