ചെത്തിക്കോരിക്കളഞ്ഞാലും
മുളക്കും കാട്ടുപുല്ലുകള്‍
മുറ്റത്ത് കാടു കെട്ടുമ്പോള്‍
ചൊടിച്ചു സഹധര്‍മ്മിണി
മുറ്റം ചെത്തി മടുത്തു ഞാന്‍
വയ്യ, പുല്ലു പറിക്കുവാന്‍
കുടുംബ പ്രശ്നമായിത്തീര്ന്നി-
തന്നു തൊട്ടു മുറ്റം പണി
ഒടുക്കം മുറ്റം നന്നാക്കാന്‍
കരാറായ് ,പണി ഭംഗിയായ്
സിമന്റും കട്ടയും കല്ലു -
മൊതുക്കീ കാട്ടുപുല്ലിനെ
ഒരുനാള്‍ നല്ല മുറ്റത്തൂ -
ടലസം ഞാനുലാത്താവേ
കട്ട തന്നിളുമ്പില്‍ കൂടി
തല നീട്ടുന്നു പുല്ലുകള്‍
കാലില്‍ കെട്ടിപ്പിടിക്കുന്നു
പിന്നെയും കാട്ടുപുല്ലുകള്‍
'സോദരാ ' മണ്ണില്‍ നിന്നു ഞാന്‍
നിന്നെ വിട്ടെങ്ങു പോകുവാന്‍!
താഴെയപ്പോള്‍ കാല്‍ച്ചുവട്ടില്‍
സര്‍വം സഹ പിടഞ്ഞുവോ !
അക,ത്താദി മനുഷ്യന്റെ
കരളില്‍ കാടിരമ്പിയോ !