കൃഷ്ണഗാഥ-കൃഷ്ണോല്പ്പത്തി




ചെറുശ്ശേരി
ഇല്ലായ്മതന്നെയുമാചരിച്ചീടുവാൻ
കല്യതകോലുന്ന ചില്ലിയുമായ്
പങ്കജന്തന്നുടെ ഉൻമേഷന്തന്നെയും
സങ്കോചം തന്നെയും ചെയ്യിപ്പാനായ്
ദാക്ഷിണ്യം പൂണ്ടുള്ള വീക്ഷണദ്വന്ദ്വത്തിൽ
വീക്ഷണംങ്കൊണ്ടുള്ള കാന്തിയുമായ്
ഭംഗിയെപ്പൂണ്ടൊരു പൈങ്കിളിച്ചുണ്ടോടു
സംഗതത്തെക്കോലുന്ന നാസികയും
മണ്ഡനമായുള്ള കുണ്ഡലകാന്തിയാൽ
മണ്ഡിതമായുള്ള ഗണ്ഡവുമായ്
കുന്ദത്തിൻപൂവെയും ചന്ദ്രികതന്നെയും
നിന്ദിച്ചുനിന്നൊരു മന്ദഹാസം
കമ്രമായുള്ളൊരുകംബു തൻ കാന്തിയെ
കണ്ടിച്ചുമണ്ടിക്കും കണ്ഠകാണ്ഠം
ചക്രം തുടങ്ങിയുള്ളായുധമോരോന്നേ
നൽക്കരം നാലിലുമുണ്ടുതാനും
ശ്രീവൽസകാന്തിയും കൗസ്തുഭകാന്തിയും
നേരൊത്തു തങ്ങളിൽ കൂടുകയാൽ
കാളിന്ദീനീരോടു മേളിച്ചുമേവുന്ന
പാലാഴിത്തൂവെള്ളം തന്നിൽ ചെമ്മേ
മുങ്ങിനിന്നീടുന്നൊരഞ്ജനവേദിയെ-
ന്നിങ്ങനെ തോന്നുമമ്മാറു കണ്ടാൽ
എണ്ണമറ്റീടുന്നൊരണ്ഡകടാഹങ്ങൾ-
ക്കന്യൂനമായൊരു ഭാജനമായ്
മേവിനിന്നീടുന്ന നല്ലുദരത്തെ ഞാൻ
ഏവമെന്നെങ്ങനെ ചൊല്ലിക്കൂടു.
മഞ്ഞൾപിഴിഞ്ഞൊരു കൂറയെപ്പൂണ്ടിട്ടു
മഞ്ജുളമായൊരു മധ്യദേശം
ഊരുക്കൾ ജാനുക്കൾ ജംഘകളെന്നിവ
ചാരുക്കളെന്നേ ഞാൻ ചൊല്ലവല്ലൂ
തിങ്കൾതൻ കാന്തിക്കു ശങ്കയെത്തന്നുള്ളി-
ലങ്കുരിപ്പിക്കുമത്തൂനഖങ്ങൾ
അംഗുലിയായ ദലങ്ങളെക്കാണുമ്പോൾ
പങ്കജമത്രേയപ്പാദയുഗ്മം
ഉള്ളങ്കാൽ തന്നുടെ മാർദ്ദവം ചിന്തിക്കിൽ
കല്ലെന്നേ തോന്നുമപ്പല്ലവത്തെ
ഖേദങ്ങൾ പോക്കുന്ന വേദങ്ങൾ നാലിന്നും
കാതലായ്മേവുന്ന നാഥനപ്പോൾ
മംഗലം നല്കുവാൻ മാലോകർക്കായിക്കൊ-
ണ്ടിങ്ങനെ പോന്നു പിറന്നനേരം
വിസ്മിതനായുള്ളൊരാനകദുന്ദുഭി
വിഷ്ണുവെന്നിങ്ങനെ നണ്ണിനേരം
വാക്കുകൊണ്ടേറ്റവും വാഴ്ത്തിനിന്നീടിനാൻ
വായ്പോടു കുമ്പിട്ടു കൂപ്പി നന്നായ്
കേവലന്തന്നെത്തൻ പുത്രനായ്ക്കണ്ടൊരു
ദേവകീദേവിയുമവ്വണ്ണമേ
ഉത്തമയായൊരു ഭക്തിയെപ്പൂണ്ടവർ
ചിത്തന്തെളിഞ്ഞു പുകണ്ണനേരം
നാഥനായുള്ളവൻ പ്രീതനായ് ചൊല്ലിനാൻ
താതനോടായിട്ടും മാതാവോടും;

“പണ്ടുമിന്നിങ്ങൾക്കു സൂനുവായ്മേവിനേൻ
രണ്ടു ജന്മങ്ങളിലിങ്ങനെ ഞാൻ
നിങ്ങൾക്കിന്നെന്നിലെ ഭക്തിക്കണ്ടിട്ടു
നിങ്ങളിലുള്ളൊരു കാരുണ്യത്താൽ
ഇങ്ങനെയുള്ളൊരു രൂപത്തെക്കാട്ടി ഞാൻ
നിങ്ങൾക്കു സന്തതം ചിന്തിപ്പാനായ്
ബന്ധത്തെപ്പോക്കുന്നൊരെന്നുടെ ദേഹത്തെ-
സന്തതം ചിന്തിച്ചിരുന്നുകൊണ്ടാൽ
പാപങ്ങൾ വേരറ്റു പൂതന്മാരായ്വന്നെൻ
പാദങ്ങൾ തന്നോടുകൂടും നിങ്ങൾ
ഇന്നിലന്തന്നിൽനിന്നെന്നെയും കൊണ്ടുപോയ്
നന്ദന്റെ മന്ദിരം തന്നിലാക്കി
ചാരത്തു കാണുന്ന ദാരികതന്നെയും
പാരാതെ കൊണ്ടിങ്ങു പോന്നുകൊൾവൂ”

മംഗലനായൊരു പങ്കജലോചനൻ
ഇങ്ങനെ ചൊന്നവരോടു പിന്നെ
താതനും മാതാവും നോക്കിനിന്നീടവേ
പൈതലായ് മേവിനാൻ കൈതവത്താൽ
വിസ്മയം പൂണ്ടുള്ളൊരച്ഛനുമമ്മയ്ക്കും
വിഷ്ണുവെന്നുണ്ടായ ബോധമപ്പോൾ
എന്നുടെ പൈതലെന്നിങ്ങനെയുള്ളൊരു
നിർണ്ണയമായിച്ചമഞ്ഞുകൂടി
ഓമനച്ചുണ്ടു പിളുക്കിനിന്നീടുന്നൊ-
രോമനപ്പൈതൽതാൻ പൈതുടർന്നു

-തുടരും