വാര്‍ഷികവലയം.


ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
മരം നിന്നിടത്തൊരു തുറന്ന 
മുറിവായ മാത്രം, സൗരയൂഥ-
ച്ചുറ്റ് പോലെ മരജന്മത്തിന്‍ 
വാര്‍ഷിക വലയക്കുരുക്കില്‍ കാണ്മൂ 
ആധി, വ്യാധി, അനാഥം ഗ്രഹങ്ങള്‍.
നടുക്ക് വെട്ടം പോയ സൂര്യന്‍
ദ്രവിച്ച സുഷുമ്നാനാരുപോലെ 
അന്ധഗര്‍ത്തം വരെ നീളും
ഇരുള്‍പോട്, ചീവീടുപാട്ട്.
കടവായില്‍ നിന്നുവെള്ളരക്ത-
മൊലിച്ച്  ചുറ്റിനും പരക്കവേ, 
പ്രാക്തനകാലം തൊട്ടു മുഴങ്ങിക്കേട്ട
വെട്ടിന്റെ മാറ്റൊലിയില്‍ നടുങ്ങി
ഒരു കോളനിക്കിളികള്‍ ചിലക്കുന്നു.
ഒരൊറ്റ കിളിയില്‍ ചുരുങ്ങുന്നു.
മരക്കുറ്റിയില്‍ വാര്‍ഷികവലയമളന്ന്‍ 
തെന്നിതെറിച്ച` അതും കളംവിടുന്നു.