ദളിത്‌ ചിന്താ പ്രപഞ്ചത്തിലെ സൂര്യജ്വാല




ടി.കെ. ഗംഗാധരൻ 
ഡോ: ബി.ആർ.അംബേദ്കർ ജ്വലിക്കുന്ന ഒരു പ്രതീകമായിരുന്നു.
കാലാകാലങ്ങളായി ജാതിപരമായും, സാംസ്ക്കാരികപരമായും, സാമൂഹ്യപരമായും ഓരങ്ങളിലേക്ക് മാറ്റിനിർത്തപ്പെട്ട ദളിത്‌ സമൂഹത്തിന്റെ വിമോചനവും, ഉന്നമനവും സ്വപ്നം കണ്ട കർമ്മബുദ്ധൻ.
ഡോ :അംബേദ്‌കര്‍ 
ഇന്ത്യയിലെ അധഃകൃത വർഗ്ഗത്തെക്കുറിച്ച്‌ ഉത്കണ്ഠാകുലമായ ചിന്തകളുടെ ഭാരവും പേറി ജീവിച്ച ഡോ:ബി.ആർ.അംബേദ്കർ അവകാശങ്ങളും, അധികാരങ്ങളും നിഷേധിക്കപ്പെട്ട കീഴാളവർഗ്ഗങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കുകയും ,ചിന്തിക്കുകയും ചെയ്ത മനുഷ്യസ്നേഹിയും ഭരണനിപുണനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലനായ ആ സാമൂഹ്യപരിഷ്ക്കർത്താവ്‌ ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന പീഢിത സമൂഹത്തിന്റെ കദന കഥ കളിൽ തൂലിക മുക്കിയാണ്‌ എഴുതിയതും, അതോടൊപ്പം പ്രസംഗിച്ചതും. 

അധഃസ്ഥിത വർഗ്ഗങ്ങളുടെ കൈകളിൽ അധികാരം ലഭ്യമായില്ലെങ്കിൽ ഒരിക്കലും അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാവില്ലെന്ന്‌ അനുഭവത്തിലൂടെ  അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന്‌ ചെങ്കോലും , കിരീടവും കൈപ്പറ്റുന്ന ഇന്ത്യയിലെ ഉപരിവർഗ്ഗം കീഴാളവർഗ്ഗങ്ങളെ  അധികാരത്തിന്റെ അയല്‍വക്കത്ത്‌ അടുപ്പിക്കില്ല എന്നദ്ദേഹം ആശങ്കപ്പെട്ടു. മഹാത്മാഗാന്ധി നയിക്കുന്ന കോൺഗ്രസ്സിന്റെ സ്വരാജ്‌ എന്ന ആശയത്തെ സംശയത്തോടെ വീക്ഷിച്ചു. കാലാകാലങ്ങളായി അധഃസ്ഥിത വർഗ്ഗങ്ങൾ നേരിടുന്ന തൊട്ടുകൂടായ്മയും, സാമ്പത്തികമായ പിന്നോക്കാവസ്ഥയും ,പീഢനങ്ങളും കോൺഗ്രസ്സിന്റെ സ്വരാജിലും നിലനില്ക്കുമെന്ന്‌ ഡോക്ടർ അംബേദ്ക്കർക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടാവണം ദളിത്‌ സമൂഹം സഹോദരങ്ങളായ മറ്റു നാട്ടുകാരോടൊപ്പം രാജ്യത്തിന്റെ പരമാധികാരം ഉചിതമായ അനുപാതത്തിൽ പങ്കിടണമെന്ന്‌ അദ്ദേഹം വാദിച്ചുകൊണ്ടിരുന്നത്‌.

1891 ഏപ്രിൽ 14 ന്‌ മദ്ധ്യപ്രദേശത്ത്‌ മൗവിൽ റാംജി സക്പാലിന്റേയും
ഭീമാഭായിയുടേയും പതിനാലാമത്തെ സന്താനമായി ഭീമാറാവു റാംജി ജനിച്ചു.
അംബവഡേക്കർ എന്ന ഗ്രാമത്തിൽ. പ്രിയ ഗുരുനാഥൻ
ഗ്രാമത്തിന്റെ പേർ കൂട്ടിച്ചേർത്ത്‌ പഠിക്കാൻ മിടുക്കനായിരുന്ന ആ വിദ്യാർത്ഥിയെ ഭീമാറാവു റാംജി അംബേദ്ക്കർ എന്നു വിളിച്ചു.

അംബേദ്കറുടെ സ്ക്കൂൾ വിദ്യാഭ്യാസം സത്താറയിലായിരുന്നു. സഹപാഠികൾ ബെഞ്ചുകളിൽ നിരന്നിരിക്കവെ ദളിതനായതുകൊണ്ട്‌ അംബേദകർ നിലത്ത്‌ പഴയൊരു ചാക്കിലിരുന്നാണ്‌ പഠിച്ചത്‌. അതാവാം അംബേദ്കറെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ആദ്യത്തെ അപമാന സംഭവം. അക്കാലം മുതലെ സവർണ്ണാധിപത്യത്തിൽ നിന്നും സ്വതന്ത്രമാകുന്ന ജീവിതാവസ്ഥകളെപ്പറ്റി അംബേദ്കർ ചിന്തിച്ചുതുടങ്ങിയിരിക്കണം. ചുറ്റുപാടും കണ്ടുകൊണ്ടിരുന്ന ദളിത്‌ വർഗ്ഗങ്ങളുടെ ദാരിദ്ര്യവും, നോവും നൊമ്പരങ്ങളും എങ്ങനെ പരിഹരിക്കാമെന്നോർത്ത്‌ ആ വിദ്യാർത്ഥിയുടെ മനം നീറിയിരിക്കണം..

അയിത്തക്കാരനായതുകൊണ്ട്‌ സംസ്കൃതം പഠിക്കാൻ അനുമതി ലഭിക്കാതായപ്പോൾ അറിവിന്റെ ഉയരങ്ങൾ വെട്ടിപ്പിടിക്കണമെന്ന വാശിയോടെ മുംബെയിലെ എല്‍ഫിൻസ്റ്റൺ ഹൈസ്ക്കൂളിൽ നിന്ന്‌ അംബേദ്കർ മെട്രിക്കുലേഷൻ പാസ്സായി. അതിനിടയിൽ അക്കാലത്തെ സമുദായാചാരങ്ങൾക്കനുസരിച്ച്‌ രമാഭായ് എന്ന ഒമ്പതുവയസ്സുകാരിയുമായി വിവാഹം. മുംബൈ യിലെ ബൈക്കുള മാർക്കറ്റിലെ ഒരു ഷെഡ്ഡായിരുന്നു വിവാഹവേദി. ചന്ത പിരിഞ്ഞ നേരത്ത്‌ നടന്ന താലിചാർത്ത്‌ കർമ്മം.

അംബേദ്കറുടെ കർമ്മോൻമുഖമായ പിൽക്കാലജീവിതത്തിന്‌ ആക്കം നല്കിയത്‌ ബറോഡ മഹാരാജാവ് സായ്ജിറാവു ഗെയ്ക്ക്വാർഡ് സദയം അനുവദിച്ചു നല്കിയ ഇരുപത്തഞ്ചു രൂപ സ്ക്കോളർഷിപ്പായിരുന്നു. ആ സ്ക്കോളർഷിപ്പാണ്‌ അംബേദ്കറെ എല്‍ഫിൻസ്റ്റൺ കോളേജിലെത്തിച്ചതും 1912-ൽ ബി.എ. ബിരുദധാരിയാക്കിയതും.

അംബേദ്കർ ബറോഡ മഹാരാജാവിന്റെ ഉദാരതയിൽ ബി.എ.പാസ്സാകുന്ന 1912 ലും ഇവിടത്തെ രാജഭരണം അയിത്തജാതിക്കാരെ കണ്ടാലും തൊട്ടാലും മൂന്നുതവണ ആറ്റിൽ മുങ്ങിനിവർന്ന്‌ ശുദ്ധമാവുന്ന കൂട്ടത്തിലായിരുന്നു. അക്കാലത്ത്‌ ,1907 ൽ ഇങ്ങ്‌ കേരളത്തിലും അയ്യങ്കാളി  രൂപം കൊടുത്ത സാധുജനപരിപാലന സംഘമുണ്ടായിരുന്നു. അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനു വേണ്ടിയുള്ള യാതനാഭരിതമായ സമരങ്ങളിലായിരുന്നു അയ്യങ്കാളി.
അയ്യന്‍ കാളി 
1913 ഫെബ്രുവരി 2 ന്‌ പിതാവ് മരിക്കുമ്പോൾ കോളേജ് വിദ്യാഭ്യാസം നേടിയ അംബേദകർ ബറോഡ രാജാവിന്റെ സൈന്യത്തിൽ ലഫ്റ്റനന്റ്‌ റാങ്കിലുള്ള ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ബറോഡ മഹാരാജാവ്` സൈന്യത്തിൽ ഉയർന്ന സ്ഥാനം നല്കിയ അംബേദ്കർക്ക്‌ അമേരിക്കയിൽ ഉപരി പഠനം നടത്തുന്നതിന്‌ വീണ്ടുമൊരു സ്ക്കോളർഷിപ്പ്‌ അനുവദിച്ചു. പഠനം പൂർത്തിയാക്കി ബറോഡയെ പത്തുവർഷം സേവിക്കണമെന്ന കരാറിൽ.

1913 ജൂലായിൽ കൊളംബിയ യൂണിവേഴ്സ്സിറ്റിയില്‍  ചേർന്ന അംബേദ്കർ ധനശാസ്ത്രം, രാഷ്ട്രതന്ത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.എ. ബിരുദമെടുത്തു. നാട്ടിലേക്ക്‌ മടങ്ങാതെ അദ്ദേഹം അവിടെത്തന്നെ പഠനഗവേഷണങ്ങളിൽ മുഴുകി. "ദി എവല്യൂഷൻ ഓഫ്‌ പ്രോവിൻഷ്യൽ ഫൈനാൻസ്‌ ഇൻ ബ്രിട്ടീഷ്‌ ഇന്ത്യ" എന്ന തീസിസ്‌ അവതരിപ്പിച്ച്‌ പി.എച്ച്‌.ഡി. നേടി... അറിവിന്റെ മേഖലകൾ തുറന്നുകിട്ടിയ ജിജ്ഞാസുവായ അദ്ദേഹം നിയമം പഠിക്കാൻ ലണ്ടനിലെത്തി. ലഫ്ടനന്റ്റ്  സ്ക്കൂൾ ഓഫ്‌ എക്ക ണോ മിക്സിൽ ധനശാസ്ത്ര പഠനത്തിന്‌ ചേർന്നു. 

ഇതിനിടയിൽ സ്ക്കോളർഷിപ്പ്‌ കാലാവധി അവസാനിച്ചതിനാൽ അംബേദ്കർക്ക്‌ നാട്ടിലേക്ക്‌ മടങ്ങേണ്ടിവന്നു. പിന്നീട്‌` നാല്‌ വർഷങ്ങൾക്കു ശേഷം ആണ്‌ പ്രൊഫസ്സർ എഡ്വിങ്കാനന്റെ അനുമതിയോടെ അംബേദ്കർ തന്റെ ഉപരിപഠനം (ഡി .എസ്‌. സി) പൂർത്തിയാക്കിയത്‌.

ബറോഡ മഹാരാജാവിന്റെ മിലിട്ടറി  സെക്രട്ടറിയായി 1917 സെപ്തംബറിൽ അംബേദ്കർ നിയമിതനായി. മഹാരാജാവിന്റെ ആശ്രിതരായ സവർണ്ണത്തമ്പുരാക്കന്മാരും ,പാഴ്സി ഉദ്യോഗ്സ്ഥന്മാരും ദളിതനായ അംബേദകറെ സഹിച്ചില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള അവരുടെ പീഢനങ്ങളിൽ മനസ്സ്‌ മടുത്ത ഡോ"അംബേദ്കർ ജോലി രാജി വെച്ച്‌ മുംബൈ നഗരത്തിലേക്ക്‌ മടങ്ങി. ട്യുഷൻ മാസ്റ്ററായും കണക്കപിള്ളയായും ജീവിക്കുന്നതിന്നിടയിൽ 1918 നവംബറിൽ മുംബൈ യിലെ സൈഡൻഹാം കോളേജിൽ രാഷ്ട്രീയ ധനശാസ്ത്ര പ്രൊഫസ്സറായി നിയമനം ലഭിച്ചു.

അടിച്ചമർത്തപ്പെട്ട വർഗ്ഗം എന്ന നിലയിൽ ഏറ്റവും ദരിദ്രരും അപമാനിതരുമായി ദളിതർ ജീവിക്കുന്ന കാലഘട്ടത്തിലാണ്‌ ഒരു കോളേജ്‌ പ്രൊഫസ്സറായി മുംബൈ നഗരത്തിൽ ഡോക്ടർ അംബേദ്കർ എത്തിപ്പെടുന്നത്‌. അക്കാലത്ത്‌ സംവരണനിയമങ്ങളുടേയും രാഷ്ട്രീയ സംരക്ഷണത്തിന്റേയും ബലത്തിൽ വിരലിലെണ്ണാവുന്ന ദളിതർ മാത്രമേ ദാരിദ്ര്യ രേഖക്ക്‌ പുറത്ത്‌ ഭേദപ്പെട്ട നിലയിൽ കണ്ടിരുന്നുള്ളു. അധഃസ്ഥിത വർഗ്ഗത്തിന്റെ അവസ്ഥ ഉൾനാടൻ പ്രദേശങ്ങളിലും നഗരങ്ങളിലും വളരെ പരിതാപകരമായിരുന്നു. ഇന്നത്തെപോലെ അന്നും ഭൂരിഭാഗം ദളിതുകളും ജമീന്ദാർമാരുടെ അടിമത്തൊഴിലാളികളായാണ്‌ പുലർന്നിരുന്നത്‌. ചെറിയൊരു ശതമാനമേയുള്ളു അവരുടെ കൂട്ടത്തിൽ ചെറുകിട-ഇടത്തരം കർഷകരായിട്ട്‌. നഗരങ്ങളില്‍ നാടൻ ഫ്യൂഡൽ വ്യവസ്ഥയോട്‌ താരതമ്യം ചെയ്യാവുന്ന അസംഘടിത മേഖലയിലാണ്‌ ദളിതരുടെ ജീവിതം. വളരെ ചെറിയൊരു ശതമാനം ദളിതർക്ക്‌ തൂപ്പുകാരായി ജോലി കിട്ടിയിരുന്നു. അതും ഒന്നോ രണ്ടോ ശതമാനത്തിൽ താഴെ മാത്രം

മറ്റാരേക്കാളും  പിന്നോക്ക വർഗ്ഗത്തിന്റെ ജീവിതപ്രശ്നങ്ങൾക്ക്‌ വ്യക്തമായൊരു
  രൂപരേഖ പ്രദാനം ചെയ്യാൻ ഡോക്ടർ അംബേദ്കർക്ക്‌ കഴിഞ്ഞു എന്നതാണ്‌ പ്രധാന കാര്യം. അതിനു വേണ്ടിയുള്ള ആയുധമായിട്ടാണദ്ദേഹം 1920 ജനുവരി 31 ൻ "മൂകനായക്‌' എന്നൊരു ദ്വൈവാരിക തുടങ്ങിവെച്ചത്‌`.

ബ്രിട്ടീഷ്‌ ഭരണം കത്തിനിന്നിരുന്ന അക്കാലത്ത്‌ ഇന്ത്യയുടേയും ബ്രിട്ടന്റേയും മൂലധന സഹകരണ ത്തിൽ നമ്മുടെ രാജ്യത്ത്‌ മുതലാളിത്തം തഴച്ചു വളർന്നിരുന്നു. യൂറോപ്പിൽ നിന്ന്‌ വ്യത്യസ്തമായി ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ വളർച്ച പുത്തൻ മൂലധനത്തിലൂടെയായിരുന്നു. മുതലാളിത്തത്തിന്റെ ചൂഷണരീതികളെക്കുറിച്ച്‌ ബോധവാനായ അംബേദ്കർ മുതലാളിത്തവും ബ്രാഹ്മണ്യവും ദളിത്‌ വർഗ്ഗത്തിന്റെ പ്രധാന ശത്രുക്കളായി കരുതി. മുതലാളിത്തം കെട്ടഴിച്ചുവിട്ട മനുഷ്യത്വരഹിതമായ തൊഴിലാളി ചൂഷണങ്ങളെപ്പറ്റി അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

മുംബൈ നിയമസഭയിൽ നോമിനേറ്റഡ്‌ അംഗമാവുന്ന 1927 ലാണ്‌ ഡോ: അംബേദകർ 'ബഹിഷ്കൃത ഭാരതം' എന്ന മറാത്തി പത്രം ആരംഭിക്കുന്നത്‌. ആ വർഷം തന്നെ അദ്ദേഹം സർക്കാർ വജ്ക ലോ കോളേജിൽ ആക്ടിംഗ്‌ പ്രൊഫസ്സറായി കോളേജിലേയും, അസംബ്ലിയി ലേയും തിരക്കിനിടയിലും 'ഡിപ്രസ്സ്ഡ്‌ ക്ലാസ്സെസ്‌ എഡ്യുക്കേഷണൽ സൊസൈറ്റി' എന്നൊരു സ്ഥാപനത്തിന്‌ രൂപം നലകി. ദളിത്‌ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ചു. അവർക്കായി ഹോസ്റ്റലുകൾ സ്ഥാപിച്ചു.

1930 ലാണ്‌ ഡോക്ക്ടർ അംബേദ്കർ നാസിക്കിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭം ആരംഭിച്ചതു. അക്കൊല്ലമാണദ്ദേഹം ഇന്ത്യയിലെ ദളിതരെ പ്രതിനിധീകരിച്ച്‌ ലണ്ടനിൽ വട്ടമേശ സമ്മേളന ത്തിൽ പങ്കെടുക്കാൻ പോയത്‌.

1931 ആഗസ്റ്റ്‌ 14 ന്  രണ്ടാം വട്ടമേശ സമ്മേളനത്തിന്‌ പുറപ്പെടും മുമ്പ്‌ ഗാന്ധിയുമായി അംബേദ്കർ ആശയപരമായി ഒന്നിടഞ്ഞു. ദളിത്‌ ജാതികളെ ഹിന്ദുവർഗ്ഗത്തിൽ നിന്ന്‌ രാഷ്ട്രീയ മായി വേർതിരിച്ചു കാണേണ്ട എന്നായിരുന്നു ഗാന്ധിയുടെ വാദം. അതിനോട്‌ അംബേദ്കർ യോജിച്ചില്ല. അധഃസ്ഥിത വർഗ്ഗങ്ങൾക്ക്‌ പ്രത്യേകമായി നിയോജകമണ്ഡലങ്ങൾ ഉണ്ടാവണമെന്ന ആവശ്യം ബ്രിട്ടീഷ്‌ ക്യാബിനറ്റ്‌ അംഗങ്ങളുമായി ചർച്ച ചെയ്യാനായി 1932 ഓഗസ്റ്റിൽ അംബേദ് കർ ലണ്ടനിലേക്ക് പോയി. അംബേദ് കറുടെ വാദം അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂടം അക്കൊല്ലം  തന്നെ "കമ്മ്യൂണൽ" അവാർഡ്‌ പ്രഖ്യാപിച്ചു. ഗാന്ധിജി അതിഷ്ടപ്പെട്ടില്ല. ഇന്ത്യൻ പ്രാദേശിക അസംബ്ലികളിൽ പ്രത്യേക സീറ്റുകൾ എന്ന ബ്രിട്ടീഷ്‌ നയത്തിൽ പ്രതിഷേധിച്ച്‌ 1932 സെപ്തംബർ 20ന്  ഗാന്ധിജി യാര്‍വാദാ    ജയിലിൽ ഉപവാസം ആരംഭിച്ചു. ഉപവസിക്കുന്ന ഗാന്ധിക്കുവേണ്ടി ജനം കണ്ണീരൊഴുക്കുന്നതു കണ്ടപ്പോൾ അംബേദ്കർ മനസ്സു മാറ്റി. വീണ്ടും അദ്ദേഹം ഗാന്ധിജിയുമായി സംഭാഷണത്തിലേർപ്പെട്ടു. 1932 സെപ്തംബർ 20നു  ഇരുവരും പുതിയൊരു കരാർ ഒപ്പിട്ടു. അതാണ്‌ ചരിത്രം ഇന്നറിയുന്ന പുനഃകരാർ. അതോടെ ശാഠ്യക്കാരനായ ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു. 

ഡോ:അംബേദ്കർ മുംബൈ ലോ കോളേജ്‌ പ്രിൻസിപ്പലാവുന്ന 1935-ൽ അദ്ദേഹത്തിന്റെ സഹ ധർമ്മിണി അന്തരിച്ചു. 1937 ലായിരുന്നു മുംബൈ പ്രവിശ്യാ നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പ്‌. വാശിയേറിയ മത്സരത്തിൽ ഡോ:അംബേദ്കർ വിജയിച്ചു. ആ വർഷം തന്നെ പുതിയൊരു രാഷ്ട്രീയ സംഘടന  ഉദയം ചെയ്തു. ഇൻഡിപ്പെൻഡന്റ്‌ ലേബർപ്പാർട്ടി ഡോ:അംബേദ്കർ അതിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

1940 ലാണ്‌ "തോട്ട്സ്‌ ഓപ്ഫ്‌ പാക്കിസ്ഥാൻ" എന്ന വിശ്രുതമായ ഗ്രന്ഥം ആദ്ദേഹത്തിൽ നിന്നും നമുക്കു കിട്ടിയത്‌. 1942 ൽ ചരിത്ര പുരുഷൻ വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കൗൺസിലിൽ അംഗമായി. ബംഗാൾ അസംബ്ലി അദ്ദേഹത്തെ കോൺസ്റ്റിട്ട്യുവന്റ്റ് അസംബ്ലിയിലെത്തിച്ചു. വിഭജനം ആ സ്ഥാനം നഷ്ടപ്പെടുത്തിയെങ്കിലും വീണ്ടും മുംബൈ നിയമസഭ ഡോ.അംബേദ്കർക്ക്‌ ആ സ്ഥാനം തിരിച്ചു നലകി.
നെഹ്‌റു 

വിശാല ഹൃദയനെന്ന്‌ നാം പറയുന്ന
പണ്ഡിറ്റ്‌ നെഹ്രുവിനു പോലും
സ്വതന്ത്ര ഭാരതത്തിൽ അർഹിക്കുന്ന സ്ഥാനം ഡോ.അംബേദകർക്ക്‌ നൽകാൻ മഹാത്മാഗാന്ധിയുടെ അംഗീകാരം വേണ്ടിവന്നു എന്നതാണ്‌ ചരിത്ര പാഠം. അങ്ങനെയാണദ്ദേഹം
കേന്ദ്രനിയമ മന്ത്രിയായതും,
ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി ചെയർമാനായതും. 1948-ൽ ആദ്യം ഡോ"അംബേദ്കർ "ഭരണഘടന രാഷ്ട്രപതിക്കു സമർപ്പിച്ചു.


ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപപ്പെട്ട ഭരണഘടന 1949 നവംബർ 26 ന്‌ രാഷ്ട്രം അംഗീകരിച്ചു. എന്നാൽ 1951 ഫെബ്രുവരി 5ന്‌ അവതരിപ്പിച്ച ഹിന്ദുകോഡ്‌ ബിൽ പാര്‍ലമെന്റിൽ പാസ്സാ യില്ല. നിരാശനായ നിയമ മന്ത്രി ക്യാബിനറ്റിൽ നിന്ന്‌ രാജി വെച്ചു.

ജാതീയമായി വേർതിരിഞ്ഞു നിൽക്കുന്ന ഇന്ത്യൻ കീഴാള സമൂഹം സഹിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ തന്റെ ക്യാബിനറ്റ്‌ പദവിയെക്കൊണ്ട്‌ കഴിയില്ല എന്ന്‌ ഡോ.അംബേദ്കർക്ക്‌ തോന്നിയിരിക്കണം. ജാതീയവശതകളും അതുകൊണ്ടുതന്നെ സാമ്പത്തിക ദാരിദ്ര്യവും സഹിക്കുന്ന വലിയൊരു ശതമാനം വരുന്ന ജനതയാകെ ദേശീയ രാഷ്ട്രത്തിന്റെ കാര്യപരിപാടിയിലേക്ക്‌ നയിക്കണമെന്ന  ആശയം ഡോ:അംബേദ്ക്കർക്കുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും അദ്ദേഹം ഉറച്ചു നിന്നു. തന്റെ നിലപാടുകളുടെ തിളക്കം അറിയാനുള്ള ഉരകല്ലായി ജീവിതാവസാനം വരെ മാർക്സിസത്തെ പരാമർശിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്‌ മൂല്യങ്ങളും, സാന്മാർഗ്ഗികതയുമായിരുന്നു പരമ പ്രാധാന്യം. രക്തച്ചൊരിച്ചിലിലൂടെ വരുന്ന മാറ്റങ്ങളെ അംബേദ്കർ സ്വാഗതം ചെയ്തില്ല. വിപ്ലവ സാഹചര്യം എത്ര അനുകൂലമായിരുന്നാലും കലാപം നടത്താനുള്ള കരുത്തും ലക്ഷ്യബോധവും ജനങ്ങൾ ആർജ്ജിക്കുന്നതുവരെ യഥാർത്ഥവിപ്ലവം സംഭവിക്കുകയില്ല എന്നദ്ദേഹം വിശ്വസിച്ചു.
കാറല്‍ മാര്‍ക്സ് 

 എന്നിരുന്നാലും മാർക്സിനെപ്പോലെ തന്നെ ചൂഷണരഹിതമായൊരു സമൂഹമാണ്‌ ഡോ. അംബേദ്ക്കറും ലക്ഷ്യം വെച്ചത്. . ഇരുവരും ആർത്തന്മാരോടും അടിച്ചമർത്തപ്പെട്ടവരോടും  പ്രതിജ്ഞാബദ്ധരായിരുന്നു. രണ്ടു പേരും 
മാറ്റത്തിനുവേണ്ടി തപിച്ചവരായിരുന്നു.
 1956 ഡിസംബർ 6ന്‌ യശഃശ്ശരീരനാവുന്നതിന്‌
 ഏകദേശം രണ്ടു  മാസം മുമ്പാണ്‌ ഡോ: അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധനൊഴികെ മറ്റെല്ലാ മതാചാര്യന്മാരും
 മോക്ഷത്തെയാണ്‌ പരമപ്രധാനമായി കാണുന്നതെന്നദ്ദേഹം എഴുതി. ബുദ്ധൻ അദ്ദേഹത്തിന്റെ കണ്ണിൽ
ഒരു മാർഗ്ഗദർശിയായിരുന്നു. സമത്വത്തിന്റെ പ്രതീകം.



ഇന്ത്യയിൽ ദളിത്‌ സമൂഹം അനുഭവിക്കുന്ന ദാരിദ്ര്യവും,അവഗണനയും,
തൊട്ടുകൂടായ്മയും കണ്ടും  അനുഭവിച്ചും മനം മടുത്തിട്ടാവണം ഒരു ഹിന്ദുവായി ജനിക്കാൻ വിധിക്കപ്പെട്ട താൻ ഒരു ഹിന്ദുവായി മരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്‌ അംബേദ്കർ പ്രതിജ്ഞയെടുത്തതും മരണത്തിനു മുമ്പ്‌  " ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും" 
എന്ന വിശ്രുതകൃതി എഴുതി തീർത്തതും.