അമ്പരന്നു നിന്ന ആ പുരുഷൻ

ഡോ. എസ്‌. ശാരദക്കുട്ടി


തകഴി
------ കഠിനമായ പൊരുത്തക്കേടുകളിൽ നിന്നാണ്‌` സംഘരഷഭരിതമായ സാഹിത്യത്തിന്റെ പിറവി. 
തകഴിയുടെ കൃതികളിലും, ഈ പൊരുത്തക്കേടുകളിലൂടേയാണ്‌ സഞ്ചരിച്ചത്. പുസ്തകങ്ങളിലൂടെയല്ലാതെ തകഴിയെ വായിക്കാൻ ശ്രമിച്ച മുഴുവൻ പേരേയും 
തകഴി ജീവിതം കൊണ്ട്‌ പരാജയപ്പെടുത്തി. യഥാർത്ഥത്തിൽ ആരാണ്‌ തകഴി ശിവശങ്കരൻപിള്ള?മലയാളി വായിച്ചതോ, മലയാളി കണ്ടതോ? 
ജന്മശതാബ്ദി വർഷത്തിൽ തകഴിയെ വായിക്കുന്നു.

"രണ്ടിടങ്ങഴി" എഴുതിയ കാലത്തെ തകഴിയല്ല ഏണിപ്പടികളും, ചുക്കും, ചെമ്മീനും എഴുതുന്നത്‌. മാനുഷികമായ എല്ലാ ദൗർബ്ബല്യങ്ങളോടും കൂടി മനുഷ്യനെ സമീപിക്കാനുള്ള മാനസികവികാസവും, സർഗ്ഗാത്മക സത്യസന്ധതയും തകഴിയിൽ അപ്പോഴേക്കും കൈവന്നിരുന്നു.

എഴുത്തുകാരൻ കഥാപാത്രങ്ങളുടെ മൊറാലിറ്റി തീരുമാനിക്കരുത്‌. 
വിധിനിർണ്ണയം നടത്തരുത്‌. വികാര വിചാരങ്ങളും സ്വപ്നങ്ങളും 
വെളിപ്പെടുത്താനേ പാടുള്ളു എന്നും ബാക്കിയെല്ലാം വായന ക്കാർക്കു വിട്ടുക്കൊടുക്കണമെന്നുമൊക്കെ തകഴിയും പഠിച്ചുകഴിഞ്ഞിരുന്നു. 
എഴുത്തുകാർ കഥാ പാത്രങ്ങളുടെ ആഗ്രഹത്തിന്‌ ശബ്ദം കൊടുക്കുമ്പോൾ , 
ആ ആഗ്രഹത്തിന്‌ വൈകാരികമായ സംവേദന ക്ഷമതയുണ്ടോ, 
സാധുതയുണ്ടോ, സാമൂഹിക നീതി പ്രവർത്തിക്കുന്നുണ്ടോ എന്നൊക്കെ വായനക്കാർ പരിശോധിച്ചുകൊള്ളുമെന്ന്‌ തകഴി വിശ്വസിച്ചു.


കൂർമ്മബുദ്ധിയും, സൂക്ഷ്മദൃഷ്ടിയും കുതന്ത്രങ്ങളും വശമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്ന കേശവപ്പിള്ള എന്ന കഥാപാത്രത്തിന്‌ പക്ഷേ, നാട്ടിൻപുറത്തുകാരിയായ ഭാര്യ കാർത്ത്യായിനിയമ്മ എന്ന സാധാരണസ്ത്രീയുടെ ഹൃദയത്തിനകത്തോളം ഒന്ന്‌ ആഞ്ഞിറങ്ങുവാൻ കഴിയാതെ പോയി. തന്റെ രഹസ്യകഥകൾ എല്ലാം അറിഞ്ഞതിന്റെ മ്ലാനത ഭാര്യയുടെ മുഖത്തുണ്ടോ എന്നറിയാൻ ആഹ്ലാദ ത്തിന്റെ കയങ്ങളിലേക്ക്‌ ഒന്നിറങ്ങിച്ചെല്ലാൻ അയാൾ ശ്രമിക്കുമ്പോഴേക്കും അവരുടെ തീക്ഷ്ണമായ നോട്ടങ്ങൾക്കു മുന്നിൽ, അപ്രതീക്ഷിതമായ നീക്കങ്ങൾക്കും നിലപാടുകൾക്കും മുന്നിൽ അയാൾ തളരുകയാണ്‌. അങ്ങനെ ഭാര്യ ഒരു പെരും രഹസ്യമായി അയാൾക്കു മുന്നിൽ..... സ്ത്രീകൾ അവർക്ക്‌ പറയാനുള്ളത്‌, പറയാതെ പറയുന്ന ആ പ്രത്യേക രീതി ലോകാ വസാനത്തോളം ഒരു പുരുഷനും പിടികിട്ടുകയില്ല. പരാജയം സമ്മതിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ ഏതു പുരുഷനും എടുക്കുന്ന ആജ്ഞാശക്തിയെടുത്താണ്‌ അയാൾ അവിടേയും തടി രക്ഷിക്കുന്നത്‌. ഭർത്താവിന്റേയും ഉദ്യോഗസ്ഥന്റേയും അധികാരം അങ്ങനെ അശക്തന്റെ അവസാനായുധം ആകുന്നു. തകഴിയുടെ പുരുഷന്മാർ പലപ്പോഴും തങ്ങളോടിടപെടുന്ന സ്ത്രീകളുടെ മുന്നിൽ ":ഇവളാരമ്മാ" എന്ന മട്ടിൽ ഒരു പിടിയും കിട്ടാതെ അമ്പരന്നു നിന്നുപോകുന്നുണ്ട്‌.

.
 തകഴി യഥാർത്ഥജീവിതത്തിൽ നല്ല ഭർത്താവായിരുന്നോ ഇല്ലയോ
എന്നത്‌ മലയാളിയുടെ പ്രശ്നമല്ല.
പക്ഷേ, മലയാളി അറിയുന്ന തകഴി ഒരു മാതൃകാഭർത്താവായിരുന്നു.
കാത്തയ്ക്കു തകഴിയുടെ മനസ്സിലും ശങ്കരമംഗലത്തെ പൂമുഖത്തും ഉണ്ടായിരുന്ന സ്ഥാനം മലയാളിയുടെ മനസ്സിലും ഉണ്ടായിരുന്നു.
ഇരുപത്തിനാലു മണിക്കൂരൂം ആ "കാത്തേ" എന്ന വിളി ശങ്കരമംഗലത്ത്‌ മുഴങ്ങിയിരുന്നു. പുസ്തകങ്ങളിലൂടെയല്ലാതെ എഴുത്തുകാരനെ വായിക്കരുതെന്ന്‌ ടി.എസ്‌. എലിയട്ട്‌ പറഞ്ഞതിനെ അങ്ങിനെ തകഴി സാധൂകരിക്കുന്നു.
എഴുത്തുകാരുടെ ജീവിതത്തിലേക്ക്‌ മണ്ണുമാന്തിയുമായി കടന്നുചെന്ന്‌
അവർ എഴുതുന്നതൊക്കെ പ്രാവർത്തികമാക്കുന്നുണ്ടോ
എന്ന്‌ അടിത്തറ മുതൽ പൊളിച്ചുനോക്കുകയും ,
കുരിശിൽ കയറ്റി പരസ്യവിചാരണ നടത്തുകയും ചെയ്യുന്നവരുടെ
മൂഢവിശ്വാസങ്ങളേയും കൂടിയാണ്‌` തകഴി സ്വന്തം ജീവിതം കൊണ്ട്‌ പൊളിച്ചെ ഴുതിയത് .'ധാർമ്മികന്മാരെ ഇവരുടെ ശബ്ദം നിങ്ങളുടെ കാതിലും അലച്ചിരിക്കും .

- (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  ഡോ. എസ്.ശാരദക്കുട്ടി എഴുതിയ   ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ )