ഉത്തരകേരളത്തിലെ പഴയ തറവാടുകളിലും കാവുകളിലും
ദേവപ്രീതിക്കുവേണ്ടി നടത്തപ്പെടാറുള്ള ഒരാഘോഷം. ഈശ്വരാരാധനയോടൊപ്പം തന്നെ
ഗ്രാമീണരുടെ കലാവാസനകൾ പ്രകടിപ്പിക്കുവാനും ഈ ആഘോഷങ്ങൾ സഹായിക്കുന്നു.
വാദ്യം,നൃത്തം, വേഷവിധാനം മുതലായവയെല്ലാം ഇതിൽ ണല്ലോരു പങ്കു വഹിക്കുന്നുണ്ട്.
തിറയിൽ പ്രായേണ വെള്ളാട്ട്, വെള്ളകെട്ട്, തിറ എന്നിങ്ങനെ മൂന്നു
വിഭാഗങ്ങളുണ്ട്. കാവുകളിൽ പൊതുവെ തിറ മാത്രം കെട്ടിയാടുമ്പോൾ തറവാടുകളിൽ അവിടെ
പ്രതിഷ്ഠിച്ചിട്ടുള്ള ഓരോ ദൈവത്തേയും സങ്കൽപ്പിച്ച് ഇവ മൂന്നും കെട്ടിയാടാറുണ്ട്.
തിറയുണ്ടെങ്കിൽ മാത്രമെ വെള്ളകെട്ട് പതിവുള്ളു. ഈ മൂന്നു വിഭാഗങ്ങൾ തമ്മിൽ
സമയദൈർഘ്യത്തിലും, വേഷവിധാനത്തിലും,ചില ചടങ്ങുകളിലും കുറെയൊക്കെ വ്യത്യാസങ്ങൾ
കാണപ്പെടുന്നു. വെള്ളാട്ടിനും, തിറക്കും മുടികൾ ഉപയോഗിക്കാറുണ്ട്.
അർദ്ധവൃത്താകൃതിയിലുള്ള നേരിയ മരപ്പലകമേൽ വർണ്ണക്കടലാസുകളൊട്ടിച്ചും,പട്ടുതൊങ്ങലുകൾ
തൂക്കിയും മോടി പിടിപ്പിച്ചവയായിരിക്കും ഈ മുടികൾ. കഴുത്തിൽ പലതരം മാലകളും
ഉണ്ടായിരിക്കും. പട്ടുകലൂം, പലതരം ശീലകളും ഞൊറിഞ്ഞുടുക്കുകയും കാലിൽ ചിലമ്പുകൾ
അണിയുകയും ചെയ്യും. ശരീരമാകെ അരിമാവ്, ചാന്ത്, മഷി മുതലായവ കൊണ്ട്
കോലമെഴുതുന്നതും, സാധാരണമത്രെ. ഇതെല്ലാം വെള്ളാട്ടിനേക്കാൾ വലിയ തോതിലും, ഭംഗിയിലും
തിറക്കുണ്ടായിരിക്കും. അതിനു പുറമേ തിറക്ക് കുരുത്തോല, മുള എന്നിവ ഉപയോഗിച്ച്
വളരെ ഉയർമുള്ള മുടികളും ഉപയോഗിക്കാറുണ്ട്. വെള്ളകെട്ടിന് ഒരു കോടിമുണ്ട് തലയിൽ
കെട്ടുക മാത്രമാണ് ചെയ്യുന്നത്. അതുപോലെ കെട്ടിയാട്ടത്തിലും ചില വ്യത്യാസങ്ങൾ
കാണുന്നു. എല്ലാ ദേവന്മാരുടേയും വേഷങ്ങൾക്ക് ഒരേ വേഷമായിരിക്കുകയില്ല.
ദൈവപ്രീതിക്കുവേണ്ടിയാണ് കോലം കെട്ടിയാടുന്നതെങ്കിലും ഇതു കാണികളെ വളരെയേറേ
രസിപ്പിക്കുകയും ചില സമയങ്ങളിൽ ഭീതിയും ജനിപ്പിക്കാറുണ്ട്.
വാദ്യങ്ങളിൽ ചെണ്ടയും ഇലത്താളവുമാണ്` പ്രധാനം. ചില പ്രത്യേക
സന്ദർഭങ്ങളിൽ കതിനാവെടിയും മുഴക്കാറുണ്ട്.മലയപ്പുലയജാതിയിൽ(മണ്ണാൻ,മുന്നൂറ്റൻ
എന്നീ സമുദായത്തിലുള്ളവരും) പെട്ടവർ വ്രതാനുഷ്ഠാനങ്ങളോടു കൂടിയാണ്` ഈ കലാരൂപം
കെട്ടിയാടാറുള്ളത്. കെട്ടിയാടുന്നവർ നല്ല കഴിവും, മെയ്സ്വാധീനവും
ഉള്ളവരായിരിക്കണം.
വാദ്യങ്ങളുടെ താളത്തിനനുസരിച്ച് തുള്ളിക്കഴിഞ്ഞാൽ
പിന്നീട് കെട്ടിയാട്ടക്കാരൻ താൻ സങ്കൽപ്പിച്ചിട്ടുള്ള ദേവതയെ
ധ്യാനിച്ചുനിൽക്കുകയും അയാളുടെ കൂട്ടത്തിലുള്ള ഒരാൾ പ്രസ്തുത ദേവനെ
കീർത്തിച്ചുകൊണ്ട് അഞ്ചടി ചൊല്ലുകയും ചെയ്യുന്നു. നാലോ,അഞ്ചോ അഞ്ചടി
ചൊല്ലിക്കഴിഞ്ഞാൽ ആടുന്നയാൾ ഈശ്വരചൈതന്യം ആവേശിച്ചവിധം ഉറഞ്ഞുതുള്ളും. വീണ്ടും അയാൾ
കുറേക്കൂടി തുള്ളുകയും, വാൾ, കുന്തം, പരിച മുതലായ ആയുധങ്ങളെടുത്ത് ചില അഭ്യാസങ്ങൾ
പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോൾ കനലാട്ടവും നടത്താറുണ്ട്. അതിന്നുശേഷം
തന്റെ ഭക്തജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളടങ്ങിയ അരുളപ്പാട്` പറഞ്ഞ്
അടങ്ങുകയും ചെയ്യുന്നു.
കണ്ണൂർ ജില്ലയിലെ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ
നിത്യവും വെള്ളാട്ടും, തിരുവപ്പനയും ഭക്തർ വഴിപാടായി ചെയ്യുന്നു. ചാമുണ്ഡി,
രക്തചാമുണ്ഡി തുടങ്ങി നിരവധി കഥാപാത്രങ്ങൾ തിറയാട്ടത്തിലൂടെ രംഗത്തു
വരുന്നു.വീരപുരുഷന്മാരേയും ഭഗവതിയേയും ഈ കലാരൂപത്തിലൂടെ തൃപ്തിപ്പെടുത്താമെന്നു
കരുതിവരുന്നു.