മാതൃഭാഷ ആന്തരീകബലത്തിന്റെ ചാലകശക്തി


പി.സുരേഷ്
കൺവീനർ,  മലയാളം ഐക്യവേദി

മലയാളമടക്കം പല ഭാഷകളും മരണഭീഷണി നേരിട്ടുക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്‌. ഭാഷ മരിക്കുമ്പോൾ സംഭവിക്കുന്നത്‌ സംവേദനനാശമാണ്‌. ഭാഷ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. ഭാഷയില്ലാത്ത മനുഷ്യൻ , മീനിനെ വെള്ളത്തിൽ നിന്ന്‌ പുറത്തെടുത്തിട്ടതുപോലെ ശ്വാസം മുട്ടി മരിക്കും. ഭാഷയിൽ നിന്ന്‌ അന്യവല്ക്കരിക്കപ്പെടുമ്പോൾ മനുഷ്യന്‌ നഷ്ടപ്പെടുന്നത്‌ ചരിത്രവും, സംസ്ക്കാരവുമാണ്‌. മഹത്തരങ്ങളായവ നഷ്ടപ്പെടുന്ന അവസ്ഥ ഭീകരമാണ്‌. ഭാഷ നഷ്ടപ്പെടു മ്പോൾ സമൂഹത്തിന്‌ നഷ്ടപ്പെടുന്നത്‌ പൊതുധാരയാണ്‌.

നൂറുവർഷത്തിന്നിടയിൽ ആയിരത്തിലേറെ പ്രാദേശികഭാഷകളാണ്‌ ഇല്ലാതായത്‌. ഭാഷയെ നശിപ്പിച്ചാൽ അധിനിവേശം എളുപ്പമാകുമെന്നത്‌ സാമ്രാജ്ജ്യത്വശക്തികളുടെ തിരിച്ചറിവാണ്‌. അതിന്‌ വേണ്ട മാർഗ്ഗങ്ങളും അവരുടെ കയ്യിലുണ്ട്‌. ഒരു ഭാഷയുടെ ശക്തിയും ചൈതന്യവും നാട്ടു പാട്ടുകളിൽ പ്രസരിക്കുന്നുണ്ട്‌. ഐറിഷ്‌ ഭാഷയെ നശിപ്പിക്കാൻ അവരുടെ ഭാഷയിലെ നാടൻപാട്ടുകാരെ ഇംഗ്ളീഷുകാർ തിരഞ്ഞുപിടിച്ച്‌ കൊല്ലുകയായിരുന്നു. മുഴുവൻ ജനങ്ങളും ഐറിഷ്‌ ഭാഷ സംസാരിച്ചിരുന്ന ഐർലന്റിൽ പത്ത്‌ ശതമാനം പേർ മാത്രമേ ഇപ്പോൾ ആ ഭാഷ സംസാരിക്കുന്നുള്ളു. ബാക്കിയുള്ളവർ ഇംഗ്ളീഷിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.


മാതൃഭാഷക്കുവേണ്ടി സംസാരിക്കുന്നത്‌ ഇംഗ്ളീഷ്‌ വിരുദ്ധനിലപാടാണെന്ന്‌ കരുതരുത്‌. ഇംഗ്ളീഷ്‌ ലോകഭാഷയല്ല, എന്നാൽ അതൊരു ബന്ധഭാഷയാണ്‌. സംസാരിക്കുന്നവരുടെ  കണക്കെടു ത്താൽ അത്‌ നാലാംഭാഷ മാത്രമാണ്‌. അതൊരു വരേണ്യഭാഷയുമല്ല. ഇംഗ്ളീഷ്‌ അറിയാത്ത വരിലും ലോകോത്തര ഡോക്ടർമാരും, ശാസ്ത്രജ്ഞരും, എഴുത്തുകാരുമുണ്ട്‌.
എം ജി ആര്‍ 
 തമിഴ്നാട് മുഖ്യ മന്ത്രി എം ജി ആറിനെ ചികിത്സിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡോക്ടറെ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഒരു ജപ്പാന്‍ കാരനെയാണ്, അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു, ജാപ്പനീസ്‌ ഭാഷ അറിയുന്ന മറ്റൊരാളെ കൊണ്ട് വന്നിട്ടാണ് ആശയ വിനിമയം നടത്തിയത്. അത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനം നേടാന്‍ ഇംഗ്ലീഷ് വേണമെന്ന് നിര്‍ബന്ധമില്ല 

മാതൃഭാഷയോട്‌ വികാരപരമായ സമീപനമോ ഭാഷാമൗലികവാദമോ അല്ല വേണ്ടത്‌. മനുഷ്യന്‌ അനിവാര്യമായത്‌ ഭാഷാടിത്തറയാണ്‌. അത്‌ ലഭ്യമാകുന്നത്‌ മാതൃഭാഷയിലാണ്‌. ഭാഷാടിത്തറ ദുർബ്ബലമായവർ സാംസ്ക്കാരികമായും ദുർബ്ബലമായിരിക്കും. ആന്തരീകബലം വേണമെങ്കിൽ ഭാഷാബന്ധവും സുദൃഢമായിരിക്കണം. ലോകത്തിലെ ഏറ്റവും പ്രസക്തവും ,പ്രശസ്തവുമായ എല്ലാ ശാസ്ത്രഗവേഷണങ്ങളും ദാർശനീക ചിന്തകളും ക്ളാസ്സിക്കുകളും പിറന്നത്‌ മാതൃഭാഷ യിലായിരുന്നു.
ആല്ബര്ട്ട് ഐന്‍സ്ടീന്‍ 
ഫ്രോയിഡ് 
















ഐൻസ്റ്റീനും, പ്ളേറ്റോയും കാറല്‍ മാർക്സും, ഫ്രോയിഡും, ഡോസ്റ്റോവ് സ്ക്കിയും,  ടോൾസ്റ്റോ യിയും അവരവരുടെ കണ്ടെത്തലുകളും, ആത്മപ്രകാശനങ്ങളും നടത്തിയത്‌ മാതൃഭാഷയി ലായിരുന്നു. ഇന്ത്യക്കാരൻ മാതൃഭാഷാപണ്ഡിതരേയോ സംസ്കൃതപണ്ഡിതരേയോ ഉദ്ധരിക്കുന്നത്‌ നാണക്കേടായി പരിഗണിക്കുന്നു, ഇംഗ്ളീഷുകാരെ ഉദ്ധരിക്കുന്നത്‌ മേൻമയും.ഈ ചിന്താപരമായ പാപ്പരത്തം മാറണം. ലോകശാസ്ത്രത്തിൽ ഉന്നതമെന്ന്‌ അംഗീകരിക്കപ്പെട്ട ഗണിത ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത്‌ മലയാളത്തിലാണ്‌. ദാർശനീക സൈദ്ധാന്തി കമികവും മലയാളത്തിനുണ്ട്‌. സ്ട്രകചറലിസം, പോസ്റ്റ്-സ്റ്റ്രകചറലിസം എന്നിവയുടെ പദാവലി കളും  വിശകലനങ്ങളും മലയാളത്തിലേക്ക് കൊണ്ടുവരാൻ കെ.സച്ചിദാനന്ദൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്‌. മലയാളത്തിന്‌ അഭിമാനകരമായ നേട്ടങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.
കാറല്‍ മാര്‍ക്സ് 




ഭാഷ സാംസ്ക്കാരികോർജ്ജം മാത്രമല്ല, 
ആത്മവിനിമയത്തിന്റേയും, 
സൗന്ദര്യബോധത്തിന്റേയും വിനിമയമാണ്‌. 
ആത്മാഭിമാനത്തിന്റെ അടയാളം കൂടിയാണ്‌. 
ഭാഷ കൊണ്ട്‌ മനുഷ്യനെ ഭിന്നിപ്പി ക്കാനും കഴിയും.
 ഒരേ നാട്ടിൽ ഭിന്നഭാഷക്കാരെ താമസിപ്പിച്ചാൽ 
തമ്മിൽ സംഘട്ടനമുണ്ടാക്കാൻ കഴിയും.



അടിസ്ഥാനവികാരങ്ങൾ പ്രകടിപ്പിക്കുന്നത്‌ മാതൃഭാഷയിലാണ്‌. മലയാളം നമ്മുടെ സംസ്ക്കാര മാണ്‌. തലമുറകളായി വളർന്നുവന്ന യുക്തിചിന്തയെ മാതൃഭാഷയിലൂടെയാണ്‌ പരിവർത്തിപ്പി ക്കുന്നത്‌. അന്യഭാഷയിലൂടെ വൈദ്യം പഠിച്ചവൻ മെഡിക്കൽ ടെക്നീഷ്യനാകുന്നു. മാതൃഭാഷ യിലൂടെ വൈദ്യം പഠിച്ചവൻ നാഡിമിടിപ്പുകൾ തിരിച്ചറിഞ്ഞ്‌ യഥാർത്ഥവൈദ്യനാകുന്നു. മാതൃഭാഷ കൊണ്ട്‌ വിജ്ഞാനത്തെ ജ്ഞാനം/അവബോധമാക്കി മാറ്റാൻ കഴിയും, അതാണ്  പ്രതിഭ. ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച്‌, കൊട്ടാരം വിട്ടിറങ്ങിപ്പോയ സിദ്ധാർഥൻ മാതൃഭാഷയുടെ തത്വജ്ഞാന / സൗന്ദര്യാത്മകമായ അവബോധത്തിലൂടേയാണ്‌ ബുദ്ധനായത്‌.അനുഭവത്തെ ആന്തരീകമായി സ്വാംശീകരിക്കുകയാണുണ്ടായത്‌. ഗാന്ധിജി ഗുജറാത്തിയിലാണ്‌ തന്റെ “സത്യാന്വേഷണകഥകൾ” എഴുതിയത്‌. 

ഗാന്ധിജി 
വികാരത്തെ മാതൃഭാഷയിലൂടെ സൗന്ദര്യാത്മകമായി 
പുനഃസൃഷ്ടി ക്കുമ്പോഴാണ്‌ കവിത ഉണ്ടാകുന്നത്‌. (അപവാദങ്ങളുണ്ടായേക്കാം). വിനിമയവും 
വിയോഗവും ശോഭയാർജ്ജിക്കുന്നത്‌ മാതൃ ഭാഷയിലാണ്‌. 
ഇത്‌ യുക്തിയാണ്‌. പുതിയ തലമുറയ്ക്ക്‌ മാതൃഭാഷ നഷ്ടപ്പെട്ടു ക്കൊണ്ടിരി ക്കുകയാണ്‌. 
അതുകൊണ്ടു തന്നെ അവർ വ്യക്തിത്വം പ്രകടിപ്പിക്കാൻ അശക്തരാകുന്നു. അവർ വായനശാലയിലില്ല,
 സാഹിത്യത്തിലില്ല, രാഷ്ട്രീയത്തിൽ തീരെയില്ല.
 അവർ എവിടെയാണ്‌? അവർ അപ്രത്യക്ഷരായിരിക്കുന്നു. 
അവർ ഇരിക്കുന്നത്‌ പാലായിലും,
തൃശൂരിലുമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള ട്യൂഷൻസെന്ററുകളിലാണ്‌. 
എല്ലാവർക്കും എഞ്ചിനീയറും, ഡോകട റുമാകണം.നമുക്കവർ മാത്രം മതിയോ?
 കർഷകരും, അദ്ധ്യാപകരും, വക്കീലന്മാരും, ന്യായാധിപന്മാരും, പത്രാധിപരും വേണ്ടേ? നമ്മൾ ഭൂമിയിൽ നിന്നകലുന്നു, പ്രകൃതിയിൽ നിന്നകലുന്നു, തെരുവിൽനിന്നകലുന്നു. ഗാന്ധിജി ദണ്ടിയാത്ര നടത്തിയത്‌ തെരുവിലൂടെ യായിരുന്നു, സ്വന്തം വീട്ടുമുറ്റത്തായിരുന്നില്ല. തെരുവുകൾ തെണ്ടികൾക്കു നടക്കാനുള്ളതാണെന്ന ധാരണ ശരിയല്ല.. ജീവിതത്തിൽ നിന്ന്‌ തെരുവുകളെ  അടർത്തിമാറ്റുമ്പോൾ നമ്മളിൽ നിന്ന്‌ മാറിപ്പോകുന്നത്‌  ജനാധിപത്യമാണ്‌. അതു പോലെയാണ്  ഭാഷ. വിവർത്തനം ചെയ്യപ്പെടുമ്പോൾ എന്തു നഷ്ടപ്പെടുന്നുവോ അതാണ് കവിത. കവിത വികാരമാണ്‌. വികാരം വിവർത്തനത്തിന്‌ വഴങ്ങില്ല. വിചാരങ്ങൾ ആകാം. “നാലുകെട്ട്‌” എന്ന പദം വിവർത്തനം ചെയ്യാൻ കഴിയില്ല. അത്‌ മലയാളിയുടെ  ചരിത്രപരമായ സംസ്ക്കാരത്തിന്റെ അടയാളമാണ്‌. മറ്റൊരു ഭാഷയും അതിന്‌ വഴങ്ങില്ല. 

“കുടിയൊഴിപ്പിക്കൽ” എന്ന കവിതയിൽ വൈലോപ്പിള്ളി “കൂര” എന്നും “മേട”എന്നും പ്രയോഗി ക്കുന്നു."കൂര"പാവപ്പെട്ടവന്റെ ജീവിതവ്യവസ്ഥയുടേയും "മേട" സമ്പന്നന്റെ താമസസ്ഥലത്തിന്റേയും അപരനാമങ്ങളാണ്‌. കേരളീയ ജീവിതത്തിന്റെ ചരിത്ര സന്ദർഭങ്ങളിൽ നിന്ന്‌ ആർജ്ജിച്ചെടുത്ത അറിവിലൂടെയാണ്, കവിതയിലെ പാഠം നാം തിരിച്ചറിയുന്നത്‌. ടെക്സ്റ്റിൽ നിന്നാണ്‌ കോണ്ടെക്സ്റ്റ് ഉണ്ടാകുന്നത്‌.
വൈലോപ്പിള്ളി 
നമ്മളിന്നും സാങ്കേതികസാദ്ധ്യതകളെ അറിവിന്റെ വികാസത്തിന്‌ ഉപയോഗപ്പെടുത്താൻ ശീലിച്ചിട്ടില്ല. ലോകവിജ്ഞാനങ്ങളെ ചൈനക്കാരൻ സ്വന്തം ഭാഷയിലേക്ക് മാറ്റി ഇന്റർനെറ്റിലൂടെ വിതരണം ചെയ്യുകയാണ്‌, അവർ ചെയ്യുന്നത്‌. അറിവിന്റെ വികേന്ദ്രീകരണമാണ്‌, അതാണ്‌ ജനാധിപത്യം. അതിലൂടെ ആ ജനത വളരുകയാണ്‌. നമ്മുടെ സര്‍വ്വകലാശാലകള്‍, ശാസ്ത്ര-സാങ്കേതിക-ഗവേഷണങ്ങൾ നടത്തുന്നതും ഫലം പ്രസിദ്ധപ്പെടുത്തുന്നതും ഇംഗ്ളീഷ്‌ ഭാഷയിലാണ്.  മാതൃഭാഷ മാത്രം അറിയുന്നവനു ആ അറിവുകള്‍ ലഭിക്കുന്നില്ല. നാം പണവും അധ്വ്വനവും മുടക്കി നടത്തുന്ന നമ്മുടെ കാര്‍ഷിക ഗവേഷണ അറിവുകള്‍ നമുക്ക്, ഇംഗ്ലീഷ് പഠിക്കാത്ത നമ്മുടെ കര്‍ഷകന്  ഉപയുക്തമാകെണ്ടേ? അത്‌ ഇംഗ്ളീഷുകാരന്‌, വിദേശിക്ക്‌ ഉപ യോഗമാകുന്നു. അറിവിനെ സാമൂഹികതയുടെ വിശാലതലത്തിൽ നിന്നും മാറ്റി വ്യക്തിപരതയുടെ ഒരു തലം രൂപപ്പെടുത്തി അവിടെ പ്രതിഷ്ഠിക്കുന്നു. അപ്പോള്‍ വ്യക്തിപരമായ സ്വകാര്യവല്ക്കരണം നടക്കുന്നു. ഇത്‌ മനസ്സിലാക്കാനും, ഉണർന്നു പ്രവർത്തിക്കാനുമാണ്‌ കാലം നമ്മോടാവശ്യപ്പെ ടുന്നത്‌.  ആന്തരീകബലമില്ലാതെ, മാതൃഭാഷ യില്ലാതെ നമുക്ക്‌ ചലിക്കാനാകില്ല.

ബാംഗ്ളൂരിലെ സാംസ്ക്കരികസമിതിയായ സർഗ്ഗധാര സംഘടിപ്പിച്ച “മാതൃഭാഷ എന്തുകൊണ്ട്‌” എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി.സുരേഷ്‌. പ്രസിഡന്റ് രഞ്ജിത്ത്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശാന്തകുമാർ സ്വാഗതം ആശംസിച്ചു. ഇന്ദിരാബാലൻ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. 
സന്തോഷ്‌ ശിവന്‍ 
 കുരീപ്പുഴയുടെ അമ്മ മലയാളം എന്ന കവിത യുവകവി സന്തോഷ്‌ ശിവന്‍ ആലപിച്ചു. 

സാംസ്ക്കാരിക പ്രവര്‍ത്തകര്‍  ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.