തൂവലിന്റെ തീര്‍ത്ഥാടനം


പി.കെ .ഗോപി
ആദ്യം താരാട്ട് പാടിയത് 
ആകാശമാണെന്ന്
ആരോ പറഞ്ഞു.
അമ്മയും ആനന്ദവും 
അഗാധവേദനയും ചേര്‍ന്ന്
ആത്മാവില്‍ ഈണമിട്ടതു കൊണ്ട് 
അറിയാതെ പറഞ്ഞതെല്ലാം 
താരാട്ടായതാണ് .

വീര്യമുള്ള വിത്തു പാകി 
താഴ്വരകളെ 
ഹരിതാഭമാക്കിയത്
അച്ഛനാണെന്ന് 
ആരോ പറഞ്ഞു.
സൂര്യഗീതമൊഴുകി വന്ന്
തിരമാലകളില്‍ 
മ്പടിച്ചതു കൊണ്ട് 
ജീവഭൂമി ഉരുവിട്ടതെല്ലാം 
മുളപൊട്ടിയതാണ് .

പൂത്തുലഞ്ഞ വാക്കു കൊണ്ട് 
കാട്ടുമുരിക്കില്‍ 
തീച്ചുവപ്പു പര്‍ത്തിയെന്ന്
ആരോ പറഞ്ഞു.
മൂര്‍ച്ചയുള്ള മുള്ളുകൊണ്ട് 
കണ്ണില്‍ കുത്തിയതിനാല്‍
മൂകമായ പ്രണയങ്ങളില്‍ 
ചോര  പൊടിഞ്ഞതാണ്.

ആരവങ്ങളുയര്‍ന്നു ചെന്ന് 
അകലങ്ങളില്‍ 
ഭീതികളെ വലിച്ചെറിഞ്ഞുവെന്ന്
ആരോ പറഞ്ഞു.
ജ്ഞാനനദിയുടെ 
അക്കരെയോ ഇക്കരെയോ നിന്ന് 
ആരോ ശംഖുവിളിച്ചപ്പോള്‍ 
കൊടുമുടിയുടെ 
കിരീടമിളകി
തടാകത്തില്‍ വീണതാണ്.

ആനയും അമ്പാരിയും 
പറന്നു പോയ കൊടുംകാറ്റില്‍ 
തൂവലിന്റെ തീര്‍ത്ഥാടനത്തിന് 
എന്തൊക്കെയാവും 
വ്യാഖ്യാനങ്ങള്‍......?!