യതോ ധര്‍മ്മ:സ്ഥതോ ജയ

പ്രൊഫ : സി.ചന്ദ്രമതി


ചരിത്രം സൃഷ്ടിച്ച വനിതാ മുന്നേറ്റമാണ് 1985-ല്‍ ബൊളീവിയയില്‍ നടന്നത്.
"ഞങ്ങളുടെ രാഷ്ട്രീയം വിശപ്പിന്റെ രാഷ്ട്രീയമാണ്...'' എന്നുപറഞ്ഞുകൊണ്ട് ആയിരക്കണക്കിനു സ്ത്രീകള്‍ അവരുടെ കൈക്കുഞ്ഞുങ്ങളെയുമെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ നിരാ ഹാര സമരം അനുഷ്ഠിച്ചു.

"ഭക്ഷണവും തൊഴിലും സ്വാതന്ത്ര്യവും  
ഞങ്ങളുടെ ജന്മാവകാശമാണ്.
 അല്ലാതെ, ഭരണകൂടം വച്ചുനീട്ടുന്ന ഔദാര്യങ്ങളല്ല....''

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ അലയടിച്ച ഈ വനിതാശബ്ദത്തില്‍ പുതിയ ശക്തിയും സൌന്ദര്യവും തുടിച്ചു. ഈ സ്ത്രീകളില്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരായ യുവതികളായിരുന്നു.സ്ത്രീ ദുരിതങ്ങള്‍ക്ക് ജാതിഭേദമില്ല, വര്‍ഗ്ഗവ്യത്യാസമില്ല. മുള്ളുചെന്ന് ഇലയില്‍ വീണാലും ഇല ചെന്ന് മുള്ളില്‍ വീണാലും ഇലയ്ക്കാണ് കേട്. സമൂഹത്തില്‍ ആര് എന്തു തെറ്റുചെയ്താലും ആത്യന്തി കമായി അതുബാധിക്കുന്നത് സ്ത്രീയെ ആണ്. കൃഷിനാശം, വെള്ളപ്പൊക്കം, വരള്‍ച്ച-ഒക്കെ തകിടം മറിക്കുന്നത് കുടുംബിനിയുടെ ബജറ്റിനെയാണ്. പള്ളിപൊളിച്ചാലും അമ്പലം പൊളിച്ചാലും കഷ്ടവും നഷ്ടവും സ്ത്രീക്ക്. കഞ്ചാവ് കൃഷി, കള്ളുവാറ്റ്, കള്ളപ്പണം, സാമൂഹ്യ-രാഷ്ട്രീയ-വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍- എല്ലാം ബാധിക്കുന്നത് സ്ത്രീകളെയാണ്. അവര്‍ക്ക് നഷ്ടപ്പെടുന്നത് പിതാവിനെയോ സഹോദരനെയോ ഭര്‍ത്താവിനെയോ പുത്രനെയോ ആണ്. ലോകത്തിലെ ആകെ പ്രവൃത്തിമണിക്കൂറുകള്‍ കണക്കിലെടുക്കുമ്പോള്‍ അതില്‍ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീ കളുടെ പ്രവൃത്തി മണിക്കൂറുകളാണ്. പക്ഷെ പല ജോലികള്‍ക്കും പുരുഷനു കിട്ടുന്നത്ര വേദനം സ്ത്രീ യ്ക്ക് ലഭിക്കുന്നില്ല. നിയമങ്ങള്‍ ഉണ്ടായതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. 'സമത്വം ഭരണഘടനയില്‍, അസമത്വം ഹൃദയത്തില്‍'- ഈ സ്ഥിതി മാറണം. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിയെടുക്കലാണ്. പ്രധാനം. അതില്‍ സ്ത്രീയും പുരുഷനും ഒന്നിച്ച് പ്രയ്തനിച്ചാലേ പറ്റൂ. അര്‍ദ്ധനാരീശ്വരന്മാരെപ്പോലെ; സ്ത്രീ പുരുഷന്റെ പ്രചോദനവും പുരുഷന്‍ സ്ത്രീയുടെ ശക്തിയുമാവണം.
    "പാതിയും പുമാന് പത്നിയെന്ന്
    വേദശാസ്ത്രാദിബോധമുള്ളോര്‍ചൊല്ലിടുന്നു;
    ആധിവ്യാധികളിലും പ്രീതിഭം ഔഷധം കേള്‍
    സ്വാധീനസഹധര്‍മ്മിണി....''
ദമയന്തി നളനോടു പറഞ്ഞവാക്കുകള്‍ ഓര്‍ക്കുക.

'മാനസീകമായും ശാരീരികമായും ആരോഗ്യമുള്ള ഒരു മനുഷ്യന്‍ വളര്‍ന്നുവരുന്നത് ഒരു സന്തുഷ്ട കുടുംബത്തില്‍ നിന്നാണ്...' ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ശ്രദ്ധിക്കുക : പെണ്‍കുട്ടികള്‍ ശാപ മാണെന്നു കരുതുന്ന കുടുംബത്തിലും സമൂഹത്തിലും എന്തു പുരോഗതിയാണ് പ്രതീക്ഷിക്കേണ്ടത്....?
"ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്നത് അയല്‍ക്കാരന്റെ പൂന്തോട്ടം നനക്കുന്നതിന് തുല്യ മാണ്...'' തെലുങ്കിലെ ഒരു പഴഞ്ചൊല്ലാണ്....!
വടക്കേ ഇന്ത്യയിലെ ചില ക്ളിനിക്കുകളില്‍ ഒരു പരസ്യംകാണാമത്രെ- "അമ്പതുരൂപ മുടക്കി അഞ്ചുലക്ഷം സമ്പാദിക്കൂ...'' അതായത്, അമ്പതുരൂപ മുടക്കി പെണ്‍ഭ്രൂണത്തെ നശിപ്പിച്ചാല്‍ ഭാവിയില്‍ സ്ത്രീധനമായ അഞ്ചുലക്ഷം ലാഭം....!
പെണ്‍കുഞ്ഞിനെ നാവില്‍ വിഷം പുരട്ടിയോ നെന്മണി വായിലിട്ടോ കൊല്ലുന്ന സമ്പ്രദായം തമിഴ് നാട്ടിലുണ്ടെന്ന് കേള്‍ക്കുന്നു.ഇഷ്ടസന്താനനേട്ടത്തിനുവേണ്ടി പെണ്‍കുട്ടികളെ ബലികൊടുക്കുന്ന സമുദായങ്ങള്‍ ഇപ്പോഴു മുണ്ടത്രെ.
    "യത്ര നാര്യസ്തു പൂജിന്തേ
    രമന്തേ തത്രഭേവതാ...''
എന്ന് വിശ്വസിക്കുന്ന ഭാരതീയരുടെ ഇടയിലാണ് ഈ സ്ത്രീഹത്യകള്‍ നടക്കുന്നത്. എന്നത് വിചിത്രമല്ലേ.'കാലനില്ലാത്ത കാലം'പോലെ നാരിയില്ലാത്ത കാലത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ...!
ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍പോലെയാണ് സ്ത്രീയും പുരുഷനും. അഥവാ ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍. ഒരു ചിറകില്ലാതെ പക്ഷിയ്ക്ക് പറക്കാനാവില്ല. സംസ്കാരസമ്പന്നകളായ സ്ത്രീ കളാണ് ഒരു നാടിന്റെ ഐശ്വര്യം. അടിമകളായ സ്ത്രീകളല്ല. എന്താണ് സ്ത്രീ സ്വാതന്ത്ര്യം  കൊണ്ട് ഉദ്ദേശിക്കുന്നത്...? സ്ത്രീമേധാവിത്വമാണോ...? അല്ലേ അല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ അംഗീകാരമാണ്. പൌരധര്‍മ്മം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമാണ് .
ഇന്ന് സ്ത്രീ വിമോചനം വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്.
ഫെമിനിസത്തിന്റെ പേരില്‍ സ്ത്രീകള്‍, 
വിശിഷ്യാ പെണ്‍കുട്ടികള്‍, 
അതിരുകടന്ന സ്വാതന്ത്ര്യം  കാട്ടുന്നത് ആപത്താണ്. 
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുഃശീലങ്ങള്‍ക്ക് 
 അടിമകളാകുന്നത് അപകടമാണ്. ഈ നിഷേധാത്മക സമീപനത്തിലൂടെ
 സ്ത്രീ-പുരുഷ സമത്വം നേടാനാവുകയില്ല. 
ഇത് ആര്‍ഷ സംസ്കാരത്തിനു ചേര്‍ന്നതല്ല. 
സ്നേഹവും സഹകരണവും വിട്ടുവീഴ്ചാമനോഭാവവുമാണ്
 കുടുംബജീവിതത്തിന് ആവശ്യം. അവകാശങ്ങള്‍ക്കുവേണ്ടി 
 വാദിക്കുമ്പോള്‍ കടമകള്‍ വിസ്മരിക്കരുത്. 
പുത്രി, സഹോദരി, ഭാര്യ, മരുമകള്‍, നാത്തൂന്‍, അമ്മ ..............
എന്നീ നിലകളിലുള്ള വ്യത്യസ്തമായ കടമകള്‍. 
 ഫെമിനിസത്തിന്റെ പേരില്‍ വീട്ടുകാര്യങ്ങള്‍ 
അവഗണിക്കുന്ന സ്ത്രീകള്‍ 
ശ്രീമതി ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ ഓര്‍ക്കുക.

"ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം 
മാതൃത്വംതന്നെയാണ് ജീവിത സാക്ഷാത്കാരം...''

അസംതൃപ്തമായ കുടുംബങ്ങളില്‍ നിന്നാണ് സാമൂഹ്യദ്രോഹികള്‍ വളര്‍ന്നുവരുന്നത്. കുടുംബ ജീവിത ത്തില്‍ പൊരുത്തക്കേടുകള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്. അഡ്ജസ്റ്റ് മെന്റിന് ആരും തയ്യാറല്ലാത്തതുകൊണ്ട് അണുകുടുംബങ്ങള്‍ സാര്‍വ്വത്രികമാകുന്നു. വൃദ്ധരായ മാതാപിതാക്കള്‍ അധികപ്പറ്റാകുന്നു. ഭാര്യാ-ഭര്‍തൃബന്ധവും പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. എവിടെയും 'ഈഗോ ക്ളാഷ്' ആണ്. നിസ്സാരകാര്യങ്ങള്‍ക്കാണ് ബന്ധം വേര്‍പെടുത്താന്‍ തയ്യാറാകുന്നത്. ഇതൊക്കെ കണ്ടും കേട്ടും വളരുന്ന കുട്ടികളുടെ ഭാവി എന്താകും. 

പാശ്ചാത്യരാജ്യങ്ങളിലെ 'ഡിസ്പോസിബിള്‍' സംസ്കാരം നമുക്ക് ചേര്‍ന്നതല്ല. ഭാരതസംസ്കാരം ഇതല്ല. നാം സീതയുടെ പാതിവ്രത്യത്തിലും, ശ്രീരാമന്റെ ജീവിതവിശുദ്ധിയിലും, അഭിമാനം കൊള്ളുന്നു. സംസ്കാരത്തിന്റെ പാഠം കുട്ടികള്‍ക്ക് ലഭിക്കേണ്ടത് വീട്ടില്‍ നിന്നാണ്. ധാര്‍മ്മിക ബോധമുള്ള, ദേശീയ ബോധമുള്ള, മനുഷ്യസ്നേഹമുള്ള ഉത്തമ പൌരന്മാരെ വളര്‍ത്തി യെടുക്കേണ്ടത് അമ്മമാരാണ്. ഭര്‍ത്താവിന്റെ വീട്ടുകാരെ അടിച്ചമര്‍ത്താനും ശത്രുക്കളെപ്പോലെ ആട്ടിയോടിക്കാനുമല്ല പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്, അവരെ സ്നേഹിക്കാനും സംരക്ഷി ക്കാനുമാണ്. മറ്റു സ്ത്രീകളെ സ്നേഹിക്കാനും ആദരിക്കാനുമുള്ള പരിശീലനമാണ് ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത്.

ധര്‍മ്മത്തിനും നീതിക്കുംവേണ്ടി നിലകൊണ്ടിരുന്ന 
ഭാരതസ്ത്രീത്വത്തിന്റെ പ്രതീകങ്ങളാണ് ദ്രൌപദിയും 
ഗാന്ധാരിയും. മഹാഭാരതയുദ്ധത്തില്‍ പാഞ്ചാലിയുടെ 
 മക്കളെയെല്ലാം അശ്വത്ഥാമാവ് വധിച്ചു എന്നറിഞ്ഞപ്പോള്‍ 
കോപകുലരായ ഭീമനും അര്‍ജ്ജുനനും അയാളെ വധിക്കാനൊരുങ്ങി.
 "പുത്ര വിയോഗത്താല്‍ ഞാന്‍ അനുഭവിക്കുന്ന ദുഃഖം 
അശ്വത്ഥാമാവിന്റെ മാതാവ് അനുഭവിക്കാന്‍ ഇടയാക്കരുത്...'' 
എന്നു പറഞ്ഞ് പാഞ്ചാലി അവരെ തടയുന്നു.

കുരുക്ഷേത്രയുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് അവരുടെ അനുഗ്രഹത്തിനായി ചെന്ന ദുര്യോധനനെ ഗാന്ധാരി ആശംസിച്ചത് ഇങ്ങനെയാണ്-

"യതോധര്‍മ്മ : സ്ഥതോ ജയ...''

എവിടെ ധര്‍മ്മമുണ്ടോ, 
അവിടെ വിജയം ഉണ്ട്.
 മാതൃദിനത്തില്‍ എല്ലാ 
അമ്മമാരുടെയും പ്രാര്‍ത്ഥനയും 
ആശംസയും ഇതായിരിക്കട്ടെ....!