പ്രകൃതിയെ നിയന്ത്രിക്കാൻ ആർക്കുമാവില്ല




ഉദിത് ചൈതന്യ 
ഭൂമിയിലെ ലൗകികജീവിതം സുസ്ഥിരമല്ലെന്നും ജനനമരണത്തിലൂടെയും സുഖദുഃഖങ്ങളിലൂടെയും കടന്നുപോകുന്നതാണെന്നും കുട്ടിക്കാലത്തു തന്നെ മനുഷ്യന്‌ നേരിട്ടു കാണാൻ സാധിക്കും. മാറ്റം പ്രകൃതിയുടെ അനുസ്യൂതമായൊരു സ്വഭാവമായി നാം കാണുന്നു. മനുഷ്യന്‌ എന്നും സുഖമായി ജീവിക്കാമെന്നോ മരണത്തിൽ നിന്ന്‌ രക്ഷപ്പെടാനോ സാധ്യമല്ലെന്ന സത്യം അവനെ നടുക്കും. 

പ്രകൃതിയുടെ നിയമങ്ങളെ നിയന്ത്രിക്കാനോ അതിൽ ഇടപെടാനോ ഒരു ശക്തിക്കും ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മതങ്ങൾ സൃഷ്ടിച്ച ദൈവത്തിന്‌ ഭൂമിയിലെ ജീവിത താളക്രമം മാറ്റാനുള്ള കഴിവില്ലെന്നും അവിടെ ദൈവം പോലും നിസ്സഹായനാണെന്നും നമുക്ക്‌ കാണാൻ സാധിക്കും. അതുപോലെ തന്നെ മനുഷ്യന്റെ ചിന്തകളെ നിയന്ത്രിക്കാൻ ഒരു ദൈവത്തിന്‌ സ്വാതന്ത്ര്യമില്ലെന്നും സാധിക്കുകയില്ലെന്നും നമുക്കു മനസ്സിലാക്കാം. 

ഓരോ മനസ്സും സ്വതന്ത്രമായി അവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച്‌ ജീവിക്കുമ്പോൾ ലോക കാര്യത്തിലോ, മനുഷ്യകാര്യത്തിലോ ദൈവത്തിന്റെ ഒരു സ്വാധീനവുമില്ലെന്നു കാണാൻ കഴിയും. എല്ലാം പ്രകൃതിപരമായി, ഓരോരുത്തരുടേയും സ്വാർത്ഥതകൾക്കും വാസനകൾക്കും സ്വഭാവത്തിനും അനുസരിച്ച്‌ കാര്യങ്ങൾ നീങ്ങുന്നതായി നാം കാണുന്നു. ഭൗതികശാസ്ത്രം ലോകമാകെ പ്രകൃതിയിൽ നടക്കുന്നതിലെല്ലാം വ്യക്തമായ കാര്യകാരണങ്ങൾ കണ്ടെത്തും. അവിടേയും ദൈവത്തിന്റെ ഇടപെടൽ ശാസ്ത്രലോകത്തിന്‌ അംഗീകരിക്കാൻ സാധ്യമല്ല.
മതങ്ങൾ നിലനിൽക്കണമെങ്കിൽ ഒരു ദൈവം നിലനിന്നേ പറ്റൂ. ഭൂമിയിലെ ജീവിതത്തിലേക്ക് ദൈവത്തെ കൊണ്ടുവന്നാൽ മനുഷ്യൻ വിശ്വസിക്കുകയില്ലെന്ന്‌ മതപുരോഹിതർക്ക് അറിയാം. 

- പത്ര വാര്‍ത്ത