അകലെ ഒരു ദീപം-4

ലക്ഷ്മിമേനോന്‍ 

“നാളെ നമുക്ക്‌ പാലായിലൊന്നു പോണം. അമ്മയ്ക്ക്‌ നിന്റെ കല്യാണക്കാര്യം കേള്‍ക്കുമ്പോൾ എന്തൊരു സന്തോഷമായിരിക്കും.”അത്താഴം കഴിഞ്ഞ്‌ കൈ കഴുകിയ ശേഷം  അച്ഛൻ പറഞ്ഞു.

വാർദ്ധക്യസഹജമായ സുഖക്കേടു  കാരണം അച്ഛന്റെ അമ്മ കിടപ്പിലായിട്ടു ഏതാനും മാസങ്ങളായി. ചന്ദ്രികയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ അച്ഛമ്മയുടെ വിഷമം കൂടുതലായി. ചന്ദ്രിക ഭർത്താവിന്റെ കൂടെ അവരുടെ വീട്ടിലേക്കു പോകുമ്പോൾ അച്ഛമ്മ തന്നെ മാറോടണച്ച്‌ പിടിച്ച്‌ കുറെ നേരം കരഞ്ഞു.

“ഈ തറവാട്ടിലാദ്യമായിട്ടാണ്‌ മൂത്തോള്‌  നില്ക്കുമ്പോൾ ഇളയതിനെ കെട്ടിക്കൊണ്ടുപോകുന്നത്‌. എന്നാലും അച്ഛമ്മേടെ  മോള്‌ സങ്കടപ്പെടരുത്‌. നിനക്ക് യോഗം അടുത്തിട്ടില്ല എന്നു മാത്രം കരുതിയാൽ മതി. സമയമാകുമ്പോൾ ആർക്കും തടുത്തുനില്ക്കാൻ പറ്റില്ല കുഞ്ഞേ.

അന്ന്‌ ആ  ശുഷ്ക്കിച്ച മാറിടത്തിൽ തല ചായ്ച്ച്‌ കണ്ണുനീർ വാർത്തപ്പോൾ തനിയ്ക്കും വലിയൊരാശ്വാസം തോന്നി.
അച്ഛമ്മയും തന്നെപ്പോലെ ഇരുണ്ട്‌ മെലിഞ്ഞ്‌ പറയത്തക്ക ആകർഷണമൊന്നുമില്ലാത്ത പെൺകുട്ടിയായിരുന്നത്രെ. എന്നിട്ടും പന്ത്രണ്ടാം വയസ്സിൽ അവരുടെ കഴുത്തിൽ താലി വീണു.
അച്ഛമ്മയുടെ ഉപദേശപ്രകാരം സതിയും തിങ്കളാഴ്ച്ച നോയ്മ്പു എടുക്കുവാൻ തുടങ്ങി.


അച്ഛന്റെ നിർദ്ദേശപ്രകാരം രണ്ടു ദിവസത്തെ ലീവ്‌ എഴുതിക്കൊടുത്തു. ലീവപ്ളിക്കേഷൻ ദേവിയുടെ കയ്യിൽ കൊടുത്തുവിടുമ്പോൾ മറക്കാതെ മേഴ്സിയെ ഏല്പ്പിക്കാനും പറഞ്ഞു.
ഏതായാലും ഇനി ഉദ്യോഗം വിടാൻ പോകുകയല്ലേ?അദ്ദേഹത്തിന്റെ കൂടെ ഡൽഹിയിലേക്കു പോകുമ്പോൾ ഇനി എന്തിനാണ്‌ ഉദ്യോഗം? വേണമെങ്കിൽ അവിടെയും ശ്രമിച്ചാൽ കിട്ടുമല്ലൊ. അതായിരുന്നു ബസ്സിലിരിക്കുമ്പോൾ സതിയുടെ ചിന്ത.


ശോഷിച്ച കൈകൾ നീട്ടി അച്ഛമ്മ തന്നെ അനുഗ്രഹിച്ചു. കാച്ചിയ എണ്ണയുടേയും, കുഴമ്പിന്റേയും ഗന്ധം മൂക്കിലേക്കിരച്ചുകയറി. മുടങ്ങാതെ തിങ്കളാഴച്ച നോയ്മ്പു എടുത്തതിന്റെ ഫലമായിട്ടാണ്‌ ഇപ്പോഴെങ്കിലും വിവാഹം ശരിപ്പെട്ടതെന്ന്‌ ഓർമ്മിപ്പികാനും മറന്നില്ല.


കല്യാണത്തിന്‌ വരാൻ പറ്റില്ലല്ലൊ എന്നും പറഞ്ഞ്‌ കണ്ണുനീർ പൊഴിച്ചു.

കല്യാണത്തിന്റെ പിറ്റേന്നു തന്നെ മുരളിച്ചേട്ടനുമൊത്ത്‌ അച്ഛമ്മയുടെ അനുഗ്രഹം വാങ്ങാൻ വരുമെന്ന്‌ പറഞ്ഞപ്പോൾ ആ വൃദ്ധനയനങ്ങൾ വീണ്ടും സജലങ്ങളായി.

അമ്മായിയോടും മക്കളോടും യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ അടുത്ത തവണ ഇങ്ങോട്ടു വരുന്നത്‌ മുരളിച്ചേട്ടനുമൊത്തായിരിക്കുമല്ലൊ എന്ന മധുരചിന്ത മനസ്സിനെ കുളിർപ്പിച്ചു. അറിയാതെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവരാരും കണ്ടിരിക്കയില്ലെന്ന്‌ വിശ്വസിക്കാൻ ശ്രമിച്ചു.

പിറ്റേന്ന് എത്രയും വേഗം മേഴ്സിയെ കാണാനായി ഹൃദയം വീർപ്പു മുട്ടി. അല്പ്പം നേരത്തെ തന്നെ ആഫീസിലേക്കിറങ്ങി. ബസ്സ്റ്റോപ്പിൽ വെച്ചു തന്നെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ പ്രതികരണം കേൾക്കാൻ മനസ്സു തുടിച്ചു.

പെണ്ണുകാണൽ ചടങ്ങിന്‌ ഉടുത്തിരുന്ന സാരിയും ഉടുത്തുകൊണ്ട്‌ സതി ബസ്സ്റ്റോപ്പിനെ ലക്ഷ്യമാക്കി തിടുക്കത്തിൽ നടന്നു.

ഒമ്പതാകാൻ അഞ്ചു മിനിട്ടുള്ളപ്പോഴേ അവളെത്തി. എന്നും മേഴ്സിയാണ്‌ ആദ്യം വരാറുള്ളത്‌. ഇതുവരേയും അവൾ എത്തിയിട്ടില്ലല്ലോ എന്ന്‌ സതി നിരാശയോടെ ഓർത്തു.

ഉൽഖണ്ഠയോടെ മേഴ്സി നടന്നുവരാറുള്ള ഇടവഴിയിലേക്ക് കണ്ണുനട്ട്‌ അവൾ നിന്നു. ഒമ്പതേകാലിന്റെ ബസ്സ് വന്നപ്പോൾ സതിയാകെ വിമ്മിഷ്ടപ്പെട്ടു. എങ്ങിനെയാണ്  മേഴ്സിയെക്കൂടാതെ പോവുക?അടുത്ത ബസ്സിന്‌ പോകാം. ഏതായാലും കൂട്ടുകാരിയെ കാത്തുനില്ക്കുകതന്നെ.

മേഴ്സിയെ കാത്തുനിന്ന്‌ നേരം പോയതറിഞ്ഞില്ല. ഒമ്പതേമുക്കാലിന്റെ ബസ്സു വന്നപ്പോൾ ഗത്യന്തരമില്ലാതെ അവൾ കയറി. വഴിയിലുടനീളം അവൾ മേഴ്സിയെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.
എന്തു പറ്റി മേഴ്സിക്ക്‌?
വന്ന വിവാഹാലോചന ശരിപ്പെട്ടിരിക്കുമോ?

മേഴ്സിക്കു സമ്മതിക്കേണ്ടിവന്നിരിക്കുമോ? അതോ ജോയി ചെന്ന്‌ മേഴ്സിയുടെ അപ്പനോട്‌ വിവരം പറഞ്ഞിരിക്കുമോ?അതിന്റെ അനന്തരഫലമായി അവളെ ജോലിക്കു വിടാതിരിക്കുകയാണൊ?

ആരോടാണ്‌ തന്റെ സംശയങ്ങളെല്ലാം ചോദിക്കുക?ജോയിയെയെങ്കിലും ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ....! ജോയിയുടെ സൈക്കിൾ ബെല്ലടിക്കു വേണ്ടി കാതോർത്തു നിന്നതാണ്‌.

അയാളും വരാതിരിക്കണമെങ്കിൽ എന്തായിരിക്കുംകാര്യം?മേഴ്സി ഇന്നും ലീവിൽ തന്നെയായിരിക്കണം. അങ്ങിനെയാണെങ്കിൽ ഇന്നലേയും വന്നു കാണില്ല.

വൈകി എത്തിയതിന്‌ സൂപ്രണ്ടിന്റെ കറുത്ത മുഖം ഭാവനയിൽ കണ്ട്‌ ആഫീസിലേക്ക് കയറി.

രജിസ്റ്ററിൽ ചുവന്ന മാർക്ക്‌! തെല്ലൊരു വലായ്മയോടേ അതിനടുത്ത്‌ തന്നെ ഒപ്പ്‌ വെച്ച്‌ കുറ്റബോധത്തോടെ തന്റെ സീറ്റിലേക്ക് നടന്നു.

അറിയാതെ മിഴികൾ ഉയർത്തിയപ്പോൾ മേഴ്സിയുടെ സീറ്റിൽ അവളിരിയ്ക്കുന്നതു കണ്ടു. തിരക്കിട്ട്‌ എന്തോ എഴുതുകയാണവൾ.

ജോലി കൂടുതൽ ഉണ്ടായിരിയ്ക്കും. ബസ്സിനു കാത്തുനില്ക്കാതെ ജോയിയുടെ സൈക്കിളിൽ വന്നിരിയ്ക്കും. സതി വിചാരിച്ചു.

എന്നാലും സതിയുടെ മനസ്സിന്നകത്ത്‌ ഒരു നേരിയ നൊമ്പരം. ഒരിക്കലും തന്നെ കൂടാതെ മേഴ്സി വരാറില്ലല്ലൊ. ഇന്നെന്തു പറ്റി ആവോ?

ഏറെ നേരത്തെ ശ്രമത്തിനു ശേഷം മേഴ്സിയുടെ മിഴികളുമായി ഇടഞ്ഞു. സതി ആനന്ദസൂചകമായി പുഞ്ചിരിച്ചു.

എന്നാൽ അതു ഗൗനിക്കാതെ മേഴ്സി കാണാത്ത ഭാവത്തിൽ ഫയലിൽ തന്നെ മിഴികൾ നട്ട്‌ അതേ ഇരുപ്പിരുന്നു.

സതിക്കത്‌ വിശ്വസിയ്ക്കാനായില്ല. തന്നെ കാണുമ്പോൾ ഓടി  വന്ന്‌ വിവാഹവാർത്ത ചോദിക്കുകയും കളിയാക്കുകയും ചെയ്യുമെന്ന്‌ കരുതിയ തന്റെ ആത്മാർത്ഥ സ്നേഹിത എന്തേ ഇങ്ങിനെ അവഗണിച്ച ഭാവത്തിലിരിക്കുന്നത്‌?

എന്തേ തന്റെ മേഴ്സിക്കൊരു മ്ളാനത?
അപ്പോൾ തന്റെ കണക്കുക്കൂട്ടൽ തെറ്റിയിട്ടില്ല. മേഴ്സിയുടെയും ജോയിയുടെയും പ്രേമബന്ധം അവളുടെ അച്ഛന്റെ കാതിൽ എത്തിയിരിക്കും. മേഴ്സിയെ കണക്കറ്റ്‌ വഴക്കു പറഞ്ഞിരിക്കും.

എല്ലാ വിവരവും ഉച്ചക്കു വിശദമായി അന്വേഷിക്കണം. അവളെ ആശ്വസിപ്പിക്കണം. അതു തന്റെ കടമയാണ് . സതി ഓർത്തു.

അവൾ വലിയ ലഡ്ജറെടുത്ത്‌ തന്റെ പണി തൂടങ്ങി.
“പ്രേമസല്ലാപം കഴിഞ്ഞ്‌ ഓരോരുത്തർ ആഫീസിൽ വരുന്ന സമയം!
അത്‌ ലില്ലിക്കുട്ടിയുടെ വകയാണ്‌. ആരെയാണ്  ഉദ്ദേശിക്കുന്നത്‌?
താനല്ലെ വൈകി വന്നിരിക്കുന്നത്‌. അപ്പോൾ തന്നെപ്പറ്റിയായിരിക്കുമോ?
അതിനു തനിയ്ക്കെവിടെ പ്രേമബന്ധം?
ഓർത്തപ്പോള്‍  ചിരി വന്നു. തന്റെ വിവാഹവാർത്ത മേഴ്സി എല്ലാവരോടും പറഞ്ഞിരിക്കും. ഇന്നലെ ലീവെടുത്തത്‌ മുരളിച്ചേട്ടൻ വന്നതിനായിരിക്കുമെന്ന്‌ കരുതിക്കാണും. അതിന്നായിരിക്കും ഈ കമന്റടി.


വിജയൻപിള്ള സാറിന്റെ മുഖത്തും, ഒരു പരിഹാസച്ചിരി. ഇടയ്ക്കിടെ അർത്ഥം വെച്ചുകൊണ്ട്‌ അയാൾ സതിയെ നോക്കുന്നതു കണ്ടപ്പോൾ സതിയ്ക്കാകെ വിഷമം തോന്നി. അവരുടെ തെറ്റിദ്ധാരണ മാറ്റിയേ തീരു. അവൾ കരുതി.

”രാവിലെ ബസ്സ്‌ മിസ്സായി. അതുകൊണ്ടാണ്‌ വൈകിയത്‌. അവൾ അറിയിച്ചു.

പിന്നെ ബസ്സ്‌ എല്ലാവരുടേയും സൗകര്യം നോക്കി കാത്തുനില്ക്കില്ലേ? വിജയൻ പിള്ള സാർ അർത്ഥം വെച്ച്‌ ചിരിച്ചു.
ജോലിക്കിടയിൽ ഇടയ്ക്കിടെ മേഴ്സിയുടെ ഒരു നോട്ടത്തിനു വേണ്ടി കൊതിച്ചു.
തന്റെ പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ശ്രദ്ധിക്കുന്നേ ഇല്ലല്ലൊ.

ലില്ലിക്കുട്ടിയും സാവിത്രിയും എന്തെല്ലാമോ തന്നെ നോക്കി കുശുകുശുക്കുന്നു. ഇടയ്ക്കിടെ അമർത്തിച്ചിരിക്കുന്നു. എന്തിനാണവർക്ക്‌ തന്നോടിത്ര വിരോധം? രണ്ടു പേരും സുന്ദരിമാർ തന്നെ. സാമ്പത്തികമായും അവർ തന്നേക്കാൾ മുൻ പന്തിയിൽ തന്നെ.


അവർ രണ്ടുപേരും വളരെ സോഷ്യലാണ് . തന്നെ അതിനൊന്നും കിട്ടില്ല. സഹപ്രവർത്തകരായ ആണുങ്ങളുടെ കൂടെ കുഴഞ്ഞാടി നടക്കാനും വൃത്തികെട്ട തമാശകള്‍  പറയാനും താൻ പോകാറില്ല.

ഇടയ്ക്കിടെ വിജയൻപിള്ളസാർ അവരെ മുട്ടിമുട്ടി നടക്കുന്നതും തോണ്ടി വർത്തമാനം പറയുന്നതും കാണാറുണ്ട്‌.ലില്ലിക്കുട്ടിക്കും സാവിത്രിക്കും അതെല്ലാം ഒരു രസമാണ്‌. അവർ യാതൊരു എതിർപ്പും പ്രകടിപ്പിക്കുന്നതും കാണാറില്ല.
അതൊന്നും കാണാത്ത ഭാവത്തിൽ താൻ മാറി നില്ക്കാറേയുള്ളു. മേഴ്സിക്കും അതെല്ലാം കാണുന്നത്‌ വല്ലാത്തലർജിയാണ്‌.
നാണമില്ലാത്ത വർഗ്ഗങ്ങൾ.അങ്ങിനെയാണ്‌ അവൾ അവരെപ്പറ്റി പറയാറുള്ളത്‌.

കിളവന്റെ മക്കളാവാൻ പ്രായമുള്ളവരാണ്‌.എന്നിട്ട്‌ കണ്ടില്ലെ അവരോട്‌ ചിണുങ്ങുന്നതും തോണ്ടി രസിക്കുന്നതും“.ഒരിക്കൽ മേഴ്സി അവളുടെ വെറുപ്പ്‌ പ്രകടിപ്പിച്ചത്‌ അങ്ങിനെയാണ്‌.
മറ്റു ചെറുപ്പക്കാരും മോശക്കാരല്ല. സഹപ്രവർത്തകരായ സ്ത്രീകൾ കാമുകിമാരാണെന്നാണ്‌ അവരുടെ ഭാവം. സഹോദരികളായി അവരെ കാണുവാൻ എന്തുകൊണ്ടവർക്ക്‌ കഴിയുന്നില്ല?അവരുടെ ഒരോ വാക്കിലും നാനാവിധത്തിലുള്ള അർത്ഥങ്ങൾ അടങ്ങിയിരിക്കും. അതിലെ ഏറ്റവും മോശമായ അർത്ഥങ്ങളായിരിക്കും അവർ ഉദ്ദേശിക്കുന്നതും. മറ്റുള്ളവർ സ്വീകരിക്കുന്നതും.

അധികം സംസാരിക്കാനിഷ്ടപ്പെടാത്ത രാധാകൃഷ്ണൻ മാത്രം തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും. ജോലി ഇല്ലാത്ത അവസരങ്ങളിൽ എന്തെങ്കിലും പുസ്തകം കൊണ്ട് വന്ന്‌ വായിച്ചിരിക്കും. അതുകൊണ്ട്‌ മറ്റുള്ളവർ അയാളെ മുനി എന്ന ഓമനപ്പേരിൽ വിളിക്കുന്നു.

രാധാകൃഷ്ണനെപ്പോലെ താനും മേഴ്സിയും അവരുടെ കൂട്ടത്തിലൊന്നും കൂടാതെ ഒറ്റപ്പെട്ടു നടക്കുന്നതുകൊണ്ടായിരിക്കും തങ്ങളോടും ഇത്ര ദേഷ്യം.

എന്നും എന്തും പുതുവാർത്തകൾക്കു വേണ്ടി കാത്തിരിക്കാറുള്ള ലില്ലിക്കുട്ടിയും സാവിത്രിയും ഇന്നത്തെ വാർത്ത തന്റെ വിവാഹവാർത്തയായിരിക്കും. ഈ കരിമ്പിപ്പെണ്ണിനെ കെട്ടാൻ വന്നിരിക്കുന്നത്‌ ആരാണെന്നായിരിക്കും അവരുടെ വിഷയം.

ഇൻവിറ്റേഷൻ കാർഡ്‌ കൊടുക്കുമ്പോൾ അവരുടെ മുഖത്തെ വിവിധ ഭാവങ്ങൾ ഒന്നു കാണണം.ഒരു ക്യാമറ ഉണ്ടായിരുന്നെങ്കിൽ ഒന്ന്‌ പകർത്തിയെടുത്ത്‌ പിന്നീട്‌ നോക്കി രസിക്കാമായിരുന്നു.
ഒരു മണിയാവാൻ സതി കാത്തിരുന്നു. മേഴ്സിയുമായി ഒന്നു ഹൃദയം തുറന്ന്‌ സംസാരിക്കണം.അവളുടെ വിഷമം എന്തുതന്നെയായാലും പരിഹരിക്കാൻ സഹായണം.