'ആത്മസമര്‍പ്പണമാണു വലുത് - കലയിലും ജീവിതത്തിലും'

 കലാകാരന്റെ ജനകീയ മുഖം 

ചലചിത്ര സംവിധായകന്‍ ശ്രീ. പ്രിയനന്ദനനുമായി 
നാടക സിനിമാ പ്രവര്‍ത്തകന്‍ ശ്രീ. ചാക്കോ ഡി. അന്തിക്കാട് 
നടത്തിയ സുദീര്‍ഘമായ സംഭാഷണം -
 ഒന്നാം ഭാഗം 

പ്രിയ നന്ദനന്‍ 
                                                      
ചാക്കോ : ചിറമ്മല്‍ മെമ്മറിയില്‍ നിന്ന് തുടങ്ങാം. ജോസ് ചിറമ്മല്‍ എന്ന സംവിധായക പ്രതിഭ ഗ്രാമത്തില്‍ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന പരിണാമം.
പ്രിയന്‍ :
 ഞാന്‍ ജോസേട്ടനെ ആദ്യമായി കാണുന്നത് ഇവിടെ ഓണാഘോഷത്തിന് നാടക മെഴുതിക്കൊണ്ടിരിക്കുന്ന ആളായിട്ടാണ്. പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പാണ്. 'സത്യം വദ, ധര്‍മ്മം ചര' എന്ന നാടകം. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ അടുത്ത് റാഫി പുത്തന്‍പുരക്കല്‍ എന്ന നാടകക്കാരന്റെ വീടിന്റെ ജനലിലൂടെ കുട്ടികള്‍ നോക്കിക്കാണുകയാണ്. ഈ നാടകം റിയലിസ്റിക് നാടകത്തില്‍ നിന്ന് വ്യത്യസ്തമായ അവതരണമായിരുന്നു.
ചാക്കോ : കൃത്യമായിട്ട് ആ പിരീഡ് ഓര്‍മ്മയുണ്ടോ?
ചാക്കോ ഡി. അന്തിക്കാട് 
പ്രിയന്‍ : ഞാന്‍ ആറിലോ ഏഴിലോ ഒക്കെ പഠിക്കുന്ന സമയമാണ്. പത്ത് പന്ത്രണ്ട് വയസ്സേ ആയിട്ടുള്ളു. ഡ്രാമാ സ്കൂളില്‍ പഠിക്കുന്നതിന് മുമ്പാണ് ജോസേട്ടന്‍ ഈ നാടകവുമായി ഇവിടെ വന്നത്. 
ചാക്കോ : മാദ്രിഹോത്രം ഇതിന് മുമ്പ് ജോസ് ചിറമ്മല്‍ അവതരിപ്പിച്ചിട്ടുണ്ടോ? 
പ്രിയന്‍ : അതൊക്കെ പിന്നീടാണ് ഞാന്‍ അറിയുന്നത്. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി നാടകമുണ്ടാവണം, അഭിനയിക്കണം, പിന്നെ ഞങ്ങള്‍ പറയാറുണ്ട്, പല നാടകങ്ങള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഇവിടേയും ഒരു നാടകം. അത് നടക്കില്ല. നാടകം ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ചെയ്യണം. വിയോജിപ്പ് അന്നും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. 
ചാക്കോ : കോണ്‍ട്രാക്ട് ഏറ്റെടുക്കുന്ന പോലെ പല നാടകങ്ങളുടെ കൂട്ടത്തില്‍ ഒരു നാടകം?
പ്രിയന്‍ : അതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ആ സമയത്താണ് വളരെ ഡിഫ്രന്റ് ആയിട്ടുള്ള നാടകം എങ്ങനെ ചെയ്യണം? അപ്പോഴാണ് നെടുപുഴയുള്ള ജോസ് ചിറമ്മലിന്റെയടുത്ത് ഞങ്ങള്‍ എത്തുന്നത്. വളരെ കൌതുകത്തോടെയാണ് ജോസേട്ടന്‍ ഞങ്ങളെ നോക്കിക്കണ്ടത്. 
ചാക്കോ : 30 വര്‍ഷം മുമ്പായിരിക്കണം. 
പ്രിയന്‍ : 1977 കഴിഞ്ഞിട്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. അന്ന് ഞങ്ങള്‍ ചന്ദ്രശേഖര പാട്ടീലിന്റെ 'കുടകള്‍' എന്ന നാടകമാണ് കളിച്ചത്. രണ്ടുപേരുള്ള നാടകം. ജോസേട്ടന് ശശിധരന്‍ നടുവിലിനെ നേരത്തെ അറിയാം. ഞാനും ശശിധരന്‍ നടുവിലും 'കുടക'ളില്‍ അഭിനയിച്ചു.
ചാക്കോ : ആ സമയത്ത് സൂര്യവേട്ട ക്യാമ്പ്, കാട്ടൂര് ജോസ് ചിറമ്മല്‍ തുടങ്ങിയിട്ടുണ്ടാവണം. സ്കൂള്‍ ഓഫ് ഡ്രാമ കഴിഞ്ഞ ഉടനെ?
പ്രിയന്‍ : ശശിയേട്ടനും ഞാനും അപ്പോള്‍ അഭിനയിക്കുന്നുണ്ട് ഓണാഘോഷത്തിന്. ജോസേട്ടന്‍ ഇവിടെ വരുമ്പോള്‍ എന്റെ പഴയ വീടിന്റെ - ഒന്നുരണ്ടു വീട് അപ്പുറത്തുള്ള വീടിന്റെ അവിടെ വരുകയും അപ്പോള്‍ ഞങ്ങള്‍ നന്ദുണിപ്പാട്ട്, കോല്‍ക്കളി, ദാരിയന്‍ തുള്ളല്‍ മൊത്തം പരിപാടികളില്‍ ഞങ്ങളാണ് പങ്കെടുത്തത്. വില്ലടിച്ചാന്‍ പാട്ടിന് കഥപറയുന്നതും ഞങ്ങളാണ്.
ചാക്കോ : അന്നൊക്കെ നന്ദകിഷോര്‍ നാടകത്തിലുണ്ടായിരുന്നോ?
പ്രിയന്‍ : നന്ദകിഷോറിന് വേറൊരു രീതിയാണ്. ആള് നന്നായി പുസ്തകം വായിക്കും. പുലര്‍ച്ചമുതലേ കാണാം വീടിന്റെ മുറ്റത്ത് ഇങ്ങനേ നടന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരുമായി വലിയ ബന്ധമൊന്നുമില്ല. 
ചാക്കോ : ഓണാഘോഷത്തിന്റെ ഭാഗമായി ആള് ബന്ധപ്പെടാറുണ്ടോ?
പ്രിയന്‍ : ഇല്ല. പ്രസംഗത്തില്‍ മാത്രം പങ്കെടുക്കും. പിന്നീടാണ് അറിയുന്നത് ആള്‍ നന്നായി പഠിച്ച ആളാണെന്ന്. 'കുടകള്‍' കഴിഞ്ഞ ആ ക്യാമ്പില്‍വെച്ചാണ് ജോസേട്ടന്‍ 'മുദ്രാരാക്ഷസം' 'എന്ന നാടകത്തെക്കുറിച്ച് പറയുന്നത്. 
ചാക്കോ : ഇപ്പോള്‍ ഏകദേശം 85, 86 പിരീഡായിരിക്കണം. 
പ്രിയന്‍ : ആ സമയത്താണ് നാടക മാസത്തെക്കുറിച്ച് ജോസേട്ടന്‍ ആലോചിക്കുന്നത്. 
ചാക്കോ: ശരിക്ക് പറഞ്ഞാല്‍ മുദ്രാരാക്ഷസത്തിലേക്കുള്ള ആളുടെ വരവ് നാടക മാസത്തി ലൂടെയാണ്. 
പ്രിയന്‍:
ഞങ്ങള്‍ ഗ്രാമീണ നാടകക്കാര്‍ സഹകരിക്കുമെന്ന് കണ്ടിട്ടാണ് ജോസേട്ടന്‍ 'മുദ്രാരാക്ഷസം' പ്രോജക്ട് മുന്നോട്ട് വെയ്ക്കുന്നത്. നാടകമാസത്തിലാണ് ഞങ്ങള്‍ വളരെ ഡിഫ്രന്റായിട്ടുള്ള നാടകങ്ങള്‍ കാണുന്നത്. യുജീന്‍ ഓനീലിന്റെ 'യീല്‍', താജിന്റെ 'രാവുണ്ണി', വോള്‍സോയെങ്കയുടെ 'ചതുപ്പില്‍ പാര്‍ക്കുന്നവര്‍'
പി. എം. താജ് 
ചാക്കോ : 1986 ലാണ് അത്. എനിക്കോര്‍മ്മയുണ്ട്. 
പ്രിയന്‍ : ഈ സമയത്ത് ടാഗോറിന്റെ 'സ്കെച്ചുകള്‍'  അവതരിപ്പിക്കുന്നുണ്ട്. നാടകമാസത്തില്‍.
ചാക്കോ : കറക്ട്. 1986 ലാണത്. കാരണം, ഞാന്‍ ആ സമയത്ത് ഡി. ഡി. കോസാംബിയുടെ പുസ്തകങ്ങള്‍ വിറ്റ് നടക്കുന്നുണ്ട്. നാടകമാസത്തില്‍ നാടകങ്ങള്‍ കണ്ടിട്ടുണ്ട്. 
പ്രിയന്‍ : അന്നാണ് ഞാന്‍ സത്യത്തില്‍ ഗ്രാമത്തിന്റെ പരിധിയില്‍ നിന്ന് വിട്ട് നഗരത്തിലെ നാടകങ്ങള്‍ കാണാന്‍ തുടങ്ങുന്നത്. മത്സരത്തിന് പോകുമ്പോള്‍ കാണുന്ന നാടകങ്ങള്‍പോലെയല്ല ഈ നാടകങ്ങള്‍. മോഡേണ്‍ നാടകങ്ങള്‍ എന്നൊക്കെ പറയുന്നത് ഇതാണെന്ന് അറിയുന്നു. കാരണം 'യീല്‍' പോലെയുള്ള നാടകങ്ങളുടെ ആക്ടിങ് വളരെ ഡിഫ്രന്റാണ്. 
ചാക്കോ : ലോക നാടകവേദിയെക്കുറിച്ചുള്ള പരിചയപ്പെടല്‍ തുടങ്ങുന്നത് അങ്ങനെ യായിരി ക്കണം. മാത്രമല്ല, മത്സര നാടകങ്ങളില്‍ കാണുന്ന ഒരു സ്പീഡല്ലല്ലോ, ഈ നാടകങ്ങളില്‍ കാണുന്നത്. 
പ്രിയന്‍ : അതേ. 'ഭോമ' എന്ന നാടകമൊക്കെ കണ്ടിട്ട് അങ്ങിനെതോന്നും.
ചാക്കോ : നാടകമാസത്തില്‍ 'ഭോമ' അവതരിപ്പിച്ചിരുന്നോ?
പ്രിയന്‍ : ഉവ്വ്. ഫസ്റ്റ്  ടീം അവതരിപ്പിച്ചിട്ടുണ്ട്. 
ചാക്കോ : അന്ന് ജയരാജ് വാര്യരും സേതുവുമൊക്കെ 'ഭോമ'യിലുണ്ടായിരുന്നോ?
പ്രിയന്‍ : ജയരാജ് വാര്യര്‍ അന്നില്ല. സേതു ഉണ്ട്. രാജുമാഷ് ഉണ്ട്.
ചാക്കോ : പോള്‍സണ്‍ താണിക്കല്‍ ? 
പ്രിയന്‍ : പോള്‍സണ്‍ താണിക്കല്‍ അന്നില്ല. 
ചാക്കോ : കണ്ടശ്ശാങ്കടവുള്ള ശ്യാം 'ഭോമ'യിലുണ്ടായിരുന്നോ?
പ്രിയന്‍ : ശ്യാം ഉണ്ട്. ഷാജിയുണ്ട്. 
ചാക്കോ : സെക്കന്റ്, തേഡ് ടീമിലാണ് നിങ്ങളൊക്കെ വരുന്നത്.
പ്രിയന്‍ : സെക്കന്റ് ഗ്രൂപ്പിലല്ല, തേഡ് ഗ്രൂപ്പിലാണ് ഞങ്ങളൊക്കെ വരുന്നത്. നാടകമാസം കഴിഞ്ഞാണ് 'മുദ്രാരാക്ഷസ'ത്തിന്റെ ചര്‍ച്ച തുടങ്ങുന്നത്. ഇവിടെ വല്ലച്ചിറ തൊഴിലാളികളാണ് ഭൂരിപക്ഷം ആള്‍ക്കാര്‍. അന്ന് ഞായറാഴ്ച മുടക്കം എന്നൊന്നില്ല. രാവും പകലും ജോലി ചെയ്യണം.  ഇപ്പോഴാണ് വൈകുന്നേരം ആറുമണി ഏഴുമണിക്കൊക്കെ ജോലി നിറുത്തുന്നത്. അന്ന് നേരം വെളുക്കോളം ജോലി ചെയ്യേണ്ട അവസ്ഥയാണ്. അങ്ങനെ ഒരു വര്‍ഷക്കാലത്തോളം 'മുദ്രാരാക്ഷസ'ത്തിന്റെ ക്യാമ്പ് ഇവിടെ നടന്നു. വേണുവാശാന്‍ വല്ലച്ചിറ സ്കൂളില്‍ വരും. ഓട്ടന്‍തുള്ളല്‍ മുദ്രകള്‍ പഠിപ്പിക്കും. 
ചാക്കോ : ടെന്റു കെട്ടിയുള്ള റിഹേഴ്സല്‍ ഉണ്ടായിരുന്നോ?
പ്രിയന്‍ : ഇല്ല. വല്ലച്ചിറ സ്കൂളിലാണ് റിഹേഴ്സല്‍. മൃദംഗം പഠിപ്പിക്കാനും തിമില പഠിപ്പിക്കാനും മാഷ്മ്മാര്‍ വന്നിരുന്നു. ബേസിക്കായിട്ട് താളത്തിന് പ്രാധാന്യമുണ്ടായിരുന്നു. താളം ഞങ്ങളുടെ ഉള്ളിലുണ്ട്. ഐവര്‍ക്കളി, കോല്‍ക്കളി, നന്ദുണിപ്പാട്ട് ഒക്കെ ഞങ്ങളുടെ ഉള്ളിലുണ്ട്. അന്ന് ഇവിടെ വരുന്ന നാടകങ്ങളോട് സഹകരിക്കുന്ന ആളാണ് സജീവന്‍ വള്ളിശ്ശേരി. പിന്നെ ഓമന വള്ളിശ്ശേരി. അങ്ങനെ എല്ലാവരും വളരെ സജീവമായ ആള്‍ക്കാരാണ്. പിന്നെ പ്രേമനുണ്ട്, കടലാശ്ശേരി ബാബുവുണ്ട്, അങ്ങനെ വളരെ സാധാരണക്കാരായ ആള്‍ക്കാര്‍. ചാരായ ഷാപ്പിലെ പ്രദീപ്, ഉണ്ണിക്കുട്ടന്‍... പിന്നെ നന്ദകിഷോറിനെ വിളിച്ചു - സൂത്രധാരന്‍ എന്ന കഥാപാത്രം ചെയ്യാന്‍. സി. ആര്‍ രാജനെ വിളിച്ചു.
ചാക്കോ : ഈ സമയത്ത് യുവകലാസാഹിതി കേരള വൈഡായിട്ട് 'ഭോമ' കളിപ്പിച്ചിരുന്നില്ലേ. 
പ്രിയന്‍ : 1986 ലാണത്. 'മുദ്രാരാക്ഷസം' തുടങ്ങുന്നതിന് മുമ്പേ ഞങ്ങള്‍ 'ഭോമ' കളിച്ച് തുടങ്ങിയിട്ടുണ്ട്. 'ഭോമ' കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തെരുവില്‍ ഞങ്ങള്‍ ചെറുനാടകങ്ങള്‍ കളിക്കാറുണ്ട്. 'ഗാന്ധി അനാച്ഛാദനം' പോലുള്ള ചെറുനാടകങ്ങള്‍. പിന്നെ സമാപന വേദിയില്‍ 'ഭോമ' കളിക്കും. ആദ്യമായി നാടകത്തിനു പ്രതിഫലം കിട്ടുന്നതപ്പോഴാണ്. അന്ന് സി. രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍ ഒക്കെ ഒപ്പമുണ്ടായിരുന്നു സംഘാടകരായിട്ട്. 'ഫസ്റ് ലവ് ഏതാണ്?' എന്ന ചോദ്യം ക്യാമ്പില്‍ ജോസ് ഉയര്‍ത്തുന്നുണ്ട്. നാടകമാണോ, ജീവിതമാണോ? ശരിയായ ഒരു പ്രൊഫഷണല്‍ തീയ്യറ്റര്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് ജോസേട്ടന്റെ ലക്ഷ്യം.
ചാക്കോ : അതായത് ഗ്രാമീണ തലത്തില്‍ നിന്നുള്ള ശരിയായ നാടകവേദിക്കായുള്ള ശ്രമം.
പ്രിയന്‍ : നമ്മുടെ നാട്ടില്‍ ശരിയായ രീതിയില്‍ 'പ്രൊഫഷണല്‍ തീയ്യറ്റര്‍' ഇല്ല എന്നു പറയാം. ശരിയായ 'പ്രൊഫഷണല്‍ തീയ്യറ്റര്‍' കേരളത്തിലുണ്ടാക്കുക എന്നതായിരുന്നു ജോസേട്ടന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഇതൊക്കെ ഏറ്റെടുത്തപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ മെച്ചം എന്നു പറയുന്നത് തീയ്യറ്ററിന്റെ വിവിധ തരം മേഖലകള്‍ ഞങ്ങള്‍ക്കു പരിചയപ്പെടാന്‍ കഴിഞ്ഞു. ഇവിടെ ചുറ്റുമുള്ള കലാസമിതികള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം നിലനിന്നിരുന്നു. നാടകാ വതരണങ്ങളും ഉണ്ടായിരുന്നു. ഈ മാസം ഒരു സമിതിയുടെ വാര്‍ഷികമാണെങ്കില്‍ അടുത്ത മാസം വേറൊരു സമിതിയുടെ വാര്‍ഷികം. അങ്ങനെ നിരന്തരമായിട്ടു നടത്തുന്ന രീതിയാണ്.
ചാക്കോ : ഒന്നുകില്‍ ഒരു വായനശാല... അല്ലെങ്കില്‍ ഒരു ക്ളബ്ബ് വാര്‍ഷികം. ഇഷ്ടംപോലെ മത്സരങ്ങളുമുണ്ട്. - 1986 ല്‍.
പ്രിയന്‍ : അങ്ങനെയുള്ള സമയത്താണ് പലതരം നാടകങ്ങള്‍ പോയി കാണുവാനുള്ള അവസരം ലഭിച്ചത്. പട്ടാമ്പിയില്‍ പോയി 'മത്തവിലാസം' ഒക്കെ കാണാന്‍ കഴിഞ്ഞു.
ചാക്കോ : പി. ഗംഗാധരന്‍ മാഷുടെ നേതൃത്വത്തിലുണ്ടായ നാടകം ?
പ്രിയന്‍ : അതെ... 'മത്തവിലാസം.' പിന്നെ സൈക്കിള്‍ ചവിട്ടി സ്കൂള്‍ ഓഫ് ഡ്രാമയിലൊക്കെ നാടകങ്ങള്‍ കാണാന്‍ പോയിരുന്നു. കൃത്യമായിട്ട് നാടകങ്ങള്‍, വെറുതെ അലസമായിട്ടു കാണേണ്ട കാലരൂപമല്ല, എന്ന കാഴ്ചപ്പാട് ഞങ്ങളില്‍ രൂപപ്പെടുത്താന്‍ ഈ യാത്രകള്‍ കഴിഞ്ഞു.
ചാക്കോ : ചുമ്മാ തട്ടിക്കൂട്ടി ചെയ്യേണ്ട ഒന്നല്ല നാടകം എന്നുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ഈ അവസരങ്ങള്‍ക്കു കഴിഞ്ഞിരിക്കും.
പ്രിയന്‍ : പിന്നീട് നോക്കുമ്പോള്‍, എനിക്കു തോന്നിയിട്ടുണ്ട്, വളരെ അപകടകരമായിട്ടുള്ള  കാര്യങ്ങളുമുണ്ട്. കാരണം, സജീവമായിട്ടുള്ള ഒരു ജനതയുടെ കൂട്ടായ്മയുണ്ട്.
ചാക്കോ : വളരെ നിഷ്ക്കളങ്കമായിട്ട് ഒരു ജനത ഈ മീഡിയത്തെ സമീപിക്കുന്ന രീതിയുണ്ട്.
പ്രിയന്‍ : ആ കൂട്ടായ്മക്കപ്പുറത്ത് നാടകമെന്നു പറയുന്നത് ഭയങ്കര പണച്ചിലവുള്ള ഒരു പ്രവര്‍ത്തനമാണ് എന്ന തോന്നലുണ്ടാക്കി. 
ചാക്കോ : തികച്ചും അക്കാദമിക്കായ ഒരു കാഴ്ചപ്പാടില്‍ നിന്നുണ്ടാവുന്ന തിരിച്ചറിവായിരിക്കും. 
പ്രിയന്‍ : അങ്ങനെയൊരു അപകടം - കുഴപ്പം പിടിച്ച, ചിന്ത - ഈ സമയത്തുണ്ടായിരുന്നു. എങ്കിലും, നാടകങ്ങളെ അന്വേഷണാത്മകമായും, നിരൂപകന്റെ കാഴ്ചപ്പാടിലും സമീപിക്കാനുള്ള ശേഷി ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ ജോസേട്ടന്റെ രീതി വളരെ വ്യത്യസ്തമായിരുന്നു.
ചാക്കോ : ജോസ് ചിറമ്മലിന്റെ രീതി എങ്ങനെയായിരുന്നു? 
പ്രിയന്‍ : ജോസേട്ടന്റെ നാടകത്തില്‍ ഒരു നടന്‍.. അയാള്‍ക്കു പകരം മറ്റൊരു നടന്‍ വന്നാലും ചെയ്യാമെന്നു തോന്നാം. പക്ഷേ, ആ നടനുപകരം വേറൊരു നടനെ വെക്കുമ്പോഴാണറിയുക ആ നടനുപകരം വേറൊരു നടനില്ല. അതത്ര എളുപ്പമല്ല.
ചാക്കോ : ഓരോരുത്തര്‍ക്കും ഭയങ്കര ഇന്‍ഡിവിജ്വാലിറ്റിയുണ്ടാക്കുകയായിരിക്കും ജോസ് ചെയ്തിരിക്കുക. 

പ്രിയന്‍ : ഒരാളുടെ വീക്ക്നെസ്സ് അടക്കം ഒരു ക്യാരക്ടറിലേക്ക് സപ്പോര്‍ട്ട് ചെയ്ത് ഡെവലപ്പ് ചെയ്തെടുക്കുന്ന രീതിയാണ് ജോസേട്ടന്‍ ഒരു നടനെ വളര്‍ത്തിയെടുക്കുന്ന രീതി.
ചാക്കോ : ഒരു പാട് തര്‍ക്കങ്ങളൊക്കെ ഉണ്ടാവും ക്യാമ്പില്‍? 
പ്രിയന്‍ : വളരെ സിംപിളാണാരീതി. ഒരു നടനെ, വളരെ ലാഘവത്തോടെ, അയാള്‍ പോലുമറിയാതെ വളര്‍ത്തിയെടുക്കുന്ന രീതിയാണത്. ഞാന്‍ തുറന്നുപറയട്ടെ, വര്‍ഷങ്ങള്‍ക്കുശേഷവും ആലോചിക്കുമ്പോള്‍ മനസ്സിലാക്കുകയാണ്. ഞാന്‍ ജോസ് ചിറമ്മലിന്റെ പോലെ ഒരു ഡയറക്ടറെ  ഇതുവരെ കണ്ടിട്ടില്ല. ഒരു ടെക്സ്റ് എടുക്കുമ്പോഴും ആ ടെക്സ്റില്‍നിന്നും എന്താണ് ഒരു ഡയറക്ടര്‍ക്ക് കൊടുക്കാനുള്ള സന്ദേശം അയാള്‍ ആദ്യമെ കണ്ടിട്ടുണ്ടാവും. അറുബോറന്‍ എന്നു തോന്നിപ്പിക്കുന്ന ഒരു നാടകത്തെ ജോസ് ചിറമ്മലാണ് ഇന്റര്‍പ്രിട്ടേഷന്‍ കൊടുക്കുന്നതെങ്കില്‍ വളരെ ശക്തമായ നാടകമായി മാറുകയാണ്. ഉദാ: 'വെയ്റ്റിങ് ഫോര്‍ ഗോദോ'
ചാക്കോ : അങ്കമാലി മോഹന്‍ - ബാബു ടീമിന്റെ 'ഗോദോയെ കാത്ത്'  എന്ന നാടകത്തിന്റെ അനുഭവം എനിക്കു നേരിട്ടു ജഡ്ജ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ 'കുടുക്ക' മത്സരിച്ച ഈ പിരിയഡില്‍ ഫസ്റ് 'ഗോദോ'ക്കു കിട്ടി. നല്ല സംവിധായകന്‍ ജോസ് ചിറമ്മലും...
പ്രിയന്‍ : അതെയതെ... കാരണം, നമ്മുടെ വായനയ്ക്കപ്പുറം ഒരു കൃതിയുടെ ഉള്ളിലേക്ക് ഇത്രയധികം ആഴ്ന്നിറങ്ങിപ്പോയ ഒരു ഡയറക്ടര്‍ വേറെയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്തിട്ടുണ്ട്. എനിക്ക് ജോസ്ചിറമ്മല്‍ എന്ന സംവിധകനില്‍ നിന്നാണ് ഈ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ചാക്കോ : ചര്‍ച്ച ചെയ്യുന്ന ഒരു രീതി ജോസ് ചിറമ്മലിന്റെ ഒരു മെതേഡ് ആണെന്നു തോന്നുന്നു. ധാരാളം തര്‍ക്കിക്കുന്ന, ചോദ്യം ചെയ്യുന്ന രീതി.
പ്രിയന്‍ : വല്ലച്ചിറയെ സംബന്ധിച്ചിടത്തോളം ഇവിടെ വന്നുപോകാത്ത ആളുകളില്ല. അപ്പൊ ഇവിടെ നടക്കുന്നത്, മുഴുവന്‍ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. ജോണ്‍ എബ്രഹാമിനെക്കുറിച്ചു കേള്‍ക്കുമ്പോഴും സുരാസുവിനെക്കുറിച്ചു കേള്‍ക്കുമ്പോഴും, സുരാസുവിനെ ഇവിടെ പരിപാടിക്കുതന്നെ വിളിച്ചിട്ടുണ്ട്. ഇവിടെ പ്രദീപിന്റെ ചാരായഷാപ്പുണ്ടായിരുന്നു. അവിടെയാണ് എല്ലാവരും വന്നാലുള്ള താവളം. കുറേ ആളുകള്‍ക്കൊക്കെ നമ്മുടെ വീടിന്റെ ഉമ്മറത്തും കിടക്കാം.
ചാക്കോ : കലാകാരന്മാരെ അക്കമഡേറ്റ് ചെയ്തിരുന്ന വീടായിരുന്നല്ലോ. 
പ്രിയന്‍ : ആര്‍ക്കും കയറിവരാവുന്ന ഒരു രീതിയായിരുന്നു. എന്നെ സംബന്ധിച്ച് ഇവരുടെ തര്‍ക്കങ്ങളില്‍നിന്നും പലതും വായിച്ചെടുക്കാനും പഠിക്കാനും കഴിയും.
ചാക്കോ : അതൊരു വേറെ സ്കൂളിങ്ങാണ്? 
പ്രിയന്‍ : തീര്‍ച്ചയായും.
ചാക്കോ : വളരെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ചും ചാരായഷാപ്പില്‍ സാധാരണക്കാര്‍ക്കിടയിലിരുന്നുള്ള സംവാദങ്ങള്‍! യാതൊരു ഔപചാരികതയുമില്ലാതെ.
പ്രിയന്‍ : അതൊക്കെ വേറൊരു തരത്തിലുണ്ടാക്കുന്ന പഠനം തന്നെയാണ്.
ചാക്കോ : ഗ്രാമീണ തലത്തിലുള്ള വേറൊരു ബദല്‍ സ്കൂളിങ്ങാണത്.
പ്രിയന്‍ : സിനിമയിലില്ലാത്തത്. കാരണം നാടകം എന്നൊരു കലാരൂപവുമായി ബന്ധപ്പെട്ട വളരെ വ്യത്യസ്തരായ ആളുകള്‍, കവികള്‍, കലാകാരന്മാര്‍, പാട്ടുകാര്‍. ഇവരുടെയൊക്കെ ഇടയില്‍ അര്‍ത്ഥപൂര്‍ണ്ണമായുണ്ടാകുന്ന കൂട്ടായ്മ-സംവാദങ്ങള്‍ - അതൊക്കെ സംഘടിപ്പിക്കുമ്പോഴു ണ്ടാകുന്ന   ഒരു പഠനം.
ചാക്കോ : വെറുതെ ഒരു സെമിനാര്‍ വെച്ചാല്‍ ഇതു കിട്ടുന്നില്ല.
പ്രിയന്‍ : ഒരിക്കലും കിട്ടില്ല. വളരെ വ്യത്യസ്ത തലത്തില്‍ പുസ്തകങ്ങള്‍ അന്വേഷിച്ചു വായിക്കാന്‍... ഞങ്ങള്‍ക്കു തന്നെ 'തനത്' എന്നതിനപ്പുറത്തുനിന്നും, മറ്റൊരു 'തനത്' അന്വേഷി ക്കാനുള്ള-
ചാക്കോ : തികച്ചും റൂറലായ ഒരു 'തനത്' എന്താണെന്നുള്ള അന്വേഷണം.
പ്രിയന്‍ : കാവാലത്തിന്റെ ഒരു 'തനത്' അല്ല മലബാറിലെ 'തനത്'. കാരണം 'പുലിജന്മം' എന്ന എന്‍. പ്രഭാകരന്റെ നാടകം അത് അവരുടെ 'തനത്' ആണ്. അപ്പൊ ഓരോ പ്രദേശത്തും ഓരോ 'തനതു'ണ്ട്.
ചാക്കോ : അതിന് അതിന്റേതായ ഒരു തനിമയുണ്ട്. 
പ്രിയന്‍ : അതായത് പൊതുവേ ഒരു 'തനത്' എന്നു പറയാനാവില്ല. അതു ശരിയല്ലാത്ത അന്വേഷണമായിരിക്കാം.
ചാക്കോ : കാവാലം ഒരു റൂട്ട് പിടിച്ചുപോയെന്നു മാത്രം.
പ്രിയന്‍ : ഞാനൊരു കാര്യം പറയാം. ജോസേട്ടനായിട്ട് അസ്സലായിട്ട് കലഹിച്ചിട്ടുണ്ട്. അത് ഇല്ലാത്തതൊന്നുമല്ല. അന്തസ്സായിട്ട് കലഹിച്ചിട്ടുണ്ട്. പലപ്പോഴും ചില കാര്യങ്ങളോടുള്ള വിയോജിപ്പ്...
ചാക്കോ : നമുക്ക് 'മുദ്രാരാക്ഷസ്സം' ക്യാമ്പ് മാത്രമെടുത്ത് ഒന്നു ചര്‍ച്ചചെയ്തു നോക്കാം. കാലത്തുതൊട്ടുള്ള റിഹേഴ്സല്‍.
പ്രിയന്‍ : 'മുദ്രാരാക്ഷസ്സം' ക്യാമ്പ് ശരിക്കും നടന്നത് വല്ലച്ചിറയിലാണ്. 
ചാക്കോ : പാഞ്ഞാള്‍ ഒരു അറ്റംപ്റ്റ് നടക്കാതെയായപ്പോഴാണ് ഇവിടെ വന്നതെന്നു കേട്ടിട്ടുണ്ട്.
പ്രിയന്‍ : അതൊന്നും ഞങ്ങള്‍ക്കറിയില്ല.
ചാക്കോ : ശിവകരന്റേയും തുപ്പേട്ടന്റേയും നാട്... അവിടെ ജോസ് ഒരന്വേഷണം നടത്തിയിട്ടുണ്ട്. ഇവിടെയാണെങ്കില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നാടകവുമുണ്ട്. അതുകൊണ്ടാണ്  പാഞ്ഞാള്‍ നടക്കാതെ പോയത്. വല്ലച്ചിറ നടന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
പ്രിയന്‍ : ആദ്യമായി ആമ്പക്കാടന്‍ മൂലക്കടുത്തുള്ള ബാലേട്ടന്റെ മനയില്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. റിഹേഴ്സലും നടന്നിട്ടുണ്ട്.
ചാക്കോ :  ആ ക്യാമ്പില്‍നിന്നും നേരെ എന്റെ റൂമിലേക്ക് കയറിവരും - 1984 മുതല്‍ ഇതു തുടരുന്നുണ്ട്. സെന്റ് തോമസ്സ് ഹോസ്റലിനു മുന്‍വശത്തുള്ള ഗോള്‍ഡന്‍ ലോഡ്ജിലെ റൂം നമ്പര്‍ 24ല്‍. അവിടെ ചാരായവും കടലപ്പുഴുക്കും കഴിച്ച് നാടകചര്‍ച്ചകള്‍ ജോസ് നടത്തിയിട്ടുണ്ട്.
പ്രിയന്‍ : 'മുദ്രാരാക്ഷസം' തുടങ്ങിയപ്പോള്‍ പണിയൊക്കെ ആകെ അവതാളത്തിലായി. ഫുള്‍ടൈം നാടകം തന്നെ!
ചാക്കോ :  1986 നുശേഷമാണത്. മദ്രാസ്സിലല്ലെ മേഖല മത്സരം നടന്നത്?
പ്രിയന്‍ : അസാധാരണമായ ഒരു പെര്‍ഫോമന്‍സായിരുന്നു.
ചാക്കോ :  ശരിക്കും ജോസ് അതിന്റെ റിഹേഴ്സല്‍ ചിലവിന്റെ ഭാഗമായി ഹിറ്റ് ഇന്റര്‍നാഷണലിന്റെ ഒരു നാടകം സഹായിക്കുന്നുണ്ട്. - കമേഴ്സ്യല്‍ എന്നു പറയുന്ന ' പ്രൊഫഷണല്‍' വേണ്ട എന്നു പറഞ്ഞ ആളുതന്നെ ഇത് കമ്മേഴ്സ്യല്‍ നാടകവേദിയില്‍ പോയി പണമുണ്ടാക്കിയിരുന്നു.
പ്രിയന്‍ : ആ പണമൊക്കെ ആള് അമേച്ച്വറിനുവേണ്ടി ഉപയോഗിച്ചിരുന്നു. നാടകങ്ങളും കമ്മേഴ്സ്യല്‍ നാടകങ്ങളില്‍ പോയി സാഹായിച്ച്, ആളുടെ പേരുവെക്കാതെ , കാശുണ്ടാക്കി വന്ന് അമേച്ച്വറിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്.
ചാക്കോ :  'റെയിന്‍ബോ' ഇതിനിടയില്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു - കൊല്ലം കാളിദാസക്കു വേണ്ടി?
പ്രിയന്‍ : 1987 നുശേഷം. 
ചാക്കോ :  ഹിറ്റ് ഇന്റര്‍നാഷണലിന്റെ 'രാത്രി പന്ത്രണ്ടുമണി'യുടെ റിഹേഴ്സല്‍ക്യാമ്പ് ടൌണ്‍ ഹാളില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇച്ചിരി ഫിറ്റായി ടൌണ്‍ഹാളില്‍ ചെന്നിട്ട് 'എന്തൂട്ട് തേങ്ങ്യാണ് ഇവിടെ നടക്കുന്ന'തെന്നു പറഞ്ഞിട്ട് ഇടപെട്ടിട്ടുണ്ട്! മധു ഒക്കെയുള്ള സമയത്ത്. അന്ന് ജോസ് അവരുടെ റിഹേഴ്സലിനെ കളിയാക്കി സംസാരിച്ചിട്ടുണ്ട്. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഞാനറിയുന്നത് - തൃശ്ശൂര്‍ എല്‍സി വഴിക്ക് തൃശ്ശൂര്‍ വിശ്വം എഴുതിയ ഒരു നാടകം പൊളിച്ചുവര്‍ക്കു ചെയ്യാന്‍ ജോസ് തീരുമാനിച്ച വിവരം. പൈസക്കു വേണ്ടിയാണ് ജോസ് അതു ചെയ്തത്. 'മുദ്രാരാക്ഷസ്സ'ത്തിന്റെ മാസ്ക്കുകള്‍ ഉണ്ടാക്കാന്‍ ജോസിനു പൈസ വേണമായിരുന്നു.
തൃശ്ശൂര്‍ എല്‍സി 
പ്രിയന്‍ : അതു ശരിയായിരിക്കാം.

ചാക്കോ :  
ആ സമയത്ത് ഒരു റൂം.. 
പാലസ്സിന്റെ അടിയിലെ മുറികളില്‍. 
റൂട്ടിനുവേണ്ടി ഒരു റൂം?
പ്രിയന്‍ : 
അവിടെ ഒരു റൂം ഉണ്ടായിരുന്നു... ഓഫീസ് പോലെ പ്രവര്‍ത്തിക്കാന്‍... 
അവിടെ നാടകത്തിന്റെ ചില പണികള്‍ നടന്നിരുന്നു പിന്നെ ഡല്‍ഹിയില്‍ പോയുള്ള അനുഭവങ്ങളാണ് - 'മുദ്രാരാക്ഷസം' നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തപ്പോഴുള്ളത്.
ചാക്കോ : പോലീസുകാരന്‍ ജോണ്‍സണ്‍ഭായിയായിരുന്നില്ലെ ആ നാടകത്തിന്റെ മ്യൂസിക് ചെയ്തിരുന്നത്?
പ്രിയന്‍ : അതെ.
ചാക്കോ :  ജയരാജ് വാര്യരുമായി ജോസിന് മുന്‍പ് പരിചയമുണ്ടായിരുന്നോ? എങ്ങിനെയാണ് ജയരാജ് വാര്യര്‍ 'മുദ്രാരാക്ഷസ'ത്തില്‍ വരുന്നത്?
ജയരാജ്‌ വാരിയര്‍ 
 പ്രിയന്‍ : 
അതെനിക്കറിയില്ല. ജയരാജ് വാര്യര്‍ ചാണക്യനായി വരുന്നു. അതു മാത്രമേ എനിക്കറിയൂ. പിന്നെ ജോസേട്ടനുമായുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാനിപ്പോഴും പറയും ജോസേട്ടനാണ് എന്നിലെ നടന്റെ വളര്‍ച്ചയില്‍ സഹായിച്ചിട്ടുള്ളത്.
ചാക്കോ :  
റിഹേഴ്സല്‍ ക്യാമ്പിലേക്കു വരാം. 
ജോസിന്റെ ട്രെയിനിങ്ങ് രീതി?
പ്രിയന്‍ : ഞാന്‍ പറഞ്ഞല്ലോ, ഒരാളെ കിട്ടിയാല്‍പോലും ഓരോ കഥാപാത്രത്തിന്റെ സ്വഭാവവിശേഷം, രീതികള്‍, ആ നടന്മാരില്‍നിന്നെല്ലാം അദ്ദേഹം 'ഇംപ്രവൈസ്' ചെയ്യും. നിലവിലുള്ള ഒരു പാറ്റേണ്‍ അല്ലാതെ ചിലപ്പോള്‍, ഐവര്‍ കളിയുടെ സാധ്യത ജോസേട്ടന്‍ ഉപയോഗിച്ചു കളയും. ആളു പറയും - 'നിങ്ങളുടെ തനതു വെച്ച് നമുക്കീ ക്യാരക്ടര്‍ ഡെവലപ് ചെയ്യാം. ആ സ്റെപ്പുകള്‍ വെച്ച് കഥാപാത്രത്തോടു വരാന്‍ പറയും.' ആളു പറയും - 'നിങ്ങള്‍ക്കൊരു താളമുണ്ട്. അതുവെച്ച് വരൂ!'
ചാക്കോ :  തനി ക്ളാസ്സിക്കലുമല്ല...
പ്രിയന്‍ : അതെ. പലതരത്തിലുണ്ടാകുന്ന 'ഫോക്കു'കളുമുണ്ട്. ഒരു നടന്റെ സ്വഭാവത്തേയും ശരീരത്തേയും കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് ഒരു താളത്തെ നീട്ടിക്കൊണ്ടുപോയിട്ടാണ് ജോസേട്ടന്‍ നാടകമുണ്ടാക്കിയത്.
ചാക്കോ :  അങ്ങിനെയാണ് നാടകത്തിന്റെ മൊത്തം 'ഔട്ട്പുട്ട്' ഉണ്ടാക്കുന്നത്?
പ്രിയന്‍ : അതെ. അതല്ലാതെ ഒരാളു പുറത്തുനിന്നു വന്ന് കോറിയോഗ്രാഫി ക്ളാസ്സെടുത്ത് അതപ്പടി അനുകരിക്കുന്ന രീതിയല്ല.
ചാക്കോ : തനി റെഡിമെയ്ഡായിട്ടുള്ള ഒരു സാധനം?
പ്രിയന്‍ : അതൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ മെലിഞ്ഞ കാലുകള്‍, കയ്യുകള്‍, എങ്ങിനെ ഉപയോഗിച്ച് എന്റെ കഥാപാത്രങ്ങള്‍ ചന്ദ്രദാസനും പര്‍വ്വതകനും ഡെവലപ് ചെയ്യാമെന്നാണ് ജോസേട്ടന്‍ ആലോചിച്ചിരുന്നത്. 
ചാക്കോ :  ശരിക്കും ഡാന്‍സും കഥകളിയും പഠിച്ച ഒരു ഗ്രൂപ്പിനെ വെച്ച് ചെയ്തിരുന്നെങ്കില്‍ ആക്ടിങ്ങിലെ ഈ വൈവിധ്യം ഉണ്ടാകുമായിരുന്നില്ലെന്ന് തോന്നുന്നു. ഇവിടെ ഗ്രാമീണ തലത്തില്‍ വളരെ വ്യത്യസ്തമായ ശരീര ഘടനയുള്ള സാധാരണക്കാരാണ് വരുന്നത്. അത് 'മുദ്രാരാക്ഷസ' ത്തിന്റെ വിജയത്തിന് വളരെ ഗുണം ചെയ്തിട്ടില്ലേ?
പ്രിയന്‍ : അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഓരോ ക്യാരക്ടേഴ്സും ഓരോ വെറൈറ്റി ആയത്. അതുകൊണ്ടാണ് പകരക്കാരന്‍ വരുമ്പോള്‍ ആ കഥാപാത്രത്തെ അഭിനയിച്ചു വിജയിപ്പിക്കാന്‍ പറ്റാതെ പോകുന്നത്. കാരണം ഒരാളുടെ അഭിനയം കണ്ടിട്ട് മറ്റൊരാള്‍ക്ക് അതുപോലെ അഭിനയി ക്കാന്‍ പറ്റില്ല. അവിടെ പാളിപ്പോവുകയാണ്. ആ നാടകത്തില്‍ വെറുതെ കുന്തം പിടിച്ചു നില്ക്കുന്ന പ്രദീപ് മാറിയപ്പോള്‍ പുതിയ ആള്‍ക്ക് പ്രദീപുമായുള്ള വ്യത്യാസം വ്യക്തമായി. ആ ഭടന്റെ താളം തന്നെ പോയി. ഡയലോഗിലല്ലെന്ന് ഓര്‍ക്കണം. അവരുടെ മൂവ്മെന്റ്സിലുള്ള അപാകതയാണ് വ്യക്തമായത്. അതാണ് ജോസേട്ടന്റെ ട്രെയിനിങ്ങ്. ഒരു നാടകം ഒരു തവണ ചെയ്യുമ്പോഴേ ആള്‍ ഗൌരവം കാണിച്ചിട്ടുള്ളു. രണ്ടാമത് ആ നാടകം വേറൊരു ടീമിനെവെച്ച് ചെയ്തപ്പോള്‍ ആ ഗൌരവം കണ്ടതായി തോന്നുന്നില്ല. 
ചാക്കോ :  അങ്ങിനെയുണ്ട്, അല്ലെ? 
പ്രിയന്‍ : ഉണ്ട്. രണ്ടാമത് ആ നാടകം ചെയ്യുന്ന ടീം ആദ്യത്തെപ്പോലെ വിജയിച്ചിട്ടില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം നടനറിയാതെ കയറിപ്പോകുന്നുണ്ട്. ചില സംവിധായകരുടെ മുമ്പില്‍ പെടുന്ന നടന്‍ ഈ 'ഭാരം' പൊന്തുമോ എന്ന് പേടിച്ചിട്ടുണ്ടാകും. ഇത് ലാഘവത്തോടെ എടുക്കാന്‍ പറ്റുന്നിടത്താണ് ജോസേട്ടന്റെ പരിശീലനത്തിന്റെ പ്രത്യേകത. നടന്റെ ആത്മവിശ്വാസം ഇരട്ടിയാകും. 
ചാക്കോ : നീന്തല്‍ പഠിപ്പിക്കുന്നത് പോലെയാണ്. കുറേകഴിയുമ്പോള്‍ അറിയാതെ  പിടിക്കുന്നയാള്‍ കൈവിടുമ്പോഴും കുട്ടി നീന്തിക്കൊണ്ടിരിക്കും. സാധാരണ തൊഴിലാളികളുടെ 'മെറ്റല്‍' മനസ്സിലാക്കി വാര്‍ത്തെടുക്കുന്ന അപൂര്‍വ്വം സംവിധായകരില്‍ ഒരാളായിരുന്നു ജോസ് ചിറമ്മല്‍ എന്നുപറയാം.
പ്രിയന്‍ : തീര്‍ച്ചയായും...
ചാക്കോ : പിന്നീട് നാഷണല്‍ മത്സരത്തില്‍ വിന്‍ ചെയ്തതിനു ശേഷം സംസ്ഥാന പ്രൊഫഷണല്‍ നാടകത്തില്‍ പങ്കെടുത്തതിന്റെ അനുഭവം?
പ്രിയന്‍ : സംസ്ഥാന മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല.
ചാക്കോ : സാമ്പത്തികം മൊത്തം എത്ര വന്നുകാണും - 'മുദ്രാരാക്ഷസ'ത്തിന്?
പ്രിയന്‍ : കുറേ കാശ് ജോസേട്ടന്‍ ഉണ്ടാക്കി. പിരിച്ചെടുത്തിട്ടുണ്ട്. പിന്നെ റീജിയണല്‍ തിയ്യറ്ററില്‍ കാശുവെച്ച് കളിച്ചിട്ടുണ്ടായിരുന്നു. ആ അര്‍ത്ഥത്തില്‍ നല്ല വിജയമായിരുന്നു.
ചാക്കോ : സൌത്ത്സോണ്‍, നാഷണല്‍ 'വിന്‍'  ചെയ്തിട്ടുള്ളതിനും സാമ്പത്തികം കിട്ടിയിട്ടുണ്ടാവും. പിന്നെ വന്നത് പ്രൊഫഷണല്‍ നാടകമത്സരത്തില്‍ പങ്കെടുക്കുന്നതും, റിസള്‍ട്ട് ബ്ളോക്കാവുന്നതും ഒക്കെയാണ് കണ്ടത്.
പ്രിയന്‍ : അതു പിന്നീടാണുണ്ടായത്.
ചാക്കോ : പ്രൊഫഷണല്‍ നാടകമത്സരത്തില്‍ തന്നെ വലിയൊരു ബ്രേക്കാണത്. സ്ഥിരം പ്രൊഫഷണല്‍ രീതിയില്‍ നിന്നുള്ള ബ്രെയ്ക്ക്. 
പ്രിയന്‍ : അതു വേണ്ടതാണ്. ആ സമയത്ത് അതു ശരിയായിരുന്നു. 
ചാക്കോ : സ്ഥിരം ശീലങ്ങളെ ബ്രെയ്ക്ക് ചെയ്യുന്നരീതി പക്ഷെ, ആ നാടകത്തിനെതിരെ സ്റേ വന്നു.
പ്രിയന്‍ : തങ്ങള്‍ ചെയ്യുന്ന തീയ്യറ്ററിനപ്പുറമൊന്നുമില്ല എന്നു വാശിപിടിക്കുന്നവരുടെ പ്രശ്നമാണ്. അതിനപ്പുറം മറ്റൊന്നുണ്ട് എന്നു കാണുമ്പോഴുള്ള ഞെട്ടലാണത്. പുതിയതിനെ അംഗീകരിക്കാന്‍, പഠിക്കാന്‍ അവര്‍ തയ്യാറല്ല അതാണു പ്രശ്നങ്ങള്‍ക്കു കാരണം.
ചാക്കോ : ഒരുപക്ഷെ, അതംഗീകരിച്ചിരുന്നെങ്കില്‍ പ്രൊഫഷണല്‍ എന്ന രീതിയില്‍ പുതിയ രീതികളും ഫോമുകളും ഡെവലപ്പ് ചെയ്തു വരുമായിരുന്നു.
പ്രിയന്‍ : പുതിയ ഒരു പ്രൊഫഷണല്‍ തീയ്യറ്റര്‍ സംസ്കാരം ഉണ്ടാവുമായിരുന്നു.
ചാക്കോ : ചിറമ്മലിന്റെ 'റെയിന്‍ബോ' അങ്ങനെയൊരു ബ്രേയ്ക്ക് ആയിരുന്നു. ആ നാടകം വേറെ അനുഭവമായിരുന്നു.
പ്രിയന്‍ : അതൊക്കെ ഏറ്റവും വലിയ തെളിവായിരുന്നു. സത്യത്തില്‍ പിന്നീടെന്താണു സംഭവിച്ചത്? വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന, ആഴമുള്ള, നാടകങ്ങള്‍ ചെയ്ത പല സംഘങ്ങളും പിന്നീട് മൂല്യം തകര്‍ന്ന അവതരണങ്ങളുമായി രംഗം കീഴടക്കി. അതുതന്നെ വേറൊരു ട്രെന്‍ഡാക്കി! മഹാകഷ്ടമാണത്!
ചാക്കോ : ഒരുപാടു ബ്രെയ്ക്കു നടത്തിയ ആളുകള്‍ തന്നെ പിന്നീടുള്ള അവതരണങ്ങളില്‍ വളരെയധികം പുറകോട്ടുപോയി.
പ്രിയന്‍ : സംഗമം തിയ്യറ്ററിന്റെ നാടകങ്ങള്‍ - കെ.ടി. മുന്നോട്ടുവെച്ച നാടകങ്ങള്‍ - എന്നു പറഞ്ഞാല്‍, വെറുതെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് കര്‍ട്ടനുകളുടെ പ്രയോഗത്തിനപ്പുറം, ജീവിത പ്രശ്നങ്ങളുടെ ആഴങ്ങളിലേക്ക്, ഗൌരവമുള്ള കാര്യങ്ങളിലേക്ക് ഒരു കാഴ്ചക്കാരനെ കൊണ്ടുവന്നതായിരുന്നു. പിന്നീട് സംഭവിച്ചതെന്താണ്? വെറുമൊരു കള്ളക്കളിയിലേക്ക് അവര് തന്നെ പോയി.
കെ. ടി. മുഹമ്മദ്‌ 
ചാക്കോ : 
ഇപ്പോള്‍ പ്രസന്റിലേക്കു വരുമ്പോള്‍ - ചുമ്മാ മാര്‍ക്കറ്റിനു വേണ്ടിയുള്ള നാടകങ്ങളായി അധഃപതിച്ചുവെന്നു പറയാം.
പ്രിയന്‍ : 
മാര്‍ക്കറ്റാണ് ഇവരുടെയൊക്കെ പ്രശ്നം. ഇപ്പോള്‍ വരുന്ന ശരിയായ അര്‍ത്ഥമന്വേഷിക്കുന്ന പ്രേക്ഷകരെ കാണാതിരിക്കുകയാണിവര്‍ ചെയ്യുന്നത്. നല്ല നാടകം വേണമെന്നുള്ളവരെ ഇവര്‍ നിരാശപ്പെടുത്തുന്നു. 
ചാക്കോ : 
മാത്രമല്ല കെ.ടിയുടെ രചനകളെക്കുറിച്ച് പറഞ്ഞുകേട്ടത് , അമേച്വര്‍ ലെവലില്‍ കളിക്കാന്‍ വേണ്ടി എഴുതപ്പെട്ട രചനകളായിരുന്നു. അത് സംഗമമെടുത്ത് പ്രൊഫഷണലാക്കിയപ്പോള്‍ വലിയൊരു ബ്രെയ്ക്ക് ആക്കിമാറ്റുകയും. പിന്നീട് അതില്‍നിന്നും മാറുകയും ചെയ്തതാണ് ചരിത്രം. കൊല്ലം കാളിദാസയ്ക്കും സംഭവിച്ചതതൊക്കെയാണ്.
പ്രിയന്‍ : പലപ്പോഴും ഇത്തരം നാടകങ്ങള്‍ക്ക് കാഴ്ചയുടെ വേറൊരു തലമുണ്ടായിരുന്നു. ഫൈന്‍ ആര്‍ട്സ് സൊസൈറ്റികള്‍ വളരെ ഗൌരവമുള്ള നാടകങ്ങള്‍ കൊണ്ടുവന്നു കളിപ്പിച്ചിരുന്നു. പക്ഷേ, ഇന്നതില്ലാതായി. 
ചാക്കോ : വേദികളില്ല, സംഘാടകരില്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് അവരും നേരിടുന്ന പ്രശ്നം.
പ്രിയന്‍ : അതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ആത്മാര്‍ത്ഥമായ സംഘാടനമില്ല. പ്രത്യേകിച്ചും നാടകങ്ങള്‍ക്ക്.
ചാക്കോ : നമുക്കു ചിറമ്മലിലേക്കു തന്നെ തിരിച്ചു പോകാം. 'മുദ്രാരാക്ഷസം' ഗ്രാമീണ തലത്തില്‍ ഉണ്ടായ നാടകമെന്ന നിലക്ക് വലിയ വിജയമാകുന്നു. പിന്നീട് ജോസ് തിരിഞ്ഞു തിരിഞ്ഞു പോയിട്ട്, ഗ്രാമത്തില്‍ നിന്നും അകലുന്ന കാഴ്ചയാണു കാണുന്നത്. ഉദാ: ഇവിടെത്തന്നെ ആനക്കല്ല് സജീവന്റെ വിഷയമെടുക്കാം. അതിലേക്ക് എങ്ങിനെ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നതാണ് എനിക്കുമനസ്സിലാകാത്തത്!
പ്രിയന്‍ : ആനക്കല്ല് സജീവന്റെ പ്രശ്നത്തിനുശേഷം സ്റേറ്റ് അവാര്‍ഡിനു കളിക്കാന്‍ ഞാന്‍ പോയിട്ടില്ല. ജയരാജ് വാര്യരുണ്ടായിരുന്നു, സജീവനുണ്ടായിരുന്നു. ഞാനുണ്ടായിരുന്നില്ലെന്നു മാത്രം.
ചാക്കോ : അതെന്താ അങ്ങിനെ സംഭവിച്ചത്?
പ്രിയന്‍ : അതിന്റെ കാരണം 'റൂട്ടില്' നില്ക്കണമെങ്കില്‍ മുഴുവന്‍സമയ നാടക പ്രവര്‍ത്തകരായിരിക്കണമെന്ന വാശി ജോസേട്ടന്‍ മുന്നോട്ടുവെച്ചിരുന്നു. അങ്ങിനെ സ്ഥിരമായി നില്‍ക്കാന്‍ പറ്റുന്ന അവസ്ഥ എനിക്കുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം തീയ്യറ്ററുമാത്രമായി മുന്നോട്ടു പോകുകയെന്നുവെച്ചാല്‍ അസാധ്യമായിരുന്നു. കുടുംബത്തിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ എന്റെ ചുമലിലായിരുന്നു. വീട് അത്രയ്ക്കു പ്രശ്നമായിരുന്നു. എനിക്ക് ഫുള്‍ടൈം തീയ്യറ്ററില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മുഴുവന്‍ സമയ നാടകക്കാരനാവാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. എനിക്ക് വീട്ടിലെ കാര്യങ്ങള്‍ നോക്കണം. അനിയത്തിമാര്‍ രണ്ടുപേര്‍. അമ്മ ജോലിക്ക് പോണു. ഇവരുടെയൊക്കെ ഉത്തരവാദിത്തം എന്റെ മേലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ മാറിപ്പോയത്. പിന്നെ സജീവന്‍പ്രശ്നം സംഭവിക്കുകയും ചെയ്തു.
ചാക്കോ : സജീവന്റെ പ്രശ്നം എന്തോ സമയം വൈകി വരികയോ, അങ്ങനെയെന്തോ ആയിരുന്നില്ലെ?
പ്രിയന്‍ : ഒരാള് കാത്തുനില്‍ക്കാന്‍ പറഞ്ഞു. പറഞ്ഞയാള്‍ കാത്തുനിന്നില്ല. അതൊക്കെ പുറത്തു കാണുന്ന കാര്യങ്ങളാണ്. അതിന്റെയുള്ളില്‍ ഡീപ്പായ മറ്റു ചില പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു. മനുഷ്യരല്ലെ.. പ്രശ്നങ്ങളുണ്ടാകുമല്ലോ.
ചാക്കോ : നാഷണല്‍ അവാര്‍ഡിനുശേഷം, പ്രൊഫഷണല്‍ മത്സരക്കളി - അതിന്റെ റിസള്‍ട്ട് പുറത്തുവന്നില്ല. പിന്നെ വൈഡായിട്ട് കളിക്കുന്നില്ലല്ലോ. ഞാന്‍ 'മുദ്രാരാക്ഷസം' കാണുന്നത് അന്തിക്കാടു വെച്ചിട്ടാണ്.
പ്രിയന്‍ : അന്തിക്കാട് കളിക്കുമ്പോള്‍ ഞാനുണ്ട്.
ചാക്കോ : 'റെയിന്‍ബോ'യും ഞാന്‍ അന്തിക്കാടു വെച്ചിട്ടാണു കാണുന്നത്. പിന്നെ നൂറുകണക്കിനു കളികളുമില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. പിന്നെ കാണുന്ന കാര്യം. ഇപ്പൊ ലണ്ടന്‍, പാരീസ് എന്നൊക്കെ പറയുന്ന പോലെയുള്ള ട്രെന്‍ഡ് അന്നില്ല. വിദേശയാത്രകളെക്കുറിച്ച് അന്ന് നാടകവേദിക്കറിവില്ലായിരുന്നു. ഒരു പ്ളെ സെറ്റായിക്കഴിഞ്ഞാല്‍ വിദേശയാത്ര നടത്തുന്ന രീതി
പ്രിയന്‍ : വിദേശയാത്രമാത്രമല്ല കാരണം. ഞാന്‍ പറയുന്നത് കേരളത്തിലിന്നും, അതിന്റേതായ അര്‍ത്ഥത്തില്‍, ഒരു തിയ്യറ്ററിനെയോ, തിയ്യറ്ററില്‍ നില്‍ക്കുന്ന ആര്‍ട്ടിസ്റിനെയോ ഒരിക്കലും ഏറ്റെടുക്കാവുന്ന രീതിയിലോ, അല്ലെങ്കില്‍ പത്തിരുപത്തിരണ്ടുപേര്‍ കളിക്കുന്ന ഒരു നാടകത്തെയോ ഏറ്റെടുക്കുന്ന രീതിയോ ഇല്ല. വളരെ ഗൌരവപൂര്‍വ്വം നാടകം കാണാന്‍ വരുന്നവരുണ്ട്. നാടകം കാണാന്‍ ആളുവരും. പക്ഷേ നാടകം കളിക്കുന്നവനും വീടുണ്ട്. മറ്റുള്ള ആളുകളെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവനും അവകാശമുണ്ട്. ഒറ്റപ്പെട്ട ജീവിതമല്ലല്ലോ. കുടുംബപരമായി ജീവിക്കുന്ന ആളുകളാണ്. നാടകംകൊണ്ടുതന്നെ നിലനില്‍ക്കേണ്ടതാണ്. അതിനു പറ്റിയ ഒരു സ്പേയ്സ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. ഒറ്റയ്ക്കു ജീവിക്കാന്‍ ആര്‍ക്കും എളുപ്പമാണ്. അത് എല്ലാവര്‍ക്കും പറ്റില്ല. ആയിരത്തില്‍ ഒരാള്‍ക്കുമാത്രം കഴിയുന്ന കാര്യമാണ്.
ചാക്കോ : കവികള്‍ക്കും കലാകാരന്മാര്‍ക്കും കഴിയുമായിരിക്കും. പക്ഷേ, നാടകം വരുമ്പോള്‍ ഒറ്റക്ക് ഒരാള്‍ക്ക് ഒന്നും കഴിയില്ല. സംഘാടനം വലിയ പ്രശ്നമാണല്ലോ.
പ്രിയന്‍ : ഒരു നാടകം ഞാന്‍ അഭിനയിച്ച് കഴിഞ്ഞ് 'ഗംഭീരം' എന്ന അഭിപ്രായം കേട്ട് തിരിച്ചുവരുമ്പോള്‍, മാറ്റത്തിനു വിധേയമായ നാടകമാണെങ്കിലും, ഒരു നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഭയങ്കര  ഉഷാറുണ്ട്... എന്റെ വീട്ടിലെ ആളുകള്‍ക്ക് ഉഷാറില്ലെങ്കില്‍ പിന്നെയെന്തു കാര്യം?
ചാക്കോ : അതൊരു ഗൌരവമുള്ള വിഷയമാണ്.
പ്രിയന്‍ : വീട്ടിലെ കാര്യം കൂടി നോക്കണ്ടേ ഞാന്‍? തന്നെ ആശ്രയിച്ചു ജീവിക്കുന്ന വീട്ടുകാരുടെ കാര്യം കൂടി നോക്കാന്‍ പ്രാപ്തിയുള്ള ആളാണ് സ്റേജില്‍ കയറിനിന്ന് അഭിനയിക്കുന്ന നടനെന്ന ഒരു സമൂഹബോധം കൂടി വരണം.
ചാക്കോ : സമൂഹത്തിന്റെ കൂടി ഭാഗമാണെന്ന ബോധം വരണം.
പ്രിയന്‍ : വേണം. അവരെപ്പോലെതന്നെയാണ് ഈ നടനും എന്ന ബോധം വേണം.
ചാക്കോ : ജനം നാടകം ആസ്വദിക്കുകയും നാടകക്കാരന്റെ ജീവിതത്തിന്റെ പ്രശ്നങ്ങള്‍ കാണാതിരിക്കുകയും ചെയ്യുക എന്ന വിരോധാഭാസമാണു സംഭവിക്കുന്നത്. 
പ്രിയന്‍ : ഇവിടെ ഒരു നാടകനടനു ഒറ്റയ്ക്കു പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അസാദ്ധ്യമാണ്.
ചാക്കോ : അല്ലെങ്കില്‍പിന്നെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിക്കുകയും, നാടകത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യേണ്ടി വരും. വല്ല ജന്മിയുടെ മകനായി ജനിക്കേണ്ടി വരും (പ്രിയന്‍ പൊട്ടിച്ചിരിക്കുന്നു.)
പ്രിയന്‍ : ജന്മിയുടെ മകനായി ജനിച്ചോ എന്നതല്ല പ്രശ്നം. അവനവന് സ്വയം വളരാനുള്ള അന്തരീക്ഷം ഒരു സമൂഹം സൃഷ്ടിക്കണം. അതല്ലാതെ ഒരു ചുക്കും സംഭവിക്കില്ല. 
ചാക്കോ : ഒരു നാടകനടന്‍, കലാകാരന്‍, സമൂഹത്തിന്റെ പൊതുസ്വത്താണ് എന്ന രീതിയില്‍... ഒരു പൈതൃകം പോലെ ഏറ്റെടുക്കാവുന്ന രീതിയില്‍ സമൂഹം വളരണം. അങ്ങനെ നമ്മുടെ സമൂഹം ഡെവലപ് ചെയ്തിട്ടില്ല. എന്നാല്‍ പല ആര്‍ട്ടും സമൂഹം ഏറ്റെടുക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള ചരിത്രവുമുണ്ട്.
പ്രിയന്‍ : ഒരു പെയിന്റര്‍ക്ക്, അയാളുടെ ചിത്രങ്ങള്‍ ലക്ഷക്കണക്കിനു രൂപക്കു വിറ്റു പോകുന്നുണ്ട്. ഒരു നാടകത്തിന് അങ്ങനെയൊരു വില്പനയില്ല.
ചാക്കോ : മാര്‍ക്കറ്റു കുറവാണ്. മാര്‍ക്കറ്റ് ഇല്ല. അപ്പൊതന്നെ കളിച്ചു. അപ്പൊതന്നെ നിര്‍മ്മിച്ച് അപ്പൊത്തന്നെ തകര്‍ക്കുന്ന രീതിയാണ്. നീലന്‍ പറഞ്ഞതുപോലെ - 'ഒരു ശില്പം വാര്‍ത്തെടുത്ത് ഉടനെ തകര്‍ക്കുന്ന രീതി'യാണ് നാടകത്തിന്റേത്. പിന്നെ സമൂഹത്തിന്റെ അവഗണന വേറെയും! 
പ്രിയന്‍ : എനിക്കിതെല്ലാം കഴിഞ്ഞത് എനിക്ക് മറ്റൊരു തൊഴിലുള്ളതുകൊണ്ടാണ്. പ്രിയനു കുറച്ചുകാലം നാടകത്തില്‍ മുഴുവന്‍ സമയം കൊടുക്കാം. പിന്നെ തൊഴിലിലേക്കു തിരിച്ചു വരാം. അതൊക്കെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഉദാ: സ്വര്‍ണ്ണപ്പണിയുള്ള കാലത്ത് എനിക്ക് നാട്ടീന്ന് ഒരായിരം രൂപ കടം കിട്ടാം. പക്ഷേ, ഞാന്‍ നാടകക്കാരനായി മാത്രം ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടീന്ന് പത്തു പൈസ കിട്ടാതായി. കിട്ടിയത് വെറും അവഗണന മാത്രം! നാടകം കണ്ട് ഗംഭീര അഭിപ്രായം പറയും. പക്ഷേ ഒരു രൂപയില്ല. ഞാന്‍ ഒറ്റയ്ക്ക് ആശുപത്രീല് കിടന്നിട്ടുണ്ട്. ഒരാളും തിരിഞ്ഞ് നോക്കിയിട്ടില്ല. ഒരു രൂപ കടം കിട്ടിയിട്ടില്ല. അപ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു നാടകക്കാരന്‍ ഡയറക്ടറുമായി ഉണ്ടാക്കുന്ന പേരല്ലാതെ, വീണു കിടക്കുമ്പോള്‍ ഒരാളും ഒപ്പമുണ്ടാകില്ല.
ചാക്കോ : അതുറപ്പാണ്. പ്രത്യേകിച്ചും അമേച്വര്‍ വേദികളിലുള്ള ദുരന്തമാണത്.
പ്രിയന്‍ : ഒരു സഹായവും ഉണ്ടായിട്ടില്ല. ഞാന്‍ ജീവിതം കൊണ്ടാണു പറയുന്നത്. എന്നിട്ടും ഞാന്‍ തിയ്യറ്ററില്‍ പോകുമ്പോള്‍ എന്റെ പണി മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. പണി ശ്രദ്ധിയ്ക്കാന്‍ ആളുകളെ വെച്ചിട്ടാണ് ഞാന്‍ നാടകത്തിനു പോയിരുന്നത്. എന്നിട്ടും രണ്ടും കൂട്ടിമുട്ടിക്കാന്‍ പറ്റാതായി. 'മുദ്രാരാക്ഷസ്സം'സമയത്ത് അഭിനയിക്കാന്‍ സമയം കാണുമ്പോള്‍ സ്വര്‍ണ്ണപ്പണി ശ്രദ്ധിയ്ക്കില്ല. ഒടുവില്‍ പണി കയ്യില്‍ നിന്നും വഴുതിപ്പോയ പോലെയായി. രണ്ടും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ. പോയ പണി തിരിച്ചുപിടിക്കാന്‍ പെട്ടപാട് എനിക്കേ അറിയുള്ളു.
ചാക്കോ : 'മുദ്രാരാക്ഷസ്സം'ക്യാമ്പില്‍ ഭക്ഷണം എങ്ങിനെ? കുക്കിങ്ങായിരുന്നോ? അതോ ഹോട്ടല്‍  ഭക്ഷണമായിരുന്നോ?
പ്രിയന്‍ : ഭക്ഷണം ക്യാമ്പില്‍ കുക്ക് ചെയ്യുകയായിരുന്നു. ഭക്ഷണം വെക്കാനൊക്കെ ആളുണ്ടായിരുന്നു. എങ്കിലും ആറുമണി ആവുമ്പോഴേയ്ക്കും കഞ്ഞിവെള്ളമെങ്കില്‍ കഞ്ഞിവെള്ളമെന്ന അവസ്ഥയും ഉണ്ടായിരുന്നു. എങ്ങിനെയെങ്കിലും ആരോഗ്യം നിലനിര്‍ത്തണ്ടേ? നാടകക്യാമ്പല്ലേ. (പൊട്ടിച്ചിരിക്കുന്നു)
ചാക്കോ : ജോസ് ചിറമ്മല്‍ ക്യാമ്പില്‍ സ്മോള്‍ കഴിച്ചുവരുന്ന രീതിയുണ്ടായിരുന്നോ? മദ്യപിച്ച് റിഹേഴ്സല്‍ ചെയ്യിക്കുന്ന രീതി.
പ്രിയന്‍ : അതൊന്നും പ്രശ്നമല്ലായിരുന്നു. മദ്യപിച്ചതുകൊണ്ടൊന്നും കോണ്‍സന്‍ട്രേഷന്‍ പോയിട്ടില്ല. നാടകത്തിന് വരുമ്പോള്‍ കള്ളുകുടിച്ചിട്ടായാലും ഇല്ലെങ്കിലും ക്യാരക്ടറില്‍ തന്നെയായിരുന്നു ശ്രദ്ധ. നാടകത്തിന്റെ കാര്യത്തില്‍ മാത്രം. പക്ഷേ, വെറുതെ ചര്‍ച്ചക്ക് വരുമ്പോള്‍ ആള് വേറെയാണ്. അതു നമ്മള്‍ നോക്കേണ്ട കാര്യമില്ല. ഒരു കലാകാരന്റെ എല്ലാകാര്യങ്ങളും എനിക്ക് നോക്കേണ്ട കാര്യമില്ല. ഞാനൊരാളെ വ്യക്തിയായിട്ടും കലാകാരനായിട്ടും കാണുന്നത് രണ്ടും രണ്ടാണ്. ജോസ് ചിറമ്മല്‍ എന്ന വ്യക്തിയോട് എനിക്കു ദേഷ്യമുണ്ടാകാം. പക്ഷേ ജോസ് ചിറമ്മല്‍ എന്ന നാടക സംവിധായകനോട് എനിക്ക് ഒരു തരത്തിലുള്ള വിദ്വേഷവും ഇല്ല. 
ചാക്കോ : പുള്ളി നാടകക്യാമ്പുകളില്‍ മറ്റു തിയ്യേറ്ററുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നോ? സ്കൂള്‍ ഓഫ് ഡ്രാമ ആയതുകൊണ്ട് ലോക തിയ്യേറ്ററുകളൊക്കെ പഠിച്ചു കാണുമല്ലോ.
പ്രിയന്‍ : ഏതു തിയ്യേറ്ററിനെക്കുറിച്ചും വളരെ ഡിഫറന്റായ അഭിപ്രായമുള്ളയാളാണ് ജോസേട്ടന്‍. വളരെ വ്യക്തതയോടെ കാര്യം പറയും. അബ്സേഡ് തിയ്യേറ്ററായാലും, ക്രുവല്‍ തിയ്യേറ്ററായാലും, പൂവ്വര്‍ തിയ്യറ്ററായാലും വളരെ ആധികാരികമായി ആളു കാര്യം പറഞ്ഞു. അതിനുള്ള ഭാഷ ആള്‍ക്കുണ്ട്. 
ചാക്കോ : സാധാരണയായി എന്റെ റൂമില്‍ - ഗോള്‍ഡണ്‍ ലോഡ്ജില്‍ 1982ന് ശേഷം വരുമ്പോള്‍ - ശങ്കരപ്പിള്ളയെ വിമര്‍ശിച്ച് ജോസ് ധാരാളം സംസാരിച്ചിട്ടുണ്ട്. 'ഭോമ' ചെയ്തതിനു ശേഷവും മരിയോ ഫ്രിറ്റിയുടെ നാടകങ്ങള്‍ പരിചയപ്പെട്ടതിനുശേഷവും ഡ്രാമാസ്കൂളില്‍തന്നെ പലതും മറച്ചു വെച്ചിട്ടുണ്ടെന്ന അഭിപ്രായമായിരുന്നു ജോസിന്റേത്. 
പ്രിയന്‍ : ഒന്നിനേയും വിഗ്രഹമാക്കിവെക്കേണ്ട കാര്യമില്ല. ശങ്കരപ്പിള്ളയ്ക്ക് ഈ ലോകനാടകവേദിയെക്കുറിച്ച് തന്റെ രചനയിലൂടെ എന്തെങ്കിലും ഒരു ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ കോണ്‍ട്രിബ്യൂഷന്‍ മാത്രം നമ്മള്‍ നോക്കിയാല്‍ മതി. അതുപോലെ ജോസേട്ടനും ഗുരുശിഷ്യബന്ധം കൊണ്ടുണ്ടാകുന്ന കാഴ്ചപ്പാടുകളുണ്ട്. നമുക്ക് ചരിത്രത്തില്‍ നിന്നുള്ള കാഴ്ചകള്‍ നോക്കിയാല്‍ മതി. വ്യക്തികളുടെ മൊറാലിറ്റി നോക്കിയതിനുശേഷമുള്ള കാഴ്ചപ്പാട് നോക്കിയിട്ട് കാര്യമില്ല. 
ജീ. ശങ്കര പിള്ള 
ചാക്കോ : 
കലാകാരന്റെ കാര്യത്തില്‍ 
മൊറാലിറ്റി വെച്ച് 
നോക്കിയാല്‍ വലിയ അപകടങ്ങള്‍ ഉണ്ട്. 
പ്രിയന്‍ : 
ഏതര്‍ത്ഥത്തില്‍ എങ്ങിനെ 
അളന്ന് നോക്കുന്നു എന്ന് നോക്കുകയാവും ശരി. 
ഞങ്ങള്‍ വല്ലച്ചിറ ഗ്രാമത്തില്‍ 
നാടകനടികളെക്കുറിച്ച് പറയുന്ന 
ചില കാര്യങ്ങളുണ്ട്. പലരും 
മോശമായ അര്‍ത്ഥത്തില്‍ 
സംസാരിക്കാറുണ്ടായിരിക്കും. 

പക്ഷേ ഇവിടെ ഞങ്ങള്‍ ഇപ്പുറത്തും നടികള്‍ അപ്പുറത്തുമായാണ് രാത്രി കിടക്കുക. സ്കൂളില്‍. എപ്പോഴെങ്കിലും മോശമായ അര്‍ത്ഥത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ?
ചാക്കോ : നമ്മള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ പ്രശ്നമുണ്ടായിട്ടില്ല. മറ്റു പല വേദികളില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. 


പ്രിയന്‍ : ഇവിടെ വന്നുപോകുന്ന ആള്‍ക്കാര്‍ മറിച്ചു പറയില്ല. 

ചാക്കോ : നടികളെ നമ്മുടെ ഫാമിലി മെമ്പേഴ്സ് എന്ന രീതിയിലാണ് നമ്മള്‍ കാണാറ്. അല്ലാതെ അന്യമായിട്ടല്ല. നടിയാണ്, വെറും പെണ്ണാണ് എന്ന രീതിയില്‍ കാണാറില്ല. അവര്‍ ദാരിദ്യ്രം കാരണം നാടകത്തിലേയ്ക്ക് വന്നു എന്നു മാത്രം കാണും. 

പ്രിയന്‍ : അങ്ങിനെയാണ് കാണേണ്ടത്. അതാണ് ഇവിടെ നടന്നതും. 

ചാക്കോ : ഫോര്‍ഡ് ഫൌണ്ടേഷന്‍ പൈസ ജോസിന് കിട്ടിയതിനു ശേഷം അദ്ദേഹം ഏതെങ്കിലും പ്രൊജക്ടായിട്ട് പിന്നീട് വല്ലച്ചിറ ഗ്രാമത്തില്‍ വന്നിട്ടുണ്ടോ? ഒന്നാലോചിച്ച് നോക്കൂ. പലയിടത്തും ആള് ഓടിനടന്ന് സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പ്രിയന്‍ : ഞാന്‍ പിന്നീട് ജോസേട്ടനെ കാണും സംസാരിക്കും എന്നല്ലാതെ പിന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ലായിരുന്നു. 

ചാക്കോ : ചേര്‍പ്പ് നാട്ടരങ്ങിലൊക്കെ ജോസ് പ്രൊജക്ടുമായി വന്നിരുന്നതായി 1991ല്‍ ഞാനൊക്കെ ചേര്‍പ്പിലെത്തി നാട്ടരങ്ങിലുള്ളവരെ പരിചയപ്പെട്ട സമയത്ത് പറഞ്ഞിരുന്നു. അവരത് നിഷേധിച്ചതായി അറിഞ്ഞിരുന്നു. വല്ലച്ചിറ ഗ്രാമത്തിലേക്കായി ജോസ് പ്രൊജക്ടുമായി വന്നിരുന്നു?

പ്രിയന്‍ : എന്റെ അറിവില്‍ ഇല്ലെന്ന് തോന്നുന്നു. ഇവിടെ വന്നിട്ടില്ല. 

ചാക്കോ : പക്ഷേ, മറ്റുപലയിടത്തും - പെരുമ്പാവൂരൊക്കെ - കറങ്ങിയിരുന്നെന്ന് തോന്നുന്നു.
പ്രിയന്‍ : അതു ശരിയായിരിക്കാം. പക്ഷേ ജോസേട്ടന്‍ സ്ഥിരമായി പറഞ്ഞിരുന്ന ഭാഷയുണ്ടായിരുന്നു. ഓരോ ഗ്രാമത്തിലെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ഞാന്‍ എന്റെ തിയ്യേറ്റര്‍ ചെയ്യും. അതു കഴിഞ്ഞാല്‍ ഞാനവരെ ഉപേക്ഷിക്കും.
ചാക്കോ : ജോസ് സ്ഥിരമായി പറയുന്ന വാക്കാണ് 'എക്സ്പ്ളോയിറ്റ്'  ചെയ്യുക! ഞാനീ ഗ്രാമത്തിലുള്ളവരെ 'ഋഃുഹീശ'ചെയ്യും. ചിലപ്പോള്‍ പറയും 'ഡശേഹശലെ' ചെയ്യും - എന്റെ ആവശ്യത്തിന്.
പ്രിയന്‍ : സത്യത്തില്‍ അങ്ങിനെതന്നെയാണ് ജോസേട്ടന്‍ ചെയ്തിരുന്നതെന്ന് തോന്നുന്നു. ജോസ് ചിറമ്മലിന് അതുതന്നെയായിരുന്നു പ്ളാന്‍. അക്കാര്യത്തിലെനിക്ക് യാതൊരു സംശയവുമില്ല. 
ചാക്കോ : യൂട്ടിലൈസ് ചെയ്യുക എന്ന വാക്ക് ജോസ് ബോധപൂര്‍വ്വം എന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതൊക്കെ തിയ്യറ്ററിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഫണ്ട് വരുന്നതുവരെ പറഞ്ഞ രീതിയിലല്ലാത്ത ഒരു ഭാഷ ജോസ് ഫണ്ട് വന്നതിനുശേഷം ഉപയോഗിച്ചിരുന്നു. 
പ്രിയന്‍ : ഫണ്ട് വന്നതിനുശേഷം ഗ്രാമത്തിന്റെ ഊര്‍ജ്ജം വിട്ട് വേറൊരു 'വലയം' അദ്ദേഹത്തെ കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ മനസ്സുതന്നെ വല്ലാതെ മാറിപ്പോയിരുന്നു. അതുവരെയുണ്ടായ സൌഹൃദങ്ങള്‍ക്കപ്പുറത്തേക്ക് വേറെ സൌഹൃദങ്ങള്‍ കടന്നുവന്നു. പണത്തിനു മാത്രം ഉണ്ടാക്കുന്ന സൌഹൃദങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയതാണ് പറ്റിയ തെറ്റ്. 
ചാക്കോ : അതൊരു ഗ്രാമീണ നാടകക്കാരന് പറ്റിയ തെറ്റു തന്നെയാണ്. എന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍, പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷം എല്ലാം പോയി തുലഞ്ഞ സമയത്ത് ഞാന്‍ പറഞ്ഞൊരു കാര്യമുണ്ടായിരുന്നു. "ഒരു വ്യവസായി കുറേ 'റോമെറ്റീരിയല്‍സ്' കാണുമ്പോള്‍ ഒരു വ്യവസായം തുടങ്ങും. ഗ്രാമത്തിന്റെ റിസോഴ്സസ് ഒരു ഇന്‍ഡസ്ട്രിയലിസ്റ് എങ്ങനെ കൈകാര്യം ചെയ്യും എന്ന രീതിയിലാണ് നിങ്ങള്‍ ഗ്രാമങ്ങളെ കൈകാര്യം ചെയ്തത്. ആദ്യം യൂസ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ 'മിസ്യൂസ്' ചെയ്യുക!'' ജോസിലാ പ്രവണത കൂടുതലായിരുന്നുവെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാരണം, റൂറല്‍ തിയ്യറ്റര്‍ എന്നു പറഞ്ഞിട്ടാണ് അദ്ദേഹം നാടകവേദിയില്‍ നിന്നത്. ആ റൂറല്‍ തിയ്യറ്റര്‍ എന്നു പറയുന്നത് ഒന്നോ രണ്ടോ നാടകങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ വിട്ടുകളയേണ്ട കേസല്ല അത്. ഓരോ ഗ്രാമത്തിനും അതിന്റേതായ സമര ചരിത്രമുണ്ട്. അതിജീവനചരിത്രമുണ്ട്. പുള്ളിക്ക് അതറിയാന്‍ താല്പര്യമില്ല. ഇന്നയിന്ന 'റിസോഴ്സസ്' കണ്ടെത്തി ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീടയാള്‍ക്ക് താല്പര്യമില്ല. ഞങ്ങള്‍ പലതവണ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് തര്‍ക്കിച്ചിട്ടുണ്ട്. ഈ മൈന്റ് ജോസിലുണര്‍ത്തിയത് ഫോര്‍ഡ് ഫൌണ്ടേഷന്‍ വന്നതിനു ശേഷമാണ്. എനിക്കു മനസ്സിലായത് അതിന്റെയൊരു നഷ്ടം അദ്ദേഹം അവസാനകാലത്ത് ശരിക്കും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഗ്രാമങ്ങളെ ഓര്‍ഗനൈസ് ചെയ്യാന്‍ ബുദ്ധിമുട്ട് വരിക. പ്രിയന്‍ ഈ ആംഗിളില്‍ ഈ വിഷയം ആലോചിച്ച് നോക്കിയിട്ടുണ്ടോ?
പ്രിയന്‍ : ചരിത്രപരമായി പരിശോധിക്കുമ്പോള്‍ മലയാള നാടകവേദിക്ക് വേണ്ടി ജീവിക്കുകയും കുറേയൊക്കെ നല്ല നാടകങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്ത ഒരു മനുഷ്യന്റെ ജീവിതം ഒടുവില്‍ ദുരന്തമായി പോവുകയെന്ന് പറഞ്ഞാല്‍ മഹാകഷ്ടം തന്നെയാണ്. 
ചാക്കോ : അവസാനം ശ്രദ്ധിക്കപ്പെടാതെ ആശുപത്രി മോര്‍ച്ചറിയിലെത്തുകയെന്നു കൂടി വരുമ്പോള്‍-
പ്രിയന്‍ : വല്ലാത്തൊരു പ്രശ്നം കൂടിയാണത്! ജോസ് ചിറമ്മല്‍ എന്നു പറഞ്ഞാല്‍ സമരസപ്പെട്ടു പോകുന്ന ഒരാളായി എനിക്കു തോന്നിയിട്ടില്ല. ഒരു നാടകം ചെയ്യുമ്പോള്‍ ആള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. കൃത്യമായ ഒരു പ്ളാന്‍ ഉണ്ട്. ചിലപ്പോള്‍ അയാള്‍ക്കും കാര്യങ്ങള്‍ കൈവിട്ടുപോകാം.
ചാക്കോ :  നമ്മുടെ ചുറ്റുമുള്ള ഗ്രാമങ്ങളെ തന്നെയെടുക്കാം. ചേര്‍പ്പ്, വല്ലച്ചിറ, പെരിഞ്ചേരി മുതലുള്ള ഗ്രാമങ്ങളില്‍ ജോസ് ചെയ്ത വര്‍ക്കുകള്‍... ഇവിടെ 'മുദ്രാരാക്ഷസ്സ'ത്തിന്റെ മേജര്‍ വര്‍ക്ക്, അപ്പുറത്ത് ഓം ചേരിയുടെ 'തേവരുടെ ആന', ചേര്‍പ്പില്‍ 'മീഡിയ' മുതലുള്ള നാടകങ്ങള്‍. അപ്പോള്‍ ഇത്രയധികം റിസോഴ്സസ് ഉള്ളപ്പോള്‍, ഓരോ വാര്‍ഡുകളിലും ബന്ധപ്പെട്ടുപോയ ഒരു മനുഷ്യന്‍ ഒരു ഗ്രാമത്തെ 'യൂട്ടിലൈസ്' ചെയ്തുവിടുമെന്ന് പറയുമ്പോള്‍ വലിയൊരു വൃക്ഷത്തെ വേരറുത്തു കളയുന്നതിന് തുല്യമാണത്. ഇത്രമാത്രം ഊര്‍ജ്ജമുണ്ടായിട്ടും അതുപേക്ഷിക്കുന്നതിലുള്ള മണ്ടത്തരം നോക്കൂ! 
പ്രിയന്‍ : 'മുദ്രാരാക്ഷസം' എന്ന നാടകത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്നാണ് ഞങ്ങള്‍ 'കാലനെത്തീനി'യുണ്ടാക്കുന്നത്. അതും ഒരു തുടര്‍ച്ചയെന്നു പറയാം...  

...