മള്ളി അമ്മായെ !




സി.ചന്ദ്രമതി 
നഗരത്തിലെ പ്രശസ്തമായ ആശുപത്രി.
“ഈശ്വരാ! മകൾക്ക് എന്റെ ഗതി വരുത്തരുതേ!” പ്രസവമുറിയുടെ വാതില്‍ക്കൽ ലളിതാശർമ്മ പ്രാർത്ഥനയിലാണ്‌.
ഓർമ്മകൾ കിനിഞ്ഞിറങ്ങുന്ന മനസ്സിൽ അമലാപുര ഗ്രാമം ഉണരുന്നു. 

കൗസല്യാ സുപ്രജാ രാമപൂർവാ
സന്ധ്യാ പ്രവർത്തതേ.....
കുളിച്ച്‌ ഈറനുടുത്ത്‌ തന്റെ ചെറിയ വീട്ടിനു മുന്നിൽ കോലമിടുന്ന ലളിത എന്ന സുന്ദരിയായ പെൺകുട്ടി. അവളെ കാണാൻ രാവിലെ അതുവഴി നടത്തം പതിവാക്കിയ വാസുദേവശർമ്മ എന്ന സുമുഖനായ യുവാവ്‌. ഇല്ലായ്മകൾ പൊറുതിമുട്ടിക്കുന്ന കുടുംബത്തിലെ മൂത്ത മകൾക്ക് കണ്ണുകലീൽ കവിതയും ഹൃദയത്തിൽ അനുരാഗവും കൊണ്ടു നടക്കാനാവില്ല. എന്നിട്ടും ആ പെൺകുട്ടി ഒരത്യാശയുടെ പുലരികളെ സ്വപ്നം കണ്ടു.
സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങാൻ കാത്തിരുന്ന ജന്മിക്ക് മകന്റെ പ്രണയം അംഗീകരിക്കാനായില്ല. പക്ഷേ മകൻ ഉറച്ചു നിന്നു.
“ഗ്രാമത്തിലെ ഏറ്റവും വലിയ ജന്മിയുടെ പുത്രവധു ആകാൻ കഴിഞ്ഞില്ലേ?ഭാഗ്യവതി!
പെൺകുട്ടിയുടെ ഭാഗ്യത്തിൽ അസൂയപ്പെടാത്തവർ ചുരുക്കം.
മഴമേഘം പോലെ ഓടിയെത്തുകയും പെയ്തൊഴിയുകയും ചെയ്ത ഭാഗ്യം! ലളിത നെടുവീർപ്പിട്ടു.

പ്രതീക്ഷിക്കാതിരിക്കുമ്പോൾ ദൈവം നക്ഷത്രത്തിന്റെ ഒരു ചെറുവിളക്ക് തെളിച്ചുതരും. അതിന്റെ വെളിച്ചത്തിൽ ജീവിതം ആസ്വദിച്ചുതുടങ്ങുമ്പോൾ അത്‌ ഊതിക്കെടുത്തി കാർമേഘങ്ങൾ നിറയ്ക്കും. ഒരാൺകുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യം ദൈവം തന്നില്ലല്ലൊ. ഒരു കുറ്റവാളിയെപ്പോളെ തറവാടിന്റെ പടിയിറങ്ങേണ്ടിവന്നപ്പോൾ അപമാനിക്കപ്പെട്ടത്!് സ്ത്രീജന്മം തന്നെയല്ലേ?

അടഞ്ഞ വാതിലിനു മുന്നിൽ വിരങ്ങലിച്ചു നിന്ന നിമിഷങ്ങളും ഒരു മാലാഖയെപ്പോലെ സഹായഹസ്തവുമായെത്തിയ ആ അമ്മയേയും ഒരിക്കലും മറക്കാൻ പറ്റില്ല. പെൺമക്കളേയും കൊണ്ട്‌ തെരുവിലിറങ്ങിയ തങ്ങൾക്ക് പെൺകുട്ടികലില്ലാതിരുന്ന ആ സ്ത്രീ അഭയം തന്നു.
”എന്തു രസാ ഇവരെ ഒരുക്കിക്കൊണ്ടു നടക്കാൻ“. അവർ പോകുന്നീടത്തൊക്കെ കുട്ടികളേയും കൂട്ടി .ഡ്രസ്സും പലഹാരവും വാങ്ങിക്കൊടുത്തു. ഇല്ലായ്മയിലെ സമ്പന്നമുഹൂർത്തങ്ങൾ!
ക്ക്ലാസ്സിൽ എപ്പോഴും ഒന്നാംസ്ഥാനം നേടിയിരുന്ന മല്ലികയെക്കുറിച്ച്‌ അവർക്ക് വലിയ പ്രതീക്ഷയായിരുന്നു.
ഇവൾ പഠിച്ച്‌ വല്യ ആളാവുമ്പം നിങ്ങടെ പ്രയാസങ്ങളൊക്കെ തീരും.
ഓ1 എന്റെ മക്കൾ ഭാഗ്യമില്ലാത്തവരാ. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുമ്പ്പോൾ അവരെ പഠിപ്പിക്കുന്നതെങ്ങിനെയാ? താൻ സങ്കടപ്പെട്ടപ്പോൾ അവർ പറഞ്ഞു

“റബ്ബർപന്തിന്റെ സ്വഭാവമാ നിന്റ മക്കൾക്ക്‌.താഴേക്ക് അടിയ്ക്കുന്നതിന്റെ ഇരട്ടി ശക്തിയിൽ മേലോട്ടുയരും.

അവരുടെ പ്രവചനം ഫലിച്ചു. കഷ്ടപ്പാടുകൾക്കിടയിലും കുട്ടികൽ നന്നായി പഠിച്ചു.

മല്ലിക ഡോക്ടറായ ദിവസം മറക്കാനാവില്ല. അനിയത്തിമാരെ പഠിപ്പിക്കുന്ന ചുമതല അവൾ ഏറ്റെടുത്തപ്പോൾ എന്താശ്വാസമായിരുന്നു.
എന്റെ വെങ്കടേശ സ്വാമീ! നല്ലവളായ എന്റെ മകൾക്ക്‌ ഒരാൺകുഞ്ഞിനെ കൊടുക്കണെ!”
ലളിത ഇഷ്ടദേവതയെ പ്രാർത്ഥിച്ചു.

 ആശുപത്രിവരാന്തയിലൂടെ അക്ഷമനായി നടക്കുന്ന വാസുദേവശർമ്മയുടെ കാതുകളിൽ മുഴങ്ങുന്നത്‌ സ്വന്തം അച്ഛന്റെ ശബ്ദമാണ്‌.

“പുത്രന്മാരില്ലാത്തവർ ശപിക്കപ്പെട്ടവരാണ്‌. ” ഇന്നലെയൂറ്റെ ചൂളയിൽ നിന്ന്‌ പരന്നെത്തുന്ന വാക്കുകൾ.

“നിനക്കറിയാമല്ലോ നമ്മുടെ സമൂഹത്തിൽ ആൺമക്കൾ ഇല്ലാത്തവർക്ക്‌ കുടുംബസ്വത്തിന്‌ അവകാശമില്ല. ”

സ്വത്തു മുഴുവൻ രണ്ടാമത്തെ മകന്‌ കൊടുത്ത അച്ഛന്റെ ഹൃദയം പിളർക്കുന്ന വാക്കുകൾ.

“എന്റെ അഭിപ്രായം അവഗണിച്ച്‌ നീ സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിച്ചു. നിന്റെ പെൺമക്കൾക്ക് നീ എന്തു കൊടുക്കും?നിന്റെ അനുജന്‌ പുത്രന്മാരുണ്ട്‌. അവർക്ക് കിട്ടുന്ന സ്ത്രീധനം ഈ കുടുംബത്തിന്‌ വന്നു ചേരും.

ഇളയ മകന്റെ പേരിൽ ഊറ്റം കൊണ്ട അച്ഛൻ മൂത്ത മകനെ ഒരു തുണ്ടു ഭൂമി പോലും നല്കാതെ പടിയിറക്കി വിട്ടു. ആ രംഗം ഒരു സിനിമ പോലെ കൺമുന്നിൽ തെളിയുന്നു.

നാലു പെൺകുട്ടികലെ കെട്ടിപ്പിടിച്ചു കരയുന്ന ഭാര്യ. കൃഷിപ്പണിയല്ലാതെ മറ്റൊരു തൊഴിലും വശമില്ലാത്ത ഭർത്താവ്‌.

പഠിക്കാൻ സമർത്ഥനായിട്ടും തന്റെ വിദ്യാഭ്യാസം എസ്.എസ്.എൽ.സിക്കപ്പുറം നീണ്ടില്ല. ഒരു സർക്കാരുദ്യോഗം തന്റെ സ്വപ്നമായിരുന്നു.
”പേരു കേട്ട കുടുംബം. ധാരാളം കൃഷിഭൂമി. വല്ലവന്റേയും കീഴിൽ പണിക്കു പോയിട്ടു വേണോ നിനക്കു ജീവിക്കാൻ?അച്ഛൻ പരിഹസിച്ചു. മനഃപ്രയാസത്തോടെയാന്‌ കൃഷിപ്പനിയുടെ മേൽനോട്ടം ഏറ്റെടുത്തത്‌.

വിശാലമായ പാടങ്ങൾ. നെല്ല്‌, നിലക്കടല, സൂര്യകാന്തി...വിവിധയിനം കൃഷികൾ. അർപ്പണബോധമുള്ള ജോലിക്കാർ. മെല്ലെ കൃഷിപ്പണി ഇഷ്ടപ്പെടാൻ തുടങ്ങി.
ഓർക്കാപ്പുറത്ത്‌ എല്ലാം നഷ്ടമായപ്പോൾ തളർന്നുപോയി.
“ദേവുഡുമനതോ ഉണ്ണാഡു”(ദൈവം നമ്മോടൊപ്പമുണ്ട്‌)
ലലിത ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ നിറഞ്ഞൊഴുകുന്ന അവളുടെ ഉള്ളാണ്‌ കണ്ടാത്‌.
“പാട്ടത്തിനെങ്കിലും കുറച്ചു ഭൂമി കിട്ടിയാൽ നമുക്ക് അദ്ധ്വാനിച്ച്‌ ജീവിക്കാം. ”

അവൾ ധൈര്യം നല്കി.
ഒന്നുരന്റു ജന്മിമാരെ സമീപിച്ചപ്പോൾ പരിഹാസമാണ്‌ ലഭിച്ചത്‌.
“വിനോബാജിയുടെ ഭൂദാൻ യജ്ഞത്തിന്‌ ആദ്യം ഭൂമിദാനം ചെയ്തത്‌ നിങ്ങടെ കാരണവരല്ലേ?പിന്നെന്താ നിങ്ങളോടിങ്ങനെ?”

“നിന്റെ മണ്ണും നിന്റെ വിയർപ്പും നിനക്കു സ്വന്തം. അനീതിയ്ക്കെതിരെ പൊരുതി ജയിക്കണം.”-മനസ്സു മന്ത്രിച്ചു.

മാസങ്ങൾ നീണ്ടു നിന്ന നിയമയുദ്ധം.
അച്ചനെതിരെ കേസു പറഞ്ഞ ധിക്കാരിയെ ബന്ധുക്കൾ ഒറ്റപ്പെടുത്തി.

കോടതി വിധിയിലൂടെ ലഭിച്ച കുറച്ചു ഭൂമിയിൽ രാപ്പകൽ അദ്ധ്വാനിച്ചപ്പോൾ തന്റെ വിദ്യാഭ്യാസം മുടക്കിയ അച്ഛനെ മനസാ ശപിച്ചു. നിത്യവൃത്തിക്ക്‌ വല്ലാതെ ബുദ്ധിമുട്ടിയപ്പോഴും മക്കളെ പഠിപ്പിക്കണമെന്ന്‌ തീരുമാനിച്ചത്‌ അതുകൊണ്ടാണ്‌.

ഓർമ്മകൾക്ക്ക് കടിഞ്ഞാണിട്ടുകൊണ്ട്‌ ശർമ്മയുടെ പോക്കറ്റിൽ മൊബൈൽ ഫോൺ ശബ്ദിച്ചു. അമേരിക്കയിൽ നിന്നും മരുമകനാണ്‌.

നാലു പെൺകുട്ടികളായതുകോണ്ട്‌ അവരുടെ വിവാഹത്തെക്കുറിച്ച്‌ നല്ല ടെൻഷനുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും എത്രയോ നല്ല ബന്ധമാണ്‌ മല്ലികയ്ക്കു കിട്ടിയിരിക്കുന്നത്‌.കോളേജ് അദ്ധ്യാപകരായ ദമ്പതികളുടെ ഏകമകൻ. ആറക്കശമ്പളം വാങ്ങിക്കുന്ന സോഫ്റ്റ് വെയർ എൻജിനീയർ.
“പ്രിയമായതൊന്നും കിട്ടാതെ വളർന്ന കുട്ടിയാണല്ലൊ ഞാൻ. എല്ലാം വേണ്ടതിലധികം ലഭിച്ച ഭാഗ്യവാനാന്‌ എന്റെ ഹസ്ബൻഡ്‌. ആ ഒരു കുറവേയുള്ളു അദ്ദേഹത്തിന്‌. ” മല്ലിക പറയാറുണ്ട്‌.

ആൺകുട്ടിക്കു വേണ്ടി താനും ഭാര്യയും നടത്തിയ്ട്ടുള്ള നേർച്ചകളെക്കുറിച്ച്‌ മരുമകന്റെ വീട്ടുകാർക്കറിയാം.

“കുഞ്ഞ് ആണായാലും പെണ്ണായാലും ഞങ്ങൾക്ക് ഒരുപോലെയാ”.
അവർ പറഞ്ഞിട്ടുണ്ട്`. പക്ഷേ തനിക്ക്‌ അങ്ങിനെയല്ല. ഒരു ആൺകുട്ടിയെ കിട്ടിയ്ട്ടുവേണം തറവാട്ടിൽ ചെല്ലാൻ. അച്ഛന്റെ മുന്നിൽ തല ഉയർത്തി നില്ക്കാൻ.

പ്രസവമുറിയുടെ വാതിൽ തൂറന്ന്‌ ഒരു നഴ്സ് തല പുറത്തേക്കു നീട്ടി. ശർമ്മയും ഭാര്യയും ആകാംക്ഷയോടെ അടുത്തെത്തി.

‘മല്ലിക പ്രസവിച്ചു.പെൺകുഞ്ഞ്‌.
മള്ളി അമ്മായെ?(വീണ്ടും പെൺകുഞ്ഞോ)
രന്റുപേരും സ്തബ്ധരായി നിന്നു.
ദൈവം വീണ്ടും തോല്പ്പിക്കുകയാണൊ?
“കുഞ്ഞിനെ കാണണ്ടെ?
നഴ്സിന്റെ ചോദ്യം.
ഭാര്യയും ഭർത്താവും മുഖത്തോടു മുഖം നോക്കി.
”എന്താ പ്രശനം“?
ഏയ്, ഒന്നുമില്ല.
പിന്നെന്താ മടിച്ചുനില്ക്കുന്നത്‌?വരൂ” സമനില വീണ്ടെടുത്ത്‌ രന്റുപേരും നഴ്സിന്റെ പിന്നാലെ നടന്നു.
മല്ലികയുടെ വിടർന്ന ചിരിയാണ്‌ അവരെ എതിരേറ്റത്‌. പക്ഷേ അച്ഛനമ്മമാരുടെ വാടിയ മുഖം അവളെ നൊമ്പരപ്പെടുത്തി.
“പെൺകുട്ടി ആയതുകൊണ്ട്‌ നിരാശയായോ?എനിക്ക് വിഷമമൊന്നുമില്ല. പെണ്ണാ നല്ലത്‌.ആണ്‌ പെഴച്ചുപോയാൽ എന്തു ചെയ്യും?

മല്ലികയുടെ വാക്കുകൾ ശർമ്മയുടെ മനസ്സിലൂടെ മിന്നല്‍പ്പിണറായി കടന്നുപോയി.
ഒന്നിനും കൊള്ളാത്ത പുത്രന്മാർ ശാപമാണെന്ന്‌ അനുജന്റെ മക്കൾ തെളിയിച്ചു കഴിഞ്ഞു. പഠിക്കാതെ, പണിയെടുക്കാതെ, സുഖിച്ചുജീവിച്ച പുത്രന്മാർ.കുടുംബസ്വത്ത്‌ വിറ്റു തിന്ന്‌ അരിഷ്ടിച്ചു കഴിയുന്നു. അച്ഛന്റെ ദൃഷ്ടിയിൽ.“ഭാഗ്യദോഷിയായ തന്റെ സ്ഥിത്യോ?മക്കളെല്ലാം പഠിച്ചു നല്ല ജോലി. മനോഹരമായ വീട്` ...കാറ്‌`...

ചിന്തകളിൽ നിന്നുണർന്ന ശർമ്മ ധൃതിയിൽ പുറത്തേക്കു പോയി.
അച്ഛൻ പിണങ്ങിപ്പോയതാണോ? മല്ലിക അമ്മയോട് ചോദിച്ചു.

”ഏയ്, ആരോടു പിണങ്ങാൻ? ദൈവം തരുന്നത്‌ കൈനീട്ടി വാങ്ങാനല്ലേ പറ്റു.“
തങ്ങളെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തവരുടെ മുഖങ്ങൾ മനസ്സിൽ തെളിയവെ ലളിതയുടെ ഹൃദയം നുറുങ്ങി.

അല്പ്പസമയത്തിനകം ശർമ്മ തിരിച്ചെത്തി. കൈയിൽ വലിയ പായ്ക്കറ്റ്.

”എന്താ ഇത്‌?“ ലളിത അത്ഭുതപ്പെട്ടു.
”കണ്ടോളൂ“
ശർമ്മ പായ്ക്കറ്റ് പൊട്ടിച്ച്‌ ലഡു വിതരണം ചെയ്യാൻ തുടങ്ങി. അച്ഛനെ നോക്കി മകൾ പുഞ്ചിരിച്ചു. ”ചന്ദനത്തിന്റെ കുളിർമ്മയുള്ള ചിരി.