വര്‍ഷമുകിലുകളും കൃഷ്ണപക്ഷവും-ഇന്ദിരാ ബാലന്റെ കവിതകളിലൂടെ ഒരാസ്വാദകന്റെ മാനസസഞ്ചാരം


കണ്ണനല്ലൂർ അബൂബക്കർ

കലുഷഭരിതമായ ജീവിതത്തിന്റെ കയ്പ്പുരസം കുടിച്ച്‌ കശർത്ത മനസ്സിൽ നിന്ന്‌ ജീവൻ വെച്ച ചിന്തകളാണ്‌ ഇന്ദിരാബാലന്റെ കവിതകൾ. ഇത്‌ ഞാൻ പറയുന്നതല്ല. കവയിത്രി തന്നെ പറയുന്നതാണ്‌. കഥയ്ക്കും കവിതയ്ക്കും സാഹിത്യ ത്തിനുമെല്ലാം ജീവിതത്തിൽ നിന്നാണ്‌ പ്രമേയം കൈക്കൊള്ളാനുള്ളത്‌.

കവിതയുടെ പ്രമേയം ജീവിതസ്പർശിയാകണമെന്നും , അനുവാചകഹൃദയത്തിൽ ആഞ്ഞുകൊള്ളണമെന്നും മനസ്സിലാക്കി രചന നടത്തുന്ന യുവകവയിത്രിയാണ്‌ ഇന്ദിരാബാലൻ. 
മറ്റു സാഹിത്യശാഖകളിൽ നിന്ന്‌ വ്യത്യസ്തമായി ധാരാളം കവിതാപുസ്തകങ്ങൾ വർഷം തോറും പുറത്തിറങ്ങുന്നുണ്ട്‌. ധാരാളം കവികൾ മലയാളത്തിൽ ഉയർന്നു വരുന്നു.
 ഇതിൽ അസഹിഷ്ണുതപ്പെടേണ്ടതില്ല. 

കാരണം മലയാളം പദങ്ങൾ കണ്ടെത്തുന്നതും സംരക്ഷിക്കുന്നതും കവിതകളിലാണ്‌. പക്ഷേ, പ്രശനമതല്ല. എത്ര പേർ കവിത വായിക്കുന്നു? അണ്ടർസ്റ്റാന്റിംഗ്‌ പോയട്രി (കവിത മനസ്സിലാക്കൽ) എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ജെയിംസ്‌ റിവ്സ്‌ പല സമൂഹങ്ങളിലുള്ള 20 അഭ്യസ്തവിദ്യരോട്‌ "കവിത വായിക്കാറുണ്ടോ" എന്നു ചോദിച്ചു. വെറും ആറുപേർ മാത്രമാണ്‌ അവരിൽ കവിത വായിക്കാറുണ്ടെന്നു പറഞ്ഞത്‌. അതിൽ നാലുപേർ വല്ലപ്പോഴും വായിക്കുന്നവരാണ്‌. യാത്രയിൽ പോലും പുസ്തകങ്ങൾ കരുതാറുള്ള ഇംഗ്ലീഷുകാരോടാണ്‌ ഈ അന്വേഷണം എന്നോർക്കണം.

വായന ശീലമാക്കിയിട്ടുള്ളവരിൽ കവിത വായിക്കുന്നവർ ചുരുക്കമാണ്‌. ഒരു പക്ഷേ കവിതയുടെ രൂപം അവരെ മടുപ്പിക്കുന്നുണ്ടാവാം. കവിതയെ ഗദ്യമാക്കിക്കൊടുത്താൽ ഏറെയാളുകൾ വായിക്കും. രാമായണവും, മഹാഭാരതവും ,ഇലിയഡ്ഡും,ഒഡ്ഡീസ്സിയും തുടങ്ങിയ ഇതിഹാസകൃതികളെല്ലാം തന്നെ പദ്യരൂപത്തിലാണ്‌ വിരചിക്കപ്പെട്ടത്‌. സാഹിത്യത്തിന്റെ ആദ്യരൂപം തന്നെ കവിതയാണ്‌. നമ്മുടെ മഹാകവികളുടേ കവിതകൾ വായിക്കാനും ആസ്വദിക്കാനും കേട്ടു രസിക്കാനും ആളുകളുണ്ട്‌. കവിത കവിതയായി രചിക്കണം. ഗദ്യമെഴുതി ഇത്‌ കവിതയാണെന്ന്‌ പറഞ്ഞാൽ വായിക്കാനാളുണ്ടാവില്ല.

"കാവ്യം സുഗേയം കഥ രഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ   ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തു വേണം!
(തോണിയാത്ര-വള്ളത്തോൾ)

വള്ളത്തോളിന്റെ ഈ പദ്യത്തിൽ കവിത പെയ്തിറങ്ങുകയാണ്‌.

ഇന്ദിരാബാലന്റെ കവിതാ സമാഹാരങ്ങളായ കൃഷ്ണപക്ഷവും, വർഷമുകിലുകളും ഒരാവർത്തി വായിച്ചു. ചില കവിതകൾ ഒന്നിലധികം തവണ വായിക്കുകയും ചെയ്തു.കൃഷ്ണപക്ഷം 2004 ലും വർഷമുകിലുകൾ 2009ലുമാണ്‌ പ്രസിദ്ധീകരിച്ചതു. പ്രസിദ്ധീകരണവർഷം നോക്കുമ്പോൾ മൂപ്പ്‌ കൃഷ്ണപക്ഷത്തിനാണ്‌ എന്നെനിക്കു തോന്നുന്നു. 
ആദ്യ രചനകൾ ആദ്യം പ്രസിദ്ധീകരിക്കുക എന്ന രീതിയല്ല കവയത്രി അനുവർത്തിച്ചെന്ന്‌ ഞാൻ അനുമാനിക്കുന്നു. അങ്ങനെ പറയാൻ കാരണം വർഷമുകിലുകളിലെ കവിതകളേക്കാൾ കൃഷ്ണപക്ഷത്തിലെ ഏതാനും കവിതകള്‍ ശിൽപ്പഭംഗിയിലും,താളത്തിലും, ഛന്ദസ്സിലും മുന്നിട്ടു നിൽക്കുന്നു. കൃഷ്ണപക്ഷം എന്ന കവിതാസമാഹാരത്തിൽ 18 കവിതകളും വർഷമുകിലുകളിൽ 61 കവിതകളുമുണ്ട്‌. ഞാൻ ആദ്യം വായിക്കാനെടുത്തത്‌ വർഷമുകിലുകളാണ്‌.


ഒഴുകിവരുന്ന സ്നേഹാക്ഷരത്തിന്റെ വൈഖരി ഇന്ദിരയുടെ കവിതകളിൽ പലതിലും തഴുകി താലോലിക്കുന്നത്‌ വായനയിൽ അനുഭവപ്പെടുന്നു.

നഗരക്കാഴ്ച്ചകൾ എന്ന കവിത മതവൈരത്തിന്റേയും,
ഹിംസാത്മകപുതുസംസ്ക്കാരത്തിന്റേയും നേരേയുള്ള
 ഒരെഴുത്തുകാരിയുടെ രോഷം വെളിവാക്കുന്നു.
"ചമയങ്ങളില്ലാതൊരു
  മുഖങ്ങളുമാടുവതില്ലീയരങ്ങിൽ"
 എന്നാണ്‌ കവി മൊഴിയുന്നത്‌.
കൊലയാളിയും ഭീരുവാണ്‌.
ഞാനാണ്‌` കൊന്നതെ ന്ന്‌ പറയാൻ മടിക്കുന്നതുകൊണ്ടാണല്ലോ അയാൾ മുഖം മൂടി  അണിയുന്നതും, ഒളിവിൽപ്പോകുന്നതും,
മദമാൽസര്യത്തിന്റെ പോർവി ളി മുഴങ്ങുന്ന നാട്ടിൽ ശാന്തിമന്ത്രവും സത്യഗർജ്ജനവും മുഴക്കി ധർമ്മത്തിന്റെ സ്വർണ്ണകഞ്ചുകമണിയാൻ ലോകത്തോട്‌ കവി വിളിച്ചുപറയുന്നു.
 ഇവിടെയാണ്‌ കവികൾ മനുഷ്യകഥാനുഗായികളാകുന്നത്‌.

വർഷമുകിലുകൾ എന്ന കവിത പ്രകൃതിയോടുള്ള കവിയുടെ അദമ്യമായ ആരാധന വെളി പ്പെടുത്തുന്നു.കാനനങ്ങൾ, കാട്ടരുവികൾ, മരങ്ങൾ, നക്ഷത്രങ്ങൾ, കാറ്റ്‌, മഴ, മഞ്ഞ്‌, മേഘം, ലത, പുഷ്പം, വാനമ്പാടി, ഇവയിലെല്ലാം റൊമാന്റിക്‌ മനുഷ്യധർമ്മങ്ങൾ കവികൾ സങ്കൽപ്പിക്കാറുണ്ട്‌. കലയുടേയും, പാട്ടിന്റേയും, താളമേളങ്ങളുടേയും കാഞ്ചനചിലങ്ക കിലുങ്ങിയാടുന്ന കവയിത്രിയുടെ മനസ്സിൽ കവിതയുടെ വർഷമുകിലുകൾ പെയ്തിറങ്ങുന്നു.

കനവിൽ വന്ന അച്ഛൻ എന്ന കവിത വായിക്കുമ്പോള്‍  നമ്മുടെ കണ്ണുകളും നനയും. അത്‌ രചന യുടെ ഭംഗി കൊണ്ടാണ്‌. കുന്നിമണികൾ എന്ന കവിത നൽകുന്ന അനുഭൂതിയും വേർപാടിന്റെ ദുഃഖമാണ്‌.

സംസ്ക്കാരമൂല്യങ്ങൾ തമസ്ക്കരിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിൽ
ആൾദൈവങ്ങൾ ഉറഞ്ഞുതുള്ളി മതം വാണിജ്യ
വൽക്കരിക്കപ്പെടുന്നതിനോടുള്ള അമർഷം
രേഖപ്പെടുത്തുന്ന കവിതയാണ്‌ അടയാളം. 
യാജ്ഞസേനിയെന്ന കവിത പുരുഷാധികാരത്തിൽ
വഞ്ചിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ വിചാരണയാണ്‌.
യാജ്ഞസേനിയായ പാഞ്ചാലിയെ അവതരിപ്പിച്ച്‌
പുരാണത്തിലെ സ്ത്രീനായികമാർക്ക്‌ നേരിടേണ്ടി വന്ന അപമാനങ്ങളിൽ വിരൽ ചൂണ്ടി സുദർശനചക്രത്തെ പോലും വിശ്വസിക്കാനാവില്ലെന്നും
അതുകൊണ്ട്‌ സ്ത്രീയെ നിനക്കു രക്ഷ നീ മാത്രമെന്നും
സ്ത്രീ സമൂഹത്തോട്‌ കവി വിളിച്ചുപറയുന്നു.


അകാലത്തിൽ പൊലിഞ്ഞ കലാമണ്ഡലം ഹൈദരാലിക്കുള്ള ആദരാഞ്ജലിയാണ്‌ "ഹാ ഹാ കരോമി  "എന്ന മനോഹര കവിത. 

"മന്നിലാരോടും യാത്ര പറയാതെ പടിയിറങ്ങിയോ
മുറുകുന്നു കരളിലെ ഇലത്താളം
അസ്വസ്ഥമായിരമ്പും മഹാസഗരത്തി-
ന്നോളമാവതോ"ഹാ ഹാ കരോമി"

സംഗീതസാന്ദ്രമാണ്  ഈ വരികൾ. കഥകളിസംഗീതം കലാസപര്യയായി സ്വീകരിച്ചതു യാഥാ സ്ഥിതികരായ സ്വന്തം സമുദായക്കാരിൽ ചിലർക്ക്‌ ഇഷ്ടപ്പെട്ടിരുന്നില്ല. ഹൈദരാലി അതൊന്നും കൂട്ടാക്കിയിരുന്നില്ല. കഴിവുകളാകട്ടെ വിസ്മയാർഹവും. കഥകളിയാചാര്യനായ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകളായ കവിക്ക്‌ ഹൈദരാലി സുപരിചിതനും. കവി മനസ്സ്‌ വേദനിക്കുന്നതിന്‌ വേറെന്തു കാരണമാണ് ` വേണ്ടത്‌? അവർ പാടി-

"പ്രതിരോധക്കടമ്പകളേറി കടന്നു
സ്വസമുദായത്തിന്നഭിമാനപാത്രമായ്‌
സംഗീതകൽപ്പതരുവായ്‌
വിരാജിച്ച ഗന്ധര്‍വ ഗായകാ......... "

വേദനിക്കുന്നവരുടേയും, ഒറ്റപ്പെടുന്നവരുടേയും കണ്ണുനീരൊപ്പാനും സാന്ത്വനപ്പെടുത്താനും കവയിത്രി കാണിക്കുന്ന ഔൽസുക്യം ഒരു ആക്റ്റിവിസ്റ്റിന്റെ റോളു കൂടി വഹിക്കുന്നതു കൊണ്ടാകാം. ഉദാഹരണം "തെരുവ്‌ "എന്ന കവിത.

നന്മകളാൽ സമൃദ്ധമായ ഗ്രാമത്തിൽ നിന്ന്‌ പോയതിൽ കവയത്രിക്കുള്ള ദുഃഖം കവിതകളിൽ പലതിലും നമുക്കനുഭവപ്പെടും. ക്ഷോഭവും, വിഹ്വലതയും, നിഗൂഢമായെങ്കിലും കവിമനസ്സിൽ ഗൃഹാ തുരമായി കുടി കൊള്ളുന്നു.

പുഞ്ചിരിക്കു പിന്നിൽ പതിയിരിക്കുന്ന കുടിലതയെ "അവൾ "എന്ന കവിത അനാവരണം ചെയ്യുന്നു. അപമാനിതമാകുന്ന സ്ത്രീത്വമാണ്‌ " ഗുരുപവനപുരേശ "എന്ന കവിത വെളിവാക്കുന്നത്‌.

"മന്ഥരയും, കണ്ണകിയും" എന്ന കവിതകൾ ചതിയുടേയും, പ്രതികാരത്തിന്റേയും കഥാസൂചന നൽകുമ്പോള്‍  പദയാത്രകള്‍  കുറഞ്ഞതു മൂലം പണിയില്ലാതായ ചെരുപ്പുകുത്തികളുടെ കഥയാണ്‌` "ചെരുപ്പുകുത്തി". "പ്രചണ്ഡതാളവും, വിരഹമുരളിയും"  ഭേദപ്പെട്ട കവിതകൾ തന്നെ. കഥകളിച്ചിത്രങ്ങൾ ഇന്ദിരയുടെ പല കവിതകളിലും കാണുന്നു. കവിമനസ്സിന്റെ കളിയരങ്ങിൽ അവ എപ്പോഴും ചുവടുവെക്കുന്നുണ്ടാവാം.

"അമ്മയുടെ തൃപ്പാദങ്ങളിലേക്ക്‌ "എന്ന കവിതയിൽ പൂർണ്ണത കൈവരിച്ച കവിയെ കാണാം.

"ഏതേതു ഭാവരുചിരസങ്കീർത്തനം
മന്ദസമീരൻ തഴുകുമീ കീർത്തനം  
ആരോഹണമായ്‌ അവരോഹണമായ്‌ 
പാടുന്നു ഞാനമ്മേ നിന്‍ നടയിൽ"

പ്രൊ.ചിത്രയുടെ വിലയിരുത്തലിനോട്‌ ഞാനും യോജിക്കുന്നു. വിട്ടുമാറാത്ത ശോകച്ഛവി കവിത കളിൽ തങ്ങിനിൽക്കുന്നുണ്ട്‌. സാധാരണയിൽ കവിഞ്ഞ ശക്തിവിശേഷമുള്ള ഇന്ദിരയുടെ പെൺമനസ്സ്‌ ചതിക്കുഴികൾ നിറഞ്ഞ നഗരജീവിതത്തെ ഇഷ്ടപ്പെടുന്നില്ല. സ്ത്രീയെ അബല യായും ചപലയായും കാണുന്ന പുരുഷാധിപത്യത്തെ പാഞ്ചാലിയുടെ കൗശിക ഖഡ്ഗത്തിന്റെ ശക്തി കാട്ടിക്കൊടുക്കാൻ കവിതകളിലൂടെ ഇന്ദിര സ്ത്രീസമൂഹത്തെ ആഹ്വാനം ചെയ്യുന്നു.

കൃഷ്ണപക്ഷത്തിലെ കവിതകൾ വർഷമുകിലുകളിലെ കവിതകളിൽ നിന്നും വേറിട്ടു നിൽക്കുന്നതായിത്തോന്നി. ക്രാഫ്റ്റിൽ മേന്മയാണ് കണ്ടത്‌. പല തവണ വായിക്കുകയും, തിരുത്തു കയും ചെയ്തിട്ടുള്ള അനുഭവം . മിക്ക കവിതകളും ഭാവഗീതങ്ങളാണ്‌. ഭാവഗീതം ആത്മാവിന്റെ ഭാഷയാണ്‌. അതായത്‌ മനുഷ്യമനസ്സിലെ മൗലികഭാവങ്ങൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്ത പ്പെടുത്തി അനുയോജ്യമായ സന്ദർഭങ്ങളിൽ ശക്തമായി ഏകാഗ്രമായി പ്രതി ധ്വനിപ്പിക്കുകയാണ്‌ ഭാവഗീതങ്ങളുടെ കർത്തവ്യം. കല്യ്ക്കോ, അലങ്കാരങ്ങൾക്കോ വർണ്ണന കൾക്കോ ഭാവഗീത ത്തിൽ സ്ഥാനമില്ല. കൃഷ്ണപക്ഷത്തിലെ കവിതകളിൽ ഭാവഗീതത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രതീക്ഷിക്കുന്നത്‌ കടന്ന കയ്യായിരിക്കും. എന്നാൽ " വിഷാദസന്ധ്യകള്‍ " എന്ന കവിത വായിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും  വിഷമസന്ധികളും  ജീവിതാന്ത്യത്തിലെ വിഷാദനിമിഷങ്ങളും ഒരു വെള്ളിത്തിരയിലെന്ന പോലെ മിന്നിമറയുന്നു. അധികതുംഗപഥത്തിൽ ശോഭിച്ചിരുന്ന ഒരു പ്രതിഭാധനന്റെ അന്ത്യനിമിഷങ്ങൾ കണ്ട്‌ ജീവിതത്തിന്റെ കേവലതയെ ഓർത്ത്‌ കവി വിലപിക്കുന്ന ചിത്രം മനോഹരമായി വരച്ചുചേർത്തിരിക്കുന്നു.

"കൃഷ്ണപക്ഷത്തിലെ മറുക്‌, ജന്മമണ്ണിന്റെ സ്മൃതികളിൽ,
അപൂർണ്ണരാഗങ്ങൾ, നർത്തകി, ജൽപ്പനങ്ങൾ,"
ഇതിലെല്ലാം കവിതയുണ്ട്‌.
 ഇവ പൂർണ്ണതയ്ക്കു കേഴുന്ന കവിയുടെ
ആദ്യ  ശിൽപ്പങ്ങളാണെന്നു മാത്രം!

ബലി കൊടുത്തു പുണ്യം നേടാനുള്ള മനുഷ്യമനസ്സിന്റെ ഒഴിയാത്ത അന്ധ വിശ്വാസ ബാധ ക്കെതിരെയുള്ള പ്രഖ്യാപനമാണ്‌ "ബലി" എന്ന കവിത. ആരാലും ശ്രദ്ധിക്കപ്പെടാത്ത മനുഷ്യരും, ജീവിതത്തിലെ ദൈന്യതയും കവിയെ നോവിക്കുന്നു. ചുറ്റും കാണുന്ന മനുഷ്യരെ  നിരീക്ഷിച്ചും, വിചാരപ്പെട്ടും ആ മനസ്സ്‌ സഞ്ചരിക്കുന്നത്‌ കൃഷ്ണപക്ഷത്തിലെ കവിതകളിൽ കാണാം. കള്ള ക്കർക്കടകമെന്നും , പഞ്ഞമാസമെന്നും പേരുള്ള രാമായണമാസത്തിൽ കണ്ട മുത്തശ്ശി കിടക്കുന്ന തിണ്ണയും, കൂരയ്ക്കുള്ളിൽ ചുമച്ചു തുപ്പുന്ന മകന്റെ ശബ്ദവും കണ്ണീരിന്റേയും കഷ്ടപ്പാടുകളുടേയും ചിത്രം കവി കോറിയിടുന്നു. പൂമുഖപ്പടിയിൽ കുഴിഞ്ഞ കണ്ണുകളുമായി കണവന്റെ കാലൊച്ച കേൾ ക്കാൻ കാതോർത്തിരിക്കുന്ന കപ്പൽ ക്യാപ്റ്റന്റെ ഭാര്യ    മറ്റൊരു ദൈന്യചിത്രമാണ്‌.

ഏതു കവിയുടേതായാലും എല്ലാ കവിതകളും എല്ലാവർക്കും മനസ്സിലാകണമെന്നില്ല. എങ്കിലും ചില അനുഭൂതികൾ നമുക്കു ലഭിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോബർട്ട്‌ ലോവൽ എന്ന പ്രശസ്തനായ അമേരിക്കൻ കവി പറയുന്നത്‌ നോക്കു- "കവിത എഴുതാൻ തുടങ്ങുമ്പോൾ പലപ്പോഴും കവിയുടെ പക്കൽ കുറച്ചു രൂപകൽപ്പനകളും ആദ്യാവസാനങ്ങളുടെ ഒരന്തർബോധവും മാത്രമേ ഉണ്ടായിരിക്കു. ഇതിന്റെ ഇടയിലുള്ള ഒരു പര്യടനം നിർവ്വഹിക്കാനുമുണ്ടെന്നറിയാം. പക്ഷേ, ഇടയിലുള്ള വിശദാംശങ്ങളൊന്നും നിശ്ച്ചയമില്ല. എങ്കിലും കവിത ഉരുത്തിരിഞ്ഞുവരുമെന്ന്‌ ഒരു തോന്നൽ. പിന്നെ ഭയങ്കരമായ അന്തഃസമരമാണ്‌. നിങ്ങളുടെ അനുഭൂതിക്ക്‌ രൂപം ലഭിച്ചിട്ടില്ല. അതു കവിതയിൽ പകർത്തി വെയ്ക്കാവുന്ന മട്ടിലായിട്ടില്ല. നിങ്ങൾ സജ്ജമാക്കിയതിൽ വലുതാ യൊന്നുമില്ലെന്നു പോലും തോന്നുന്നു. അപ്പോൾ ആ അനർഘനിമിഷം വന്നെത്തുന്നു. നിങ്ങളുടെ സാങ്കേതിക സിദ്ധിക്കും നിർമ്മാണ കൗശലത്തിനും കാവ്യസങ്കൽപ്പത്തിനും പെട്ടെന്നു ഫലപ്രാപ്തി ഉണ്ടാകുന്നു. നിങ്ങൾക്കു പറയാനുള്ളതു പറഞ്ഞുവെന്നു തോന്നുന്നു."

ഇന്ദിരയുടെ വർഷ മുകിലുകളിലേയും, കൃഷ്ണപക്ഷത്തിലേയും കവിതകളെല്ലാം
 ഇങ്ങനെയാണ്  ജനിച്ചതെന്ന്‌ പറയുന്നില്ല. 
പക്ഷെ, ഭാവഗീതങ്ങളുടെ കാര്യത്തിലെങ്കിലും ഇങ്ങനെ സംഭവിച്ചിരിക്കാം.
 കവിത ജീവിത വിമർശനമാണെന്ന  മാത്യു ആർനോള്‍ഡിന്റെ അഭിപ്രായം 
ഇന്ദിരയ്ക്കു യോജിക്കും. 
മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും ഇന്ദിരയിൽ നിന്നും 
വിലപ്പെട്ട കൃതികൾ ലഭിക്കുമെന്ന്‌ ഉറപ്പാക്കാം.