എഡിറ്റോറിയല്‍

 സദാചാരപോലീസിന്റെ വിളയാട്ടം
സദാചാര സംരക്ഷണം സമ്മർദ്ദത്തിലൂടെ കൈവരിക്കാൻ സേനകളിറങ്ങുന്നു. സദാചാരമെന്ന പരികല്‍പന കേവലം രതി, പ്രണയം, ലൈംഗികത എന്നിങ്ങനെ ചുരുങ്ങിയ അതിർവരമ്പുകളിൽ അണകെട്ടിനിർത്താനുള്ളതല്ല. സ്നേഹവും, കരുണയും, സാഹോദര്യവും, സത്യവും, ധർമ്മവും നീതിയും ഉൾക്കൊള്ളുന്ന വിശ്വമാനവീകസംസ്ക്കാരത്തെ അതുൾക്കൊള്ളുന്നുണ്ട്‌. അഴിമതിയും, മർദ്ദനവും, ചൂഷണവും സദാചാരവിരുദ്ധമാണ്‌. അഭിനവ സദാചാരപ്പോലീസുകാർ ഇതിനെതിരെ കാ, മാ, എന്നൊരക്ഷരം ഉരിയാടുന്നുണ്ടോ?ചെറുവിരൽ അനക്കുന്നുണ്ടോ?

നായ്ക്കൾ ഇണചേരുന്നത്‌ മാറ്റൊരു നായ കാണാനിടയായാൽ, ആ നായ ഉറക്കെ കുരയ്ക്കും. മനുഷ്യരടക്കമുള്ള സകലജീവജാലങ്ങളേയും വിളിച്ചറിയിച്ച്‌ കാണിച്ചുകൊടുക്കും. “കണ്ടില്ലേ.....ഇതാ അവർ ഇണചേരുന്നു, അസ്സംബന്ധം, അന്യായം.....അക്രമം...!അനീതി....!ഇതൊക്കെയാണ്‌ ആ കുരയുടെ ധ്വനി. ...!ലിംഗപരമായ സംയോഗം സുഖകരമാണെന്ന്‌ കുരയ്ക്കുന്നവനറിയാം. അതു പക്ഷേ, തനിക്കു ലഭ്യമാകുന്നില്ലെന്നതിൽ അസൂയയും അസംതൃപ്തിയും അസഹിഷ്ണുതയും അസ്വസ്ഥതയുമുണ്ട്‌. കാപട്യമില്ലാത്ത ഈ മാനസികാവസ്ഥയുടെ ബഹിർസ്ഫുരണമാണ്‌ നായയുടെ കുര. ഇതേ സംഭവം മനുഷ്യനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ ജനസമ്മിതിക്കു വേണ്ടി "സദാചാരത്തിന്റെ“ തുരുപ്പുശീട്ടിറക്കുന്നു. നായയുടെ മനുഷ്യരൂപം കുരയ്ക്കുന്നു. ”ഇതാ സദാചാരലംഘനം നടക്കുന്നു; ഇവരെ ക്രൂശിക്കണം...!" .

അക്ഷരാഭ്യാസവും സംസ്ക്കാരവും ആർജ്ജിക്കാനാവാത്ത പാവം നായക്കറിയില്ല, താൻ ജനിച്ചതും ഇങ്ങിനെ നിന്ന്‌ കുര്യ്ക്കുന്നതും ആരോ ഇണ ചേർന്നതിന്റെ പരിണത ഫലമായിട്ടാണെന്ന്‌. എന്നാൽ,  പതിനെട്ടു ലക്ഷത്തിലേറെ വർഷം മനുഷ്യജീവിതം  പിന്നിട്ടുപോയിട്ടും ചന്ദ്രനിലേക്കും  ചൊവ്വയിലേക്കും കടന്നുചെല്ലാനുള്ള പ്രാപ്തി നേടിയിട്ടും, ജീവശ്ശാസ്ത്രപരമായ ഒരനിവാര്യതയാണ്‌ രതി എന്ന്‌ തിരിച്ചറിയാൻ പാവം പിടിച്ച മനുഷ്യന്‌ ഇനിയും കഴിഞ്ഞിട്ടില്ല. അസൂയാലുവായ നായയിൽ നിന്നും വളരാൻ മനുഷ്യനായിട്ടില്ലായിരിക്കും എന്നാണ്‌ സമീപകാലത്ത്‌ പ്രത്യക്ഷമാകുന്ന “സദാചാരപ്പോലീസിന്റെ” പ്രകടനം കണ്ടാൽ അനുമാനിക്കേണ്ടിവരുന്നത്‌.

ഫാസിസം-അവൻ പലരൂപത്തിലും വേഷത്തിലും ഭാവത്തിലും വരും.
തന്റെ അജണ്ട നടപ്പിലാക്കാൻ ഏത്‌ പേക്കൂത്തും
 ആദർശപരിവേഷം കൊടുത്ത്‌ ജനസമക്ഷം അവതരിപ്പിക്കും.
 പക്ഷേ, കയറിൽ കെട്ടിയ പശുപോലെ അവരെ അനുഗമിക്കാൻ ജനം ഉണ്ടാവില്ല.

രാത്രി ഒമ്പതുമണിക്ക്‌ ഒരു ഐ.ടി. ഉദ്യോഗസ്ഥ സഹപ്രവർത്തകന്റെ ബൈക്കിന്റെ പിന്നിലിരുന്ന്‌ നഗരത്തിലൂടെ യാത്ര ചെയ്താൽ, പാർട്ടിയോഫീസിലോ, വീട്ടിലോ ഇരുന്ന്‌ സ്ത്രീപുരുഷന്മാർ ഒരുമിച്ച്‌ കഴിഞ്ഞുകൂടിയാൽ, ആണും, പെണ്ണും കൂടി പാർലറിൽ പോയി ബിയർ കഴിച്ചാൽ, പുരുഷനും സ്ത്രീയും കൂടിച്ചേർന്ന്‌ സിനിമ- നാടക- പത്ര- സാഹിത്യ പ്രവർത്തനങ്ങൾ നടത്തിയാൽ എല്ലാം അസഹനീയമാകുന്ന കാഴ്ച്ചകളാകുന്നു--അഥവാ സദാചാര ലംഘനമാകുന്നു. സദാചാര സംരക്ഷണത്തിന്‌ അഭിനവസംരക്ഷകന്റെ വേഷം കെട്ടി “പോലീസ്” ഇറങ്ങുന്നു. 
സദ്ദാം ഹുസൈന്‍ 
 ഗൾഫ്‌ മേഖലയിൽ പെട്രോളിയം  ചൂഷണം നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കൻ സാമ്രാജ്ജ്യത്വത്തിന്നെതിരെ നിവർന്ന്‌ നിന്ന്‌ പോരാടിയ "റൗഡി" യായ സദ്ദാം ഹുസ്സൈനെ ക്രൂരമായി വേട്ടയാടിയപ്പോൾ, കേരളം എന്ന കൊച്ചുദേശത്തുനിന്ന്‌ ഒരു കുറിയ മനുഷ്യൻ എഴുന്നേറ്റു് തലയുയർത്തിനിന്ന്‌ അമേരിക്കയോട്‌ ചോദിച്ചു, “സാർ, നിങ്ങൾക്ക് ലോകപോലീസാവാൻ എന്താണ്‌ അവകാശം?ലോകപാലനം നടത്താൻ ആരാണ്‌ നിങ്ങൾക്കവകാശം തന്നത്‌? ലോകം മുഴുവൻ മുഴങ്ങിക്കേട്ട ആ ശബ്ദം സാക്ഷാൽ ഇ.എം.എസ്സിന്റേതായിരുന്നു. നമ്മുടെ സദാചാര പ്പോലീസിന്നെതിരെ അത്തരം ചോദ്യങ്ങൾ ഉയരുന്നില്ല? 
ഇ. എം എസ് 
 എതിർപക്ഷത്തുള്ളവരെ നിലം പരിശാക്കാൻ ജനാധിപത്യപരമായ മാർഗ്ഗങ്ങൾ എല്ലാം അവശേഷിക്കുമ്പോൾ അവരുടെ വ്യക്തിപരമായ ജീവിതത്തെ ഇവർ ഉന്നം വെക്കുന്നത്‌, സ്വകാര്യ ജീവിതത്തിന്റെ നിമിഷങ്ങളിലേക്ക് ഒളിഞ്ഞുനോക്കി കണ്ടതും, കാണാത്തതും കെട്ടുകഥ യാക്കി കുരച്ച്‌ ആളെക്കൂട്ടി പൊതുജനമദ്ധ്യത്തിൽ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവർ സദാചാര സംരക്ഷകരോ, ഭീരുക്കളോ അതോ കപടവേഷക്കാരോ?

ആചാരമെന്തായാലും നിയമങ്ങളും സംഹിതകളും  സദാചാരവും, നിർണ്ണയിക്കപ്പെടുന്നത്‌ സാമൂഹിക സാമ്പത്തിക രാഷ്ട്രീയവ്യവസ്ഥാനുസൃതമാണ്‌. അതുകൊണ്ടു തന്നെ ഒന്നും കലാതീതമോ പവിത്രമോ അചഞ്ചലമോ അല്ല. ആപേക്ഷികമാണ്‌. കാലാനുസൃതമായ പരിഷ്ക്കരണങ്ങൾക്കും പരിവർത്തനങ്ങൾക്കും വിധേയമാണ്‌. പരപുരുഷ ബന്ധവും പരസ്ത്രീപ്രാപനവും വേണമെന്നോ, വേണ്ടെന്നോ നിർണ്ണയിക്കുന്നതും, സമൂഹം ആർജ്ജിക്കുന്ന സാംസ്ക്കാരിക ബോധനിർമ്മിതിയിൽ നിന്നാണ്‌. കെട്ടിയിട്ട ചങ്ങലകളിൽ നിന്ന്‌ കുതറിമാറുന്ന ചരിത്രം മനുഷ്യന്റേതാണ്‌. പഴയ നിയമങ്ങൾ എപ്പോഴും ദ്രവിച്ചതും ചിതൽ കയറിയതുമാണ്‌. അതിനെ പോലീസിന്റെ ലാത്തിയും തോക്കും ഉപയോഗിച്ച്‌ ഉറപ്പിച്ച്‌ നിർത്താൻ ശ്രമിക്കുന്നത്‌ അപ്രായോഗികവും അപരിഷ്കൃത വുമാണ്‌.

നല്ല ശീലങ്ങൾ സ്വഭാവത്തിൽ ശക്തിപ്പെടുമ്പോൾ സദാചാരം പാലിക്കപ്പെടുന്നു. അത്` ഉന്നതമായ സാംസ്ക്കാരികഭൂമികയിൽ നിന്ന്‌ പൊട്ടി മുളച്ചുവളർന്ന്‌ വരേണ്ടതാണ്‌. കാലാനുസൃതമായ സാംസ് ക്കാരികമൂല്യങ്ങളുടെ അന്വേഷണങ്ങളിൽ നിന്ന്‌ നവീനവും സംശുദ്ധവുമായ സദാചാര ജീവിതവും രൂപം കൊള്ളുന്നു. നൈസർഗ്ഗികവും സ്വതന്ത്രവും ജീവശ്ശാസ്ത്രപരവുമായ വീക്ഷണങ്ങൾ സമന്വയപ്പെടുന്ന സദാചാരസങ്കല്പ്പങ്ങളും ഏതാണെന്ന വിവക്ഷ ഇനിയും ഉണ്ടാകേണ്ടി യിരിക്കുന്നു.

നിയമം കയ്യിലെടുക്കാൻ ഈ സദാചാര പോലീസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അവർ ക്കെതിരെ കർശനനടപടികളെടുക്കാൻ നിയമപാലകരും ഭരണകൂടവും അടിയന്തിരമായി തയ്യാറാവണം. ഒപ്പം സംസ്ക്കാരത്തിന്റെ സംരക്ഷണം ഫാസിസ്റ്റ് രീതിയിൽ നിർമ്മിച്ചെടുക്കാ നാവില്ലെന്നും, സദാചാരമടങ്ങുന്ന വിഷയങ്ങൾ തുറന്ന ചർച്ചകൾക്ക് വിധേയമാക്കിക്കൊണ്ട്‌ രാഷ്ട്രീയ സാംസ്ക്കാരികരംഗം സജീവമാകേണ്ടുന്നതിന്റെ അനിവാര്യതയിലേക്കും ഈ വിഷയം വിരൽ ചൂണ്ടുന്നുണ്ട്‌.

- മാനേജിംഗ് എഡിറ്റർ