എം.മുകുന്ദൻ
ഇപ്പോഴത്തെ കവിതകൾക്ക് അർത്ഥമില്ല.കവിതയിൽ താളവും, വൃത്തവും വേണ്ടെന്നായതോടെ ആർക്കും കവിത എഴുതാമെന്നായി. ആലപ്പുഴ ജില്ലയിൽ മാത്രം 500 കവികളുണ്ട്. താങ്കൾ എന്തുകൊണ്ട് കവിത എഴുതുന്നില്ലെന്ന വിദ്യാർത്ഥിനിയുടെ ചോദ്യത്തിനു മുകുന്ദന്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. കവിത എഴുതാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ ,ഞാൻ അതിനു ശ്രമിച്ചിട്ടില്ല, എഴുതുന്നെങ്കിൽ വീണപ്പൂവു പോലുള്ളവയായിരിക്കണം. തന്റെ കൃതികൾ സിനിമയാക്കുന്നതിൽ തൃപ്തിയില്ല. കാരണം നോവലോ കഥയോ സിനിമയായാൽ നടീനടന്മാരാണ് ആസ്വാദകമനസ്സിൽ ഇടം പിടിക്കുക. കഷ്ടപ്പെട്ടു രചന നിർവ്വഹിച്ച ആൾ എവിടേയുമില്ലാതാവും. ആ കൃതി നിലനിന്നാൽ പതിനായിരങ്ങളിലൂടേ കഥാപാത്രങ്ങളും കഥാകാരനും ജീവിക്കും. കഥകളും നോവലുകളും തന്റെ കാലശേഷം ആരുടെയെങ്കിലും കൈയ്യിലകപ്പെടുമോ എന്ന സംശയമുണ്ട്. മുകുന്ദൻ പറഞ്ഞു.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പ്രിയദർശന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സുന്ദരിയായിരുന്ന മയ്യഴി ഇന്നു ക്വൊട്ടേഷൻ സംഘങ്ങളുടെയും കള്ളനോട്ട് വ്യാപാരക്കാരുടേയും മദ്യത്തിന്റേയും നാടായി. അതിനാൽ പുതിയ മയ്യഴിയെക്കുറിച്ച് എഴുതില്ല.
അഞ്ചരവയസ്സുള്ള കുട്ടിയെ ആത്മഹത്യ ചെയ്യിച്ചതു ശരിയായോ എന്നായിരുന്നു മറ്റൊരു കുട്ടിയുടെ ചോദ്യം. ആത്മഹത്യക്കു പ്രായമില്ലെന്നു വ്യ്ക്തമാക്കിയ കഥാകാരൻ കഥ എഴുതുമ്പോൾ ഇഫക്ട് ഉണ്ടാകണമെന്നും സുഖിച്ചിരിക്കുന്ന സമൂഹത്തെ ഉണർത്തുക എന്നതാണ് ഇത്തരം സൃഷ്ടികളുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.
പ്രണയനൈരാശ്യത്തെ തുടർന്ന് മലയാളികൾ ഇത്രയധികം ആത്മഹത്യ ചെയ്യുന്നത് രമണനും, ചന്ദ്രികയും ചെലുത്തിയ സ്വാധീനം മൂലമാണ്.
വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ലഭിക്കുന്നത് എഴുത്തുകാരനു ജന്മനാ ഉള്ള കഴിവാണ്.ബുദ്ധിയില്ലെങ്കിലും അച്ഛന്റെ കയ്യിൽ പണമുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറാവാം, എന്നാൽ എത്ര പണമുണ്ടെങ്കിലും എഴുത്തുകാരൻ ആവില്ല. കാരണം എഴുത്തുകാരെ ഉണ്ടാക്കുന്ന കോളേജുകളില്ല.
ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുമായി സംവാദം നടത്തുകയായിരുന്നു എം.മുകുന്ദൻ.
പത്രവാര്‍ത്ത