ഗൊര്‍ണിക്കയുടെ നാട്ടില്‍


 യാത്രാവിവരണം
ആര്‍ വി ആചാരി
        
നിരപരാധികളും നിരായുധരുമായ ജനത്തിനു നേരെയുള്ള 
ഫാസിസ്റ്റ് ആക്രമണത്തിന്റെ മൂകസാക്ഷിയാണ്. 
സ്പെയിനിന്റെ വടക്കുഭാഗത്തായി അറ്റ്ലാന്റിക് സമുദ്രത്തോടും ഫ്രാന്‍സിനോടും തൊട്ടുകിടക്കുന്ന ഗൊര്‍നിക എന്ന 'ബാസ്ക്' നാട്ടിലെ പട്ടണം. 
ഗെര്‍ണിക എന്നാണ് സ്ഥലവാസികള്‍ വിളിക്കുന്നത്. 
ആ സ്ഥലം ലോകപ്രസിദ്ധമായത് ആ പട്ടണത്തിന്റെ പേരില്‍ തന്നെ സൃഷ്ടിക്കപ്പെട്ട പെയിന്റിംഗിന്റെ  പേരിലും. 
ആ ചിത്രം ലോക മനസാക്ഷിയുടെ രോഷപ്രതീകമായി മാറിയിരിക്കുന്നു!

അമേരിക്കയില്‍ നിന്നു മടങ്ങുന്നവഴി ഞങ്ങള്‍ - ഞാനും ഭാര്യയും - പോയ ജൂണ്‍ മാസത്തില്‍ ഒരാഴ്ച സ്പെയിനില്‍ തങ്ങി. ഒരു കലാകരന്റെ രോഷപ്രതീകം ലോകജനതയെയാകെ ആകര്‍ഷിച്ച ഗൊര്‍ണിക ചിത്രം നേരില്‍ കാണാനായിരുന്നു. ഒരു ചിത്രം കാണാന്‍ ഒരു വിദേശ രാജ്യത്തേക്കു പോകുകയോ! അതും ഇന്ന് നമ്മുടെ മടിത്തട്ടിലെ കമ്പ}ട്ടറില്‍ കാണാമെന്നിരിക്കെ അതുതന്നെ നേരില്‍ കാണാവുന്നതിനേക്കാള്‍ എല്ലാ സൂക്ഷതയോടെ കാണാവുന്ന സാങ്കേതികത്വം നിലനില്‍ക്കെ!! ഈ ചിത്രം അതിന്റെ പൂര്‍ണതയില്‍ എത്തുന്നതിനു മുന്‍പുള്ള അപൂര്‍ണചിത്രങ്ങളും അതിന്റെ ഗതിവിഗതികളും വഴിത്തിരിവുകളും ഒന്നു നോക്കിക്കാണന്‍ മറ്റൊരിടത്തും സാധിക്കയില്ല. അതിനെക്കുറിച്ചെല്ലാം വായിച്ചപ്പോള്‍ തോന്നിയ ഒരു ആഗ്രഹത്തിന്റെ  സാക്ഷാല്‍ക്കാരം കൂടി ആയിരുന്നു ഈ ഇടത്താവളത്തിലൂടെ സാധ്യമായത്. 

ഹിറോഷിമയ്ക്കു ശേഷം ഈ ചിത്രം കണ്ടവര്‍ അതിന്റെ ഗൊര്‍ണിക എന്ന പേരുമാറ്റി 'ഹിറോഷിമ' എന്നാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വിയറ്റ്നാമിനുശേഷം പേരു 'വിയറ്റാം' എന്നാക്കണമെന്നായിരുന്നു ഈ ചിത്രം കണ്ടവരുടെ ആഗ്രഹം. ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിലുണ്ടാക്കുന്ന പ്രതികരണം ഇങ്ങനൊക്കെയാണ്. അതാണ് ഈ ചിത്രത്തിന്റെ സാര്‍വദേശീയ പ്രശസ്തിക്കുകാരണം. ഈ ചിത്രം സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ റെയിന സോഫിയാ മ}സിയത്തിലെ രണ്ടാം നിലയിലെ സാമാന്യം വിശാലമായ 206-നാം നമ്പര്‍ ഹാളിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സാമാന്യം വീതിയുള്ള ഒരു ഇടനാഴിവഴി മറ്റൊരു ഹാളുമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നു. ഈ ഊക്കന്‍ ചിത്രം ഹാളിന്റെ നടുവില്‍ ഇടനാഴിക്കഭിമുഖമായി ഭിത്തിയോടു ചേര്‍ത്ത് ഒരാള്‍ പൊക്കത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നീളത്തോളം വരില്ല ഹാളിന്റെ വീതി. അതിനാല്‍ ഇടനാഴിയിലേക്കു നീങ്ങിയാലേ സമഗ്ര വീക്ഷണം ഹൃദ്യമാകുകയുള്ളു. 


ഇടനാഴിയില്‍ കൂടി കടക്കാവുന്ന അനുബന്ധ ഹാളില്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്കുമെന്ററി ചിത്രം തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കുന്നു. നിഷ്ടുര സ്വേച്ചാധിപതി ആയിരുന്ന ഫ്രാങ്കൊ ഭരണത്തിലുള്ള അത്രുപ്തി, റിപ്പബ്ളിക്കിനുവേണ്ടിയുള്ള പ്രകടനങ്ങള്‍, ബാസ്കു പ്രദേശം കേന്ദ്രീകരിച്ചുള്ള പ്രതിരോധനങ്ങള്‍, കാടടച്ചു വെടിവയ്ക്കുന്ന മാതിരിയുള്ള ബോംബുവര്‍ഷങ്ങള്‍, കൊടുത്ത നാശനഷ്ടങ്ങള്‍, നിരപരാധികളുടെ പരക്കം പാച്ചില്‍ എല്ലാം ഈ ചിത്രത്തില്‍ കാണിക്കുന്നു. ഒരമേരിക്കന്‍ സ്ത്രീയും അവരുടെ മകളും ഞങ്ങളുടെ അടുത്തിരുന്നു ഫിലിം കാണുന്നുണ്ടായിരുന്നു. അവര്‍ മകളോടു പറയുന്നതു കേട്ടു: ഈ ചിത്രത്തിന്റെ പേര്ു 'നയന്‍ ഇലവന്‍' എന്നാക്കണം എന്ന്.

ഈ ചിത്രം പലര്‍ക്കും പലതിന്റേയും പ്രതീകമാകുന്നു. യത്ഥാര്‍ത്തത്തില്‍ എന്താണ് ഈ ചിത്രം?  ആ ചിത്രം ഇതാ:

ഒരു 'ബ്ളാക് ആന്‍ഡ് വയിറ്റ്' കാന്വാസില്‍ വരച്ച എണ്ണച്ഛായ പെയിന്റിംഗ്; 3.5 മീറ്റര്‍ (11' 6") പൊക്കം; 7.8 മീറ്റര്‍ 25' 8") നീളം. 'ക}ബിസം' എന്ന സാങ്കേതിക സംവിധാനത്തിലൂടെ കരുപ്പിടിപ്പിച്ചത്. (ജോര്‍ജസ് ബ്രാകെയോടൊപ്പം ചേര്‍ന്ന് പിക്കാസോ കെട്ടിപ്പടുത്ത ഒരു ശൈലിയാണിത്. കറുപ്പും വെളുപ്പും പിന്നല്പ്പം തവിട്ടുനിറവും. ഈ രണ്ടു ചിത്രകാരും വിഷയത്തിലെ ഓരോ കരുക്കളെയും പ്രത്യേകം പ്രത്യേകം രൂപത്തില്‍ നിരീക്ഷിച്ച് ഔചിത്യ വിവേചനത്തോടെ പൂര്‍ണതയില്‍ 


എത്തിച്ചേര്‍ക്കുന്ന ഉരു വിദ്യയാണിത്. അതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങള്‍ക്കേറെ സാദര്‍ശ്യങ്ങളുമുണ്ട്. പില്‍ക്കാലത്ത് 'കൊളാഷ്' എന്നറിയപ്പെട്ട 'സിന്തറ്റിക് ക}ബിസം' ഇതിന്റെ വികസിച്ച ഒരു സ്റയിലാണ്. ഈ സുന്ദര കലയിലെ കൊളാഷിന്റെ തുടക്കക്കാരന്‍ പിക്കാസൊ ആണെന്നു കാണാം.) 

1937- ല്‍ പാരീസില്‍ 'വേള്‍ഡ് ഫെയര്‍' ഇല്‍ സ്പാനിഷ് പെവിലിയനു വേണ്ടി ഒരു മുറല്‍ചിത്രം ചെയ്യാന്‍ പബ്ളോ പിക്കാസൊ ഒരു കരാറില്‍ ഏര്‍പ്പെട്ടു. ഏപ്രില്‍ മധ്യത്തോടെ അതിന്റെ തയ്യാറിലുമായി - ഫാസിസത്തിനും ഫ്രാങ്കോ യിക്കും അതൊരു സന്ദേശമായിരിക്കണമെന്നും ഉറപ്പിച്ചു. ഒരു ചിത്രകാരന് തന്റെ പണിപ്പുരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാകുമോ; അവരുടെ മനസ്സിനെ തിരുത്താനാകുമോ എന്ന ചിന്ത പിക്കാസ്സൊയെ അസ്വസ്ഥമാക്കിയിരുന്നു. ഏപ്രില്‍ 27 നു പാരീസില്‍ പ്രച്രിച്ച വാര്‍ത്ത തന്റെ തയ്യറെടുപ്പിനെ ആകെ അട്ടിമറിച്ചു - വടക്കന്‍ സ്പെയിനിലെ ഒരു പട്ടണമാകെ നാസി ബോംബ് സംഘം തലേന്നാള്‍ തകര്‍ത്തു ശിധിലമാക്കിയിരിക്കുന്നു. ആ പട്ടണമാണ് ഗൊര്‍ണിക. നേരത്തേ ആലോചിച്ചുറപ്പിച്ച സ്ഥാനത്ത് ഗൊര്‍ണിക കയറിവന്നു. മേയ് 11 ന് ഗൊര്‍ണിക വാര്‍ത്തയ്ക്കു ശേഷം മെനഞ്ഞെടുത്ത പെന്‍സില്‍ സ്കെച്ചുകളുമായി നേരത്തെ സജ്ജമാക്കിയിരുന്ന ഊക്കന്‍ കാന്വാസില്‍ വരകളും നിറക്കൂട്ടുകളും ഉയരാന്‍ തുടങ്ങി. ഒരേയൊരു ചിന്ത; ഒരേയൊരു ലക്ഷ്യം - 'മരണത്തിലേക്കും തീരാ ദുഖത്തിലേക്കും സ്പെയിനിനെ മുക്കിയ സ്വേച്ഛാധിപത്യത്തിനിട്ടൊരു പ്രഹരം'.
ഈ ചിത്രത്തില്‍ എന്താണ് നമുക്കു കാണാനാവുന്നത്? അത് ആ നഗരത്തിലെ തകര്‍ന്ന മണിമാളികളുടെ കൂമ്പാരങ്ങളുടെയോ; ചിന്നഭിന്നമായി ചിതറിക്കിടക്കുന്ന മനുഷ്യ ശരീര ഭാഗങ്ങളുടെയോ; ശവദാഹിനി ആയി മാറിയ തീയുടെ ആളിപ്പടര്‍പ്പുകളിലുടെയോ ചിത്രീകരണമൊന്നുമല്ല. വേദനകൊണ്ടു നിലത്തുവീണു പുളയുന്ന ഒരു കുതിരയുടെയും തല്‍ക്കാലം ശാന്തമായെങ്കിലും തുളച്ചുകയറുന്ന കണ്ണുകളോടെ എന്തിനും പോന്ന ഒരു പോര്‍ക്കാളയുടെയും സ്കെച്ചുകള്‍! ഇതില്‍ അതിശയിക്കാനൊന്നുമില്ല എന്നാണ് പെയിന്റിഗിനെയും പിക്കാസൊയെയും അറിയുന്നവര്‍ പറഞ്ഞത്. പോര്‍ വിളി നടത്തുന്ന കാള അധികാര ത്തിമരത്തിന്റെ പ്രതീകമാണ്; മ്രുഗീയതയുടെ മൂര്‍ത്തീഭാവമാണ്. കുതിരയും പോര്‍കാളയും പിക്കാസോയുടെ സര്‍ഗ ശക്തി ജ്വലിപ്പിച്ചിരുന്ന ബിംബങ്ങളുമായിരുന്നു. നിരവധി തിരുത്തലിലൂടെ പൂര്‍ണതയിലെത്തിയ ഈ ബിംബങ്ങള്‍ക്ക് മാനുഷ്യ ഭാവങ്ങള്‍ കൈവന്നതിന്റെ പരിവേഷം കൂടിയാണീ ഗെര്‍ണിക. മുറിവേറ്റു നിലവിളിക്കുന്ന യോധാക്കളും മേലേ നിലയില്‍ നിന്നു കൌതുകത്തോടെ നിരത്തിലെ സംഭവങ്ങള്‍ വീക്ഷിക്കുന്ന സുന്ദരികളും ഉറഞ്ഞുപോകുന്ന നിര്‍വികാരതയും ചേര്‍ന്നപ്പോള്‍ ലോകത്തെ പിടിച്ചുകുലുക്കിയ കലാകാരന്റെ രോഷമായി.
രണ്ടു ഹാളുകളിലായി 
നൂറിലധികം സ്കെച്ചുകള്‍ 
ഭിത്തികളില്‍ അലങ്കരിച്ചിരിക്കുന്നു - പൂര്‍ണതയിലേക്കുള്ള കലാകാരന്റെ കരവിരുതിന്റെ
 മായാത്ത ചിത്രങ്ങള്‍!
ഗൊര്‍ണിക ചിത്രം കണ്ടപ്പോള്‍ ഗൊര്‍ണിക്ക  പട്ടണം കാണണമെന്നു തോന്നി. 

(തുടരും)