തോപ്പില്‍ഭാസി - നാടകം കൈയ്യിലെടുത്ത കമ്മ്യുണിസ്റ്റ്

കെ.ആര്‍. കിഷോര്‍
ഓര്‍മ്മക്കുറിപ്പ്‌

തോപ്പില്‍ഭാസി തിരശ്ശീലക്ക് പുറകിലായിട്ട് രണ്ടു ദശാബ്ദം കഴിയുന്നു. 
നാടകക്കാരനായി, കമ്മ്യുണിസ്റ്റുകാരനായി, നടനായി, തിരക്കഥാകൃത്തായി
  ചലച്ചിത്ര സംവിധായകനായി,സാംസ്കാരിക പ്രവര്‍ത്തകനായി- 
അങ്ങനെ പല വേഷങ്ങളഭിനയിച്ച് തീര്‍ത്ത ഭാസിയുടെ ജീവിതം 
സംഭവബഹുലതകള്‍ കൊണ്ട് ധന്യമായിരുന്നു, തീവ്രസംഘട്ടനങ്ങള്‍ കൊണ്ട് പിരിമുറുക്കം വന്ന നാടകത്തെ പോലെ അര്‍ത്ഥപുര്‍ണ്ണമായിരുന്നു. നാലു പതിറ്റാണ്ടുകള്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന തോപ്പില്‍ ഭാസിയുടെ വേര്‍പാട് പുരോഗമന വീക്ഷണമുള്ള  മലയാളിയെ വേദനിപ്പിക്കുന്നു.
തോപ്പില്‍ ഭാസി 
തോപ്പില്‍ ഭാസി  നാടകം  എഴുതിയത് കമ്മ്യുണിസ്റ്റ്  പാര്‍ട്ടി പ്രചരിപ്പിക്കാന്‍ വേണ്ടി ആയിരുന്നു. നാട്ടില്‍ നടന്ന ഒരു കൊലപാതകത്തില്‍ കമ്മ്യുണിസ്റ്റ് ആയതിന്റെ  പേരില്‍ അന്നത്തെ ഭരണകൂടം അദ്ദേഹത്തെ പ്രതിയാക്കി. ഒളിവിലെ  ജീവിതം പിന്നീട് അദ്ദേഹം എഴുതി, "ഒളിവിലെ ഓര്‍മ്മകള്‍" ആയി പ്രസിദ്ധീകരിച്ചു. കമ്മ്യുണിസ്റ്റ്കാരന്‍ അനുഭവിച്ച ഒളിവുകാല ജീവിതത്തിന്റെ പീഡനങ്ങള്‍ പകര്‍ത്തിയ ആകൃതി ചരിത്രത്തിനു ഒരു മുതല്‍ക്കൂട്ടാണ്. ഒളിവില്‍ കഴിയുന്നകാലത്ത് സോമന്‍ എന്ന പേരില്‍ എഴുതിയ നാടകമാണ്, " നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി. " ആ നാടകം,മലയാള നാടക ചരിത്രത്തിലെയും, കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിലെയും നാഴിക ക്കല്ലാണ്. കെ.പി.എ .സി.യാണ് ആ നാടകം അവതരിപ്പിച്ചത്. 

കമ്മ്യുണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലം.. 
പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ 
കലാസമിതികള്‍ സംഘടിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ തോപ്പില്‍ഭാസിയടങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കൂടി കെ.പി.എ.സി സംഘടിപ്പിക്കുന്നു. 
കേരളചരിത്രത്തേയും മലയാള നാടക ചരിത്രത്തേയും 
ഇത്രയധികം മാറ്റിമറിക്കാന്‍ ഈ സംഘടനക്ക് കഴിയുമെന്ന് അന്നൊരു പക്ഷെ ആരും സങ്കല്‍പ്പിച്ചിരിക്കാനിടയില്ല.
  പിന്നീടുള്ള ഭാസിയുടെ ചരിത്രം  കെ.പി.എ.സിയുടെ ചരിത്രമാണ്. 
കെ.പി.എ.സിയുടെ ചരിത്രം ആധുനിക നാടകത്തിന്റെ ചരിത്രം കൂടിയാണ്. 
ഭാരതം സ്വതന്ത്രമാവുന്നു, എന്നിട്ടും കമ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പടുന്നു. 
അന്നത്തെ പാര്‍ട്ടി സഖാക്കള്‍ ഒളിവിലും തെളിവിലും 
അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍... 
 ഫ്യൂഡല്‍ പ്രമാണിമാരുടെ ഗുണ്ടായിസം, 
പോലീസ് നരനായാട്ട്, കള്ളക്കേസുകള്‍.. 
കമ്മ്യുണിസ്റ്റ് കാരെപ്പോലെ ഏറ്റവുമധികം 
ഭീകരാക്രമാനങ്ങള്‍ക്ക് വിധേയരാവേണ്ടി വന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവര്തകരുണ്ടോ..?
എത്രയെത്ര ധീര  സഖാക്കള്‍ രക്തസാക്ഷികളായി... 
അവരുടെ മാതാപിതാക്കള്‍.. അവരുടെ ഭാര്യമാര്‍... മക്കള്‍ ......
രാജ്യത്തിന്റെ മോചനത്തിന് വേണ്ടി .... അത് മാത്രമായിരുന്നു ലക്‌ഷ്യം...
വി.ടി.ഭട്ടതിരിപ്പാട് 
കെ.ദാമോദരന്‍ 
ആ ഒരു ലക്ഷ്യത്തിനു വേണ്ടി ആണ് ഭാസി നാടകം എഴുതിയത്.. 
നാടകം എന്ന കല സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോയി അഭ്യസിക്കാന്‍ ഒന്നും കഴിഞ്ഞിട്ടില്ല... എന്നിട്ടും ധീരമായി,
 ഉണ്ടായിരുന്ന അറിവും അനുഭവും വെച്ച് നാടകം എഴുതി.. അത് കേരള ജനത നെഞ്ചിലേറ്റി സ്വേകരിച്ചു.അതിനു മുമ്പുള്ള മലയാള നാടകം തമിഴ് ശൈലിയുള്ള സംഗീത നാടകമായിരുന്നു.
   കൂടാതെ  സി.വി.രാമന്‍ പിള്ളയുടേയും ഇ.വി. കൃഷ്ണപിള്ളയുടേയും അവരുടെ അനുകര്‍ത്താക്ക ളുടേയും കുറെ പ്രഹസന ങ്ങളുമുണ്ടായിരുന്നു. അവയൊക്കെ തന്നെ, കൊട്ടകയിലിരുന്ന് കുറെ നേരം കളയാം എന്നതിലുപരി മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയായിരുന്നില്ല., മനുഷ്യ മനസ്സുകളെ ചിന്തി പ്പിച്ചിരുന്നില്ല. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളില്‍ ശ്വാസം മുട്ടിക്കിടന്ന സ്ത്രീകളെ അരങ്ങത്തേക്ക്  കൊണ്ടു വന്ന 'അടുക്കള യില്‍ നിന്ന് അരങ്ങത്തേയ്ക്ക് (വി.ടി.ഭട്ടതിരിപ്പാട്), കര്‍ഷകന്റെ ജീവല്‍പ്രശ്ന ങ്ങളെ   രംഗത്ത്കൊണ്ട് വന്നു,  അവരെ കരഷക സമരങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച  പാട്ട ബാക്കി (കെ. ദാമോദരന്‍)  തുടങ്ങിയ നാടകങ്ങള്‍, കലയെ എങ്ങനെ പ്രചാരണായുധമാക്കാം പാഠം നല്‍കിയിരുന്നു. തോപ്പില്‍ ഭാസിക്ക് "നിങ്ങളെന്നെ കമ്മ്യുനിസ്റ്റാക്കി"  യുമായി രംഗപ്രവേ ശനം  ചെയ്യാന്‍ പ്രചോദനമായത് ആ നാടകാ നുഭവങ്ങള്‍ ആകാം. 'കൃഷിഭൂമി കര്‍ഷകന്'- പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യ മായിരുന്നു. ആഭിജാത്യവും യാഥാസ്ഥിതികത്വവും താങ്ങി നിര്‍ത്തി യിരുന്ന ജന്മിത്തത്തിനെതിരെ ആഞ്ഞടിച്ച, കര്‍ഷകന്റേയും തൊഴിലാഴിയുടേയും പതറാത്ത ശബ്ദ മായിരുന്നു, 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'- അതൊരു സാംസ്കാരികവും രാഷ്ട്രീയവുമായ വിപ്ലവമായിരുന്നു. കേരളത്തിനക ത്തും പുറത്തും ആയിരക്കണക്കിന് സ്റേജുകളരങ്ങേറി. മലയാള ത്തില്‍ ഏറ്റവും കൂടുതല്‍ അരങ്ങു കളില്‍ അവതരിപ്പിച്ച നാടകവും ഈ നാടകമായിരിക്കാനാണ് സാധ്യത.  ഈ നാടകം  കേരളത്തി ലെ കര്‍ഷകതൊഴിലാളി സമരങ്ങള്‍ക്ക് ഉര്‍ജ്ജവും  വേഗവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചു. തലമുറകളായി നിലനിന്ന് പോന്ന ചൂഷണത്തിന്റെ പ്രതീകമായ ഫ്യൂഡല്‍ വ്യവസ്ഥയുടെ  അടിത്തറയിളകിയതും തകര്‍ന്ന് തരിപ്പണമായതും നാം കണ്ട് കഴിഞ്ഞ ചരിത്ര മാണ്.
ഓ. മാധവന്‍ 
കുഷ്ഠരോഗിയെ ഒരു നികൃഷ്ടജീവിയായി 
പാപിയായി കണ്ടിരുന്ന സമൂഹത്തെ അതിനിശിതമായി വിമര്‍ശിച്ച നാടകമാണ് ഭാസിയുടെ 'അശ്വമേധം'. കുഷ്ഠരോഗിയുടെ നൊമ്പരങ്ങള്‍ സമൂഹമദ്ധ്യ ത്തിലവതരിപ്പിച്ച് അവനോട് കരുണാദ്രമായ സമീപനം ആവശ്യപ്പെടുന്ന 'അശ്വമേധം' അന്ധതക്കെതിരെ ശാസ്ത്രം നയിക്കുന്ന അശ്വമേധ യാഗമായിരുന്നു. കുഷ്ഠരോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഡോക്ടറുടെ ധര്‍മ്മസങ്കടവും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി യുമായിരുന്നു പിന്നീട് വന്ന 'ശരശയ്യ' എന്ന നാടകം( അശ്വമേധത്തിന്റെ രണ്ടാം ഭാഗം) . 
അന്ധത നിറഞ്ഞ സമൂഹ ചിന്താഗതിയിലും വൈദ്യ ശാസ്ത്രത്തോടുള്ള സമീപനത്തിലും മാറ്റത്തിന്റെ വെടിമരുന്നിന് തീ കൊളുത്താന്‍ പ്രസ്തുത നാടകങ്ങള്‍ക്ക് കഴിഞ്ഞു.- അതുകൊണ്ട് തന്നെ അവയും കാലഘട്ടത്തോടു ക്രിയാത്മകമായി സംവദിച്ച കാലാ സൃഷ്ടികളായിരുന്നു.  ഓ മാധവന്റെ അഭിനയ പ്രതിഭ നിറഞ്ഞാടിയ നാടകങ്ങള്‍ ആയിരുന്നു അവയില്‍ പലതും ... 
വരിഞ്ഞ് മുറുക്കുന്ന അച്ചടക്കത്തിന്റെ ചങ്ങലകളെ പൊട്ടിച്ചറിയുന്ന ചുണക്കുട്ടികളെ അധികാരവും പണവും നിയമവും സഖ്യം ചെയ്ത് ഇരുമ്പഴികള്‍ക്കുള്ളിലാക്കുന്ന കറുത്ത സാമൂഹ്യ നീതിക്കെതിരെ ഗര്‍ജ്ജിച്ച നാടകമാണ് 'മുടിയനായ പുത്രന്‍.' മുടിയനായ പുത്രന്മാരായി മുദ്ര കുത്തപ്പെടുന്നവരുടെ മനസ്സിന്റെ ലോലതലങ്ങളിലേക്ക്,  തരളതയിലേക്ക്  ഇറങ്ങിച്ചെല്ലാന്‍ മടിച്ച് നിന്ന സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിയ സ്ഫോടനാത്മകമായ ചോദ്യചിഹ്നമായി ആ നാടകം ഇന്നും നിലനില്‍ക്കുന്നു. ചൂഷണാ തീതമായ ഒരു വ്യവസ്ഥിതിക്ക് വേണ്ടിയുള്ള നീണ്ട പോരാട്ടങ്ങള്‍ക്കിടയില്‍ സമര നായക ന്മാരനുഭവിക്കുന്ന ക്രൂരതയുടേയും മര്‍ദ്ദനത്തിന്റേയും വഞ്ചനയുടേയും തീക്ഷ്ണമായ ചിത്രീകരണ ങ്ങളാണ്, 'മൂലധനം', 'പുതിയ ആകാശം പുതിയ ഭൂമി' തുടങ്ങിയ നാടകങ്ങള്‍. "മൂലധന" ത്തിന്റെ പ്രമേയം ഭാസിയുടെ വ്യക്തിജീവിതവുമായി അടുത്ത ബന്ധമുണ്ട്.   മീശവെച്ച്, തലയുയര്‍ത്തി, ചോദ്യംചെയ്തു നടക്കുന്ന കമ്യൂണ്സ്റ്റുകാരനെ ഭയപ്പട്ടിരുന്ന, തെറ്റി ദ്ധരിച്ചിരുന്നയാളുകള്‍ക്കിടയില്‍ ഒരു ഹീറോ ഇമേജുണ്ടാക്കാന്‍ കുറച്ചൊന്നുമല്ല ഈ നാടകങ്ങള്‍ക്ക് കഴിഞ്ഞത്.


ശാരദ 
 തൊഴിലാളി സമരത്തില്‍ കൊല്ലപ്പെട്ട  ഭര്‍ത്താവിന്റെ അഭാവത്തില്‍ 
  ജീവിതം വഴിമുട്ടിയപ്പോള്‍   
പട്ടിണിയിലായ മക്കള്‍ക്ക് വിഷം കൊടുത്ത്
  ആത്മാഹൂതിക്ക് ശ്രമിച്ച ഒരു പാവം പിടിച്ച സ്ത്രീയെ
   നിയമം ക്രൂരമായി വിചാരണ ചെയ്യുകയാണ്,
   'തുലാഭാരം '    എന്ന വിഖ്യാതമായ ഭാസിയുടെ നാടകത്തില്‍. 
    പരുപരുത്ത പീഢനങ്ങളാല്‍ ജീവിതം നിഷേധിക്കപ്പെട്ടവര്‍ക്ക്
    മരിക്കാനുമവകാശമില്ലാത്ത ഈ സമൂഹത്തിന്റെ
    ഹൃദയശൂന്യമായ നീതിപീഠങ്ങള്‍ക്ക് നേരെ തൊടുത്തു വിടുന്ന മൂര്‍ഛ
   ഏറിയ അസ്ത്രങ്ങളാണ് തുലാഭാരത്തിന്റെ കരുത്ത്. 
ഈ നാടകം സിനിമയാക്കപ്പെട്ടാപോള്‍ നിരവധി അന്ഗീകാരങ്ങള്‍ ദേശീയ തലത്തില്‍ ലഭിക്കുകയുണ്ടായി. ശാരദക്ക്‌ ആദ്യത്തെ ഉര്‍വശി അവാര്‍ഡ് നേടിക്കൊടുത്തത് ആ സിനിമയിലെ അഭിയമാണ്.
   
'സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ ' എന്നാഹ്വാനം മുഴക്കിയ ലെനിന്റെ അനുയായി കള്‍ വ്യത്യസ്ത കൊടിക്കീഴിലണിനിരന്ന് പരസ്പരം നെഞ്ചില്‍ കഠാരി കയറ്റി ദുര്‍ബ്ബലരാവുന്നത് കണ്ട്,  വര്‍ഗ്ഗ താല്‍പര്യം മറന്ന് പാര്‍ട്ടി താല്‍പര്യത്തിനുവേണ്ടി വെട്ടിമരിക്കുന്നത് ശരിയല്ലെന്നും  തൊഴിലാളികള്‍ ഒരു കൊടിക്കീഴില്‍ (എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും) ലയിക്കണ മെന്നുറക്കെ പ്രഖ്യാപിച്ച നാടകമാണ് 'ലയനം'- ഇന്നും പ്രസക്തിയുള്ള  ആശയം ...!.

അച്ചടക്കം അന്യമായി, എല്ലാം അനിയന്ത്രിതമായി, കുത്തഴിഞ്ഞ സാമൂഹ്യ ബോധം ആളിപ്പടരു മ്പോള്‍ ദുരന്തങ്ങള്‍ പിറന്നു വീഴുന്നു. ഈ കാലഘട്ടത്തിന്റെ സത്യസന്ധവും വിമര്‍ശനാത്മകവുമായ ഒരു പരിഛേദമാണ് എണ്‍പതുകളില്‍ അവതരിപ്പിച്ച 'കയ്യും തലയും പുറത്തിടരുത്'. ജീവിതം ഒരു ബസ് യാത്രയാണെങ്കില്‍ അതിന്റെ സുഗമമായ ഗതിക്ക് കയ്യും തലയും പുറത്തിടരുത്- സ്റ്റേജില്‍ ഒരു ബസ്സ് തന്നെ അവതരിപ്പിച്ച് ഒരു പരീക്ഷണം നടത്തിയ ഈ നാടകം നഷ്ടപ്പെട്ടുപോയ അച്ചടക്ക ത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

മറ്റുപലതുമെന്നപോലെ മതവും  ദൈവവും കച്ചവടം ചെയ്യപ്പെടുന്നത് തുറന്ന് കാണിച്ച നാടകമാണ്, "ഭഗവാന്‍ കാലുമാറുന്നു". മതമൌലികവാദികളില്‍ നിന്ന് നേരിട്ട എതിര്‍പ്പുകളുണ്ടായിട്ടും ധീര മായി  അവയെ അവഗണിച്ചുകൊണ്ട് നൂറുകണക്കിന് സ്റ്റേജുകളില്‍ വിജയകരമായി ആ നാടകം അരങ്ങേറി. അങ്ങനെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ അട്ടഹസിച്ചവര്‍ക്ക് നേരെ മുട്ടു മടക്കാ തെ മുന്നോട്ടുപോയ മുന്നണിപ്പോരാളിയായ കലാകാരനായി തോപ്പില്‍ ഭാസി യും കെ.പി. എ. .സി.യും മാറുകയായിരുന്നു.

പിന്നീട് ഇങ്ങോട്ട് പുരാണവിഷയങ്ങളെ നാടകാവിഷ്ക്കാരം നടത്താനുള്ള ഒരു ശ്രമമായിരുന്നു. 'മൃഛ്ഛഘടികം', 'ശാകുന്തളം', 'പാഞ്ചാലി', തുടങ്ങിയ നാടകങ്ങള്‍ ഭാസിയുടെ കൈകളിലൂടെ പുറത്തുവന്നപ്പോള്‍ പുരോഗമനാത്മകമായ ഒരു സമീപനം രചനയിലും സംവിധാനത്തിലും പ്രകടമായിരുന്നു.
കാമ്പിശ്ശേരി -  
കമ്മ്യുണിസ്റ്റ് ആക്കിയിലെ  പരമു പിള്ളയുടെ വേഷത്തില്‍ 

കാമ്പിശ്ശേരി കരുണാകരന്‍, ഓ.മാധവന്‍, തോപ്പില്‍ കൃഷ്ണ പിള്ള (സഹോദരന്‍ ) കെ.എസ.ജോര്‍ജ്, സുലോചന, വിജയകുമാരി, കാലൈക്കള്‍ കുമാരന്‍, ഖാന്‍, ..... ഓ എന്‍ വി, വയലാര്‍, ദേവരാജന്‍.. സത്യന്‍, മധു, പ്രേം നസീര്‍, കെ.എസ് സേതുമാധവന്‍, ഷീല, ജയഭാരതി.. തോപ്പില്‍ ഭാസിയുടെ പ്രഗല്‍ഭരായ  സഹ പ്രവര്‍ത്തകര്‍ നിരവധിയാണ്..
                                                                                                       
ഇടക്കാലത്ത് സിനിമാരംഗത്ത് നിലയുറപ്പിച്ച ഭാസി  അവിടെയും തന്റെ വ്യക്തിമുദ്ര പ്രകടിപ്പിച്ചു. അറുപതുകളിലും എഴുപതുകളിലും പുറത്തിറങ്ങിയ നിലവാരമുള്ള   പലസിനിമകളുടെയും തിരക്കഥ-സംഭാഷണം തോപ്പില്‍ ഭാസിയായിരുന്നു. കുറച്ചു പടങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഭാസിയുടെ തന്നെ പല പ്രസിദ്ധ നാടകങ്ങളും അഭ്രപാളികളിലേക്ക് പകര്‍ത്തി. കരുത്തുറ്റ പ്രമേയങ്ങളും മൂര്‍ച്ചയേറിയ സംഭാഷണങ്ങളും മനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങളും ഭാസിയുടെ മുഖ മുദ്രയായിരുന്നുവെങ്കിലും സിനിമയെ 'സിനിമാറ്റിക്' ആക്കാന്‍ കഴിയാതെ വന്നിരുന്നുവെന്നത് ഭാസിയുടെ ഒരു ദൌര്‍ബ്ബല്യമായിരുന്നു. സിനിമയുടെ അനന്തസാദ്ധ്യതകള്‍ അന്വേഷിക്കാന്‍ ഭാസി മിനക്കെട്ടിരുന്നില്ല, പല തിരക്കഥകളും ഡ്രാമാറ്റിക്ക്   ആയിപ്പോവുകയും ചെയ്തു. 
സത്യന്‍ 

ഭാസിയിലെ മനുഷ്യസ്നേഹിയേയും എഴുത്തുകാരനെയും
 അടുത്തു പരിചയപ്പെടാന്‍ കഴിയുന്നത് 
ആത്മകഥയായ "ഒളിവിലെ ഓര്‍മ്മകളി" ലാണ്. 
ഈഗോയില്ലാത്ത, ശക്തിയും ലക്ഷ്യബോധവും ദൌര്‍ബ്ബല്യവും 
വികാരങ്ങളുമുള്ള പച്ചയായ ഒരു മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ്, 
ഒളിവിലെ ഓര്‍മ്മകള്‍.  സമര തീക്ഷ്ണമായ ഇന്നലെകളുടെ തുടിപ്പും 
വേദനയും ആവേശവും പ്രതീക്ഷയും മുറ്റി നില്‍ക്കുന് ഈ കൃതി 
ചരിത്രത്തിനും സാഹിത്യത്തിനും മുതല്‍ക്കൂട്ടാണ്.
  
സിനിമാനാടകവേദിയിലെ പ്രമുഖരെല്ലാം തന്നെ ഭാസിയുടെ കീഴിലഭിനയിച്ചിട്ടുള്ളവരാണ്. സത്യന്‍, മധു, പ്രേംനസീര്‍, പി.ജെ. ആന്റണി, കൊട്ടാരക്കര, ഷീല, ശാരദ, ലളിത, കെ.പി. ഉമ്മര്‍ തുടങ്ങിയ സിനിമാനടന്മാര്‍, കമ്പിശ്ശേരി കരുണാകരന്‍,  കെ.എസ്. ജോര്‍ജ്, സുലോചന, ഒ. മാധവന്‍, വിജയകുമാരി, ഗോവിന്ദന്‍ കുട്ടി, പ്രേമചന്ദ്രന്‍, കൈനിക്കരി തങ്കരാജ്, ഞാറക്കല്‍ ശ്രീനി, തോപ്പില്‍ കൃഷ്ണപ്പിള്ള (സഹോദരന്‍) തുടങ്ങിയ എത്രയെത്ര പ്രഗത്ഭ നടീനടന്മാര്‍ ....! ഒരിക്കല്‍ കെ.പി. ഉമ്മറു മായി നീ ലേഖകന്‍ നടത്തിയ ഒരു അഭിമുഖ സംഭാഷണത്തില്‍, അദ്ദേഹം ഇങ്ങനെ പറഞ്ഞു: " 
കെ.പി.ഉമ്മര്‍ 


"കെ.പി.എ.സി. എനിക്ക് അഭിനയത്തിന്റെ ഒരു സര്‍വ കലാശാലയാണ്, അവിടെ നിന്നാണ് ഞാന്‍ അഭിനയത്തില്‍ ബിരുദവും ബിരുദാനന്തര  ബിരുദവും നേടുന്നത്.... " തോപ്പില്‍ ഭാസിയായിരുന്നു അന്നത്തെ നാടകങ്ങളുടെ സംവിധായകന്‍.



മലയാളിയെ സ്പോടനാത്മകമായി ചിന്തിപ്പിച്ചു, ഇടതു വശത്തുകൂടെ നടക്കാന്‍ പ്രേരിപ്പിച്ച  ഒരു അസാധാരണ  കലാകാരനെന്നപോലെ തന്നെ വിവാദ മുയര്‍ത്തിയ കമ്യൂണിസ്റ്കാരനാ യിരുന്നു  തോപ്പില്‍ഭാസി. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ തന്നെ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ അദ്ദേഹത്തിന് മടിയോ ഭയമോ ഉണ്ടായിരുന്നില്ല, പ്രസ്ഥാനത്തെ തുറന്നു വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ആരും വെട്ടി ക്കൊന്നില്ല. വിമര്‍ശനങ്ങള്‍ക്ക് പാര്‍ടി ഉള്‍ക്കൊടിട്ടുണ്ട്, മറുപടിയും പറഞ്ഞിട്ടുണ്ട്. ( വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയില്‍ പതിവാണ്. വിമര്‍ശിക്കുന്നവരെ വെട്ടി ക്കൊല്ലുന്ന പാര്‍ടിയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഡ ശ്രമം കാര്യമായി  ഇന്ന് നടക്കുന്നുണ്ടല്ലോ..!) തന്നെ വളര്‍ത്തിയ പ്രസ്ഥാനം, താന്‍കൂടി വളര്‍ത്തിയെടുത്ത പ്രസ്ഥാനം മുരടിക്കുന്നത് കാണാന്‍ ആ കമ്മ്യുണിസ്റ് റ് കാരന്‍ ഇഷ്ടപ്പെട്ടില്ല  കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്നും അഭിമാനത്തോടെ  ആണ് ഭാസിയെ ഓര്‍ക്കുന്നത്. 
നാടകം എന്ന മാധ്യമത്തെ ഒരു പ്രചരണോപകരണം എന്ന നിലയില്‍ വിദഗ്ദ്ധമായി ഉപയോഗിച്ച നാടകകാര്നും കംമ്യുനിസ്റ്റുമാണ് തോപ്പില്‍ ഭാസി.  നാടക കല എന്ന നിലയില്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ വിശ്വനാടകങ്ങളോളം വളര്‍ന്നവയാണെന്നോന്നും പയാനാകില്ല. നാടകം എന്ന കലയെ, രംഗഭാഷയെ,   പ്രചരണം എന്ന അര്‍ഥത്തില്‍  വിജയകരമായി കൈകാര്യം ചെയ്യാന്‍ ഭാസിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍  പ്രസ്തുത രംഗഭാഷയുടെ വിനിമയ ശേഷിയും വൈവിധ്യവും സാധ്യതകളും അന്വേഷിക്കാന്‍ കൂടുതലൊന്നും അദ്ദേഹത്തിനായില്ല.  എങ്കിലും  ഹൃദയമുള്ള ഒരു കലാകാര നായിരുന്നു അദ്ദേഹം എന്നതിന് തര്‍ക്കമില്ല.   മലയാള നാടക വേദിക്കും  ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളീയ സംസ്കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍  വിസ്മരി ക്കാനാകില്ല.  

ആധുനിക മലയാള നാടക ചരിത്രത്തില്‍ തോപ്പില്‍ ഭാസിക്ക് ഗണ്യമായ ഒരു സ്ഥാനമുണ്ട്.   കേരളത്തിലുള്ള പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ കെ.പി.എ.സിയുടെ സ്ഥാനം എന്നും പ്രഥമവും പ്രധാ നവുമാണ്. നാല്‍പ്പതു വര്‍ഷത്തിലേറെ അതിന്റെ ജീവാത്മാവും പരമാത്മാവുമായ നേതൃത്വം കൊടുത്ത  ഭാസി തന്നെയാണ് കൂടുതല്‍  തിളങ്ങി നില്‍ക്കുന്നത്.  മറ്റൊന്ന്,  നാടകം എന്ന മാധ്യമ ത്തെ കേരളത്തില്‍ കൂടുതല്‍  സാമൂഹിക മാറ്റത്തിന് ഉപയോഗിക്കാം എന്നു പ്രായോഗി കമായി കാണിച്ചുകൊടുത്തതും ഭാസിയാണ്. നാടകത്തിന്റെ വൈയാകരണന്മാരും വിമര്‍ശകരും എന്തെല്ലാം പോരായ്മകള്‍ തോപ്പില്‍ ഭാസിയുടെ നാടകങ്ങളുടെമേല്‍ ആരോപിച്ചാലും ആ നാടക ങ്ങള്‍ ഒന്നും തന്നെ   പരാജയങ്ങള്‍ ആയിരുന്നില്ല എന്നതും  ലക്ഷക്കണക്കിന് ആസ്വാദകര്‍ ഉള്ളു തുറന്നാ സ്വാദിച്ചുവെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. നാടകത്തിനുവേണ്ടി ഒരായുഷ്ക്കാലം ഉഴി ഞ്ഞുവെച്ച ആ മനുഷ്യന്‍  പറഞ്ഞ വാക്കുകള്‍ മലയാളിയുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്: "ഞാനൊ രു  തൊഴിലാളി വര്‍ഗ്ഗ പക്ഷപാതിയാണ്, എന്റെ നാടകം അവര്‍ക്ക് വേണ്ടിയാണ്....''
  കാലയവനികക്കുള്ളില്‍ മറഞ്ഞുനിന്ന് അദ്ദേഹം 
നമ്മുടെ നാടക വേദിയുടെ സമീപകാല  അവസ്ഥ എങ്ങനെ 
നോക്കിക്കാണുന്നുണ്ടാവും..?  
ഒരു പക്ഷെ,  അദ്ദേഹം  ഗര്‍ജ്ജിക്കുന്നുണ്ടാവും : 
"നാടകക്കാരെ, നാടകം ഒരു മുതലാളിത്ത ഉത്പന്നമല്ല.. 
മുതലാളിത്തത്തിനെതിരെ  പ്രതികരിച്ച ചരിത്രം അതിനുണ്ട്....
അത് സാധാരണക്കാരന്റെ കലയാണ്‌. 
അത് കേരളത്തില്‍ വളര്‍ത്തിയതും  പടര്ത്തിയതും 
 കൂടുതല്‍ ആസ്വദിച്ചതും   തൊഴിലാളി വര്‍ഗ്ഗമാണ്.. 
സാധാരണക്കാരനെ വിസ്മരിക്കുന്ന ഒരു കലയും  നിലനില്‍ക്കില്ല. 
അവര്‍ക്ക് വേണ്ടി നാടകം അവതരിപ്പിക്കൂ.....
എങ്കിലേ നാടകവും തൊഴിലാളിയും നിങ്ങളും രക്ഷപ്പെടൂ ... 
ഞാനൊരു  തൊഴിലാളി വര്‍ഗ്ഗപക്ഷപാതിയാണ്...., 
എന്റെ നാടകം അവര്‍ക്ക് വേണ്ടിയായിരുന്നു.. ....''