കാലം തന്ന പാഠങ്ങൾ(കവിതകൾ)


വെൺമണി സുരേന്ദ്രൻ

അക്ഷരേശ്വരിയായ അംബികക്കു മുന്നിൽ അർപ്പിക്കുന്ന അക്ഷരഹാരമാണ്‌ ആദ്യകവിത. സാഹിത്യത്തെപ്പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാടും വിലയിരുത്തലും തന്റേതായ ഒരു മാനിഫെസ്റ്റോ എന്ന നിലയിൽ അവതരിപ്പിക്കുന്നതാണ്‌ സാഹിത്യം എന്ന കവിത.

"ഇസങ്ങൾക്കപ്പുറം മനുഷ്യൻ വളരട്ടെ
മതങ്ങൾക്കപ്പുറം മനുഷ്യൻ വളരട്ടെ "
എന്നിപ്രകാരം തുടക്കത്തിൽ തന്നെ , തന്റെ സാമൂഹ്യപ്രതിബദ്ധത ഈ കവി അവതരിപ്പിക്കുന്നു.

ഈ പുസ്തകത്തിലെ എല്ലാ കവിതയും താളബദ്ധമാണ്‌ എന്ന വസ്തുത ഏറെ സമാശ്വാസം പകരുന്നു. തനിയ്ക്കു സത്യമെന്നു ബോധ്യപ്പെട്ട കാര്യങ്ങൾ തന്നാൽ കഴിയും മട്ടിൽ പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുന്ന ഈ കവി കപടബുദ്ധിജീവിയുടെ പല നാട്യങ്ങളിൽ നിന്ന്‌ ഏറെ അകലെയാണ്‌.
കവികൾക്കും കവിയായ ശ്രീനാരായണ ഗുരുദേവനെ ഹൃദയസ്പർശിയായ ചില വരികളിലൂടെ ശ്രീ സുരേന്ദ്രൻ കുമ്പിടുന്നു. ഈ പുസ്തകത്തിലെ ഏറ്റവും നല്ല കവിതകളിലൊന്ന്‌ ഭ്രൂണഹത്യയാണ്‌. കവിയുടെ കടുത്ത സ്ത്രീ പക്ഷപാതം പ്രകടമാകുന്ന ഈ കവിതക്ക് കൂടുതൽ ഹൃദയസ്പർശിത്വമുണ്ട്‌.

“പെണ്ണിനു വേണ്ടതു സംരക്ഷണം
പെണ്ണിനു വേണ്ടതു സ്വാതന്ത്ര്യവും
പെണ്ണു പിഴച്ചാൽ കുലവും നശിച്ചിടും
പെണ്ണിനു വേണ്ടതോ സ്വാഭിമാനം "
എന്ന വരികൾ മേല്‍ പറഞ്ഞ വസ്തുതയെ ഏറെ ന്യായീകരിക്കുന്നു.
സ്വന്തം ലാവണ്യത്തിൽ മാത്രം ശ്രദ്ധിച്ചുകഴിയുന്ന അപൂർണ്ണതയാർന്ന ഫെമിനിസ്റ്റുകളെ അല്പ്പമൊന്നു കശക്കുന്ന "ഏട്ടനാവാൻ "എന്ന കവിതക്കും ജനകീയതയുടെ തൂവൽസ്പർശം ഏറെയുണ്ട്‌

ഏഴാച്ചേരി രാമചന്ദ്രൻ

പ്രസാധനം-ചന്ദൻ പബ്ളിക്കേഷൻസ്
വൈറ്റ്ഫീൽഡ്
ബാംഗ്ളൂർ
വില-50രൂപ