![]() |
ലക്ഷ്മി മേനോന്‍
|
വളരെ പാടുപെട്ടാണ് സതിയ്ക്ക് ഒരു
പ്രൈവറ്റ് ആഫീസിൽ ജോലി കിട്ടിയത്.അച്ഛന് പരിചയമുള്ള ഒരാൾ കൈക്കൂലി കൊടുക്കേണ്ടി
വന്നു. എന്നാലും സ്ഥിരമായതും തെറ്റില്ലാത്തൊരു ജോലിയും ആണല്ലോ എന്നോർത്താണ് അച്ഛൻ
അതിനു തുനിഞ്ഞത്.തന്നെ ഡിഗ്രി വരെ പഠിപ്പിച്ചത് വെറുതേയായില്ലല്ലൊ.
ഒരു ദിവസത്തെ ലീവു കഴിഞ്ഞ ചൊവ്വാഴ്ച്ച ആഫീസിൽ പൊയപ്പോൾ മേഴ്സി
ചോദിച്ചു.
“എന്തു പറ്റി സതിക്ക്?മുഖത്തൊരു പ്രസാദമില്ലല്ലൊ”
ഏയ്....എനിയ്ക്കൊന്നുമില്ല. മേഴ്സിക്കു തോന്നിയതാവും“ പുഞ്ചിരിച്ചുകൊണ്ട്
സതി ഒഴിഞ്ഞുമാറി.
മേഴ്സി മാത്രമാണ് അവളുടെ അടുത്ത കൂട്ടുകാരി. എല്ലാ
രഹസ്യങ്ങളും പരസ്പരം പങ്കിടുന്നതാണ്, എന്നിട്ടും ഇന്നലെ വന്ന ചെറുപ്പക്കാരന്റെ
കാര്യം പറയാൻ അവൾക്കു തോന്നിയില്ല. ഈ ആലോചനയും നടക്കില്ലെന്ന് സതിയ്ക്കറിയാം.
പിന്നെ എന്തിനാണ് അതിനെപ്പറ്റി പറഞ്ഞ് സ്വയം വിലയിടിക്കുന്നത്. മേഴ്സിക്ക്
തന്നോട് അനുകമ്പ തോന്നും. അതിലും ഭേദമല്ലെ അവളോട് പറയാതിരിക്കുന്നത്.
സൌന്ദര്യദേവത നല്ലതുപോലെ കടാക്ഷിച്ച മേഴ്സിയെ സ്നേഹിക്കാൻ അവൾക്കൊരു
കാമുകനുണ്ട്. ജോയി. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം ഇതുവരെ മേഴ്സിയുടെ അപ്പന്റെ
കാതിൽ ആ ബന്ധം എത്തിച്ചിട്ടില്ല.
അടുത്തുള്ള ഫാക്ടറിയിൽ ഫോർമാനായി ജോലി
ചെയ്യുന്ന ജോയിക്ക് എത്രയും വേഗം മേഴ്സിയെ വിവാഹം ചെയ്യണമെന്നുണ്ട്. പക്ഷേ മേഴ്സി
സമ്മതം മൂളുവാൻ അമാന്തിക്കുകയാൻ`. വിവാഹാനന്തരം തന്റെ ശമ്പളം മുടങ്ങുമ്പോൾ
ആറംഗമുള്ള തന്റെ കുടുംബത്തിന്റെ സ്ഥിതി എന്താകുമെന്ന് ഓർത്താണ് മേഴ്സി
നീട്ടിക്കൊണ്ടുപോകുന്നത്. പ്രീഡിഗ്രിക്കു പഠിക്കുന്ന അനിയന് ഒരു ജോലി ലഭിച്ചശേഷമേ
അവൾക്ക് അപ്പനോട് തന്റെ പ്രണയരഹസ്യം അറിയിക്കുവാൻ പറ്റുകയുള്ളു. അതിനിനിയും കുറെ
കാലം കൂടി കാത്തിരിക്കേണ്ടി വരും.
നിത്യവും മേഴ്സിയും, ജോയിയും
ഉച്ചഭക്ഷണത്തിനു ശേഷം ഒന്നിച്ചു ചേരും. വൈകുന്നേരവും മേഴ്സിയുടെ ബസ്സു വരുന്നതുവരെ
ജോയി സൈക്കിളുമായി അവളെ അനുഗമിക്കും.
മെഴ്സി-ജോയിമാരുടെ പ്രേമം കാണുന്നത്
തന്നെ കണ്ണിന് കുളിരേകുന്നതാണ്.
ബസ്സിറങ്ങി മേഴ്സിയോട് യാത്ര പറഞ്ഞ്
സതി നടക്കുകയായിരുന്നു. സാരിയും പൊക്കിപ്പിടിച്ച് , ചന്നം പിന്നമായി പെയ്യുന്ന
മഴയിലൂടെ , കുടയും നിവർത്തി നടക്കുമ്പോൾ മനസ്സിലെ മോഹങ്ങളെ മറ്റൊരു വഴിക്കു
തിരിക്കുവാൻ ശ്രമിക്കുകയായിരുന്നു.
ഇനിയും പഠിക്കണം. എം.എ ക്ക് ചേരണം.
പോസ്റ്റലായി പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടണം. സൌന്ദര്യത്തിന്
പിറകോട്ട് ആണെങ്കിലും വിദ്യാഭ്യാസത്തിന് താനൊരിക്കലും പിറകോട്ടായിരുന്നില്ല.
പഠിത്തത്തിൽ അലിഞ്ഞുചേരുമ്പോൾ സ്വകാര്യദുഃഖങ്ങളുടെ ശവക്കല്ലറ
കാണാതിരിക്കുമല്ലൊ. പോസ്റ്റു ഗ്രാഡുവേറ്റ് ഡിഗ്രി കിട്ടുമ്പോൾ ആഫീസിൽ പ്രമോഷൻ
ലഭിക്കാനും സാദ്ധ്യതയുണ്ട്.
ദിവാസ്വപ്നങ്ങളുമായി
പടിയ്ക്കലെത്തിയതറിഞ്ഞില്ല.
ആഹ്ളാദം തിരതല്ലുന്ന മുഖവുമായി അച്ഛൻ
പടിയ്ക്കൽനില്ക്കുന്നു.
”വേഗം വാ മോളേ അമ്മ നിന്നെ കാത്തിരിക്കുന്നു.“
അച്ഛൻ അകത്തേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു
”ദേ സതി വന്നു ട്ടോ“
തന്റെ കൈയിൽ നിന്നും കുട വാങ്ങി മടക്കാനാരംഭിച്ചു.അപ്പോഴും അമ്മയുടെ മുഖം
എന്തോ സന്തോഷവാർത്ത അറിയിക്കാൻ വെമ്പുന്നുണ്ടായിരുന്നു.
തനിക്കു മാത്രം
ഒന്നും മനസ്സിലായില്ല.
ചന്ദ്രിക പ്രസവിച്ച വിവരത്തിന് ടെലിഗ്രാം വന്നുവോ?
ഇനിയും സമയമുണ്ടല്ലൊ. പിന്നെന്താണാവോ ഈ സന്തോഷത്തിന് കാരണം?
വല്ല
ലോട്ടറിയും അടിച്ചിരിക്കുമോ? അച്ഛൻ എല്ലാ മാസവും മുടങ്ങാതെ ലോട്ടറി
ടിക്കറ്റെടുക്കുന്നതാണ്.
ജിജ്ഞാസ അടക്കിവെക്കാനാകാത്ത നില വന്നപ്പോൾ സതി തന്നെ
ചോദിച്ചു,” എന്താ അമ്മേ കാര്യം? അച്ഛനും അമ്മയ്ക്കും വല്ലാത്ത സന്തോഷം?
എന്താണൊന്നും പറയാത്തത്?
“ഇനി നിന്റെ അച്ഛനും അമ്മയ്ക്കും എന്നും സന്തോഷം
തന്നെ. ഞങ്ങളുടെ ദുഃഖം തീർന്നു മോളേ. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞ് അച്ഛനെ നോക്കി.
അച്ഛനും ആ ചിരിയിൽ പങ്കു ചേർന്നു.
”നിന്റെ വിവാഹം ശരിപ്പെട്ടു
മോളേ.അടുത്ത മാസം തന്നെ നടത്തണം. അമ്മ സതിയുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട്
പറഞ്ഞു.
വിശ്വാസമാകാതെ അവൾ അച്ഛനേയും അമ്മയേയും മാറി മാറി
നോക്കി.
രണ്ടു ദിവസം മുമ്പ് വന്ന കിഴക്കുപുറത്തുകാരില്ലേ അവർക്ക് നിന്നെ
ഇഷ്ടായത്രെ. അച്ഛൻ പറഞ്ഞു.
അന്നെന്നെ എനിയ്ക്ക് സംശയം തോന്നാതിരുന്നില്ല.
മുരളിയുടെ മുഖം തികച്ചും സംതൃപ്തമായിരുന്നു. ഞാനത് പ്രത്യേകം ശ്രദ്ധിച്ചു.
അപ്പോഴാണ് പേർ മുരളിയാണെന്ന് മനസ്സിലായത്.
തന്റെ ഭാവിവരനായി
വന്നിരിക്കുന്ന മനുഷ്യന് തന്നെ ഇഷ്ടപ്പെടുമോ എന്ന ഭീതിയുമായി നില്ക്കുമ്പോൾ
പേരറിയാനൊന്നും ഹൃദയം വെമ്പിയില്ല.
അന്നു വൈകുന്നേരം ദേവിക്കു പകരം സതി തന്നെയാണ് സന്ധ്യാദീപം കൊളുത്തിയത്.
ഈ ചേച്ചിക്കിന്നെന്തു പറ്റി?ദേവി
ഓർത്തുകാണും.
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആരും കേൾക്കാതെ
ദൈവത്തോട് നന്ദി പറയുന്ന പ്രാർത്ഥന പൊങ്ങിവന്നു.
രാത്രി ഉറങ്ങാൻ
കിടന്നപ്പോൾ എത്ര ശ്രമിച്ചും ഉറക്കം കടന്നുവരാൻ മടിച്ചു നിന്നു. ഹൃദയം നിറയെ ആ
സുന്ദരനായ ചെറുപ്പക്കാരന്റെ രൂപമായിരുന്നു.
തന്റെ ഭാവി വരൻ!
മുരളി,
അല്ല മുരളിച്ചേട്ടൻ!
അധികം താമസിയാതെ തന്റെ കഴുത്തിൽ താലി ചാർത്താൻ പോകുന്ന
തന്റെ മുറളിച്ചേട്ടൻ.
താനും വിവാഹിതയാകാൻ പോകുന്നു. ഒന്നുറക്കെ
വിളിച്ചു പറയാൻ കഴിഞ്ഞെങ്കിൽ.
ഹൃദയത്തിൽ സന്തോഷത്തിന്റെ ചെണ്ട കൊട്ട്
മുഴങ്ങി. കോമളാംഗനായ അദ്ദേഹത്തിന് തന്നെ ഇഷ്ടപ്പെട്ടല്ലൊ. ഏതായാലും തന്റെ ഭാഗ്യം
തന്നെ.
ഒരിക്കലും ഒരു ദാമ്പത്യജീവിതം തനിക്കുണ്ടാകില്ലെന്ന് കരുതിയതാണ്.
എന്നിട്ടും ആരും കൊതിക്കുന്ന ഒരു സുന്ദരനായ ചെറുപ്പക്കാരൻ തന്റെ ഭർത്താവാകാൻ
പോകുന്നു. ഇതുവരെ വന്ന ആലോചനകളിൽ വെച്ച് ഏറ്റവും സുന്ദരൻ.
പുറത്ത്
കട്ടികൂടിയ ഇരുട്ട്.
മണ്ണട്ടകൾ ചിലയ്ക്കുന്ന ശബ്ദം മാത്രം.
തൊട്ടരുകിൽ
സുഖമായുറങ്ങുന്ന കൊച്ചനിയത്തി. പതിമൂന്നുവയസ്സുകാരിയായ അവൾക്ക്
പ്രത്യേകസ്വപ്നങ്ങളൊന്നും കാണാറായിട്ടില്ല. അടുത്തു വരുന്ന പരീക്ഷയെക്കുറിച്ചുള്ള
ഭീതിയായിരിക്കും ആ ഇളം മനസ്സിൽ.
വടക്കേ മുറിയിൽ അമ്മയുടേയും, അച്ഛന്റേയും
അടക്കിപ്പിടിച്ച സംസാരം. ഈ മകളെക്കുറിച്ച് അവർ എന്തു മാത്രം വേവലാതിപ്പെടുന്നു.
ഇന്നായിരിക്കും അവരുടെ ജീവിതത്തിലെ ആഹ്ളാദദിനം.
ചിന്തകൾ ഒന്നൊന്നായി
അടിച്ചുകയറുകയായിരുന്നു. അപ്പോഴാണ് പെട്ടെന്നൊരു സംശയം ഉദിച്ചത്.
ജാതകപ്പൊരുത്തം!
അതും കൂടി ശരിപ്പെട്ടാൽ
മതിയായിരുന്നു.അതിനുശേഷം കല്യാണം ഉറപ്പിയ്ക്കൽ.
പിന്നീട്-
വിവാഹം......
എത്ര ആനന്ദകരമായ സുദിനം. നീണ്ട കാത്തിരിപ്പിനുശേഷം എത്തിച്ചേരുന്ന മുഹൂർത്തം.
തനിയ്ക്കു യോഗമില്ല എന്നു തീർത്തു വിചാരിച്ചതാണ്. എന്നിട്ടിതാ അത്ഭുതകരമാം വിധം
തന്റെ കഴുത്തിൽ താലി വീഴുവാൻ പോകുന്നു.
ഓർത്തോർത്ത് സതി പുളഗിതഗാത്രിയായി.
ആഫീസിലുള്ള എല്ലാവരേയും ക്ഷണിക്കണം. വിവാഹമണ്ഡപത്തിൽ ശുഭ്രവസ്ത്രധാരിയായ
കോമളാംഗനായ മുരളിച്ചേട്ടന്റെ അരികിൽ താനിരിക്കുന്നതു കാണുമ്പോൾ ലോകസുന്ദരിയാണെന്ന
ഭാവത്തിൽ നടക്കുന്ന ലില്ലിക്കുട്ടി അത്ഭുതത്തോടെ തന്നെ നോക്കുന്ന ദൃശ്യം ഭാവനയിൽ
കണ്ടപ്പോൾ സതിയുടെ അധരങ്ങൾ വിടർന്നു.
ഒരിയ്ക്കൽ ലില്ലിക്കുട്ടിയുടെ കൂടെ
കാന്റീനിൽ കാപ്പികുടിയ്ക്കാൻ പോയപ്പോൾ ഹെഡ്`ക്ളാർക്ക് വിജയൻ പിള്ളയും,
ടൈപ്പിസ്റ്റ് സാവിത്രിയും കൂടി പറഞ്ഞ് ചിരിച്ചതോർത്തു.
ലില്ലിക്കുട്ടിക്കുകണ്ണു തട്ടാതിരിക്കാൻ പറ്റിയ വിദ്യ നന്നായിട്ടുണ്ട്.
അവരും തന്റെ മുരളിച്ചേട്ടനെ കണ്ട് അസൂയപ്പെടണം.
അനന്തമായ ചിന്തകൾ കാടുകയറിയപ്പോൾ അകലെ നിന്നും പാതിരാക്കോഴി കൂകിയതുകേട്ട് സതി കണ്ണിറുക്കിയടച്ചു കിടന്നു. മനോമുകുരത്തിൽ അവളുടെ ഭാവിവരന്റെ സുന്ദരരൂപം കണ്ടുകൊണ്ട് , എല്ലാ ദുഃഖങ്ങളും മറന്ന് ആഹ്ളാദത്തിന്റെ വർണ്ണോജ്ജ്വലച്ചിറകുകളില്‍ ഒരോണത്തുമ്പിയായി അവൾപറന്നു.
അനന്തമായ ചിന്തകൾ കാടുകയറിയപ്പോൾ അകലെ നിന്നും പാതിരാക്കോഴി കൂകിയതുകേട്ട് സതി കണ്ണിറുക്കിയടച്ചു കിടന്നു. മനോമുകുരത്തിൽ അവളുടെ ഭാവിവരന്റെ സുന്ദരരൂപം കണ്ടുകൊണ്ട് , എല്ലാ ദുഃഖങ്ങളും മറന്ന് ആഹ്ളാദത്തിന്റെ വർണ്ണോജ്ജ്വലച്ചിറകുകളില്‍ ഒരോണത്തുമ്പിയായി അവൾപറന്നു.