ആ പട്ടി ചത്തു! പട്ടിണി കിടന്നാണ് അത് ചത്തത്. പട്ടിയെ പട്ടിണിക്കിട്ടത് തെനാലിരാമനാണല്ലൊ.
ആ തക്കത്തിന് തെനാലിരാമനെ വലയിൽ വീഴിക്കാൻ പൂജാരിമാർ ഒരു തന്ത്രം പ്രയോഗിച്ചു. മരണം മൂലം ശാന്തി കിട്ടാതെ പട്ടിയുടെ ആത്മാവ് അലഞ്ഞുനടക്കുന്നുണ്ടെന്ന് പൂജാരിമാർ ഒരു ശ്രുതി പരത്തി.
പട്ടിയുടെ പ്രേതത്തെക്കുറിച്ച് ജനങ്ങളിൽ ഭയം വളർന്നു. ആ പ്രേതത്തെ അടക്കം ചെയ്യണമെന്ന് പൂജാരിമാർ തെനാലിരാമനോട്` ആവശ്യപ്പെട്ടു.
പൂജകള്‍ നടത്താനെന്ന് പറഞ്ഞ് തെനാലിരാമനിൽ നിന്ന് കുറെ പണം തട്ടിയെടുക്കാമെന്നാണ് പൂജാരിമാർ കരുതിയത്. പക്ഷേ പൂജാരിമാരുടെ കള്ളബുദ്ധി തെനാലിക്ക് മനസ്സിലായി.
“പൂജകള്‍ നടത്തി പട്ടിയുടെ പ്രേതത്തെ അടക്കംചെയ്തുകൊള്ളു. എന്റെ കുതിരയെ ഞാൻ വില്‍ക്കുന്നുണ്ട്. നല്ല കുതിരയാണ്. അതിനെവിറ്റുകിട്ടുന്ന പണം നിങ്ങൾക്ക് തരാം. തെനാലിരാമൻ പൂജാരിമാർക്ക് വാക്കു കൊടുത്തു.
പൂജാരിമാർക്ക് സന്തോഷമായി. കുതിരക്ക് 100 പൊൻ പണം എങ്ങിനെയായാലും വില കിട്ടുമല്ലൊ. തങ്ങളുടെ തന്ത്രം വിജയിച്ചു എന്നവർ വിചാരിച്ചു. അവർ പോയി വട്ടമിട്ടിരുന്ന് ചിരിച്ചു.
പാവം തെനാലിരാമൻ. അയാൾ നമ്മുടെ വലയിൽ ശരിക്കും വീണു. ഒരു പൂജാരി പറഞ്ഞു.
പട്ടിയെ പട്ടിണിക്കിട്ട് നൂറു പൊൻ പണമാണയാൾക്ക് രാജാവിൽ നിന്ന് പാരിതോഷികമായി കിട്ടിയത്. ആ തുക നമ്മുടെ കൈയ്യിലാകുന്ന സമയം ഇതാ വന്നു കഴിഞ്ഞു. മറ്റൊരു പൂജാരി ആഹ്ളാദത്തോടെ പറഞ്ഞു.
അടുത്ത ദിവസം അവർ തെനാലിരാമനേയും , നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിന് എന്തോ ചില പൂജാകർമ്മങ്ങളൊക്കെ ചെയ്യുന്നതായി കാണിച്ചു.
പിന്നീടു പൂജയ്ക്കു പ്രതിഫലം ചോദിച്ചു തെനാലിരാമനെ അവർ സമീപിച്ചു.
തെനലിരാമൻ അതിനു മുമ്പെ ഇങ്ങിനെ പരസ്യപ്പെടുത്തിയിരുന്നു.
ഒരു കുതിരയെ വില്‍ക്കാനുണ്ട്. ഒരു ചെമ്പുനാണയം മാത്രമെ വിലയുള്ളു. കുതിരയെ വാങ്ങുന്നവർ കൂടെ ഒരു ചവറ്റുകൊട്ട കൂടി വാങ്ങണം. എങ്കിൽ മാത്രമേ കുതിരയെ കൊടുക്കുകയുള്ളു. കൊട്ടയ്ക്കു നൂറു പൊൻ പണമാണ് വില. ഇതായിരുന്നു പരസ്യം.
പൂജാരിമാർ പ്രതിഫലം ചോദിച്ചുവന്ന അതേ സമയം തന്നെ കുതിരയുടെ കച്ചവടവും നടന്നു.
കുതിരയെ വിറ്റുകിട്ടിയ ചെമ്പുനാണയം തെനാലിരാമൻ പൂജാരിമാർക്ക് കൊടുപ്പിച്ചു. ചവറ്റുകൊട്ടയുടെ വിലയായ നൂറുപൊൻ പണം തെനാലിരാമന് കിട്ടി.
അത്യാഗ്രഹികളും അസൂയക്കാരുമായ പൂജാരിമാരെ അങ്ങനെ തെനാലി ഒരു പാഠം പഠിപ്പിച്ചു. യഥാർത്ഥത്തിൽ അവർക്കു കുതിരയുടെ വില ലഭിച്ചില്ലല്ലൊ.ഒരു ചെമ്പുനാണയത്തിന്റെ മൂല്യം പോലുമില്ലാത്ത ചവറ്റുകൊട്ടയ്ക്കു നൂറു പൊൻ പണം വില വാങ്ങിയതിനാൽ കുതിരയുടെ യഥാർത്ഥ വില തെനാലി രാമനു തന്നെ ലഭിച്ചു എന്നതാണ് ഈ കഥയിലെ രസകരമായ വസ്തുത.