അറ്റുപോകുന്ന ജീവിതങ്ങള്‍



ടി.കെ. ഗംഗാധരന്‍


ഭൂമിയിലോരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണെന്ന് മുഗള്‍ ചക്രവര്‍ത്തി വിശേഷിപ്പിച്ച കാശ്മീരില്‍ നിന്നാണ് മടക്കം...

നിബിഢവനഭംഗിയും, മിനുത്ത പാറകളില്‍ ഉരുമ്മിയൊഴുകുന്ന അരുവികളും, പൂവനങ്ങളും നിറഞ്ഞ താഴ്വര കളില്‍ നിന്ന്...

മുഗള്‍ ചക്രവര്‍ത്തിമാരെപ്പോലെ കാശ്മീരിനെ ഗാഢ്മായി പ്രണയിച്ചവരില്ല എന്നാണ് ചരിത്രപാഠം. ബ്രീട്ടീഷ് ഭരണാധി കാരികള്‍ക്ക് കാശ്മീര്‍ ഒരു സുഖവാസഭൂമി മാത്രമായിരുന്നു. വിഭജനവും സ്വാതന്ത്ര്യവും  പ്രഖ്യാപിച്ചുകൊണ്ട് അവര്‍ പിന്‍വാങ്ങിയപ്പോള്‍ പുതിയ ഭരണ നിയമങ്ങള്‍ വാര്‍ന്നു വീണു. അതിര്‍ത്തികള്‍ കലുഷമാവാന്‍ തുടങ്ങി. മുല്ലയിതളുകളെപ്പോലെ പെയ്തിറങ്ങുന്ന ഹിമമഴ യില്‍  വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞു. കുങ്കുമംപൂക്കുന്ന താഴ്വരകളില്‍ ബുള്ളറ്റുകളുടെ ചീറലുകള്‍  ഒരു തുടര്‍കഥയായി.

ബരാമുള്ളയിലെ ശൈത്യമുറഞ്ഞ വനസീമകളും, ഉദ്ദംപൂരിലെ പാറമലകള്‍ ചൂഴ്ന്ന സമതലങ്ങളും താണ്ടി ജമ്മു സ്റേഷനിലെത്തിയ സുബേദാര്‍ രാജീവന്‍ ഹിമശൈലങ്ങളുടെ ധവളസൌന്ദര്യം ഒന്നുകൂടി നുണയാനായി വിദൂരങ്ങളിലേക്ക് കണ്ണോടിച്ചു.

നീണ്ട സൈനികജീവിതത്തിനിടയില്‍ എത്രയോ ജനപഥങ്ങളിലൂടെ താന്‍ കടന്നുപോയിരിക്കുന്നു. എത്രയെത്ര നാട്ടു മൊഴികള്‍  കേട്ടു പഴകിയിരിക്കുന്നു. ഭിന്ന ദേശങ്ങളില്‍ നിന്നും വരുന്നവരുമൊത്ത് കലര്‍ന്നു ജീവിച്ചു.ഒരേ ഭക്ഷണം, ഒരേവടിവുള്ള ടെന്റുകളിലും ബാരക്കുകളിലും അന്തിമുളയല്‍, ഹിമ ക്കാറ്റ്, ചാരമേഘങ്ങള്‍, മൂടല്‍മഞ്ഞ്, മരണത്തണുപ്പ്.... ഇതിലേതിനോടാണ് ഏകാന്തത പങ്കി ടേണ്ടതെന്നോര്‍ത്ത് മെഷീന്‍ഗണ്ണുകളുടെ ഭാരവുമായി സെന്‍ട്രി പോസ്റ്റുകളില്‍ കാവല്‍നിന്ന വിരസ രാവുകള്‍.

നാല്പത്തിയാറിന്റെ അന്ത്യത്തില്‍ കൊച്ചിയിലെ റിക്രൂട്ടിംഗ് ഓഫീസര്‍ തന്ന
 സാക്ഷ്യപത്രങ്ങളുമായി വരണ്ട പാറകുന്നുകള്‍ ചുറ്റും കാവല്‍ നില്‍ക്കുന്ന 
ഝാന്‍സിയിലെ ട്രെയിനിംഗ് സെന്ററിന്റെ  മുന്നില്‍ ബസ്സിറങ്ങി നിന്ന വൈകുന്നേരം. നീണ്ട ആറുമാസക്കാലത്തെ ട്രെയിനിംഗിനു ശേഷം ബാരമുള്ള യില്‍ തമ്പടിച്ച ഒരു ഫീല്‍ഡ് ബറ്റാലിയനിലേക്ക് ജീവിതം പറിച്ചു നട്ടു.
അപ്പോഴേക്കും സ്വാതന്ത്ര്യ പ്രഖ്യാപനവും  അതിര്‍ത്തി വിഭജനവും
സംഭവിക്കാന്‍ തുങ്ങിയിരുന്നു. പാക്കി സ്ഥാനില്‍നിന്ന് അഭയാര്‍ത്ഥികളുടെ പ്രവാഹം.
മുഷിഞ്ഞ പുതപ്പുകള്‍ കൊണ്ട് ദേഹം മൂടി, തുണി ഭാണ്ഡങ്ങളും പേറി നടന്നും
തീവണ്ടികളിലും വന്നുകൊണ്ടിരുന്ന ജനലക്ഷങ്ങളെ കണ്ടുനിന്ന പ്പോള്‍ മണ്ണിനെയല്ല മനുഷ്യമനസ്സുകളെയാണ് വെട്ടിമുറിച്ചതെന്ന് തോന്നി.
അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചതോടെ സ്വാതന്ത്ര്യത്തിന്റെ
സൃഷ്ടിയായ പുതിയ അതിര്‍ത്തി തീരങ്ങളിലെ നിയന്ത്രണം
 സൈന്യം ഏറ്റെടുത്തു. നുഴഞ്ഞുകയറ്റക്കാരുടെ ശല്യമേറെയുള്ള പൂഞ്ച് സെക്ടറില്‍,
ബുള്ളറ്റുകളുടെ ചൂളം വിളികള്‍ നിലയ്ക്കാത്ത ബാരമുള്ളയില്‍
മണല്‍ക്കാറ്റ് ആഞ്ഞ് വീശുന്ന ജയ്സാല്‍മേറില്‍,
ഹിമവര്‍ഷത്തില്‍ പൊറുതിമുട്ടുന്ന നൌഷരയില്‍
രണഭേരിമുഴക്കി വരുന്ന ശത്രുനിരയെ തളയ്ക്കാന്‍ നിയോഗിക്കപ്പെട്ട
പതിനേഴും പതിന്നൊന്നും ഡിവിഷനുകള്‍ ക്കൊപ്പം രാജീവന്റെ പ്രയാണങ്ങള്‍ .

യുദ്ധദേവന്റെ പ്രത്യേകാനുഗ്രഹം കിട്ടിയവര്‍ക്കേ
പടനിലങ്ങളില്‍വിജയം കൊയ്യാനൊക്കൂ എന്നാണ്
ഞായരാഴ്ച്ച്കളിലെ മന്ദിര്‍ പരേഡുകളില്‍  പണ്ഡിറ്റ്ജി പറയാറുള്ളത്.
പണ്ഡിറ്റ്ജിയാണ് ബറ്റാലി യനിലെ സൈനികരുടെ ആത്മീയകാര്യങ്ങളുടെ കാര്യദര്‍ശി. ചന്ദനക്കുറിയും, വെളുത്തജുബ്ബയും പാളത്താറും ധരിച്ച് ബറ്റാലിയന്റെ ഭാവിയെപ്പറ്റി കമാന്റിംഗ് ഓഫീസര്‍ക്ക് ഓതിക്കൊടുക്കുന്ന ധരംഗുരു.!

ആരതിയും പ്രസാദവിതരണവും കഴിഞ്ഞാല്‍ കമ്പിളിയില്‍ ചമ്രം പടിഞ്ഞിരുന്ന് ധരംഗുരു പ്രഭാ ഷണമാരംഭിക്കും. മഹാഭാരതത്തില്‍ നിന്നായിരിക്കും പതിവുപോലെ തുടക്കം. പടക്കളത്തില്‍ ധര്‍മ്മവും അധര്‍മ്മവും രണശംഖുമൂതി നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രം അദ്ദേഹം വാക്കുകളില്‍ വരച്ചു കാണിക്കും. ഇതിഹാസ നായകന്മാരുടെ സിദ്ധിയും സാധനയും, വില്ലാളികള്‍, മല്ലന്മാര്‍, മഹാ ഗുരുക്കന്മാര്‍.... ഒടുവില്‍ വീരചക്രങ്ങളും മഹാവീരചക്രങ്ങളും നേടി ബറ്റാലിയന്റെ യശസ്സുയര്‍ത്തിയ പൂര്‍വ്വസൈനികരെപ്പറ്റി പറഞ്ഞ് ഈശ്വരസ്തുതികളോടെ വിടവാങ്ങല്‍.
അപകടസൈറണ്‍ നിലയ്ക്കാത്ത യുദ്ധകാലരാത്രികളെ പറ്റി ഓര്‍ത്തപ്പോള്‍ രാജീവനില്‍ ആത്മ വീര്യവും ഒപ്പം ക്ഷതനോവുകളും നിറഞ്ഞു.! ആകാശങ്ങളെ തുളച്ചു പായുന്ന പീരങ്കിഷെല്ലുകളുടെ കനല്‍ക്കണ്ണുകളെ ഭേദിച്ചുവന്ന ശത്രുവിന്റെ പോര്‍വിമാനം കക്കിയ ബോംബുകള്‍ കണ്‍വെട്ടത്ത് വീണ് പൊട്ടിച്ചിതറിയപ്പോള്‍ ഇറച്ചിക്കത്തിയുടെ മൂര്‍ച്ചയുള്ള ലോഹച്ചീളുകളാണ് മാംസത്തില്‍ തറ ഞ്ഞു കയറിയത്. പൊടിയും പുകയ്ക്കുമിടയിലൂടെ ആംബുലവന്‍സ് ശിപായികള്‍ സ്ട്രക്ചറുക ളുമായി ഓടിയെത്തി, രക്തത്തില്‍ കുളിച്ചു കിടക്കുന്ന സൈനികരെ മിന്നല്‍ വേഗത്തില്‍ ആസ്പ ത്രിയിലെത്തിച്ചു.

പുറംലോകത്തെപ്പറ്റിയറിയാതെ ഉറക്കഗുളികകളും വേദനസംഹാരികളും വിഴുങ്ങി മിലിട്ടറി ആസ്പ ത്രിയില്‍ മയങ്ങിക്കിടന്ന നാളുകള്‍. മുട്ടിനുമേലെവച്ച് അറ്റുവീഴാന്‍ മടിച്ച് ഞാന്നുകിടന്ന കാല്‍ മുറിച്ചു മാറ്റിയതുപോലും രാജീവന്‍ അറിഞ്ഞില്ല. ദിവസങ്ങള്‍ക്കുശേഷം പരിസരബോധത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ യൂണിറ്റിലെ ഓട്ട മത്സരങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥിയുടെ വിധിഹിത ത്തെ കുറിച്ചോര്‍ത്ത് മനസ്സ് തേങ്ങി.മുറിവുണങ്ങാന്‍ മാസങ്ങളെടുത്തു.

കൃത്രിമക്കാലില്‍ നടക്കാമെന്നായപ്പോള്‍ മിലിട്ടറി ഡോക്ടര്‍ ബോര്‍ഡ് ഔട്ട് പെന്‍ഷന്‍ വിധിച്ചു. മെഡലുകളും സ്റാറുകളും നെഞ്ചിലണിഞ്ഞ സെറിമോണിയല്‍ പരേഡുകളോട് വിട!.
ബറ്റാലിയനില്‍ യാത്രയയപ്പ് സല്‍ക്കാരം ആര്‍ഭാടമായിരുന്നു.ആശംസകള്‍ ഹാരാര്‍പ്പണങ്ങള്‍ ചടുലതാളത്തോടെ പഞ്ചാബി ഭംഗഡ. വിരഹ ദുഃഖവും പ്രണയസ്മൃതിയും വേരോടിയ ഉറുദു ഗസ്സലുകള്‍. പെണ്‍വേഷം കെട്ടിയ യുവസൈനികരുടെ കൂത്തും പാട്ടും. അന്നുരാത്രി ഒരുപാട് മദ്യം നുണഞ്ഞു. സീനിയര്‍മാര്‍ വൈന്‍ ഗ്ളാസിലേയ്ക്ക് ലൌലി ട്രോപ്സുകള്‍ പകര്‍ന്നുകൊണ്ടിരുന്നു.
ചീഫ് ഗസ്റിന്റേതടക്കമുള്ള എല്ലാവരുടേയും വൈന്‍ ഗ്ളാസുകള്‍ ബോട്ടം അപ്പ് ചെയ്യാന്‍ നിര്‍ദ്ദേ ശിച്ചുകൊണ്ട് സുബൈദാര്‍ മേജര്‍ കാന്തിലാല്‍ മിശ്ര പറഞ്ഞു. "നമുക്കേറ്റവും പ്രിയങ്കരമായ രാത്രിയാണിത്. ദുശ്മന്റെ ബുള്ളറ്റുകളെ അതിജീവിച്ച രാജീവന്‍ സാഹിബ് നാളെ നമ്മളില്‍ നിന്ന് വിടപറയുകയാണ്. ബോംബിന്റെ ചീളുകള്‍ കാലു നഷ്ടപ്പെടുത്തിയെങ്കിലും തളരാതെ മുന്നോട്ട് കുതിക്കുന്ന രാജീവന്‍ സാഹിബിന് കൈത്താളം കൊട്ടി ആര്‍പ്പു വിളിയോടെ നമുക്ക് അത്താഴത്തിന് മെസ്സ് ഹാളിലേക്ക് ആനയിക്കാം....'' 

പടനിലങ്ങളുടെ മഹിത സ്മരണകളുമായി പിരിഞ്ഞുപോകുന്ന സൈനികരില്‍ രാഷ്ട്രം അഭിമാനം കൊള്ളുന്നു, ധീരതയ്ക്കു മുന്നില്‍ നമസ്കരിക്കുന്നു എന്നൊക്കെയാണ് കമാന്റര്‍ ചൊരിഞ്ഞ ആംഗല മൊഴികള്‍. ബഹുമതി മുദ്രകള്‍ നേടുന്ന യോദ്ധാക്കള്‍ സ്വര്‍ഗ്ഗത്തിന്റെ അവകാശികളാണെന്നും കൂടി അദ്ദഹം പറഞ്ഞു. എല്ലാം പതിവു ചടങ്ങുകള്‍ ആചാരമൊഴികള്‍.

രാജീവൻ അംഗവിഹീനനായതുകൊണ്ട്‌ യൂണിറ്റിൽ നിന്ന്‌ വീടു വരെ തുണക്കാരനായി ഒരു ശിപായി വരുന്നുണ്ട്‌. നീണ്ട യാത്രയിൽ ഒരു കൈത്താങ്ങ്‌.

ശിപായി പളനിചാമി ഭാണ്ഡങ്ങളെല്ലാം ശ്രദ്ധയോടെ സീറ്റിനടിയിൽ ഒതുക്കിവെച്ചു.പൂരിമസാല യുടെ പൊതി, കുടിക്കാൻ വെള്ളം, ചായ ഒന്നിനും പയ്യൻ കുറവു വരുത്തിയില്ല.

രാജീവൻ ബർത്തിൽ കൃത്രിമക്കാൽ ഊരി ഒതുക്കിവെച്ചു. ഒറ്റയ്ക്ക്‌ ചൂളിപ്പിടിച്ചിരിക്കുന്ന ആ ഉപ കരണത്തെ യാത്രക്കാർ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. ട്രെയിനിന്റെ ചലനം ശക്ത മായപ്പോൾ മനസ്സിലേക്ക്‌ തീ കോരിയിടുന്ന ആ അവയവം എന്തിക്കെയോ പറയുന്നുണ്ടെന്നു തോന്നി.
പിറ്റേന്ന്‌ വെയിൽ പഴുക്കാൻ തുടങ്ങുന്ന നേരത്ത്‌ ട്രെയിൻ ദില്ലിയിലെത്തി. ദില്ലിയിൽ നിന്ന്‌ ഉച്ച കഴി ഞ്ഞായിരുന്നു മദ്രാസ്‌ നഗരത്തിലേക്ക്‌ ഗ്രാന്റ്‌ ട്രങ്ക്‌ എക്സ്‌പ്രസ്സിന്റെ പുറപ്പാട്‌.ജി.ടി എക്സ്പ്രസ്സ്‌ മധുരയിൽ എത്താറായപ്പോൾ മുന്നിൽ ചുവന്ന സിഗ്നൽ കണ്ടു. വീലുകൾ പാളങ്ങളിൽ ഉരസി നിൽക്കുന്ന ശബ്ദം.

വിളവയലുകളാണ്  ഇരുവശത്തും. മഞ്ഞവിരിപ്പിട്ട കടുകുപാടങ്ങൾ.
ഗോതമ്പുവയലുകളുടെ സ്വർണ്ണ മിനുപ്പ്‌.
കതിര്‌ കൊറിക്കാൻ വരുന്ന തത്തക്കിളികളുടെ ചൂളംവിളികൾ.
പാടങ്ങലുടെ ഇടയിൽ ട്രെയിൻ വിറങ്ങലിച്ചു നിന്നപ്പോൾ
യാത്രക്കാർ അക്ഷമരായി. ചിലർ അസ്വ സ്ഥതയോടെ പിറുപിറുക്കാൻ തുടങ്ങി.
"ഇങ്ങനെ എഴഞ്ഞുവലിഞ്ഞുപോയാ എപ്പഴാ നമ്മള്‌ നാട്ടിലെത്താ? ആരോ ചോദിച്ചു.
സിമ്ലയിലെ ഹിമമഴയിൽ നീന്തിക്കലീച്ചും, ഭക്രാനങ്കൽ ഡാമും ,
അമൃത്‌സറിലെ സുവർണ്ണക്ഷേത്രവും , ജാലി യന്വാലാബാഗും,
 കണ്ടും, വിപ്ലവകാരി ഷഹീദ്‌ ഭഗത്‌സിംഗിന്റെ ഭവനം സന്ദർശിച്ചും മടങ്ങുന്ന ഒരു പറ്റം മലയാളി കോളെജ്‌ മാഷന്മാരും വിദ്യാർത്ഥികളുമായിരുന്നു കമ്പാർട്ടുമന്റ്‌ നിറയെ.
പൊട്ടി ച്ചിരികൾ, പുത്തൻ കവിതകലുടെ ആലാപനം, റഷ്യൻ വിപ്ലവം,കേരളാമോഡൽ വികസനം, സോഷ്യ ലിസ്റ്റ്‌ സ്വപ്നങ്ങൾ , ചർച്ചകൾ. വാഗ്വാദങ്ങൾ.

"നമ്മുടെ ദില്ലിസർക്കാര്‌ പാക്കിസ്ഥാനുമായുള്ള അതിർത്തി പ്രശനങ്ങള്‌ ടാങ്കുകളുടെയും.പീരങ്കി കളുടേയും . ബുള്ളറ്റുകളിലൂടെ പരിഹരിക്കാമെന്നാണോ  കരുതി ഇരിക്ക്‌ണ്‌ത്‌?"

“ലോകത്തില്‌ ഏത്‌ പ്രശ്നങ്ങളാ ആയുധമെടുത്ത്‌ പരിഹരിക്കാൻ സാധിച്ചിട്ടുള്ളത്‌?”

ആ ചോദ്യം പ്രസക്തമാണെന്ന്‌ രാജീവന്‌ തോന്നി. സ്വാതന്ത്ര്യം ലഭിച്ചന്നു
മുതൽ തുടങ്ങിയതാണ്‌ അതിർത്തികളിൽ പൊട്ടലും ചീറ്റലും.
കാശ്മീരിനെച്ചൊല്ലിയുള്ള അവകാശ വാദം. പടയോട്ടങ്ങൾ, കുത്തഴിഞ്ഞും മറന്നും പോകുന്ന രാഷ്ട്രനേതാക്കന്മാരുടെ സന്ധി സംഭാ ഷണങ്ങളും പത്രപ്രസ്താവനകളും.
“വിയറ്റ്നാമില്‌ ഇന്നലേം അമേരിക്ക ബോംബിട്ടൂന്നാ റെഡിയോല്‌ കേട്ടത്‌.
കൊല്ലാൻ ഒരൂട്ടർക്ക്‌ രസം”
ചത്തൊടുങ്ങാൻ വേറൊരൂട്ടർക്ക്‌ യോഗം.

ഇത്തവണ നമ്മളും നടത്തീലെ മാഷെ മൂന്നാഴ്ച്ചക്കാലം അതിർത്തീല്‌ ഒരു യുദ്ധോൽ സവം? ഇതോണ്ട്‌ പഞ്ഞം പിടിച്ച ഈ നാട്ടാർക്ക്‌ എന്താത്രമെച്ചംണ്ടായത്‌? “ഏത്‌ രാജ്യത്തായാലും ഭരണാ ധികാരീടെ തലച്ചോറിലാ ആദ്യം യുദ്ധത്തിന്റെ വിത്ത്‌ മൊളക്യാ, യുദ്ധംണ്ടായില്ലെങ്കി അക്കൂട്ടർ ക്കെവിടുന്നാ നെലനില്പ്പ്‌?"

സൈനികരെ ബാധിക്കുന്നതല്ല സിവിലിയൻ പ്രജകളുടെ ഇത്തരം വ്യസനങ്ങൾ. യുദ്ധം നീതി യാണോ, അനീതിയാണൊ എന്ന ചോദ്യം നാട്ടുകാർക്കാവാം. സോൾജ്യേഴ്സ്‌ അതിൽ പങ്കു കൊള്ളാൻ പാടില്ല.  ചെറിയ ചക്രങ്ങളുള്ളപലകയിലിരുന്ന്‌ കമ്പാർട്ടുമെന്റുകളുടെ ഇടനാഴികൾ തോറും നിരങ്ങി ഭിക്ഷ യാചിക്കുന്ന ഒരാൾ അടുത്തെത്തിയപ്പോൾ രാജീവിന്റെ ഉള്ളൊന്നു പിടഞ്ഞു. ക്ഷീണിതനായ യാചകൻ യാത്രക്കാരുടെ നേർക്ക്‌ കൈ നീട്ടുകയാണ്‌. കൈ തന്റെ നേരേയും നീണ്ടുവരുന്നുണ്ട്‌. പോക്കറ്റിലെ ചില്ലറ തപ്പുമ്പോൾ രാജീവൻ തന്റെ കുഴപ്പമില്ലാത്ത കാലിൽ വെറുതെ പിടിച്ചുനോക്കി. ...ഉണ്ട്‌, അതവിടെത്തന്നെയുണ്ട്‌.

രണ്ടാംനാൾ വെളുപ്പിന്‌ ജ്ജി ടി എക്സ്പ്രസ്സ്‌ മദ്രാസ് സെൻട്രൽ റെയില്വേ സ്റ്റേഷനിലെത്തി. ഇനിയും ഒരു രാത്രികൂടിയുണ്ട്‌ കേരളത്തിലേക്ക്‌. വൈകുന്നേരം അഞ്ചിനാണ്‌ കൊച്ചിൻ മെയിൽ. ഏകദേശം രന്റു നാഴിക കഴിഞ്ഞ്‌. വിശ്രമമുറിയിലെ പ്ളാസ്റ്റിക് കസേരയിലിരുന്ന്‌ രാജീവൻ തുകല്വാറിൽ പിടിപ്പിച്ച ബക്കിളുകളഴിച്ച്‌ കാവി നിറമുള്ള കൃത്രിമക്കാൽ ഊരിയെടുത്ത്‌ ട്രങ്കിനുമേലെ വെച്ചു. മുറിവായയുടെ പരുക്കൻ പ്രതലങ്ങളിൽ തലോടിയും പതുക്കെ ചൊറിഞ്ഞും പിന്നിലേക്കു ചാഞ്ഞു. ചിറകൊടിഞ്ഞ പക്ഷിയാണ്‌ താനെന്നോർത്തപ്പോൾ മനസ്സ്‌ വിഷാദഭരിതമായി. പളനിച്ചാമി കാന്റീനിൽ നിന്ന്‌ ചായയും, ഇഡ്ഡലിയും വാങ്ങി വന്നു. യൂണിഫോം മാറ്റി കളർവേഷങ്ങളനിഞ്ഞ പ്പോൾ ഇനിയും മീശയധികം കറുത്തിട്ടില്ലാത്ത ആ ചെറുപ്പകകാരൻ തമിഴ്‌ സിനിമാനടൻ തങ്കവേലുവിനെപ്പോലെ സുമുഖനായെന്ന്‌ തോന്നി.

”സാർ, നാൻ തേനാമ്പേട്ടൈ വരെ പോയി വരട്ടുമാ? അങ്കെ മിലിട്ടറി റിക്രൂട്ടിംഗ് ഓഫീസിലെ ക്ളാർക്ക്‌ എൻ മാനാക്കും.‘സ്റ്റേഷനിൽ നിന്നും വാങ്ങിയ കറുത്ത കണ്ണട രാജീവൻ കാണാതിരി ക്കാൻ പോക്കറ്റിൽ തിരുകി വന്ന അവൻ ചോദിച്ചു; രാജീവന്‌ തമിഴ്‌ മൂന്നും വശമുണ്ട്‌. മൂന്ന്‌ എന്നു പറഞ്ഞാൽ വായിക്കാനും എഴുതാനും പേശാനും. പഞ്ചാബി പേശാനേ അറിയു. കാശ്മീരിയും, തെരിയും. ഹിന്ദിയായിരുന്നു ബാരക്കിലെ മുഖ്യ പേച്ചുമൊഴി. ജയ്പാൽഗുരിയിലായിരുന്നപ്പോൾ ബംഗാളി പഠിച്ച്‌ ടാഗോറിന്റെ ഗീതാഞ്ജലി തപ്പിപ്പിടിച്ച്‌ വായിക്കാൻ ശ്രമിച്ചു. മുഴുവനാക്കാതെ തോറ്റു മടങ്ങി.

“തേനാമ്പോട്ടൈ ഇങ്കിരുന്ത്‌ റോമ്പ ദൂരമാ തമ്പി? രാജീവൻ ചോദിച്ചു.
”ഒരു പാടില്ല സാർ. ആറെഴു മൈൽ കാണും. പൗഡറിട്ട്‌ മുഖം മിനുക്കി , കുളിക്കാതെ മുടി വാസനത്തൈലം പുരട്ടി ക്ളീൻ ഷേവു ചെയ്ത ചിന്നയ്യൻ പറഞ്ഞു.അവന്റെ കാലുകൾ റിക്രൂട്ടിംഗ്‌ ഓഫീസ്‌ ജോലിക്കാർ പാർക്കുന്ന മതിക്കെട്ടിലെ വാർപ്പുവീടുകൾ തേടി പറക്കാൻ ചുരമാന്തുന്നുണ്ടായിരുന്നു. ക്യാൻവാസ്‌ ബാഗിൽ തിരുകി വച്ചതുകൊണ്ടാവണം അവൻ ധരിച്ചിരുന്ന നീളൻ വരകളുള്ള ഷർട്ടിലും നീല പാന്റിലും ചുളിവുകലുണ്ടായിരുന്നു. മദ്രാസ് നഗരം വഴി കേരളത്തിലേക്ക് പോകുന്ന സുബേദാർക്ക്‌ അകമ്പടി സേവിക്കാൻ അനുവദിക്കണമെന്ന്‌ അവൻ ഹവിൽദാർ മേജറോട്‌ അപേക്ഷിച്ചിട്ടുണ്ടാകണം. നഗരത്തിൽ പെരിയ മാമനുണ്ട്‌. മാമന്‌ മുടിയിൽ മുല്ലപ്പൂ മണക്കുന്ന ദാവണിക്കാരി മകളുണ്ട്‌. അവളാവും പയ്യന്റെ മനസ്സു നിറയെ!

“കൊച്ചിൻ മെയിൽ പുറപ്പെടുന്നതിനു മുമ്പ്‌ പോയി തിരുമ്പി വാങ്കോ തമ്പി. രാജീവൻ പളനിച്ചാമിക്ക്‌ അനുവാദം നല്കി. മറുപടി കേട്ടതും ഇലക്ട്രിക്‌ ട്രെയിൻ തേറ്റി കാറ്റിന്റെ വേഗത്തിൽ അവൻ പാഞ്ഞുപോയി.  നീളൻ ട്രങ്കിനും ബഡഹോൾഡറിനും ബാഗുകൾക്കും കാവലിരിക്കുന്ന രാജീവൻ
വിശ്രമ മുറിയിലുള്ള ഓരോരുത്തരേയും അവരറിയാതെ ശ്രദ്ധിച്ചു. നർത്തകരെപ്പോലെ എത്ര താളാത്മകമായാണ്‌ യാത്രക്കാർ നടന്നുനീങ്ങുന്നത്‌.   പളനിച്ചാമിയെപ്പോളെ ഒരിക്കൽ തനിക്കും പടക്കുതിരയുടെ വേഗമുണ്ടായിരുന്നു. പ്രണയഗാനങ്ങൾ ഒരു പാട്‌ മൂളിയിരുന്നു. മനസ്സിൽ അനുരാഗപരാഗം വീണ കാലം. സ്വപ്നങ്ങൾ , ബാലിശമായ പ്രേരണകൾ. കളിയും, ചിരിയും. ഹൃദയം ഒരരുവിയായി ഒഴുകുകയായിരുന്നു. നാവ്‌ മധുരമേ നുണഞ്ഞിരുന്നുള്ളു. ചെവികൾ സംഗീത മേ കെട്ടിരുന്നുള്ളു. ഭാവനകൾക്ക്‌ ക്കുഞ്ഞിച്ചിറകുകളുണ്ടായിരുന്നു..ഹൃദയം തേൻകിളികളെപ്പോലെ
പൂക്കളോട്‌ മന്ത്രിക്കുകയായിരുന്നു. തൊള്ളായിരത്തിയൻപതിന്റെ ആരംഭം. ഗോതമ്പ്‌ കൂനകൾ സമൃദ്ധമായ മാർക്കറ്റിനും,  ചെറുകിട കമ്പിളിമില്ലുകല്ക്കും പേരു കേട്ട ജലന്ധറിലായിരുന്നു അക്കാലത്ത്‌  ബറ്റാലിയൻ നങ്കൂരമിട്ടിരുന്നത്‌. ആകെ മൂന്നു കമ്പനികളിൽ രാജീവനടങ്ങുന്ന കമ്പനി  വിന്യസിച്ചിരുന്നത്‌ സിംലയിലായിരുന്നു.  കനോലിക്കനാലിന്റെ തീരത്തു നിന്നും വരുന്ന രാജീവന്‌ മലമ്പ്രദേശമായ സിംല നഗരത്തിന്റെ ഹിമസൗന്ദര്യം ഒരുപാടിഷ്ടപ്പെട്ടു. ചലിക്കുന്ന കൊച്ചു കൊച്ചു
പഞ്ഞിക്കെട്ടുകൾ പോലുള്ള ചെമ്മരിയാട്ടിങ്കൂട്ടങ്ങൾ മേയുന്ന താഴ്വാരങ്ങൾ. കട്ടിത്തുണിയിൽ ചപ്പാത്തി പൊതിഞ്ഞു പിടിച്ച ആട്ടിടയന്മാർ. മിലിട്ടരി  കോൺട്രാക്ടർക്കു വേണ്ടി വിരകു വെട്ടുന്ന കൃശഗാത്രരായ തൊഴിലാളികൾ.സീസണായാൽ വിലകൂടിയ വൂളൻ വസ്ത്രങ്ങളും കൈയുറകളുമണിഞ്ഞ്‌ മഞ്ഞുമഴയിൽ നീന്തിക്കളിക്കാനെത്തുന്ന ഉല്ലാസപ്പറവകളുടെ പൊട്ടിച്ചിരികളാണ്‌ സിംല നഗരത്തിലെങ്ങും.ഹോട്ടലുകൾ വർണ്ണച്ചായങ്ങളിലും മിന്നിമിന്നി ക്കത്തുന്ന ഇലക്ട്രിക്‌ ഹാരങ്ങളിലും ചഞ്ഞൊരുങ്ങുന്ന കാലം. സിംലയിൽ നിന്ന്‌ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്തിയ രാജീവനെ പഴയ  കളിച്ചങ്ങാതിമാർ പൊതിഞ്ഞു. കായലിന്റെ തീരത്ത്‌ ഇളം തനുപ്പാർന്ന പുൽപ്പരപ്പിലിരുന്ന്‌ ആഘോഷം. കുതൂഹലം നിറഞ്ഞ വിദ്യാർത്ഥി ദിനങ്ങൾ അയവിറക്കൽ. ആപ്പിൾക്കവിളുകളുള്ള കാശ്മീർ സുന്ദരികളെ കാണണമെന്ന കളി വാക്കുകൾ. മധുരമായ നാടൻപ്രേമത്തിന്റെ പൊതിയഴിക്കൽ.“നീ ആളൊരു ഭാഗ്യവാനാ! മഞ്ഞിൽ കുളിക്കാനെത്തുന്ന മാലാഖകളെ കണ്ടുകണ്ട്‌ നിന്റെ മതീം, കൊതീം തീർന്നൂന്നാ തോന്നണത്‌. സിംലേല്‌ ആരോടാ പട്ടാളക്കാർക്ക്‌ യുദ്ധം ചെയ്യേണ്ടത്‌? അതിർത്തിയില്‌ പൊട്ടലും ചീറ്റലും ഒന്നൂല്ലാ ത്തപ്പൊ ഇഷ്ടം പോലെ തിന്നും കുടിച്ചും കഴിഞ്ഞാപ്പോരേ നിങ്ങക്കൊക്കെ?. പത്തു പാസ്സായിട്ടും നാളിതുവരെ കൊടുങ്ങല്ലൂർ ദേശം വിട്ട്‌ പുറത്തെങ്ങും പോയിട്ടില്ലാത്ത ഒരു ചങ്ങാതി രാജീവനോട്` ചോദിച്ചു. ”നിങ്ങള്‌ കരുതണപോലെ തന്നിഷ്ടത്തിന്‌ ജീവിക്കാൻ പറ്റില്ല ഞങ്ങൾക്ക്‌.
ഇരുതലയ്ക്കും മൂർച്ഛയുള്ള കൊറെ നിയമങ്ങളുടെ കൂട്ടിലാ ഞങ്ങള്‌ പട്ടാളക്കാര്‌ മേയണത്‌. പോരാത്തതിന്‌ ഞങ്ങടെ കമ്പനി ആറുമാസേ സിംലേലുണ്ടാവു. അതു കഴിഞ്ഞാൽ എതെങ്കിലും അതിർത്തീലായിരിക്കും ക്യാമ്പ്‌. രാജീവൻ കൂട്ടുകാരെ നിജസ്ഥിതി ഓർമ്മിപ്പിച്ചു.“യുദ്ധീല്ലാത്തപ്പൊ എന്തൂട്ട് കാടൻ നെയമാടാ രാവും പകലും നിങ്ങടെ പിന്നാലെ ചൂട്ടും കത്തിച്ച്‌ വരണ്‌ത്‌?


കലിചിരികൾക്കും സൊറപറച്ചിലിനുമിടയിൽ ബാരക്കിൽ നിന്നും സോക്സിൽ തിരുകിക്കൊണ്ടുവന്ന , മസിൽ വിരിച്ചുനില്ക്കുന്ന നീഗ്രോ ഫയല്വാന്റെ ചിത്രം പതിപ്പിച്ച റം കുപ്പിയുടെ തൊപ്പി രാജേന്ദ്രൻ വലിച്ചൂരി. ”തലച്ചോറിനെ തീ പിടിപ്പിക്ക്ന്ന കറുത്ത തീർത്ഥം നിറച്ച ഈ കുപ്പീടെ നെഞ്ചത്ത്‌ ഏതെങ്കിലും അപ്സരസ്സിന്റെ രൂപം അച്ചടിച്ച ലേബൽ പതിപ്പിച്ചാ മതിയായിരുന്നു. “കുപ്പീലൊള്ളത്‌ മുഴ്വോനും മോന്ത്യാലും വാടാതെ നെഞ്ചു വിരിച്ച്‌ നിക്കണമെന്നായിരിക്കും വാറ്റുകാരൻ മുതലാളി തന്റെ ഉല്പ്പന്നത്തിന്നിട്ട ബോക്സർ എന്ന പേരിലൂടെ വിളിച്ചുപറയുന്നത്‌.രാജീവൻ പറഞ്ഞു. നീഗ്രോക്കരുത്ത്‌ നുണഞ്ഞ്‌ കൂട്ടുകാർ ചെയ്തു. സിരകളിൽ ആഹ്ളാദം തിരതല്ലിയാർത്തു. അവധി കഴിഞ്ഞ്‌ ബാരക്കിൽ തിരിച്ചെത്തിയ രാജീവന്‌ സീനിയർ ഉസ്താദ്‌ പുതിയൊരു ലാവണം നല്കി. മേജർ അനുപം ബേദിയുടെ ബംഗ്ളാവിൽ ഓർഡർലിപണി.

ഓഫീസറുടെ വീട്ടിലെ അടുക്കള ജോലിക്കും വളർത്തുനായകളെ കുളിപ്പിക്കുവാനും ശിപായികലെ നിയോഗിക്കാൻ നിയമമില്ലെന്ന്‌ പറാഞ്ഞ രാജീവനെ ഉസ്താദ്‌ വിരട്ടി. ഇടിവാളിന്റെ മൂർച്ഛയുള്ള കോർട്ട്‌ മാർഷൽ നിയമ്മെടുത്ത്‌ അവനെ  ഭയപ്പെടുത്തി. ഒന്നുകിൽ ഓർഡർ അനുസരിക്കുക, അല്ലെങ്കിൽ ട്രിമുൾഗിരിയിലെ  മിലിട്ടറി ജയിലിന്റെ അഴികളെണ്ണി അവസാനം ചുവപ്പക്ഷരങ്ങൾ കോറിയിട്ട  ഡിസ്ച്ചാർജ്‌ സർട്ടിഫിക്കറ്റും പിടിച്ച്‌ നാട്ടിലേക്ക് ട്രെയിൻ  കയറുക.ഇതിലേതു വേണം?

ശിപായി രാജിയായി.

ഓർഡർലി വേഷമിട്ട്‌ ബംഗ്ളാവിലെ പൂച്ചെടികൾ നനച്ചു. നേരാനേരത്തിന്‌ കല്ക്കരിയടുപ്പ്‌ കത്തിച്ചു. കുശിനിയിൽ മേംസാബിനെ സഹായിച്ചു. ഒമ്പതാം ക്ളാസ്സുകാരി മകൾ അനസൂയ ബെദി യെ സൈക്കിളിൽ സ്ക്കൂളിലെത്തിക്കലായിരുന്നു. മുഖ്യജോലി. ഒശ്ഹിവു ദിവസങ്ങളിൽ തടാക ത്തിൽ മീൻ പിടിക്കാൻ പോകുന്ന ബോസിനെ  ചായഫ്ളാസ്ക്കും മറ്റനുസാരികലുമായി അകമ്പടി സേവിക്കലും.അനസൂയയ്ക്ക്‌ കാലത്ത്‌ ക്ര്6ത്യം എട്ടുമണിക്ക്‌ സ്ക്കൂളിലെത്തണം. സ്റ്റേഷൻ ബസ്സിൽ പോകാം. അങ്ങനെയെങ്കിൽ ഏഴേകാലിന്‌ ബറ്റാലിയന്റെ മെയിൻ ഗെയിറ്റിലെത്തണം. മറ്റു പോയിന്റുകളിൽ നിന്ന്‌ കുട്ടികളെ ശെഖരിച്ച്‌ തടാകം ചുറ്റി വളഞ്ഞ്‌ നാല്പ്പത്തഞ്ച്‌ മിനിറ്റ്‌ ബോറൻ യാത്ര. ഓർഡർലിയുടെ സൈക്കിളിന്റെ പിൻസീറ്റിലിരുന്നാകുമ്പോൾ ഇടവഴികൾ കടന്ന്‌ ചെറിയൊരു കുന്നിറങ്ങിചെന്നാൽ പന്ത്രണ്ടു മിനിറ്റുകൊണ്ട്‌ സ്ക്കൂളിലെത്താം. നീണ്ട കാത്തു നില്പ്പില്ല. തടാകം ചുറ്റിവളയേണ്ട.


ആദ്യമൊക്കെ അന്യയായൊരു പെൺകുട്ടിയെ സൈക്കിളിന്റെ പിന്നിലിരുത്തി ആഞ്ഞുചവിട്ടാൻ മടിയായിരുന്നു.പിന്നെപിന്നെ അനസൂയയുടെ ഭാരം മധുരമായിത്തുടങ്ങി.


സൈക്കിള്യാത്രക്കിടയിൽ ചിലപ്പോഴൊക്കെ അനസൂയയോട്‌ പൊടിത്തമാശകൾ പറഞ്ഞു. അവൾ കേൾക്കാൻ വേണ്ടി റാഫിയയുടെ പ്രണയഗാനങ്ങൾ മന്ദമായി മൂളി.

“രാജിന്റെ ചുണ്ടിലെപ്പോഴും മൂളിപ്പാട്ടാണല്ലൊ. മനസ്സ്‌ പ്രണയഗാനങ്ങളുടെ കലവറയാണെന്നു തോന്നുന്നു. ”ഒരിക്കൽ അനസൂയ കളിയാക്കി.

“പ്രണയഗാനങ്ങൾ എത്ര കേട്ടാലുമെനിക്ക്‌ മതിയാവില്ല. എത്ര മൂളിയാലും കൊതി തീരില്ല. ” കറുത്ത പഴക്കുലകൾ തൂങ്ങുന്ന ഞാവല്മരങ്ങളുടെ ചോട്ടിലൂടെ കിളിജാലങ്ങളുടെ കുരവകൾ കേട്ടുകൊണ്ട്‌ സൈക്കിൾ ചവിട്ടുമ്പോൾ പറഞ്ഞു.

“എന്നുമുള്ള ഈ സൈക്കിൾ യാത്ര രാജിന്‌ ബോറായിത്തോന്നുന്നില്ലേ? ഒരു ദിവസം അനസൂയ ചോദിച്ചു,” ആദ്യമൊക്കെ ഇതൊരു ബോറൻ പരിപാടിയായിട്ടാണ്‌ തോന്നിയത്‌. പതുക്കെപ്പതുക്കെ അതു മാറി. ഇപ്പോൾ അനസൂയയുടെ ഡാഡിക്ക്‌ സ്ഥലമാറ്റം വന്ന്‌ സംഗീതം പോലെ മധുരമായ ഈ യാത്രകൾ അവസാനിക്കരുതേ എന്നാണെന്റെ പ്രാർത്ഥന“.
”ഡാഡിക്ക്‌ സ്ഥലം മാറ്റം കിട്ടിയാലെന്താ?“

ഡാഡിയുടെ കൂടെ അനസൂയക്കും അമ്മയ്ക്കുമൊക്കെ പോകേണ്ടിവരില്ലേ? പിന്നെ ഞാനാർക്കു വേണ്ടിയാണ്‌ പ്രണയഗാനങ്ങൾ മൂളേണ്ടത്‌?കാര്യം ശരിയാണ്‌. രാജിനെ നഷ്ടപ്പെടുന്നത്‌ അനസൂയയ്ക്കു ഇഷ്ടമുള്ള കാര്യമായിരുന്നില്ല.”പുതിയ ലൊക്കേഷനിലേക്കു പോകുമ്പോൾ രാജിനെക്കൂടി കൊണ്ടോണോന്ന്‌ ഡാഡിയോട്‌ പറഞ്ഞാലോ? അതൊന്നും നടക്കില്ല. ഡാഡിയോട്‌ അക്കാര്യം പറഞ്ഞാ ആകെ ഗുലുമാലാകും. സമ്മ്ശയം തോന്നി എന്നെയദ്ദേഹം കമ്പനിയിൽ നിന്ന്‌ ദൂരെദൂരേക്ക്‌ വലിച്ചെറിയും. ഇല്ലെങ്കി അച്ചടക്കത്തിന്റെ പേരിൽ ഭാവി നശിപ്പിക്കും. ആരും സഹായത്തിന്‌ വരില്ല. ആരും എന്തേയിന്ന്‌ ചോദിക്കില്ല.“

എന്നെങ്കിലും ഡാഡിയോടൊപ്പം പുതിയൊരു യൂണിറ്റിലേക്ക് തന്നെ പിരിഞ്ഞുപോകണമല്ലൊ എന്നോർത്ത്‌ മുഖം വാടിയെങ്കിലും സ്ത്രീസഹജമായ ധൈര്യവും ശക്തിയും സംഭരിച്ച്‌ അനസൂയ പറഞ്ഞതിന്നും മനസ്സിൽ പതിഞ്ഞുകിടപ്പൂണ്ട്‌.

”എന്തിനാ ഡാഡിയെ രാജിത്ര ഭയപ്പെടുന്നത്‌? ഡാഡീടേം മമ്മീടേം ഏക മോളാ ഞാൻ. രണ്ടാക്കും എന്നെ ജീവനാ. എന്റെ ഇഷ്ടങ്ങളാ അവരടേം ഇഷ്ടം!“

അനസൂയ വിചാരിക്കുന്നതു പോലെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന്‌ ഹിമവനങ്ങളെ തഴുകിവരുന്ന കാറ്റ്‌ മുരളുന്നതുപോലെ രാജീവന്‌ തോന്നി. സ്വർണ്ണ നക്ഷത്രങ്ങൾ തോളിലണിഞ്ഞ്‌ സ്വർഗ്ഗ ത്തിൽനിന്നിറങ്ങി വരുന്നവരെന്നഭിമാനിക്കുന്ന പട്ടാള ഓഫീസർമാരിൽ മിക്കവരും ശിപായികളെ ശകാരിക്കുമ്പോൾ ഓർഡർലി വേലയ്ക്കു പോലും കൊള്ളാത്തവരാണെന്ന്‌ പരിഹസിക്കാറുണ്ട്‌. അതുകൊണ്ട്‌ പുതിയ സ്ഥലത്തേക്ക് കെട്ടുകെട്ടുമ്പോൾ രാജിനെ കൂടെ കൂട്ടണമെന്ന്‌ പറയാമെന്ന്‌ പറഞ്ഞ അനസൂയയെ തിരുത്തേണ്ടി വന്നു. സംശയവും ശിക്ഷാവിധിയും വിളിച്ചു വരുത്തേണ്ട എന്നോതിക്കൊടുത്തു.

നിഷ്ക്കളങ്കയായ ഒമ്പതാംക്ളാസ്സുകാരിയെ തിരുത്തുമ്പോൾ സീനിയർ ഉസ്താദുമാർ പറഞ്ഞു തന്നിട്ടുള്ള ദുരന്തകഥകൾ രാജീവന്റെ മനസ്സിലുണ്ടായിരുന്നു. ഓഫീസർമാരുടെ പുത്രിമാരെ പ്രേമിച്ച കുറ്റത്തിന്‌ യുവാക്കളായ ഓർഡർലികൾ സഹിച്ചിട്ടുള്ള നരകപീഢനങ്ങൾ. കള്ളക്കുറ്റം ചുമത്തി കോർട്ട്‌ മാർഷലിനിരയായവരുടെ മൂകദുഃഖങ്ങൾ , ദുരൂഹത നിറഞ്ഞ തിരോധാനങ്ങൾ, കുറ്റ വിചാരണകളിലൂടെ പ്രമോഷൻ തടയപ്പെട്ടവർ.


ഓർഡർലി ലക്ഷ്മണരേഖ ലംഘിച്ച്‌ അനസൂയയുമായി അടുത്തിടപഴകുന്നു എന്ന സംശയം തോന്നിയ മേംസാബ്‌ കാര്യം അപകടകരമാണെന്ന്‌ ഭർത്താവിന്റെ ചെവിയിൽ പിറുപിറുത്തു. യൂണുഫോമിന്റെ പരിശുദ്ധിയും ശിപായിയുടെ നിലയും മറന്ന്‌ ഓഫീസറുടെ മകളേ പ്രണയവലയിൽ കുരുക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന്‌ മേജർ സാഹിബ്‌ ബംഗ്ളാവിൽ നിന്ന്‌ പുറത്താക്കിയ രാജീവൻ മൂട്ടകളിഴയുന്ന നീളൻ ബാരക്കിലെ ചണക്കട്ടിലിലേക്കും നൈറ്റ് ഡ്യൂട്ടിയിലേക്കും തിരിച്ചെത്തി.

ഓഫീസർടെ മോൾടെ ചിരീലും മണത്തിലും മുങ്ങിത്തപ്പി മതീം കൊതീം തീർന്നോടാ സുന്ദരക്കുട്ടാ നെനക്ക്‌? ബാരക്കിലെ കൂട്ടുകാർ കളിവാക്കുകളിൽ രാജീവനെ അമ്മാനമാടി.

ചോരവെള്ളത്തിന്റെ നിറമുള്ള റമ്മിന്റെ ലഹരിയിൽ അത്താഴക്കിണ്ണത്തിൽ താളമിട്ട്‌ കാമ സങ്കീർത്തനങ്ങൾ പാടുന്ന തടവ്‌ ജന്മങ്ങളാണ്‌ പട്ടാളക്കാർ. ജാരകഥകൾ ചിക്കിച്ചികയലും ചുവന്ന തെരുവു കളിലെ സുന്ദരികളെ വർണ്ണിക്കലുമാണവരുടെ ഒഴിവു സമയവിനോദം.

അനസൂയയെക്കുറിച്ച്‌ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ.ഓഫീസറുടെ അധികാരര ഖഡ്ഗം ശിരസ്സിനെ കുത്തി പ്പിളർക്കുന്നത്‌ സ്വപ്നത്തിൽ കണ്ട്‌ രാജീവൻ ഭയപ്പെട്ടു. ശിക്ഷയുടേയും കഷ്ടതയുടേയും കാലം വരവായെന്ന്‌ മനം നിശ്ശാബ്ദമായി മന്ത്രിച്ചു.

അന്നു രാത്രി ബറ്റാലിയൻ മനസ്സ്‌ പൊള്ളിക്കുന്നൊരു വാർത്ത കേട്ടു.മേജർ സഞ്ചരിച്ചിരുന്ന ജീപ്പ്‌ അപകടത്തിൽ പെട്ടിരിക്കുന്നു. മിലിട്ടറി ആസ്പ്പത്രിയിൽ പ്രത്യേക പരിചരണ വിഭാഗത്തിലാണ്‌ മേജറും ഡ്രൈവറും.സബ്‌ ഏരിയ കമാൻഡറായി സ്ഥാനമേറ്റ ബ്രിഗേഡിയർ പ്രീതംഘോഷിന്‌ യൂണിറ്റ്‌ കമാൻഡർമാർ നല്കിയ അത്താഴവിരുന്ന്‌ കഴിഞ്ഞ്‌ മടങ്ങുമ്പൊഴാണ്‌ ജീപ്പ്‌ കലുങ്കിൽത്തട്ടി കരണം മറിഞ്ഞത്‌.

ഡ്രൈവർ അമിതമായി മയപിച്ചിരുന്നു. അതാണത്രെ അപകടത്തിന്‌ കാരണം.

ശിപായികൾ നിസ്സാരമായൊരു തെറ്റു ചെയ്താൽ പോലും നിർദ്ദാക്ഷിണ്യം ശിക്ഷിക്കുന്ന മേജറുടെ വലത്തെ കണ്ണും ചെവിയും ചതഞ്ഞെന്നും ഒപ്പിടുന്ന കൈ ഒടിഞ്ഞെന്നും കേട്ട് ഉള്ളാലെ സന്തോഷി ക്കുന്നവരുടെ ഇടയിൽ രാജേന്ദ്രന്‌ വീർപ്പു മുട്ടി. ഹോസ്പിറ്റലിലെ ഓഫീസേഴ്സ്` വാർഡിൽ അർദ്ധ ബോധാവസ്ഥയിൽ കിടക്കുന്ന പിതാവിന്റെയടുത്ത്‌ നിറമിഴികളോടെ നില്ക്കുന്ന അനസൂയയേയും അവളുടെ അമ്മയേയും കുറിച്ചോർത്തു നൊന്തു!


മേജർ സാഹിബ്‌ ആസ്പത്രിയിൽ നിന്നെത്തിയാലുടനെ മകൾ അനസൂയയെ പ്രണയവലയിൽ കുടുക്കാൻ ശ്രമിച്ചു. മേംസാബിനോട്‌ അപമര്യാദയായി പെരുമാറി എന്നൊക്കെ കുറ്റം ചാർത്തി രാജീവന്‌ ശിക്ഷ വിധിക്കുമെന്ന്‌ ഉറപ്പായിരുന്നു.....

ഓർമ്മകലിൽ നിന്ന്‌ മുക്തനായ രാജീവൻ സ്ഥലകാലങ്ങലിലേക്ക്‌ മടങ്ങി വന്നു. അർഹി ക്കാത്തതിനെ മോഹിച്ച ശിപായിയെ ശിക്ഷിക്കാൻ മേജർ ആസ്പ്പത്രി വിട്ട്‌ യൂണിറ്റിലെത്തിയില്ല. ചതഞ്ഞ്‌ ചോരക്കാട്ടപോലെയായ കണ്ണ്‌ മാറ്റിവെക്കാൻ അദ്ദേഹം ദില്ലിയിലെ ആർമി ഹോസ് പിറ്റലിലേക്കാണ്‌ യാത്ര പോയത്‌.

അമ്മയും മകളും വീട്ടുസാമാനങ്ങളെല്ലാം വാരിക്കെട്ടി ദില്ലിയിലേക്ക് വണ്ടി കയറി. അനസൂയയെ വീണ്ടുമൊന്നു കാണാനോ വിട നല്കാനോ കഴിഞ്ഞില്ല. പട്ടാള കീഴ്വഴക്കങ്ങൾ ശിപായിയെ അതി നനുവദിച്ചില്ല.

സിംലയിൽ നിന്ന്‌ യൂണിറ്റ്‌ ജലന്ദറിൽ മടങ്ങിയെത്തി. മാസങ്ങൾക്കു ശേഷം ബറ്റാലിയൻ കിഴക്കൻ അതിർത്തിയിലെ സില്ച്ചറിലേക്ക് പുറപ്പെട്ടു.ഏതോ ഒരു പഞ്ചാബി ധനാഢ്യന്റെ അല്ലെങ്കിൽ മിലിട്ടരി ഓഫീസറുടെ പ്രിയതമയായി, ഒന്നോ രണ്ടൊ കുട്ടികളുടെ അമ്മയായി ഏതു നാട്ടിലായിരിക്കും അനസൂയയിപ്പോൾ?
അംഗവിഹീനനാണെങ്കിലും അന്നു നുണഞ്ഞ കവിതകലീന്നും രാജീവന്റെ ഓർമ്മയിലുണ്ട്‌.
നിന്റെ അധരം മധുരമാണ്‌....
നിന്റെ നയനം സുന്ദരമാണ്‌.....
മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ
പ്രഭാതസൂര്യനെപ്പോലെ ശോഭിക്കുന്നു
പ്രിയേ, നീ ഒരു മുന്തിരിത്തോട്ടമാണ്‌
അതിന്റെ ലഹരി എനിക്കു സ്വന്തമാണ്‌.