വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ


വി.എൻ.എസ് കാലടി

നമ്മുടെ ബോധമണ്ഡലത്തെ ചില മാധ്യമങ്ങൾ വൈകാരികതയുടെ വാർത്തകളിലൂടെ തമസ്ക്കരിക്കുന്നതായിട്ടാണ്‌ പൊതുവെ കാണുന്നത്‌. വ്യക്തിപരമായ വളർച്ചയെ അതു സഹായിക്കുന്നില്ല. സ്വന്തം നിലക്കുള്ള അന്വേഷണത്തിനോ ചിന്തക്കോ ഇടം തരാത്തവിധം മാധ്യമസംസ്ക്കാരം അധഃപതിച്ചിരിക്കുന്നുവെന്ന്‌ പറയേണ്ടിയിരിക്കുന്നു.

പത്രസ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം ,ജനാധിപത്യം ഇതെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് .. പത്രമെടുത്താൽ ചവച്ചരച്ച ഒരേ വാർത്ത. പിണറായി,വി.എസ്.  ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവാർത്തയുടെ കൊയ്ത്തുകഴിഞ്ഞു. ഇപ്പോൾ ആ വാർത്ത ഉൾപ്പേജിലെ ഏതെങ്കിലും കോണിൽ കാണാം. ആരും ഇഷ്ടപ്പെടാത്ത ആ അരുംകൊല സി.പി.എമ്മിനെ  തകർക്കാനാണ്  ചില മാധ്യമങ്ങൾ നിരന്തരം ശ്രമിച്ചത്‌. മനോരമയും, മാതൃഭൂമിയും വാർത്തകള്‍ ചുട്ടെടുക്കുമായിരുന്നു. ദാവന്നു ദേ പോയി എന്നു പറഞ്ഞതുപോലെ അതും വാർത്തയല്ലാതായിരിക്കുന്നു.
കൊലപാതകം എവിടെയാണില്ലാത്തത്‌?ആഗോളതലത്തിൽ, ദേശീയതലത്തിൽ, പ്രാദേശികതലത്തിൽ അതു നിത്യേന നടക്കുന്നുണ്ട്‌. ചില പത്രങ്ങൾ ഒരു പേജാണ്  അതിനു മാറ്റിവെച്ചിരിക്കുന്നത്‌. ചിലർ അതു കൊണ്ടാടുകയും ചെയ്യുന്നു.
"comment is free , facts are sacred "- വസ്തുതകൾ വിശുദ്ധങ്ങളാണ് , പ്രഖ്യാപനം സ്വതന്ത്രവും. ഇന്ന്‌ പത്രപ്രവർത്തകരിൽ ഒരു നല്ല പങ്ക്‌ കൂലി എഴുത്തുകാരായി മാറിയില്ലേയെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. പത്ര ഉടമയുടെ താളത്തിനൊത്ത്‌ എഴുതുന്നതിന്നപ്പുറം അന്തസ്സുള്ള പത്രപ്രവർത്തകനായിരിക്കാൻ ധീരതയും, സ്വാതന്ത്ര്യവും പ്രദർശിപ്പിക്കാൻ തയ്യാറുള്ളവരുടെ സംഖ്യ ചുരുങ്ങിവരികയാണ്‌. ഇവിടെ വിശ്വാസ്യത നഷ്ടപ്പെട്ട പത്രങ്ങളും പത്രപ്രവർത്തകരുമാണ്‌ കൂടുതൽ.

ഗീബൽസിന്റെ സിദ്ധാന്തം പ്രസിദ്ധമാണ്‌. ആടിനെ പട്ടിയാക്കുന്ന ഒടിയൻ പ്രയോഗം. നുണ ആവർത്തിച്ചു കൊണ്ടിരുന്നാൽ സംശയം തോന്നാതിരിക്കില്ല. മാധ്യമങ്ങളിലൂടെ ചില ചാനലുകളിലൂടെ ചർച്ച സംഘടിപ്പിക്കുന്ന രീതി അസഹനീയമാണ്‌. വെറുതെ ഇരിക്കുന്നവരോട്` ”എന്താ നിങ്ങളു ടെ പ്രതികരണം? “പിണറായി പറഞ്ഞതു കേട്ടുകാണുമല്ലൊ.....വാർത്തകൾ അങ്ങിനെ സൃഷ്ടിക്കുകയാണ്‌. ജനങ്ങളിൽ വിരുദ്ധതയുടെ വിഷം കുത്തിവെക്കാമോയെന്നു  നോക്കുകയാണ്‌. 

മാതൃഭൂമിയും, മനോരമയും ഒഴുക്കിയ വിയർപ്പിന്‌ കണക്കില്ല.ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എം ന്റെ തലയിൽ കെട്ടിവെക്കാനും ബഹുജനപിന്തുണ ഇല്ലാതാക്കാനും മെനഞ്ഞ കഥകൾ പത്രധർമ്മത്തിന്‌ ചേർന്നതല്ലായെന്ന സത്യം വായനക്കാരും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

ശക്തമായ ഒരു  പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ടി.പി.യുടെ വധവുമായി നടത്തിയ മാധ്യമ പ്രവർത്തനം ആർക്കു വേണ്ടിയായിരുന്നുവെന്ന്‌ വ്യക്തമാണ്‌. ചന്ദ്രശേഖരന്റെ മരണം കൊണ്ട്‌ ആർക്കു നേട്ടമുണ്ടായി? സംശയിക്കേണ്ട യു ഡി എഫിനുതന്നെ. കേവലഭൂരിപക്ഷമുള്ള ഗവ്ണ്മെന്റിന്‌ തുടർന്നു ഭരിക്കണമെങ്കിൽ അംഗബലം കൂട്ടണം. അംഗബലം കൂട്ടാനുള്ള യു ഡി എഫിന്റെ കുതന്ത്രത്തിന്‌ മാധ്യമങ്ങളും പങ്കു ചേർന്നു.

ഇതിനെതിരെ പ്രബല മാധ്യമപ്രവർത്തകർ വരെ വിമർശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ്‌. അവർ പറയുന്നു......നമ്മുടെ മാധ്യമങ്ങളുടെ ധർമ്മം തീർച്ചയായും മാറണം. കാര്യങ്ങൾ കൃത്യമായി അറിയിക്കുക മാത്രമല്ല അവ മൂടിവെക്കാതിരിക്കുന്നതും പ്രധാനം തന്നെയാണ്‌. പരിവർത്തനം ചെയ്യാൻ വായനക്കാരേയും, കാഴ്ച്ചക്കാരേയും സഹായിക്കുവാനും മാധ്യമങ്ങൾക്കു കഴിയണം.